

പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്‍റെയും ഖദീജാ ബീവിയുടെയും എട്ടു മക്കളിൽ ആദ്യ പുത്രിയായി ജനിച്ച ഫാത്തിമാ ബീവി പല മേഖലകളിലും ഒന്നാം സ്ഥാനക്കാരിയാകുന്നതിനാണ് ചരിത്രം സാക്ഷിയായത്. തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം വനിതയെന്ന വിശേഷണം സ്വന്തമാക്കിയാണ് ചരിത്രവിജയങ്ങൾക്കു തുടക്കം കുറിച്ചത്. മുൻസിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്‌ജിയായും സേവനം അനുഷ്‌ഠിച്ചപ്പോഴും അതേ വിശേഷണം പിന്തുടർന്നു.
പിന്നീട് രാജ്യത്തെ മുസ്‌ലിം വനിതകളിൽ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്‌ജി, സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്‌ജിയായിരുന്നു ഫാത്തിമാ ബീവി. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡിഷ്യൽ അംഗമായി വന്ന ആദ്യ വനിത. ഗവർണറായപ്പോൾ, തമിഴ്നാട്ടിൽ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന സ്ഥാനവും ഫാത്തിമാ ബീവിക്ക് സ്വന്തം.
കനൽവഴികളിൽ വെളിച്ചം വിതറി പിതാവ്
പത്തനംതിട്ടയിൽ അന്ന് ഉയർന്ന വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളില്ല. പോരാത്തതിന് കൗമാരമെത്തും മുമ്പ് പെൺകുട്ടികളെ വിവാഹം കഴിച്ചയയ്ക്കാൻ തിരക്കു കൂട്ടുന്ന സമൂഹവും. പക്ഷേ രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനായിരുന്ന മീരാസാഹിബിന്‍റെ തീരുമാനങ്ങൾ വേറെയായിരുന്നു. മക്കളെ പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനുമാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. അറിവിന്‍റെ വഴിലൂടെ നയിക്കപ്പെട്ട എട്ടു മക്കളിൽ ഫാത്തിമ ഏറെ മുൻപേ നടന്നു. ബിരുദം നേടിയ ശേഷം നിയമപഠനത്തിന് പോകാൻ നിർദേശിച്ചതും പിതാവായിരുന്നു. കറുത്ത ഗൗണിനുള്ളിൽ മകൾ തിളങ്ങുമെന്ന് മീരാസാഹിബിന്‍റെ കണക്കുകൂട്ടൽ തെറ്റിയില്ല.
ഡിവൈഎസ്പിയായിരുന്ന മെയ്തീൻ സാഹിബ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററായിരുന്ന ഹബീബ് മുഹമ്മദ്, ഗവ. ഹൈസ്കൂൾ പ്രഥമാധ്യാപികയായിരുന്ന റസിയ ബീവി, അധ്യാപികയായിരുന്ന ഹനീഫ ബീവി, മെഡിക്കൽ കോളെജിലെ ഡോ. എം. ഫസിയോ തുടങ്ങിയ സഹോദരങ്ങളും മികച്ച കർമമേഖലകളിലെത്തി.
നിയമപഥത്തിൽ തിളക്കത്തോടെ
1950ൽ പ്രശസ്ത അഭിഭാഷകൻ സി.പി. പരമേശ്വരൻ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച ഫാത്തിമാ ബീവി ഔദ്യോഗിക രംഗത്ത് പടിപടിയായി ഉയർന്നു. 1958ൽ തൃശൂർ മുൻസിഫായി ന്യായാധിപ രംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂർ എന്നിവടങ്ങളിൽ മുൻസിഫായിരുന്നു. 1968ൽ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായി. 1974ൽ തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജിയായി. 1978ൽ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ അംഗം. 1983ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ ഫാത്തിമാ ബീവി, 1989 ഏപ്രിലിൽ ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. 1989 നവംബറിൽ സുപ്രീം കോടതി ജഡ്ജിയായി. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗവുമായി.
തമിഴകത്തെ ഉലച്ചഗവർണർ പദവി
1997 ജനുവരി 25നാണ് ഫാത്തിമാ ബീവി ഗവർണറായി തമിഴ്നാട്ടിൽ ചുമതലയേറ്റത്. 2001 മേയിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അണ്ണാ ഡിഎംകെ നേതാവ് ജെ. ജയലളിതയെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതോടെ ഫാത്തിമാ ബീവി വിവാദകേന്ദ്രമായി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ടയായിരുന്ന ജയലളിതയെ മുഖ്യമന്ത്രിയാക്കിയതിലെ ശരിയും തെറ്റും രാജ്യമെങ്ങും ചർച്ചയായി.
