ഇന്ത്യയിലെ 'പ്രേത നഗരങ്ങ'ളുടെ നിഗൂഢതയിലൂടെ ഒരു യാത്ര

സലിം സിങ്ങിന്റെ 'ദുഷിച്ച കണ്ണ്' ഗ്രാമത്തിന് പതിഞ്ഞു എന്നാണ് ഇപ്പോഴും ജനങ്ങൾ വിശ്വസിക്കുന്നത്. ഇന്ന് കുൽധാര രാജസ്ഥാനിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
ഇന്ത്യയിലെ 'പ്രേത നഗരങ്ങ'ളുടെ നിഗൂഢതയിലൂടെ ഒരു യാത്ര

ആർദ്ര ഗോപകുമാർ

ഒരു കാലത്ത് സന്തോഷം കൊണ്ടും സമൃദ്ധികൊണ്ടും നിറഞ്ഞിരുന്ന സ്ഥലങ്ങൾ പിന്നീട് പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട നഗരങ്ങളായി മാറിയിട്ടുണ്ട്. അത്തരം നഗരങ്ങളാണ് പിന്നീട് ഗോസ്റ്റ് സിറ്റീസ് എന്നറിയപ്പെടുന്നത്. ഭയപ്പെടുത്തുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തും ഉണ്ട്. എല്ലാ മൂലകളിലും ഇരുട്ടും മരണവും മാത്രം മണക്കുന്ന നഗരങ്ങൾ.... 

ഈ സ്ഥലങ്ങളിൽ എന്താണ് സംഭവിച്ചത് എന്നതിന് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. അത് ഒരുപക്ഷേ എന്തെങ്കിലും പ്രകൃതി ദുരന്തങ്ങളായിരിക്കാം അല്ലെങ്കിൽ ഒരുപക്ഷേ ഏതെങ്കിലും ശാപങ്ങളായിരിക്കാം...!! അത്തരം സ്ഥലത്തേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ഭയവും തണുപ്പും നിറഞ്ഞ വികാരങ്ങളാൽ നിങ്ങൾ ചുറ്റപ്പെടുന്നു. അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും ഭയാനകവും നിഗൂഢവുമായ ചില പ്രേത നഗരങ്ങളെ കുറിച്ച് വായിക്കാം.....

1. കുൽധാര, രാജസ്ഥാന്‍

കുൽധാര: ശപിക്കപ്പെട്ട ഗ്രാമമായാണ് കുൽധാരയെ ഗ്രാമവാസികൾ കാണുന്നത്. രാജസ്ഥാനിലെ ഒരു  സുവർണ്ണ ഗ്രാമമായിരുന്നു ഒരിക്കൽ കുൽധാര. ഒരുകാലത്ത് പലിവാൾ ബ്രാഹ്മണർ മാത്രം അധിവസിച്ചിരുന്ന ഒരു സമ്പന്നമായ ഗ്രാമം. ഒരിക്കൽ  ഗ്രാമവാസികളിൽ ഒരാളുടെ മകളുടെ സൗന്ദര്യത്തിൽ അവിടത്തെ രാജാവ് സലിം സിംഗ് മയങ്ങി, അവളെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചു. രാജാവിന്റെ കൈയിൽ നിന്ന് രക്ഷയില്ല എന്ന് കണ്ട ബ്രാഹ്മണർ അന്നു രാത്രി സംഘം ചേർന്ന് ഒരു ഹോമം നടത്തുകയും, ആ സ്ഥലം ഇനിമുതൽ ആർക്കും താമസയോഗ്യമല്ലാതാവട്ടെ എന്ന് ശപിക്കുകയും ചെയ്തു.  80 ഓളം കുടുംബങ്ങൾ അടങ്ങുന്ന ഗ്രാമവാസികൾ ആ ഒറ്റരാത്രി തന്നെ അവിടെ നിന്ന്  പലായനം ചെയ്തു. 

