അത്രമേൽ ഇഷ്ടമാണ് ഫോട്ടൊഗ്രഫി; നീതുവിന്‍റെ ക്യാമറാജീവിതം

നടി സനുഷയ്‌ക്കൊപ്പമായിരുന്നു തന്‍റെ അദ്യ സെലിബ്രിറ്റി ഫോട്ടൊഗ്രഫി. നീതുവിന്‍റെ ചിത്രങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
അത്രമേൽ ഇഷ്ടമാണ് ഫോട്ടൊഗ്രഫി; നീതുവിന്‍റെ ക്യാമറാജീവിതം

#ആർദ്ര ഗോപകുമാർ

ഓരോ ചിത്രങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. വ്യത്യസ്തതയാര്‍ന്ന കാഴ്ച പകര്‍ത്തിയെടുക്കുന്നതിലൂടെ അഴകാര്‍ന്ന ഒരു പെയ്ന്‍റിങ് പോലെ അവ രേഖപ്പെടുത്തുന്നു. ഫോട്ടൊഗ്രഫര്‍ എന്നൊരു വാക്ക് പറയുമ്പോള്‍ തന്നെ നമ്മുടെ മുന്നില്‍ തെളിയുന്ന ചില ഇമേജുകളുണ്ട്. ആണ്‍രൂപങ്ങളുടെ അത്തരം ഇമേജുകള്‍ തകര്‍ത്തെറിയുന്നു നീതു തോമസ് എന്ന വനിതാ ഫോട്ടൊഗ്രഫര്‍. ക്യാമറ കണ്ണുകളിലൂടെ പ്രകൃതിയെയും മനുഷ്യരെയും എന്നുവേണ്ട, ജീവിതസാഹചര്യങ്ങളുടെ എല്ലാ സ്പന്ദനങ്ങളെയും തൊട്ടറിഞ്ഞ യുവതി. പകര്‍ത്തുന്ന ഏതു ഫ്രെയ്മിലും സൗന്ദര്യം തിരിച്ചറിയണമെന്ന് അനുഭവത്തിലൂടെ മനസിലാക്കിയ ഫോട്ടൊഗ്രഫറാണു നീതു തോമസ്.

അനുഭവം എന്ന പാഠം

വാസസ്ഥലം ദുബായിലേക്കു മാറിയപ്പോഴും, പ്രൊഫഷണലായി ഫോട്ടൊഗ്രഫി നീതു തോമസിനൊപ്പമുണ്ടായിരുന്നു. ഈ ഫീൽഡിൽ എത്തിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. ശാസ്ത്രീയ പഠനമില്ല, അനുഭവങ്ങളാണ് ഓരോ പാഠങ്ങളും പകര്‍ന്നു നല്‍കിയത്. ഫുഡ് ഫോട്ടൊഗ്രഫിയിലാണു തുടക്കം. ഓരോന്നും സ്വയം പഠിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരി എന്നതായിരുന്നു ജീവിതത്തിലെ ആദ്യ ഔദ്യോഗിക വേഷം. സ്വയം പാചകം ചെയ്ത് അത് മൊബൈലില്‍ പകര്‍ത്തിയാണ് ഫോട്ടോഗ്രാഫിയില്‍ തുടക്കം കുറിച്ചത്. പകര്‍ത്തിയ ഓരോ ചിത്രങ്ങള്‍ക്കും പ്രശംസകള്‍ ഏറിവന്നു. അതോടെ ഫുഡ് ആന്‍ഡ് പ്രോഡക്റ്റ് ഫോട്ടോഗ്രാഫിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ തീരുമാനിച്ചു. അതൊരു തുടക്കമായി മാറി.

ഫുഡ് ഫോട്ടൊഗ്രഫിയില്‍ തുടക്കം

പിന്നീട് ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ദുബായിലെ റസ്റ്ററന്‍റുകളിലെ വിഭവങ്ങള്‍ ക്യാമറയിലാക്കി. ഫുഡ് കമ്പനികളുമായി സഹകരണവും നീതു സ്വന്തമാക്കി. 'വശ്യമായ രീതിയില്‍ ഭക്ഷണം ഒരുക്കി വച്ചാല്‍ തന്നെ ഭക്ഷണം കാണാന്‍ നല്ല ഭംഗിയാണ്. എന്നാല്‍ ഫോട്ടോയ്ക്ക് കൂടുതല്‍ ഭംഗി കൂടാന്‍ ഫെയ്ക്ക് ആക്കാന്‍ നോക്കാതെ കഴിയുന്നത്ര അതേ രീതിയിലുള്ള ഭക്ഷണത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ നോക്കാറുണ്ട്. കളറിനായും മറ്റും കൃത്രിമമായി ഒന്നും ചേര്‍ക്കുന്നില്ല....' ഫുഡ് ഫോട്ടോഗ്രഫിയെക്കുറിച്ച് നീതു വാചാലമാവുന്നു. ഒരു സാധാരണ ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് കാനന്‍ 5ഡി മാര്‍ക്ക് 4 ക്യാമറകള്‍ ഉപയോഗിക്കുന്നതിലേക്കുള്ള നീതുവിന്‍റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.വൈല്‍ഡ് ഫോട്ടോഗ്രഫിയിലും നീതുവിന് അതിയായ താല്‍പ്പര്യമുണ്ട്.