2001 ജൂൺ 30ന് പുലർച്ചെ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയും കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനും ടി.ആർ. ബാലുവും ചെന്നൈയിൽ നാടകീയമായി അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സംഭവത്തിൽ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ നടപടിയും വിവാദമായി.
സംഭവത്തിൽ വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകിയില്ലെന്ന് ആരോപിച്ച് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെ ഫാത്തിമാ ബീവി സ്ഥാനം രാജിവച്ചു. 1997ൽ ഗവർണറായിരുന്ന ഡോ. ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടർന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയാണ് ഫാത്തിമാ ബീവിയെ ഗവർണറായി നിയമിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചത്. അതേ കരുണാനിധിയുടെ അറസ്റ്റിനെ തുടർന്നാണ് ബീവിയുടെ രാജിയും ഉണ്ടായതെന്നതെന്നത് ചരിത്ര ഏടുകളിൽ സ്ഥാനം പിടിച്ച സംഭവങ്ങളിൽ ഒന്നാണ്.
ഗവർണറായി ചുമതലയേറ്റപ്പോൾ ഒപ്പുവച്ച ആദ്യ ഫയലുകളിലൊന്ന് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസിൽ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു. പിന്നീട് കരുണാനിധിയെ അറസ്റ്റു ചെയ്ത ജയലളിതയുടെ നടപടിയെ ന്യായീകരിച്ചതും ഇതേ ഗവർണർ സ്ഥാനത്തിരുന്നു കൊണ്ടായിരുന്നു.
ഹൃദയത്തോടു ചേർത്ത പത്തനംതിട്ട
ഉന്നതസ്ഥാനങ്ങളുടെ തിരക്കുകളിലും പത്തനംതിട്ട എന്ന തന്‍റെ സ്വന്തം നാടിനെ ഫാത്തിമാ ബീവി മറന്നില്ല. വീടിനെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള തെളിമയാർന്ന സ്മരണകൾ അവർ മിക്കപ്പോഴും പങ്കുവച്ചിരുന്നു. കുലശേഖരപ്പേട്ടയിലെ അണ്ണാവീടെന്ന സ്വഭവനത്തിനും പത്തനംതിട്ട മിഡിൽ സ്‌കൂളിനുമിടയ്‌ക്ക് ഒരു പുരയിടമേ ഉണ്ടായിരുന്നുള്ളൂ. അത് തങ്ങളുടെ കളിസ്‌ഥലമായിരുന്നു. ഇപ്പോഴത്തെ മിനി സിവിൽ സ്‌റ്റേഷന്‍റെ എതിർവശത്തായിരുന്നു മിഡിൽ സ്‌കൂൾ. സ്‌കൂളിനു മുന്നിലെ അരയാൽത്തറയും വൃശ്‌ചിക മാസമായാൽ അവിടെ ശബരിമല തീർഥാടകർ വന്നുകൂടുന്നതുമൊക്കെ അവർ പലരോടും പങ്കുവച്ചിരുന്നു.
പെൺകുട്ടികൾക്ക് കോളെജ് വിദ്യാഭ്യാസത്തിന് തിരുവനന്തപുരം വിമൻസ് കോളെജ് മാത്രം. അന്ന് കുമ്പഴയിൽ പാലമില്ല. ഇടവപ്പാതിക്ക് കോളെജ് തുറക്കുമ്പോൾ ആറ് കവിഞ്ഞൊഴുകും. മഴവെള്ളത്തിൽ കടത്ത് വലിയൊരു അനുഭവമായിരുന്നു. തൈക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ പരിസരത്ത് ഉണ്ടായിരുന്നത് വളരെക്കുറച്ചു വീടുകൾ മാത്രം. ഇപ്പോഴത്തെ പൊലീസ് ക്വാർട്ടേഴ്‌സിന് മുന്നിലെ പാലം അന്നില്ല. വയലുകളായിരുന്നു അവിടമാകെ.
കല്ലറക്കടവിലാണ് കുളിക്കാൻ പോയിരുന്നത്. മഴക്കാലത്ത് കല്ലറക്കടവിലൂടെ അച്ചൻകോവിലാറ് നിറഞ്ഞൊഴുകുന്ന മനോഹര കാഴ്‌ചയായിരുന്നു. വിവിധ മതവിഭാഗങ്ങൾ ഇടകലർന്നു കഴിഞ്ഞിരുന്ന പത്തനംതിട്ട എന്നും തികഞ്ഞ ജാതി മത സൗഹൃദങ്ങളുടേതാണെന്നും ഫാത്തിമാ ബീവി ഓർമിപ്പിച്ചിരുന്നു.