

മലയാളിക്ക് കാശി ഒരു അപരിചിത ഭൂമിയാണ്. മണ്ണാംകട്ടയും കരിയിലയും കാശിക്കു പോകാൻ ശ്രമിച്ചു എന്നതു ശരി തന്നെ. പഴയ കാലത്ത് കാരണവന്മാർ
കാശിക്ക് പോയിട്ടുമുണ്ട്. വഴിയും വണ്ടിയും ഇല്ലാതിരുന്ന അക്കാലത്ത് അവരിൽ പലർക്കും മണ്ണാംകട്ടയുടെയും കരിയിലയുടെയും ഗതി വന്നിട്ടുമുണ്ട്. അതോ, മലയാളിയുടെ കാശി മറ്റേതെങ്കിലും സ്ഥലമായിരുന്നോ?
'കാശിയിൽ പാതി കൽപ്പാത്തി' എന്നുമുണ്ട്. കാശിയില് പോകുന്നതിന്റെ പാതി പുണ്യം കൽപ്പാത്തിയിൽ കിട്ടുമെന്നർഥം.
എന്തായാലും കാശിയിൽ എപ്പോഴും ഓർമിക്കപ്പെടേണ്ട ഒരു മലയാളി
വിശ്വഗുരുവായ ആദിശങ്കരനാണ്. മനീഷാപഞ്ചകവും ഭജഗോവിന്ദവും അദ്ദേഹം കാശിയിൽ വച്ചാണല്ലോ രചിച്ചത്. ഇവിടത്തെ പൂജകൾ ക്രമീകരിച്ചതും അദ്ദേഹമാണ്.
എങ്കിലും പല മലയാളികൾക്കും കാശി ദുരൂഹത നിറഞ്ഞ രഹസ്യഭൂമിയാണ്.
മണ്ണാംകട്ടയുടെയും കരിയിലയുടെയും കഥയിലും പാക്കനാരുടെ വടിയുടെ ഭാഷ്യത്തിലും കാശിയെക്കുറിച്ചുള്ള വിവിധ പഴഞ്ചൊല്ലുകളിലും ഒരു തരം പരിഹാസം - നമ്മുടെ ജന്മ സ്വഭാവം - കാണാം. സായിപ്പിന്റെ പ്രേതം നമ്മളിലെല്ലാം ഉറങ്ങുന്നുണ്ട്!
പാക്കനാരുടെ വടി
പണ്ട് കാശിയിലേക്ക് പോവുകയായിരുന്ന നമ്പൂതിരിമാരുടെ കൈയിൽ പാക്കനാർ ഒരു വടി കൊടുത്തയച്ചതായി കഥയുണ്ട്. കാശിയിൽ സ്നാനം നടത്തുമ്പോൾ അവരുടെ കൈയിലുണ്ടായിരുന്ന വടി ഗംഗയിൽ അപ്രത്യക്ഷമായി.
നമ്പൂതിരിമാർ വിഷണ്ണരായി നാട്ടിൽ മടങ്ങിയെത്തി. പാക്കനാരാകട്ടെ, വടി തന്റെ കുളത്തിൽ നിന്നെടുത്ത് അവരെ കാണിച്ചു കൊടുത്തു! 'ലോകത്തിൽ വെള്ളമായിക്കാണുന്നതെല്ലാം ഗംഗയാണ്! ഭക്തിയുള്ളവർക്കു ഗംഗാസ്നാനത്തിനു കാശിയിൽ പോകണമെന്നില്ല' - ഇതായിരുന്നു പാക്കനാരുടെ തത്വം. തത്ത്വമസി!
പഴയ കാശിയല്ല ഇത്!
നല്ല തിരക്കുണ്ടെങ്കിലും പഴയതു പോലെ പേടിക്കാനില്ലെന്ന് മെല്ലെ മനസിലായി.
പഴയ കാശിയല്ല ഇത്! ഇതു പുതിയ കാശിയാണ്. വൃത്തിയും വെടിപ്പുമുള്ള മഹാ കാശി. പുതു യുഗത്തിന്റെ ഗംഗാതീരം.
മണികർണിക ഘട്ടിൽ ചിതകൾ കത്തിയെരിയുന്നുണ്ട്. വഴികളിൽ വിറകുകൾ അടുക്കി വയ്ക്കുന്നവരുടെയും ചെറു കച്ചവടക്കാരുടെയും തീർഥാടകരുടെയും ഇടയിലൂടെ ശവഘോഷയാത്രകൾ വന്നു പോകുന്നുണ്ട്. എങ്കിലും എല്ലാത്തിനും ഒരു വ്യവസ്ഥയുണ്ട്. ഒരു ക്രമമുണ്ട്. ഒരു ശ്രമമുണ്ട്.
നൂറ്റാണ്ടുകളുടെ ചിതാഭസ്മം നിറഞ്ഞ ജന്മാന്തരങ്ങളുടെ ഈ കവാടത്തിൽ എന്ത് അത്ഭുതമാണ് സംഭവിച്ചത്?
