
റഷ്യന്‍ എഴുത്തുകാരൻ ലിയോ ടോള്‍സ്റ്റോയിയുടെ സാഹിത്യകൃതിയാണ് യുദ്ധവും സമാധാനവും. നെപ്പോളിയന്റെ യുദ്ധസമയത്ത് എഴുതിയ ഈ കൃതി, ചരിത്രവും തത്വചിന്തയും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. നെപ്പോളിയന്റെ യുദ്ധസമയത്ത് അലക്സാണ്ടര്‍ ഒന്നാമന് റഷ്യ ഭരിക്കുന്ന കാലമായിരുന്നു. 1805-ല്‍ ലൂയിസ് അന്റോയിന്‍ പ്രഭു വധിക്കപ്പെട്ടതോടെയാണു നോവലിന്റെ ചരിത്രപരമായ സന്ദര്‍ഭം ആരംഭിക്കുന്നത്. ടോള്‍സ്റ്റോയ് നോവലിന് യുദ്ധവും സമാധാനവും എന്ന് പേര് നല്‍കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്തായാലും യുദ്ധവും സമാധാനവും ഏറെ വായിക്കപ്പെട്ടു, ചര്‍ച്ച ചെയ്യപ്പെട്ടു.
യുദ്ധം മനുഷ്യരാശിയെ വിയര്‍പ്പിക്കാനും വിറപ്പിക്കാനും തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. യുദ്ധം ലോകത്തെ തന്നെ ആശങ്കയിലാക്കുന്ന ഒന്നാണ്. ഇപ്പോള്‍ നമ്മള് കണ്ടുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ഗാസ യുദ്ധത്തിന്റെ ഞെട്ടല്‍ ഇങ്ങ് കേരളത്തിലുമുണ്ട്. മുന്‍പ് റഷ്യയും യുക്രൈയിനും തമ്മിലുണ്ടായ യുദ്ധത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അവിടങ്ങളില്‍ സംഭവിക്കുന്നതു മാധ്യമങ്ങളിലൂടെ നമ്മള് എല്ലാ ദിവസവും കാണുന്നുമുണ്ട്. രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. യുദ്ധം ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയും ലോകസമാധാനത്തിനു വേണ്ടിയും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സംഘടനകള്‍ ഉണ്ട്. സമാധാനത്തിനു വേണ്ടിയുള്ള അവരുടെ ശ്രമങ്ങള്‍ക്കു കാലങ്ങളുടെ പഴക്കവുമുണ്ട്. പല യുദ്ധങ്ങളും ഇല്ലായ്മ ചെയ്യുവാന്‍ ഈ സമാധാനപ്രിയരുടെ ശ്രമങ്ങള്‍ക്ക് സാധിച്ചിട്ടുമുണ്ട്. യുദ്ധം വലിയ നഷ്ടം തന്നെ ഓരോ രാജ്യങ്ങള്‍ക്കും വരുത്തിവയ്ക്കുന്നു എന്നുള്ളതാണ് ഏറ്റവും ദുഃഖകരം.
ലോകത്ത് ഇന്ന് യുദ്ധം പലതരത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവും ആഭ്യന്തരവും ഒക്കെയാകാം. പല രാജ്യങ്ങളും ചേര്‍ന്ന് സഖ്യകക്ഷികളായും യുദ്ധം ചെയ്യുക സ്വാഭാവികമാണ്. ആധുനിക വര്‍ത്തമാന ലോകത്ത് യുദ്ധം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ശാസ്ത്രം വളര്‍ന്നതോടുകൂടി യുദ്ധ ഉപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെടുകയും വന്‍നാശങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും എന്നുള്ള കാര്യത്തില്‍ ആര്‍ക്കാണ് സംശയം. സാങ്കേതികരംഗം വളര്‍ന്നതോടു കൂടി പഴയ യുദ്ധതന്ത്രങ്ങളല്ല ഇന്നു കാണുന്നത്. ടാങ്കുകളും വിമാന പടകളും ബോംബുകളും മൈനുകളും മിസൈലുകളും റോക്കറ്റുകളും റഡാറുകളും എന്ന് വേണ്ട ആധുനിക യുദ്ധത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ പലതാണ്. കര മാർഗവും കടല്‍മാർഗവും വായുമാർഗവും ഇപ്പോള്‍ യുദ്ധം നടക്കുന്നു.
ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതു സര്‍വനാശത്തിനു കാരണമാകുമെന്ന് ആര്‍ക്കാണ് അറിയാത്തത്. ആണവാ യുധങ്ങള്‍ യുദ്ധത്തില്‍ പ്രയോഗിക്കാതിരിക്കുന്നതിനു വേണ്ടി ലോകം വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഓരോ രാജ്യവും തങ്ങളുടെ കൈവശം ആണവായുധമുണ്ടെന്നു വീമ്പ് പറയുന്നതു മനുഷ്യരാശിയെ തന്നെ മുള്‍മുനയില്‍ നിര്‍ത്തുന്നു. യുഎസ്, റഷ്യ, ചൈന തുടങ്ങിയ വന്‍ ശക്തികള്‍ അപകടശേഷി കുറഞ്ഞ ചെറിയ ആണവായുധങ്ങള്‍ വന്‍തോതില്‍ വാരിക്കൂട്ടുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. ആണവായുധം ചെറുതായാലും വലുതായാലും അതു മനുഷ്യരാശിക്ക് അപകടം ഉണ്ടാക്കുന്നവയാണ്.
എത്ര ദശാബ്ദങ്ങള്‍ കഴിഞ്ഞാലും നടുക്കത്തോടെയല്ലാതെ ലോകത്തിന് ഓര്‍ക്കാന്‍ പറ്റാത്ത ചില ദിവസങ്ങളുണ്ട് ചരിത്രത്തില്‍. മനുഷ്യരുടെ അധികാരക്കൊതി പ്രതിക്കൂട്ടില്‍ നില്ക്കുന്ന ചരിത്രസന്ദര്‍ഭങ്ങള്‍. അതാണു ഹിരോഷിമയും, നാഗസാക്കിയും. ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയ്ക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമെരിക്കന്‍ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. ടിനിയന് എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12 സൈനികരമായി എനൊള ഗെ എന്ന ബി-29 വിമാനത്തിലാണ് ആണവബോംബ് കൊണ്ടുപോയത്. മൂന്നു മീറ്റര്‍ നീളവും 4000 കിലോഗ്രാം ഭാരവുമുള്ള ലിറ്റില്‍ ബോയ് ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോബാണ്. ഒന്നാമത്തേത് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാർഥം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ അയ്യോയ് പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ് പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ് ടെസ്റ്റിങ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലത്തിലുള്ളതിന്റെ 10000 മടങ്ങ് ചൂടാണ്.) ഏകദേശം 100000 ആളുകളാണ് സ്ഫോടനം നടന്ന ഉടനെ കൊല്ലപ്പെട്ടത്. 145000 ല്‍ അധികം പേര് റേഡിയേഷന്റെ പ്രത്യാഘാതങ്ങള്‍ മൂലം പിന്നീട് ഇഞ്ചിഞ്ചായി മരിച്ചു . ലോകം കീഴടക്കാനുള്ള മനുഷ്യന്റെ ത്വര ഇതു കൊണ്ടും ശമിച്ചില്ല.
രണ്ടാമത് അണുബോംബ് ഇട്ടത് 1945 ഓഗസ്റ്റ് 9 ന് നാഗസാക്കിയിലാണ്. മേജര്‍ സ്വീനി പൈലറ്റായുള്ള ബോസ്കര്‍ എന്ന വിമാനം ഫാറ്റ് മാന്‍ എന്ന ആണവബോംബും വഹിച്ചു കൊണ്ട് പറന്നു. ജപ്പാനിലെ മറ്റൊരു നഗരമായ കൊകുര ആയിരുന്നു ഉന്നം. പക്ഷെ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ലക്ഷ്യം മാറ്റി നാഗസാക്കി തുറമുഖത്തേക്കു വിമാനം പാഞ്ഞു. ഹിരോഷിമയില്‍ നടമാടിയ ക്രൂരത നാഗസാക്കിയിലും ആവര്‍ത്തിച്ചു. 4500 കിലോഗ്രം ഭാരവും മൂന്നര മീറ്റര്‍ നീളവും ഉണ്ടായിരുന്ന തടിയന് 740000 പേരെയാണ് തല്‍ക്ഷണം കൊന്നത്. അന്നു ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടിമുളച്ചു കൊണ്ടിരിക്കുന്നു.
ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം. ഇന്ത്യയില്‍ തന്നെ അത്തരം എത്രയോ അഭ്യന്തരയുദ്ധങ്ങള്‍ നടന്നിരിക്കുന്നു. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന കലാപവും അഭ്യന്തരയുദ്ധത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതാണ്. ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കുന്ന ഒരു വിഭാഗം ഭരണകൂടം തന്നെയാകാം. രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സര്‍ക്കാര്‍ നയങ്ങളില്‍ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍. ഇവ പൊതുവേ അതീവതീവ്രവും വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമാണ്. വളരെയധികം ആള്‍നാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തരയുദ്ധം മൂലം ഉണ്ടാകുന്നു.
