
#അഡ്വ. ജി. സുഗുണന്
ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കപ്പെട്ട ഇന്ത്യൻ പീനൽ കോഡിൽ സര്‍ക്കാരിന്റെ വിമര്‍ശകരെ നേരിടാനുള്ള പ്രധാനപ്പെട്ട ഒരു വകുപ്പാണ് 124 (എ). ബ്രിട്ടീഷുകാര്‍ തയാറാക്കിയ ഐപിസിയില്‍ കാര്യമായ മാറ്റമൊന്നും ഇതുവരെ വരുത്തിയിട്ടില്ല. 124(എ) കടുത്ത രാജ്യദ്രോഹക്കുറ്റമായി ഇപ്പോഴും നിലനില്ക്കുന്നു. സര്‍ക്കാരിനെതിരേ പ്രതികരിച്ചിട്ടുള്ള ആയിരങ്ങളെ ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിച്ച് ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ അപ്പാടെ തടഞ്ഞുനിര്‍ത്തുന്ന ഒന്നാണ് 124 (എ). രാജ്യത്തിനെതിരേയുള്ള കുറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 121 മുതല്‍ 130 വരെയുള്ള വകുപ്പുകളില്‍ വളരെ പ്രധാനപ്പെട്ടതാണിത്. 124(എ) യെ പീനല്‍ കോഡില്‍ ഇപ്രകാരമാണ് വിശദീകരിക്കുന്നത്:-
"പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ, അല്ലെങ്കില്‍ ആംഗ്യങ്ങളാലോ, ദൃശ്യമായ പ്രതിരൂപണത്താലോ, മറ്റു പ്രകാരത്തിലോ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട ഗവണ്മെന്റിന്റെ പേരില്‍ വെറുപ്പോ നിന്ദയോ ജനിപ്പിക്കുകയോ, ജനിപ്പിക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ അപ്രീതി ഉദ്ദീപിപ്പിക്കുകയോ, ഉദ്ദീപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന യാതൊരാളും പിഴ കൂടി ചേര്‍ക്കാവുന്ന ജീവപര്യന്തം തടവുശിക്ഷയോ അല്ലെങ്കില്‍ പിഴ കൂടി ചേര്‍ക്കാവുന്ന 3 വര്‍ഷത്തോളമാകാവുന്ന തടവുശിക്ഷയോ അല്ലെങ്കില്‍ പിഴ ശിക്ഷയോ നല്കി ശിക്ഷിക്കപ്പെടേണ്ടതാകുന്നു''.
ഗവണ്മെന്റിന്റെ ഭരണപരമോ മറ്റു വിധത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹകുറ്റമായ 124(എ)യില്‍ വരില്ലെന്ന് പീനല്‍ കോഡില്‍ അടിവരയിട്ട് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ എതിരാളികളെ നേരിടാനാണ് ബ്രിട്ടിഷ് സര്‍ക്കാരും, സ്വാന്ത്ര്യാനന്തരം രാജ്യത്ത് അധികാരത്തിലിരുന്നിട്ടുള്ള വിവിധ സര്‍ക്കാരുകളും എക്കാലവും ശ്രമിച്ചിട്ടുള്ളത്. ജാമ്യം നല്കാന് വ്യവസ്ഥയില്ലാത്തതു കൊണ്ട് ആരെയും കുറേക്കാലം തടവിലാക്കാന്‍ ഈ വകുപ്പു കൊണ്ട് ഭരണത്തിലുള്ളവര്‍ക്ക് സാധിക്കുന്നു.
ബ്രിട്ടീഷ് ഭരണകൂടം അവരുടെ ആധിപത്യം നിലനിര്‍ത്താനും ഭിന്നാഭിപ്രായങ്ങളെ നിര്‍ദയം അടിച്ചമര്‍ത്താനും സ്വാതന്ത്ര്യസമര പോരാളികളെ കല്‍ത്തുറുങ്കിലടയ്ക്കാനും കൊണ്ടുവന്ന നിയമത്തിന്റെ രൂപഭേദമാണ് ഐപിസി 124 (എ). തോമസ് മെക്കാളെ പ്രഭു 1837ല്‍ തയാറാക്കിയ കരട് നിയമത്തിന്റെ സെക്ഷന്‍ 113 ആയിരുന്നു ഈ വകുപ്പ്. 1860ല്‍ മെക്കാളെയുടെ നിര്‍ദേശങ്ങള്‍ നിയമമായപ്പോള്‍ സെക്ഷന്‍ 113 ഉപേക്ഷിക്കപ്പെട്ടു. എന്നാല്‍ 1870ല്‍ അത് തിരിച്ചെത്തി. ഇന്നത്തെ നിലയില്‍ ഈ നിയമം പീനൽ കോഡിന്റെ ഭാഗമായത് 1898ലാണ്.