പഴയ കാഴ്ച്ചകൾ
പത്തു മുപ്പതു വർഷം മുമ്പ് കാശിയിൽ വന്നിറങ്ങുമ്പോൾ ഇതായിരുന്നില്ല അവസ്ഥ. എവിടെയും ചപ്പുചവറ്റു കൂനകൾ. ഇടുങ്ങിയ വഴികൾ. പൊട്ടി പ്പൊളിഞ്ഞെ പൈപ്പുകൾ. പാതി കത്തിയ ചിതകൾ. ചിതാവശിഷ്ടങ്ങൾക്കായി കടി കൂടുന്ന നായ്ക്കൾ. ഇടുങ്ങിയ ഗലികളിലെങ്ങും അലഞ്ഞു തിരിയുന്ന പണ്ഡകൾ.
പാറിപ്പറക്കുന്ന ഈച്ചകൾ. പൂരിയും ചായയുമുണ്ടാക്കി വിൽക്കുന്ന കച്ചവടക്കാർ. മെലിഞ്ഞു നെഞ്ചുന്തിയ മനുഷ്യർ കഫം തുപ്പി ചവുട്ടി വലിക്കുന്ന റിക്ഷകൾ. സന്ന്യാസി വേഷം കെട്ടിയ ബഹുകൃത വേഷക്കാർ. നഗരത്തിന്റെ
വിഷം നിറഞ്ഞ ഗംഗയിലൂടെ അലസഗമനം നടത്തുന്ന തണ്ടു വച്ച കറുത്ത തോണികൾ. അക്കാലം കഴിഞ്ഞു പോയി.
പുതിയ പ്രകാശം
ലോകത്തിലെ ഏറ്റവും പഴയ സംസ്കാരത്തിന്റെ പ്രഭാകേന്ദ്രങ്ങളിലൊന്നായി
നിലകൊള്ളുന്ന ഒരു മഹാഭൂമിയുടെ പഴമയും ആചാരങ്ങളും രൂപവും നിലനിർത്തി അതിനെ ആധുനിക നഗരമാക്കി മാറ്റിയെടുക്കുക എന്നത് എളുപ്പമല്ല. അത് കാശിയിൽ സാധ്യമായിരിക്കുന്നു.
ഒരു പരാതിക്കും ഇടം കൊടുക്കാതെ ആയിരത്തിയഞ്ഞൂറു കുടുംബങ്ങളയാണ്
പുനരധിവസിപ്പിച്ചത്. ചെറുതും വലുതുമായ നാൽപ്പതു ക്ഷേത്രങ്ങൾ നന്നാക്കിയെടുത്തു. നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കുകയും ഗംഗാതീരം മനോഹരമാക്കുകയും ചെയ്തു. ചെറിയ റോഡുകളിൽ പഴയ റിക്ഷകൾക്കു പകരം ഇലക്ട്രിക് റിക്ഷകൾ എത്തി. പൊതു സ്ഥലങ്ങളിൽ മഹാത്മാക്കളുടെ ചിത്രങ്ങൾ സ്ഥാപിച്ചു. ചെറു പാർക്കുകളും വന്നു. ദിശാസൂചക ബോർഡുകൾ നിരന്നു. അലഞ്ഞു തിരിയുന്ന സന്ന്യാസിമാർക്ക് സത്രങ്ങൾ തുറന്നു. വഴി മുടക്കുന്ന പശുക്കൾക്ക് അഭയ കേന്ദ്രങ്ങളുണ്ടാക്കി. പഴയ വൃദ്ധ പണ്ഡകളും ദൈവത്തിന്റെ എജന്റുമാരും പിൻവലിഞ്ഞു. കാശിയും ഗംഗയും ക്ലീൻ, ക്ലീനായി!
ഇതാണ് പുതിയ രാഷ്ട്രീയ തന്ത്രം.
നമ്മൾ ഈ യജ്ഞം കണ്ടില്ലെന്നു നടിച്ചു!
അത് നമ്മുടെ പിഴ! വലിയ പിഴ!
നല്ല കാര്യം ചെയ്താൽ !
നല്ല കാര്യം ചെയ്താൽ ആരെയും നാട്ടുകാർ അംഗീകരിക്കും. ഈ അംഗീകാരമാണ് രാഷ്ട്രീയ കക്ഷികളുടെ ഇനിയുള്ള കാലത്തെ സമ്പാദ്യം. വർണ വ്യത്യാസമില്ലാത്ത സാധാരണക്കാരായ യുവാക്കൾ വളർന്നു വരികയാണെന്ന ബോധവും ഉണ്ടാകണം. കാശിയുടെ ഭാഗ്യം തെളിഞ്ഞത് ഈ രണ്ടു കാര്യങ്ങൾ അധികാരികൾ മനസിലാക്കിയതു കൊണ്ടാണ്.
കാശിയിൽ എല്ലാം തികഞ്ഞു എന്നല്ല പറയുന്നത്. ഇത് ഗുണപരമായ മാറ്റമാണെന്നു മാത്രം. നമ്മുടെ ശബരിമലയ്ക്കും മറ്റും കാശി
മോഡൽ പരീക്ഷിച്ചു നോക്കാവുന്നതല്ലേ?
മലയാളി ഇനി സ്വതസിദ്ധമായ കൊളോണിയൽ അറപ്പോടെ കാശിയെ കാണേണ്ടതില്ല. കാശി മോഡൽ പഠിച്ച് സാമൂഹിക-രാഷ്രീയ മേഖലകളിൽ തന്ത്രപരമായി ഉപേയോഗിച്ചാൽ അതാവും ബുദ്ധി!