സ്വന്തം രാജ്യത്ത് ബോംബ് വർഷിക്കുന്ന പാക്കിസ്ഥാൻ!

തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) എന്ന അഫ്ഗാൻ കേന്ദ്രീകൃത ഭീകര സംഘടനയാണിപ്പോൾ പ്രവിശ്യയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
Reason for Pakistan attack own province Khyber

പാക്കിസ്ഥാൻ സ്വന്തം പ്രവിശ്യയിൽ വ്യോമാക്രമണം നടത്തുമ്പോൾ

Updated on
Summary

സ്വന്തം നാട്ടിൽ ബോംബിട്ട് മുപ്പത് സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത പാക്കിസ്ഥാൻ സൈന്യത്തിന്‍റെ നടപടി അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഖൈബർ പഖ്തുൻഖ്വ എന്ന പാക് പ്രദേശം ഭീകരരുടെ പിടിയിലായതിനു പിന്നിൽ ശീതയുദ്ധ കാലത്തോളം പഴക്കമുള്ളൊരു കഥയുണ്ട്....

പാക്കിസ്ഥാൻ സ്വന്തം പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ വ്യോമാക്രണം നടത്തിയെന്ന വാർത്ത അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. പ്രവിശ്യയിൽ താമസിച്ചിരുന്നു സാധാരണക്കാരായ 30 പേരാണ് സ്വന്തം സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ പാക്കിസ്ഥാന്‍റെ ഇന്‍റലിജൻസ് നിലവാരം അന്താരാഷ്ട്ര തലത്തിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

അഫ്ഗാൻ അതിർത്തിയോടു ചേർന്നുള്ള പ്രവിശ്യയിൽ ഭീകരരുടെ ഒളിത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. എന്നാൽ, പ്രവിശ്യയിലെ സാധാരണക്കാരുടെ ജീവന് സർക്കാർ വില കൽപ്പിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടി നൽകാൻ സൈന്യത്തിന് സാധിച്ചിട്ടില്ല. അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകളും ഈ വിഷയത്തിൽ ഇടപെട്ടു കഴിഞ്ഞു.

ഇതാദ്യമായല്ല പാക്കിസ്ഥാൻ സ്വന്തം പ്രവിശ്യയിൽ ആക്രമണം നടത്തുന്നത്. മാർച്ചിൽ ഖൈബർ പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 10 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാ‌നുമായി അതിർത്തി പങ്കു വയ്ക്കുന്ന മലനിരകൾ നിറഞ്ഞ, ചെന്നെത്തിപ്പെടാൻ ദുഷ്കരമായ പ്രവിശ്യയാണ് ഖൈബർ. പാക് സർക്കാരിന്‍റെ കൈയിൽ നിന്ന് പ്രവിശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ട സ്ഥിതിയാണിപ്പോൾ.

തെഹ്‌രിക് ഇ താലിബാൻ - പാക്കിസ്ഥാൻ (ടിടിപി) എന്ന അഫ്ഗാൻ കേന്ദ്രീകൃത ഭീകര സംഘടനയാണിപ്പോൾ പ്രവിശ്യയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ടിടിപിയുടെ ബോംബ് നിർമാണശാല തകർക്കാനാണ് സ്വന്തം പൗരന്മാരുടെ ജീവന് വില കൽപ്പിക്കാതെ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.

അഫ്ഗാനിലെ സർക്കാരുമായി ടിടിപി ഭീകരർക്ക് ബന്ധമുണ്ടെന്ന് പാക്കിസ്ഥാൻ നിരന്തരം ആരോപിക്കുന്നുണ്ട്. എന്നാൽ, അഫ്ഗാൻ ഇക്കാര്യം തള്ളുകയും ചെയ്യുന്നു. പാക്കിസ്ഥാൻ സ്വന്തം കഴിവുകേട് ന്യായീകരിക്കുന്നതിനായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് അഫ്ഗാൻ അധികൃ‌തരുടെ വാദം.

മലനിരകൾ നിറഞ്ഞ ഖൈബർ പ്രവിശ്യയിലെ ഉൾനാടുകളിൽ ഭീകരർ ബോംബ് നിർമിക്കുന്നുവെന്നും സാധാരണക്കാരെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നുവെന്നും പാക് പൊലീസ് ആരോപിക്കുന്നു. പ്രദേശത്തെ മോസ്കുകളിലാണ് നിർമാണം പൂർത്തിയായ ബോംബുകൾ സൂക്ഷിച്ചിരിക്കുന്നതത്രെ.

ഖൈബറിൽ ടിടിപിക്കുള്ള ആധിപത്യം അവസാനിപ്പിച്ച് പ്രവിശ്യയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനാണ് പാക്കിസ്ഥാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയ ശേഷം ഖൈബറിൽ ടിടിപിയുടെ ശക്തിയും വർധിച്ചു. ഖൈബറിന്‍റെ പടിഞ്ഞാറ് ഭാഗമായാണ് അഫ്ഗാനുമായി അതിർത്തി പങ്കു വയ്ക്കുന്നത്.

ഇവിടം ഭീകരരുടെ കൈപ്പിടിയിലായതിനു പിന്നിൽ വർഷങ്ങൾ പഴക്കമുള്ളൊരു കഥയുണ്ട്. പഴയ സോവിയറ്റ് യൂണിയൻ 1979ൽ അഫ്ഗാനിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു. അന്ന് പാക്കിസ്ഥാന്‍റെ ചാരസംഘടനയായ ഇന്‍റൻ സർവീസസ് ഇന്‍റലിജൻസിന്‍റെ സഹായത്തോടെ യുഎസ് പണം മുടക്കി ഖൈബർ പ്രവിശ്യയുടെ അതിർത്തിഗ്രാമങ്ങളിൽ സായുധ സംഘങ്ങൾ രൂപീകരിച്ച് സോവിയറ്റ് യൂണിയനെ ചെറുക്കാൻ ശ്രമിച്ചിരുന്നു.

പിന്നീട് യുദ്ധം അവസാനിച്ചപ്പോൾ മേഖലയിൽ വലിയ തോതിൽ ആയുധങ്ങളും സായുധകലാപകാരികളും ബാക്കിയായി. അവരാണ് പിന്നീട് ഭീകരസംഘടനകളുടെ നെടുംതൂണായി മാറിയതെന്നാണ് പറയപ്പെടുന്നത്. ഈ സംഘടനകൾ പലതും പിളരുകയും വീണ്ടും ഒന്നിക്കുകയും ചെയ്തു. 2000ലാണ് ടിടിപി രൂപീകരിക്കപ്പെട്ടത്. നിലവിൽ ഇവിടെ ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളും സജീവമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com