സര്‍ക്കാരിനെതിരെ മമതയില്ലായ്മ എന്ന പ്രയോഗം വളച്ചൊടിച്ച് ആര്‍ക്കെതിരെയും പ്രയോഗിക്കാം എന്ന സൗകര്യം ഈ വകുപ്പിനുണ്ട്. ഗവണ്മെന്റിനെ വിമര്‍ശിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യം പൗരന്മാര്ക്കുണ്ട്. പ്രശസ്ത അഭിഭാഷകൻ എ.ജെ. നൂറാനി പറഞ്ഞത് "ഈ വകുപ്പനുസരിച്ച് ജനങ്ങള്‍ എപ്പോഴും സര്‍ക്കാരിനെ സ്നേഹിച്ചുകൊണ്ടിരിക്കണം; വെറുക്കാന്‍ പാടില്ല' എന്നാണ്. സര്‍ക്കാര്‍ തന്നെ രാജ്യമായിത്തീരുന്ന മഹാവിപത്താണ് ഈ കിരാത നിയമത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്. ഗവണ്മെന്റും രാജ്യവും രണ്ടാണെന്നുള്ള യാഥാർഥ്യം ബോധപൂര്‍വം വിസ്മരിക്കപ്പെടുന്നു. ഗവണ്മെന്റല്ല, രാജ്യമാണ് അടിസ്ഥാനം. നിര്‍ഭാഗ്യവശാല്‍ ഭരണാധികാരികള്‍ തന്നെ രാജ്യമായി മാറുകയാണിവിടെ.
124 (എ) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ ക്യാംപെയിനുകളും പ്രക്ഷോഭങ്ങളും ദശാബ്ദങ്ങളായി നടക്കുകയാണ്. പരമോന്നത കോടതിയില്‍ തന്നെ ഇത് സംബന്ധിച്ച കേസുകള്‍ വിചാരണയ്ക്കെടുത്തിട്ടുള്ളതുമാണ്. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും "വഞ്ചി തിരുനക്കരെ തന്നെ നില്‍ക്കുകയാണ്'.
നിലവില്‍ ഈ വകുപ്പു പ്രകാരം തുടരുന്ന കേസുകളിലും അപ്പീലുകളിലും നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നുവെന്ന ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായതാണ്. ഈ നിയമ പ്രകാരം തത്കാലം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും കോടതി പറഞ്ഞു. നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ കഴിയുന്നവര്‍ക്ക് ബന്ധപ്പെട്ട കോടതികളെ ജാമ്യത്തിനായി സമീപിക്കാം. ജാമ്യം അനുവദിക്കുന്നതില്‍ പ്രതികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്.
എന്നാല്‍, ജനവിരുദ്ധമായ ഈ നിയമം റദ്ദ് ചെയ്യാന്‍ സുപ്രീം കോടതി തയാറായില്ല. രാജ്യരക്ഷാ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് യാതൊരു കാരണവശാലും ജാമ്യം ലഭിക്കാതിരിക്കുന്നതിനുവേണ്ടി 124(എ) യ്ക്കൊപ്പം യുഎപിഎ കൂടി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുക്കുന്നത്. യുഎപിഎ പ്രതികള്‍ക്ക് ജാമ്യത്തിന് അവകാശമില്ല. അതുകൊണ്ടു തന്നെ രാജ്യദ്രോഹക്കുറ്റത്തിലെ പ്രതികള്‍ക്ക് ഒരിക്കലും ജാമ്യം ലഭിക്കുകയുമില്ല.
സുപ്രീം കോടതി മരവിപ്പിച്ച ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം അനിവാര്യമാണെന്ന് 22ാം ദേശീയ നിയമ കമ്മിഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാലുള്ള ശിക്ഷ 3 വര്‍ഷത്തിനു പകരം 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാക്കി ഉയര്‍ത്തണം, പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമായിരിക്കണം കുറ്റം ചുമത്തേണ്ടത്, യുഎപിഎ, എന്‍എസ്എ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ അനിവാര്യത ഇല്ലാതാക്കുന്നില്ല- കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓർമിപ്പിച്ചു.
വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകാലത്തെ നിയമമാണെന്നു വിമര്‍ശിച്ചാണ് മുന്‍ ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് 2022 മെയ് 11ന് ഐപിസി 124 (എ) മരവിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റത്തെ ഇന്ത്യന്‍ ശിക്ഷാ നിമയത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി അതിന്റെ വിലപ്പെട്ട സമയം കളയരുതെന്നും, കേന്ദ്ര സർക്കാർ ഈ വിഷയം പുനഃപരിശോധിക്കുന്നുണ്ടെന്നും മോദി സര്‍ക്കാര്‍ അറിയിച്ച ശേഷമായിരുന്നു ഇത്.
