ഈശോയുടെ പുഞ്ചിരി

'കേരള സ്റ്റോറി' കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്ര അരോചകമായ സിനിമയാണെന്നു തുറന്നുപറയാൻ അദ്ദേഹത്തിന് ഒന്നും തടസമായില്ല
ഈശോയുടെ പുഞ്ചിരി

കഴിഞ്ഞ പെസഹ വ്യാഴം. അന്ന് വൈപ്പിന്‍ സാന്‍ജോപുരം സെന്‍റ് ജോസഫ്‌സ് പള്ളി ചരിത്രത്തിലേയ്ക്ക് നടന്നുകയറുകയായിരുന്നു.അവിടെ വൈദികന്‍ ഫാ. ജയിംസ് പനവേലില്‍ സ്ത്രീകളുടെ കാല്‍കഴുകൽ ശുശ്രൂഷ നടത്തി. സിറോ മലബാര്‍ സഭ സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടപ്പാക്കിയിട്ടില്ലെന്നോർക്കണം. അപ്പോഴാണ് ഒരു ഇടവകയിലെ ചരിത്രനിമിഷം.

അതേക്കുറിച്ച് ഫാ. ജയിംസ് പനവേലില്‍ പറയുന്നു: "സാന്‍ജോപുരം പള്ളിയില്‍ 11 കുടുംബ യൂണിറ്റുകളുണ്ട്. മൂന്നെണ്ണത്തിന്‍റെയെങ്കിലും പ്രസിഡന്‍റ് സ്ത്രീയാകുന്നതാണു രീതി. ഇത്തവണ തെരഞ്ഞെടുപ്പില്‍ അഞ്ചു സ്ത്രീകള്‍ പ്രസിഡന്‍റായി. അവരും മദര്‍ സുപ്പീരിയറും ചേര്‍ന്നപ്പോള്‍ ആറുപേരായി. ആറു പുരുഷന്‍മാരെക്കൂടി തിരഞ്ഞെടുത്ത് 12 പേരുടെ കാല്‍കഴുകുകയായിരുന്നു. അത് സ്വാഭാവികപ്രക്രിയ മാത്രമാണ്. അതിനെ സംവരണമായി കാണരുത് ,തുല്യതയാണ്. എത്രയോ കാലമായി അടിച്ചമര്‍ത്തപ്പെടുന്നവരാണ് കന്യാസ്ത്രീകള്‍. അവരുടെ കാല്‍കഴുകേണ്ടത് കടമയായിട്ടാണു തോന്നിയത്...'

നന്മ ചെയ്യാന്‍ ആരുടെയും അനുവാദം വേണ്ട. എന്നും മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനംചെയ്ത കാര്യമാണത്. അപ്പോൾ ആലഞ്ചേരിപ്പിതാവ് "ഞങ്ങളുടെ സഭയും നാടും അതിനു പാകമായിട്ടില്ലെ'ന്നു പറഞ്ഞ് വത്തിക്കാനോട് ഇളവുചോദിച്ചു. ചരിത്രപരമായ മണ്ടത്തരമാണത്. എന്‍റെ ഇടവക അതിനു പാകപ്പെട്ടുവെന്ന് എനിക്കുതോന്നി. അള്‍ത്താര ശുശ്രൂഷയ്ക്ക് സാധാരണ ബാലന്മാരെയേ ഉപയോഗിക്കാറുള്ളൂ. എന്‍റെ പള്ളിയില്‍ ബാലികമാരെയും ഉപയോഗിച്ചുതുടങ്ങി. അതുവരെ അവരെ വിളിച്ചിരുന്നത് "അള്‍ത്താര്‍ ബോയ്‌സ്' എന്നാണ്. ആ പേരുമാറ്റി. "അള്‍ത്താര്‍ ചില്‍ഡ്രന്‍ "എന്നാണ് പുതിയ പേര്.

