ഈ കൂട്ടിലെന്നും സ്നേഹം മാത്രം...

കല്യാണരാമനിലെ അപ്പൂപ്പനും അമ്മൂമ്മയും, കവി എ. അയ്യപ്പൻ, ആനപ്പാറ അച്ചാമ്മ തുടങ്ങിയവരൊക്കെ സ്നേഹക്കൂടിൽ നിന്നും സാമൂഹിക മാധ്യമങ്ങളുടെ വിശാലതയിലേക്ക് അവതരിച്ചിറങ്ങി.
ഈ കൂട്ടിലെന്നും സ്നേഹം മാത്രം...

#ആർദ്ര ഗോപകുമാർ

വൃദ്ധസദനം എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ തെളിയുന്ന ചില ദൃശ്യങ്ങളുണ്ട്. അതെല്ലാം മറന്നേക്കൂ. നമുക്ക് കോട്ടയത്തെ സ്നേഹക്കൂട് അഭയമന്ദിരത്തിലേക്കു പോകാം.

ക്യാമറ തിരിയുന്നത്, സ്നേഹക്കൂടിന്‍റെ മുന്നിലിരുന്നു പത്രം വായിക്കുന്ന അഞ്ഞൂറാനിലേക്കാണ്. ഞങ്ങളെ രക്ഷിക്കണം മുതലാളി എന്നു കരഞ്ഞുകൊണ്ടുവരുന്ന ആൾക്കൂട്ടത്തിലൂടെ ആ കാഴ്ച തുടരുന്നു. ഗോഡ്ഫാദർ എന്ന സിനിമയിൽ നാടകാചാര്യൻ എൻ. എൻ പിള്ള അവിസ്മരണീയമാക്കിയ രംഗം പുനർജനിക്കുകയാണിവിടെ. അഭിനയിച്ചു തകർക്കുകയാണ് സ്നേഹക്കൂടിലെ വയോധികർ. സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്ന അനവധി ഹൃസ്വവീഡിയോകൾ സ്നേഹക്കൂടിൽ പിറവികൊള്ളുന്നുണ്ട്. ആ വീഡിയോകൾ തേടിയുള്ള അന്വേഷണമാണ് പരമ്പരാഗത വൃദ്ധസദനസങ്കൽപ്പങ്ങളെ തകർത്തെറിയുന്ന സ്നേഹക്കൂടിലേക്ക് എത്തിച്ചത്.

അഞ്ഞൂറാനിലേക്കുള്ള വഴി

വിരസതയകറ്റാൻ ഒരു വിനോദം എന്ന നിലയിലാണ് റീൽസ് വീഡിയോയിലേക്കു തിരിഞ്ഞത്. നവമാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുക എന്നൊരു ആശയവും ഇതിനു പിന്നിലുണ്ടായിരുന്നെന്നു സ്നേഹക്കൂടിന്‍റെ സ്ഥാപക നിഷ സ്നേഹക്കൂട് പറയുന്നു.

സായാഹ്നങ്ങളിൽ സാധാരണയായി നടത്തിവരാറുള്ള അന്താക്ഷരി, ഗെയിംസ് എന്നിവയെക്കാളും കൂടുതൽ സ്വീകാര്യത സ്നേഹക്കൂടിലെ അച്ഛനമ്മമാരിൽ നിന്ന് ലഭിച്ചതോടെ ഇത്തരം റീൽസ് തുടരുകയായിരുന്നു. ഇതിനോടകം നിരവധി വീഡിയോകൾ ചെയ്തു. എല്ലാം സൂപ്പർ ഹിറ്റായി. കല്യാണരാമനിലെ അപ്പൂപ്പനും അമ്മൂമ്മയും, കവി എ. അയ്യപ്പൻ, ആനപ്പാറ അച്ചാമ്മ തുടങ്ങിയവരൊക്കെ സ്നേഹക്കൂടിൽ നിന്നും സാമൂഹിക മാധ്യമങ്ങളുടെ വിശാലതയിലേക്ക് അവതരിച്ചിറങ്ങി.