എന്നാല്‍, രാജ്യദ്രോഹക്കുറ്റം പുനഃസ്ഥാപിക്കണമെന്നും ദുരുപയോഗം ചെയ്യല്‍ തടയല്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നുമാണ് ദേശീയ നിയമ കമ്മിഷന്റെ റിപ്പോര്‍ട്ട്. കോളനി ഭരണകാലത്തെ നിയമമെന്ന നിലയ്ക്ക് ഇതു റദ്ദാക്കിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം ഒന്നാകെ ഒഴിവാക്കേണ്ടിവരും. രാജ്യത്തിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ഹിംസയിലൂടെയും നിയമവിരുദ്ധമായും പുറന്തള്ളാന്‍ നോക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കും, വിഘനവാദികള്ക്കുമെതിരെ പ്രയോഗിക്കാന്‍ ഈ വകുപ്പ് ആവശ്യമാണ്- കമ്മിഷന് പറയുന്നു
ഈ വകുപ്പ് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുയോ, അഭിപ്രായ സ്വതന്ത്രത്തിന്റെയോ ലംഘനമാണെന്ന ആക്ഷേപം കമ്മിഷനില്ല. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ), ദേശസുരക്ഷാനിയമം (എന്‍എസ്എ) എന്നിവ നിലവിലുള്ളപ്പോള്‍ പ്രത്യേകമായി രാജ്യദ്രോഹക്കുറ്റം വേണ്ടാ എന്ന അഭിപ്രായവും കമ്മിഷന് തള്ളി. യുഎപിഎ ഭീകര- അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തടയാനുള്ളതാണെങ്കില് എന്‍എസ്എ കരുതല്‍ തടങ്കലിനുള്ളതാണ്. മറിച്ച്, രാജ്യദ്രോഹക്കുറ്റം ജാനാധിപത്യ സര്‍ക്കാരിനെ ഹിംസാത്മകവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി മറിച്ചിടുന്നതു തടയാനാണ്- കമ്മിഷൻ വിശദീകരിക്കുന്നു.
ഈ വ്യവസ്ഥയുടെ ഉപയോഗത്തിൽ കൂടുതല്‍ വ്യക്തത വരുത്താൻ കേദാര്‍നാഥ് സിങ് നിര്‍ദേശിച്ചതു പോലെ ചില ഭേദഗതികള്‍ കൊണ്ടുവരാമെന്നു കമ്മിഷന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കിട്ടുണ്ട്. ദുരുപയോഗം തടയാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. 1973ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 196 (3), 154 എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുമ്പ് കുറ്റാരോപിതര്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കാന്‍ ഇത് അവസരം ഉണ്ടാക്കുമെന്നും കമ്മിഷന് ചൂണ്ടിക്കാട്ടുന്നു.
10 വര്‍ഷത്തിനിടെ 10,000ത്തോളം കേസുകളാണ് രാജ്യദ്രോഹ നിയമപ്രകാരം രാജ്യത്തെ വിവിധ കോടതികളിലെത്തിയത്. നിര്‍ഭാഗ്യവശാല്‍ സുപ്രീം കോടതിയുടെയോ, ലോ കമ്മിഷനടക്കമുള്ള സമിതികളുടെയോ നിര്‍ദേശങ്ങളൊന്നും അംഗീകരിച്ചു നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാളിതുവരെ തയാറായിട്ടില്ല.
നിയമ കമ്മിഷന്റെ ശുപാര്‍ശ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് വിരുദ്ധവും അവയെ നിരാകരിക്കുന്നതുമാണെന്നാണു സിപിഎം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചത്. രാജ്യദ്രോഹ നിയമം നിലനിര്‍ത്താനും, കൂടുതല്‍ കര്‍ശനമാക്കാനുമുള്ള നിയമ കമ്മിഷന് ശുപാര്‍ശ മധ്യകാലഘട്ടത്തെ അനുസ്മരിക്കുന്ന പിന്തിരിപ്പന് നടപടിയാണെന്നു സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കൊളോണിയല്‍ കാലം മുതല്‍ പൗരന്മാരെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഐപിസി 124 (എ) നിലനിര്‍ത്തണമെന്ന ശുപാര്‍ശ തള്ളിക്കളയണമെന്ന് ആള് ഇന്ത്യാ ലായേഴ്സ് യൂണിയനും ആവശ്യപ്പെട്ടു.
എന്തായാലും, ദേശീയ നിയമ കമ്മിഷന് ശുപാര്‍ശ രാജ്യത്തു നിലവിലുള്ള ജനാധിപത്യത്തിനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കും നേരേയുള്ള ശക്തമായ വെല്ലുവിളിയാണെന്നതില്‍ സംശയമില്ല. ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്ന് പ്രഖ്യാപിക്കുകയും, പരമോന്നത കോടതി തന്നെ മരവിപ്പിക്കുകയും ചെയ്ത രാജ്യദ്രോഹ നിയമം പുനഃസ്ഥാപിക്കാനുള്ള നിയമ കമ്മിഷന് ശുപാര്‍ശയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകേണ്ടതാണ്.
(ലേഖകന്റെ ഫോണ്‍: 9847132428)