ഈ വൈദികൻ ഇപ്പോൾ സൈബർ ആക്രമണ ഭീഷണിയിലാണ്. ചിലർ പച്ചത്തെറി വിളിക്കുന്നു. അതിന്‍റെ കാരണം ഇതാണ്- ലവ് ജിഹാദുണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ മാമോദീസ മുങ്ങി ക്രിസ്തുമതം സ്വീകരിച്ച് കല്യാണം കഴിക്കുന്നവരെക്കുറിച്ച് പറയാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം മതത്തില്‍നിന്ന് അങ്ങോട്ടു പോകുമ്പോഴേ പ്രശ്നമുള്ളോ? പ്രണയത്തെ പ്രണയമായും കുറ്റകൃത്യത്തെ കുറ്റകൃത്യമായും കാണണം. അതില്‍ മതത്തിന്‍റെ ധ്രുവീകരണത്തിനു ശ്രമിക്കരുത്. ക്രിസ്ത്യന്‍ പള്ളികളില്‍ മിശ്രവിവാഹം കൂദാശയായി നടത്തണമെങ്കില്‍ മാമോദീസ മുങ്ങി ക്രിസ്ത്യാനിയാകണം. അങ്ങനെ എത്രയോ പേര്‍ വിവാഹിതരാവുന്നു. അതിനെ ആരും ജിഹാദായി കാണുന്നില്ല. ക്രിസ്തുമതത്തിലേക്കു മാറാതെ കല്യാണം കഴിക്കാനാണെങ്കില്‍ ആശീര്‍വാദം മാത്രം കൊടുക്കും. എങ്കില്‍ മാമോദീസ മുങ്ങേണ്ടാ. എന്നാല്‍, ഇവരുടെ സന്താനങ്ങളെ ക്രൈസ്തവരായി വളര്‍ത്തണമെന്നു വ്യവസ്ഥ വയ്ക്കും. പിന്നീടാരും അതേക്കുറിച്ച് അന്വേഷിക്കാറില്ലെങ്കിലും അതാണു ചട്ടം. മറ്റു രൂപതകളില്‍ ആശീര്‍വാദം ചെയ്തുകൊടുക്കുന്നില്ലെന്നു പറഞ്ഞ് പലരും എറണാകുളത്തേക്കു വരാറുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കേ, അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നതിന് എന്താണര്‍ഥമുള്ളത്? പ്രണയവും വഞ്ചനയും എല്ലാ മതത്തിലുമില്ലേ?- അദ്ദേഹം ചോദിച്ചു.

"ഒരു മുസ്‌ലിം തീവ്രവാദി ഒരു വൈദികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാര്‍പ്പാപ്പയോട് ഒരാള്‍ ഇസ്‌ലാം ഭീകരതയുണ്ടോയെന്നു ചോദിച്ചു. അങ്ങനെയെങ്കില്‍ ക്രിസ്ത്യന്‍ ഭീകരതയുമുണ്ടെന്നായിരുന്നു മറുപടി. ഇറ്റലിയില്‍ ജീവിക്കുന്ന അദ്ദേഹം കുറ്റകൃത്യങ്ങളിലെ പ്രതികളായി പത്രങ്ങളിൽ കാണുന്നത് ക്രിസ്ത്യാനികളെയാണെന്നും വിശദീകരിച്ചു. കുറ്റകൃത്യത്തിനു മതമില്ലെന്നാണ് അതിന്‍റെ അർഥമെന്ന് വിശദീകരിച്ചു.'- ഫാ. ജയിംസ് പനവേലില്‍.

ഇടുക്കി രൂപത "കേരള സ്റ്റോറി'എന്ന സിനിമ പ്രദർശിപ്പിച്ചതിനെതിരെ കൃത്യമായ നിലപാടാണ് ഫാ. ജയിംസ് പനവേലില്‍ സ്വീകരിച്ചത്: "ഇടുക്കിക്കാര്‍ക്ക് അക്കാര്യത്തില്‍ ആശങ്കയുണ്ടാകാം. പക്ഷേ, ഞങ്ങളുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നു പറയുന്നതു പോലും സ്ത്രീവിരുദ്ധ കാഴ്ചപ്പാടാണ്. അവരെ സംരക്ഷിക്കാന്‍ ആളു വേണോ? ഒറ്റയ്ക്കു വിദേശത്തു പോയി ജോലി ചെയ്ത് കുടുംബം പോറ്റുന്ന പെണ്‍കുട്ടികളുള്ള നാടാണിത്. അവര്‍ക്കു നല്ല വിവരമുണ്ട്. അവരെ കുറച്ചുകാണരുത്.'