മലയാളികൾ എക്കാലത്തും മനസിൽ കൊണ്ടുനടക്കുന്ന ചിത്രമാണ് സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ഗോഡ്‌ ഫാദർ. ആ കഥാപാത്രത്തെ അതേ ഗാംഭീര്യത്തോടെ പകർത്തിയത് എൺപത്തഞ്ചുകാരനായ നാണപ്പൻ ചേട്ടനാണ്. ഇതുൾപ്പടെ എല്ലാം റീൽസും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

റീൽസ് ചെയ്യാന്‍ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും, ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യാന്‍ താൽപര്യമുണ്ടെന്നും നാണപ്പൻ അച്ഛന്‍ ഒരു ചെറുപുഞ്ചിരിയോടെ പ്രതികരിക്കുന്നു.

അഭയമന്ദിരം എന്ന ആശയത്തിലേക്ക്

പുറന്തള്ളപ്പെട്ടവർ പ്രിയപ്പെട്ടവരാകുന്ന കാഴ്ചയാണു സ്നേഹക്കൂട്ടിൽ നിറയുന്നത്. പ്രായമായവരെ പുറന്തള്ളുന്ന വാർത്തകൾ പതിവാകുമ്പോൾ, അവർക്കൊരു അഭയമന്ദിരം ഒരുക്കുകയാണ് സ്നേഹക്കൂട്ടിൽ. അക്ഷരനഗരിയിലെ ഈ സ്നേഹക്കൂടിന്‍റെ അമരക്കാരി നിഷയും ഭർത്താവ് മുൻ സൈനികൻ അനുരാജുമാണ്. കഴിഞ്ഞ 9 വർഷത്തോളമായി ലാഭേച്ഛയില്ലാതെ നടത്തികൊണ്ടു പോരുന്നു ഈ സ്ഥാപനം. ഒരു തമിഴ്നാട് സ്വദേശിയുൾപ്പടെ ആകെയുള്ള 94 ഓളം വയോജനങ്ങളിൽ 4 ദമ്പതിമാരുമുണ്ട്.

അനുഭവത്തിൽ നിന്നും ആർജിച്ചെടുത്ത കരുത്തിലാണു നിഷയുടെ യാത്ര. 2015 ൽ ഫേയ്സ്ബുക്ക് കൂട്ടായ്മയായിരുന്നു നിഷയുടെ ആദ്യചുവട്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട വയോജനങ്ങളെ ആദ്യമാദ്യം പത്തനാപുരം ഗാന്ധിഭവനിലാണ് എത്തിച്ചിരുന്നത്. പിന്നീട് നിഷ സ്വന്തമായി ഒരു വാടകവീടെടുത്ത് അവർക്ക് അഭയകേന്ദ്രമൊരുക്കാൻ തുടങ്ങി.

രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് 2021, ഡോ. ബി അർ അംബേദ്‌കർ നാഷണൽ അവാർഡ് 2016, വേൾഡ് മലയാളി ഫെഡറേഷൻ അവാർഡ് ഉൾപ്പടെയുള്ള നിരവധി പുരസ്കാരങ്ങളും സ്നേഹകൂടിന്‍റെ ഡയറക്ടറായ നിഷയ്ക്ക് ലഭിച്ചിട്ടുണ്ട്. കുടുംബാന്തരീക്ഷം ഒരുക്കുക എന്ന ആശയത്തിലൂന്നിയാണ് സ്നേഹക്കൂടിന്‍റെ പ്രവർത്തനം.

മഹാമാരിയുടെ കാലത്ത് സഹായഹസ്തവുമായി

കൊവിഡ് മഹാമാരിയുടെ കാലത്ത് സ്നേഹക്കൂട് പലർക്കും സഹായമായി. തെരുവ്, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലുള്ളവർക്കും പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ്, മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവർക്കും 58 ദിവസത്തേക്ക് ഭക്ഷണം വിതരണം ചെയ്തു. ചായ, വെള്ളം, ലഘുഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ 300 ഓളം പൊതികൾ അവർക്കായി നൽകി.