സലിം സിങ്ങിന്റെ 'ദുഷിച്ച കണ്ണ്' ഗ്രാമത്തിന് പതിഞ്ഞു എന്നാണ് ഇപ്പോഴും ജനങ്ങൾ വിശ്വസിക്കുന്നത്. ഇന്ന് കുൽധാര രാജസ്ഥാനിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ലോകമെമ്പാടുമുള്ള ആളുകൾ പ്രേത അനുഭവങ്ങൾ തേടി ഇവിടെയെത്തുന്നുണ്ട്. മേൽക്കൂരകളില്ലാതെയും തകർന്നുവീഴാറായ ഭിത്തികളുമുള്ള മൺ വീടുകളുടെ നീണ്ട നിരകൾ ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും. ഭയാനകമായ ഒരു നിശബ്ദത അന്തരീക്ഷത്തെ വലയം ചെയ്യുന്നു. 

2. ലഖ്പത്, ഗുജറാത്ത്

ലഖ്പത്: ഇന്ത്യയിലെ അത്ര അറിയപ്പെടാത്ത ഒരു പ്രേതനഗരമാണ് ലഖ്പത്. സിന്ധ് വ്യാപാരികളുടെ പ്രധാന കേന്ദ്രവും തിരക്കേറിയ ഒരു നഗരവുമായിരുന്നു ഒരിക്കൽ ലഖ്പത്. എന്നാൽ 1819 ലുണ്ടായ ഒരു ഭൂകമ്പത്തെത്തുടർന്ന് ഒറ്റരാത്രികൊണ്ട് അനാഥപ്പെട്ടുപോവുകയായിരുന്നു ഈ നഗരം. 18-ാം നൂറ്റാണ്ടിൽ പണികഴിച്ച 7 കിലോമീറ്റർ നീളമുള്ള കോട്ടയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശത്ത് പണ്ട് മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. 

എന്നാൽ ഇന്ന് പഴയ കെട്ടിടങ്ങളും തകർന്ന കോട്ടകളും മാത്രമാണ് അവശേഷിക്കുന്നത്. കോട്ടമതിലിനുള്ളിൽ ഇപ്പോഴും വിരലിലെണ്ണാവുന്ന ആളുകൾ താമസിക്കുന്നുണ്ട് എന്നത് ആശ്ചര്യമുളവാക്കുന്ന കാര്യമാണ്. ഉപേക്ഷിക്കപ്പെട്ട ഈ അവശിഷ്ടങ്ങളുടെ നഗരത്തിന് ആയിരക്കണക്കിന് ജീവിതത്തിന്റെയും മരണത്തിന്റെയും കഥകളാണ് പറയാനുള്ളത്. 

3. ധനുഷ്ക്കോടി, തമിഴ്‌നാട്

ധനുഷ്ക്കോടി: പാമ്പൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗോസ്റ്റ് ടൗണാണ് ധനുഷ്ക്കോടി. വിജനമായ ഈ പട്ടണം ഒരുകാലത്ത് സന്തോഷകരവും മനോഹരവുമായ തീരദേശ നഗരമായിരുന്നു. എന്നാൽ 1964-ൽ മാരകമായ ഒരു ചുഴലിക്കാറ്റ് ഈ നഗരത്തെ മുഴുവൻ ബാധിക്കുകയും ഈ നഗരത്തിന്റെ മുഴുവൻ സന്തോഷവും മനോഹാരിതയും കൂടെ കൊണ്ടുപോവുകയും ചെയ്തു. നികത്താനാവത്ത നാശനഷ്ടങ്ങളാണ് അന്ന് സംഭവിച്ചത്. 

ഇന്ന് ധനുഷ്‌കോടി തമിഴ്‌നാട്ടിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. മനേഹരമായിരുന്ന ഒരു നഗരം പെട്ടന്ന് ഒരു നഷ്ടപ്പെട്ട ഭൂമിയായതു കാണാൻ നിരവധി അളുകളാണ് എത്തുന്നത്. അതിപുരാതനമായ ഒരു പള്ളിയും റെയിൽവേ സ്റ്റേഷനും വാട്ടർ ടാങ്കും ഇവിടത്തെ മികച്ച ടൂറിസ്റ്റ് സ്പോട്ടാണ്. അവിടെത്തെ കടൽത്തീരത്തുകൂടെ നടക്കുമ്പോഴുള്ള കാറ്റും വിശാലമായ വെളുത്ത മണലും നിശബ്ദ്ധതയും നിങ്ങളെ  ഭയപ്പെടുത്തുന്നതാണ്. 

