തിരുവനന്തപുരം: ഒരു മാസം കൊണ്ട് ക്യാൻവാസില്‍ ഗണപതിയുടെ 10000 രേഖാചിത്രങ്ങള്‍ തീര്‍ത്ത് ആര്‍ട്ടിസ്റ്റ് മണിലാല്‍ ശബരിമല. ക്യാന്‍വാസില്‍ മൈക്രോ പേന ഉപയോഗിച്ച് മണിലാല്‍ പൂര്‍ത്തിയാക്കിയ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഗണപതി ചിത്രങ്ങൾ യൂണിവേഴ്സല്‍ റെക്കോഡ് ഫോറ(യുആര്‍എഫ്)ത്തിന്റെ അംഗീകാരത്തിന് അര്‍ഹമായി. പ്രസ് ക്ലബ്ബില്‍ നടന്ന ലോക റെക്കോഡ് അംഗീകാര ചടങ്ങില്‍ യുആര്‍എഫ് പ്രതിനിധികള്‍ പങ്കെടുത്തു.
ജൂണ്‍ 27 മുതല്‍ ജൂലൈ 25 വരെ എല്ലാ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെയെടുത്താണു സ്വപ്നസൃഷ്ടി പൂര്‍ത്തിയാക്കിയത്. 2008 ല്‍ ഗണപതിയുടെ 4500 അക്രിലിക് പെയിന്റിങ്ങുകള്‍ ഒരു മാസത്തില്‍ പൂര്‍ത്തിയാക്കി മണിലാല്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു.
ബോട്ടണിയില്‍ ബിരുദവും ബിഎഡും നേടിയ മണിലാല്‍ 1999 വരെ ഭൂട്ടാനില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മുഴുവന്‍ സമയ കലാപ്രവര്ത്തനത്തിലേക്കു കടന്നത്. പത്തനംതിട്ട റാന്നി പെരുനാട് സ്വദേശിയാണ് അറുപതുകാരനായ മണിലാല്‍. ചിത്രരചനയില്‍ ആശയാധിഷ്ഠിത സൃഷ്ടികളിലാണു മണിലാല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഘ്നങ്ങള്‍ തീര്‍ക്കുന്ന ദൈവസങ്കല്പ്പമെന്ന നിലയില്‍ ഗണപതിയെയാണ് ആദ്യം വരച്ചത്.
ഹൈദരാബാദിലെ സൃഷ്ടി ആര്‍ട്ട് ഗാലറിയിലായിരുന്നു ആദ്യ പ്രദര്‍ശനം. തുടര്‍ച്ചയായി 3 വര്‍ഷം ന്യൂഡല്‍ഹി അശോക് ഹോട്ടലില്‍ എക്സിബിഷന് നടത്തി. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഒഫ് ഫൈന്‍ ആര്‍ട്സും (ബിഎഫ്എ), മാസ്റ്റര്‍ ഒഫ് ഫൈന്‍ ആര്‍ട്സും (എംഎഫ്എ) ഹൈദരാബാദില്‍ നിന്ന് മള്‍ട്ടിമീഡിയയില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയ മണിലാല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഹിപ്നോതെറാപ്പിയില്‍ ഡിപ്ലോമയും നേടി. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ ഭാര്യ ഡോ. എസ്. ഡി റാണിയും മകള്‍ കാഞ്ചനയും മണിലാലിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയേകുന്നു.