സ്നേഹക്കൂടിന്‍റെ നിസ്വാർത്ഥ സേവനത്തെ ചില പൊലീസ് ഉദ്യോഗസ്ഥരും ആദരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളെജ്, കോട്ടയം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും ഭക്ഷണപ്പൊതി നൽകാനായെന്നു നിഷ പറയുന്നു.

2018-ലെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരന്തങ്ങളിൽ സഹായവും സന്നദ്ധസേവനവും നൽകുന്നതിലും സ്നേഹക്കൂട് വലിയ പങ്കുവഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകൾക്ക് ഭക്ഷണക്കിറ്റും വസ്ത്രങ്ങളും മരുന്നുകളും നൽകി.

ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ പല ക്യാമ്പുകളിലേക്കും എത്തിച്ചു. "2021 ഒക്‌ടോബറിൽ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ വൃത്തിയാക്കാൻ ഞങ്ങളുടെ സ്‌നേഹസേന ടീം സഹായിച്ചു. എസൻഷ്യൽ ഹൗസ്‌ഫോൾഡ് ഡെലിവറി ചെയ്യുന്നതിന് യുഎസ്എ/ യുകെ അസോസിയേഷനുമായി സഹകരിച്ച് ഏകദേശം 7 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു.' നിഷ പറയുന്നു.

ഈ തണലിൽ ഇത്തിരിനേരം

സ്‌നേഹക്കൂടിന്‍റെ സ്‌നേഹവീട് പദ്ധതിയിൽ പാവപ്പെട്ട 8 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ കഴിഞ്ഞിരുന്നു. സ്‌നേഹക്കൂടിന്‍റെ സ്നേഹമാംഗല്യം എന്ന പദ്ധതിയിലൂടെ 6 സ്ത്രീകളുടെ വിവാഹത്തിനുള്ള മുഴുവൻ ക്രമീകരണങ്ങളും, ‘സ്‌നേഹപാഠം’ എന്ന പരിപാടിയിലൂടെ സാമ്പത്തിക പരിമിതിയാൽ വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളെ സഹായിക്കാനും, വിവിധ സ്കൂളുകളിൽ പഠനത്തിന് ആവശ്യമായ സ്റ്റേഷനറികൾ നൽകാനും കഴിഞ്ഞു.

അഭയകേന്ദ്രത്തിന്‍റെ തണലിൽ ഒതുങ്ങുക എന്നതു മാത്രമല്ല, അച്ഛനമ്മമാർക്കായി യാത്രകളും ഒരുക്കുന്നു. കലാപരിപാടികളും അരങ്ങേറുന്നു. തിയറ്ററുകൾ, പാർക്കുകൾ, ബീച്ചുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളും അച്ഛനമ്മമാരോടൊപ്പം സന്ദർശിക്കാറുണ്ട്. ഒരുമിച്ചു യാത്ര ചെയ്യാവുന്ന എല്ലാ ദൂരങ്ങളിലേക്കും ഈ അച്ഛനമ്മമാർ എത്തുന്നുണ്ട്.

വൃദ്ധരായതു കൊണ്ടും, ഉറ്റവർ ഉപേക്ഷിച്ചതുകൊണ്ടും ഒന്നും അവസാനിക്കുന്നില്ല. കൂട്ടായ്മയുടെ, സന്തോഷത്തിന്‍റെ, കരുതലിന്‍റെ എല്ലാ സൗഭാഗ്യങ്ങളും സ്നേഹക്കൂടിന്‍റെ തണലിൽ അവർക്കു ലഭിക്കുന്നുണ്ട്, പരിധികളില്ലാതെ.

ഈ തണലിൽ നിൽക്കുന്നതു ജീവിതത്തിന്‍റെ ഇത്തിരി നേരം കൂടിയാണെങ്കിലും അതൊരു മറക്കാത്ത ജീവിതാനുഭവം തന്നെയായി മാറും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com