യുദ്ധം എന്നു കേട്ടാല്‍ എല്ലാവരും ഞെട്ടലോടെ ഓര്‍ക്കുന്ന ഒന്നാണു ലോകമഹായുദ്ധങ്ങള്‍. ലോകത്തെ രാഷ്ട്രങ്ങള്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയ രണ്ടു യുദ്ധപരമ്പരകളെയാണ് ലോകമഹായുദ്ധങ്ങള്‍ എന്നു വിളിക്കുന്നത്. 1914നും 1918-നുമിടയ്ക്ക് ആഗോളതലത്തില്‍ അരങ്ങേറിയ സൈനിക സംഘര്‍ഷങ്ങളെ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യന്‍ വന്‍കരയാണ്. ദശലക്ഷക്കണക്കിന് ആള്ക്കാര് ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തില്‍ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മില്‍ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തില്‍ 72 ദശലക്ഷം പേര് (ഇതില്‍ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങള്‍ തമ്മില്‍ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തില്‍ അമെരിക്ക, സോവിയറ്റ് യൂണിയന്, ചൈന, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍, ജര്‍മ്മനി, ജപ്പാന്, ഇറ്റലി എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്കിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.
ഗള്‍ഫ് യുദ്ധം മലയാളികളെ ഏറെ ബാധിച്ച ഒന്നാണ്. ആയിരക്കണക്കിന് മലയാളികളാണ് സമ്പാദ്യം ഉപേക്ഷിച്ച് ജീവനും കൊണ്ട് നാടണഞ്ഞത്. സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ ഇറാഖ് കുവൈറ്റ് പിടിച്ചടക്കിയതിനെ തുടര്‍ന്ന് ഇറാഖും അമെരിക്കയുടെ നേതൃത്വത്തിലുള്ള ലോകത്തിലെ നിരവധി രാജ്യങ്ങളുടെ സഖ്യ സൈന്യവും തമ്മില്‍ ഉണ്ടായ യുദ്ധമാണ് ഗള്‍ഫ് യുദ്ധം. 1991 ജനുവരി 17ന് ആരംഭിച്ച യുദ്ധം ഫെബ്രുവരി 28വരെ നീണ്ടുനിന്നു. കുവൈറ്റിനെ മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇറാഖിന്റെ ഒട്ടനവധി പ്രദേശങ്ങള്‍ ബോംബിങ്ങിനിരയായി. കനത്ത ആള്‍നാശവും സൈനിക നാശവും ഇറാഖിനുണ്ടായി.
1971ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1971 ഡിസംബര്‍ 3-ന് 11 ഇന്ത്യന്‍ എയര്‍ബേസുകളെ പാക്കിസ്ഥാന് ആക്രമിച്ചതോടെ പ്രാരംഭം കുറിച്ച ഈ യുദ്ധം 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഓപ്പറേഷന് ചങ്കിസ് ഖാന് എന്നറിയപ്പെട്ട ഈ യുദ്ധത്തില്‍ ഇന്ത്യ പാക് സൈന്യങ്ങള്‍ പ്രധാനമായും ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലും പടിഞ്ഞാറന്‍ അതിര്‍ത്തിയിലുമാണ് ഏറ്റുമുട്ടിയത്. 1971 ഡിസംബര്‍ 16-ന് കിഴക്കന്‍ പാക്കിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് പാക്കിസ്ഥാന്റെ കിഴക്കന്‍ സൈന്യനേതൃത്വം ഒപ്പുവച്ച 'ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍' എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി.
യുദ്ധ വാര്‍ത്തകള്‍ കൊണ്ട് നിറയുന്ന പത്രങ്ങളാണ് നാം ഇന്ന് കാണുന്നത്. ബോംബുകള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങളാണ് ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറയുന്നത്. ഞെട്ടിക്കുന്ന ഇത്തരം കാഴ്ചകള്‍ക്കു വിരാമം ഉണ്ടാകണമെന്നാണ് മനുഷ്യ സമൂഹം ഒന്നാകെ ആഗ്രഹിക്കുന്നത്. ലിയോ ടോള്‍സ്റ്റോയിയുടെ നോവലില്‍ പറയുന്നതുപോലെ യുദ്ധവും സമാധാനവും ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. സമാധാനത്തിനായി വെള്ളരിപ്രാവുകളെ എപ്പോഴും നാം സ്വപ്നം കാണുന്നു.