'കേരള സ്റ്റോറി' കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്ര അരോചകമായ സിനിമയാണെന്നു തുറന്നുപറയാൻ അദ്ദേഹത്തിന് ഒന്നും തടസമായില്ല. ഒരു സിനിമയെന്ന നിലയിലും കലാസൃഷ്ടിയെന്ന നിലയിലും പരാജയം. നമ്മുടെ സിനിമകളെ മറ്റ് ഇന്‍ഡസ്ട്രികള്‍ അനുമോദിക്കുന്ന കാലത്താണ് ഇങ്ങനെയൊരു ‌'കലാസൃഷ്ടി' പ്രചരിച്ചത്. "എ' സര്‍ട്ടിഫിക്കറ്റുള്ള ചിത്രമെങ്ങനെ കുട്ടികളെ കാണിച്ചു എന്ന ചോദിച്ച അദ്ദേഹം ചൂണ്ടിക്കാട്ടിയ നിയമവശം പ്രസക്തമാണ്: "ബാലാവകാശ കമ്മിഷനു കേസെടുക്കാവുന്ന കാര്യമാണിത്'.

ഇത്രയും തുറന്നു പറഞ്ഞാൽ സൈബർ ആക്രമണം ഉണ്ടായില്ലെങ്കിലല്ലേ, അതിശയമുള്ളൂ. ഈ വൈദികന് ഇതൊന്നും പുത്തരിയല്ല. മുമ്പൊരിക്കൽ നടൻ ദിലീപിന്‍റെ ഒരു സിനിമയ്ക്ക് "ഈശോ' എന്ന പേരിട്ടപ്പോൾ ഒരുവിഭാഗം അതിനെതിരെ ഇളകിയാടിയപ്പോൾ അവരെ എതിർക്കുന്ന സമീപനമായിരുന്നു ഇദ്ദേഹത്തിൽനിന്നുണ്ടായത്. "ഈശോ' സിനിമയക്കെതിരായ പ്രതിഷേധം അനാവശ്യമാണെന്നും ഇത്തരം പ്രവൃത്തി കാരണമാണ് ക്രിസ്ത്യാനികള്‍ക്ക് ക്രിസംഘികള്‍ എന്ന പേര് വന്നതെന്നുമുള്ള ഫാ. ജെയിംസ് പനവേലിലിന്‍റെ പ്രസംഗം വൈറലായി.