ദ ലേഡി അംബാസഡര്‍

പ്രവാസജീവിതത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഒരുകാര്യം മനസിലാക്കി, ഫുഡ് ഫോട്ടോഗ്രാഫിയെക്കാളും ഫുഡ് വ്‌ളോഗുകള്‍ക്കാണു കേരളത്തില്‍ സ്വീകാര്യത കൂടുതലെന്ന്. പിന്നീടങ്ങോട്ട് ഫോട്ടൊഗ്രഫിയുടെ വിവിധ മേഖലകളിലേക്കുള്ള സഞ്ചാരം തുടങ്ങി. സെലിബ്രിറ്റി-ഫാഷന്‍ ഫോട്ടൊഗ്രഫിയില്‍ സഞ്ചരിക്കാന്‍ തുടങ്ങി. നടി സനുഷയ്‌ക്കൊപ്പമായിരുന്നു തന്‍റെ ആദ്യ സെലിബ്രിറ്റി ഫോട്ടൊഗ്രഫി. നീതുവിന്‍റെ ചിത്രങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഫുജി ഫിലിമിന്‍റെ ഇന്ത്യന്‍ അംബാസഡര്‍ പദവി കൂടി നീതുവിനെ തേടി എത്തി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു ലേഡി അംബാസഡറാണ് നീതു.

പുതിയ മേഖലകളിലേക്ക്

ഫോട്ടൊഗ്രഫിയില്‍ ജീവിതയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. പുതിയ മേഖലകളിലേക്കു ക്യാമറ തിരിച്ചു. വെഡ്ഡിങ് ഫോട്ടൊഗ്രഫിയിലും സാന്നിധ്യം അറിയിച്ചു. പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന ഫോട്ടൊഗ്രഫി മേഖലയില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടിവന്നിട്ടുണ്ടെങ്കിലും അതിലൊന്നും തളര്‍ന്നു വീഴാതിരിക്കാന്‍ നീതു പ്രത്യേകം ശ്രദ്ധിച്ചു. ഒരു സ്ത്രീയായതിനാല്‍ ഈ ഫീല്‍ഡില്‍ പുരുഷന്മാര്‍ക്കിടയില്‍ പൂര്‍ണ്ണമായി അംഗീകരിക്കപ്പെടാതെ പോലെ തോന്നിയിട്ടുണ്ടെന്ന് നീതു പറയുന്നു. എങ്കിലും പുതിയ പുതിയ മേഖലകളിലേക്കു യാത്ര തുടരുന്നതില്‍ അതൊന്നും തടസമായില്ല. സ്ത്രീ ആയതിനാല്‍ മാത്രമാണ് തനിക്ക് ഈ മേഖലയില്‍ ഇത്രയധികം ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചതെന്നു നീതു പറയുന്നു. മോഡല്‍ ഫോട്ടോഗ്രഫിയില്‍ മോഡലുകള്‍ കൂടുതല്‍ സ്ത്രീകള്‍ തന്നെയായതിനാല്‍ പ്രത്യേക സ്വാതന്ത്ര്യം ഉണ്ടെന്നു നീതു വിശ്വസിക്കുന്നു.

അത്രമേല്‍ ഇഷ്ടം

ഫുഡ് ഫോട്ടോഗ്രാഫിയിലുള്ള അനുഭവം ഫോട്ടോകള്‍ക്ക് അനുയോജ്യമായ ലൈറ്റിംഗും മൂഡും സൃഷ്ടിക്കുന്നതില്‍ ഗുണകരമായെന്നു നീതു പറയുന്നു. ഇവന്‍റ് ഫോട്ടൊഗ്രഫിയിലും ഈ അനുഭവങ്ങള്‍ സഹായകരമായി. പ്രൊഫഷണല്‍ ഫോട്ടൊഗ്രഫര്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പുകളില്ല. ഫാഷന്‍, ഫുഡ്, ഇവന്‍റ്, നേച്ചര്‍ ഫോട്ടൊഗ്രഫിയില്‍ കൃത്യമായ സാന്നിധ്യം അര്‍പ്പിക്കാന്‍ കഴിഞ്ഞു. ഏതെങ്കിലുമൊന്നു തെരഞ്ഞെടുക്കാന്‍ സാധിക്കില്ല. ഫോട്ടൊഗ്രഫി അത്രമേല്‍ ഇഷ്ടമാണ്. ഇതുകൂടാതെ തന്‍റെ യൂട്യൂബ് ചാനൽ വഴി ഫോട്ടോഗ്രാഫി പാഠങ്ങൾ നൽകാനും നീതു ആലോചിക്കുന്നുണ്ട്.

പുതുതലമുറയില്‍ ഫോട്ടൊഗ്രാഫി ഫീല്‍ഡില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളോട് ഒന്നേ പറയാനുള്ളൂ, സ്വന്തം പാഷന്‍ മനസിലാക്കി അതിനെ പിന്തുടരണം. പണത്തെ അടിസ്ഥാനമാക്കി ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ സ്വന്തം കഴിവ് നഷ്ടമാകും. മനസിനു സന്തോഷം നല്‍കുന്നത് എന്താണെന്നു മനസിലാക്കി അതിനെ പിന്‍തുടണം. അങ്ങനെയെങ്കില്‍ ആ മേഖല എളുപ്പം കീഴ്‌പ്പെടുത്താനാകും. അനുഭവങ്ങളുടെ പ്രതിധ്വനിയുണ്ട് ആ വാക്കുകളില്‍

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com