4. റോസ് ദ്വീപ്, ആൻഡമാന്‍

റോസ് ദ്വീപ്: ആൻഡമാനിലെ മനോഹരമായ ഒരു ദ്വീപാണ് റോസ് ദ്വീപ്. തുടർച്ചയായി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ പൂർണ്ണമായും ഈ ദ്വീപ് നശിപ്പിക്കപ്പെട്ട് ഒരു പ്രേത നഗരമായി മാറുകയായിരുന്നു. 1857-ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ കലാപത്തിൽ ഈ സ്ഥലം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട്, രണ്ടാം ലോകമഹായുദ്ധസമയത്ത്, ജപ്പാൻ ഈ ദ്വീപ് ഏറ്റെടുക്കാൻ ശ്രമിച്ചുവെങ്കിലും ഈ സ്ഥലം ഒരു വലിയ ഭൂകമ്പത്തിൽ പെടുകയും അത് ഒരു പ്രേത നഗരമായി മാറുകയുമായിരുന്നു.

2018 ഡിസംബറിൽ റോസ് ദ്വീപിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കടലിന്റെ മനോഹാരിത കാണുന്നതിന് നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

5. ഫത്തേപൂർ സിക്രി, ആഗ്ര

ഫത്തേപൂർ സിക്രി: ആഗ്രയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഫത്തേപൂർ സിക്രി, മുഗൾ ചക്രവർത്തിയായ അക്ബർ 1569-ൽ സ്ഥാപിച്ചതാണ്. ഈ നഗരം മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞതായിരുന്നു. പക്ഷേ പ്രദേശത്തെ ആളുകൾക്ക് ജീവിക്കാൻ വെള്ളം ലഭിക്കാത്തതിനാൽ ആളുകൾ ഈ നഗരം വിട്ടുപോവുകയായിരുന്നു. താമസിയാതെ ഇത് ഒരു പ്രേത നഗരമായി മാറി. 

ഭീമാകാരമായ കവാടങ്ങളും മുഗൾ വാസ്തുവിദ്യയും കൊണ്ട് ചുറ്റപ്പെട്ട ഫത്തേപൂർ സിക്രി ഇന്ന് പ്രേതകാഴ്ചകൾക്കും കഥകൾക്കും പ്രശസ്തമാണ്. രാജകീയവും മനോഹരവുമായ ഫത്തേപൂർ സിക്രി മികച്ച 10 പ്രേത നഗരങ്ങളിൽ ഒന്നാണ്. 

6. സൗര്‍, ഉത്തരാഖണ്ഡ്

സൗര്‍:  600 വര്‍ഷം പഴക്കമുള്ള ഒരു ഗ്രാമമാണ് ഉത്തരാഖണ്ഡിലെ സൗര്‍. എല്ലാ വശത്തും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ഗ്രാമത്തിനുണ്ട്. കെട്ടിടങ്ങളുണ്ടെങ്കിലും ആള്‍ക്കാരില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഗ്രാമത്തില്‍ നിന്ന് ആള്‍ക്കാര്‍ പാലായനം ചെയുകയായിരുന്നു. ഉത്തരാഖണ്ഡിലെ 1,053 ഗ്രാമങ്ങളില്‍ ഏറ്റവും കുറവ് താമസക്കാരാണ് സൗറിലുള്ളത്. 

എന്നാല്‍ വൈസ് വാള്‍ പ്രോജക്റ്റ് ഗ്രാമത്തില്‍ വന്നപ്പോള്‍ ഒരു പരിധി വരെ പാലായനം ചെയ്യുന്നതില്‍ നിന്ന് ആള്‍ക്കാരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു. 2017 സെപ്റ്റംബറിലാണ് വൈസ് വാള്‍ പദ്ധതി ആരംഭിച്ചത് കലയിലൂടെ ഗ്രാമീണ ജനതയുടെ സംസ്‌കാരം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വൈസ് വാള്‍ പ്രോജക്റ്റ് വിജയകരമായി മുന്നോട്ട് പോയി. ഗ്രാമവാസികളുടെ ജീവിത പാഠങ്ങള്‍, അനുഭവങ്ങള്‍, മൂല്യങ്ങള്‍ എന്നിവ ഗ്രാമവാസികളുടെ ചുമരുകളില്‍ പെയിന്റിംഗുകളുടെ രൂപത്തില്‍ രേഖപ്പെടുത്തുന്നു. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com