"കളകളെയും അതിന്‍റെ പിന്നിലെ കളികളേയും കാണാൻ സാധിക്കണം' എന്ന ആഹ്വാനത്തോടെയാണ് പ്രസംഗം ആരംഭിച്ചത് "ലൂസിഫറി'ലെ മോഹന്‍ലാലിന്‍റെ പ്രശസ്തമായ "കര്‍ഷകനല്ലെ മാഡം, കളപറിക്കാന്‍ ഇറങ്ങിയതാണ്' എന്ന ഡയോലോഗ് ഓര്‍മ്മിപ്പിച്ചാണ്. ഇത്തരത്തിലുള്ള കളപറിക്കലുകള്‍ ചരിത്രത്തില്‍ എന്നും രക്തരൂഷിതമായിട്ടേയുള്ളൂ. ക്രിസ്തുവിന്‍റെ മനസിനോട് ചേര്‍ന്നുപോകേണ്ട ചിന്തകളില്‍ സുവിശേഷം എന്ന വ്യാജേന വെറുപ്പുകള്‍ വിതയ്ക്കപ്പെടുന്നുണ്ട്. അത് തിരിച്ചറിയാന്‍ സാധിക്കുന്നയിടത്താണ് നാം ക്രിസ്തുവിന്‍റെ ഹൃദയമുള്ള കര്‍ഷകരായി മാറുന്നത്. ജീവിതത്തില്‍ നാം പുറപ്പെടുവിക്കുന്ന ഫലം കൊണ്ട് കളയും വിളയും തിരിച്ചറിയണം. കളയെന്ന് പറഞ്ഞ് പറച്ചുകളയുമ്പോള്‍ അല്ല വിളയാകുന്നത്, ഫലം നല്‍കിയാണ് വിളയാകേണ്ടത്. എനിക്ക് എതിരഭിപ്രായം ഉള്ളവരെ കളയണം, അവനെ ഇല്ലായ്മ ചെയ്യണം എന്ന ചിന്ത ഉണ്ടെങ്കില്‍ അത് ക്രിസ്തുവിന്‍റെ സുവിശേഷമല്ല. പകരം എന്‍റെയുള്ളിലെ നന്മ പൂത്തുലയും വരെ കാത്തിരിക്കാം. ഫലം കൊണ്ട് തിരിച്ചറിയാം, ആര് നല്ലത്, ആര് മോശം എന്ന്. നിറത്തിന്‍റെ, മതത്തിന്‍റെ, ജാതിയുടെ പേരില്‍ മുന്‍വിധിയോടെ അവന്‍ കള, ഇവന്‍ വിള എന്ന് പറയുന്ന രീതി നമുക്കിടയിലുണ്ട്. ഇത്തരം ചാപ്പകുത്തല്‍ ക്രിസ്തുവിന്‍റെ സുവിശേഷമല്ല. കളയെന്ന പേരില്‍ ഇപ്പോള്‍ മനസില്‍ കയറുന്നത് തീവ്രവാദ മനോഭാവമാണ്. അത് ക്രിസ്തുവിന്‍റെ വിശ്വാസികളെ സംരക്ഷിക്കാനാണെന്ന് പറയുമ്പോള്‍ ചിലപ്പോള്‍ വിശ്വസിക്കും. എന്നാല്‍ ഇതിലൂടെ മനസില്‍ വളരുന്ന കളകളെയും, കളികളെയും കാണാനായിട്ട് നമുക്ക് സാധിക്കണം'- അങ്കമാലി രൂപതയുടെ മുഖപത്രമായ "സത്യദീപ'ത്തിന്‍റെ ഇംഗ്ലീഷ് എഡിഷന്‍റെ അസോസിയേറ്റ് എഡിറ്ററും വരാപ്പുഴ സെന്‍റ് ജോര്‍ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയുമായിരിക്കേയായിരുന്നു ആ പ്രസംഗം.

അന്നും ഇന്നത്തെപ്പോലെ സൈബർ ആക്രമണം നേരിടേണ്ടിവന്നു. ഫാ. ജയിംസ് പനവേലിലിന് പറയാനുള്ളത് ഇത്രമാത്രം: "പ്രതികരിക്കുന്നത് തെറ്റല്ല, പക്ഷേ പ്രതികരിക്കുമ്പോഴും മാനവികതയും ക്രിസ്തീയതയും ഉണ്ടാകണം. പലപ്പോഴും എനിക്ക് വന്ന ഫോൺ കോളുകളിലും സന്ദേശങ്ങളിലും, സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്‍റുകളിലുമൊക്കെ നോക്കിയാല്‍ കാണാം എന്തുമാത്രം വിദ്വേഷമാണ് അതിലുള്ളതെന്ന്. അതില്‍ ക്രിസ്തീയത ഇല്ല. മാനവികത പോലും ഇല്ലാത്ത കമന്‍റുകള്‍ വരുമ്പോള്‍, അത് ശരിയായ പ്രതികരണ രീതിയാണോ എന്ന് ചിന്തിക്കണം'.

ചെറുപ്പക്കാരനായ ഫാ. ജയിംസ് പനവേലില്‍ പ്രതികരിക്കുമ്പോൾ അത് കേട്ടിരിക്കാനും കൈയടിക്കാനും വലിയൊരു വിഭാഗം ഉണ്ടെന്നിടത്താണ് ഈ നാടിനെപ്പറ്റി പ്രതീക്ഷ ഏറ്റുന്നത്. അങ്ങനെയുള്ളിടങ്ങളിൽ ഈശോ പുഞ്ചിരിക്കുമെന്നുറപ്പാണ്. ആ ചിരിയിലൂടെ അപരന്‍റെ വാക്ക് സംഗീതം പോലെ ആസ്വദിക്കാൻ നമുക്ക് കഴിയട്ടെ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com