

വിട പറയുമ്പോള്‍...
"വിട പറയുമ്പോള്‍
മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്
മുഖം ചുളിയരുത്
സ്വരം പതറരുത്
കറുത്ത മുടി നരയ്ക്കരുത്
നരച്ച മുടി കൊഴിയരുത്' - ഡോ. കെ. അയ്യപ്പപ്പണിക്കരുടെ "വിട' എന്ന കവിതയിലെ വരികളാണ്. "മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍ സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല' എന്നും അദ്ദേഹം എഴുതി. ജീവിതത്തിൽ നിന്ന് വിട പറയാനൊരുങ്ങുന്ന അവസാന കാലത്ത് തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയിൽ കിടക്കുമ്പോൾ സുഹൃത്ത് ബി.സി. ജോജോയോടൊപ്പം പോയപ്പോൾ "വിട'യിലെ വരികളായിരുന്നു, മനസു നിറയെ. അന്ന് തിരിച്ചുപോരുമ്പോൾ ഞങ്ങൾ സംസാരിച്ചത് "എന്തിനാണു വെറുതെ വിട പറയുന്നത്? ആരും ആരെയും വിട്ടുപോകുന്നില്ല' എന്നീ വരികളെപ്പറ്റിയായിരുന്നു. ഇന്നിപ്പോൾ, പാമോയിൽ ഇറക്കുമതി കുംഭകോണം പുറത്തുകൊണ്ടുവന്ന പ്രമുഖ മാധ്യമ പ്രവർത്തകനായ ജോജോയും വിട പറഞ്ഞു. പണിക്കർ സാർ കിടന്ന അതേ ആശുപത്രിയിലായിരുന്നു ജോജോയുടെയും അവസാന ദിനങ്ങൾ.
മലയാളത്തിനുള്ള 1971ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വൈലോപ്പിള്ളി ശ്രീധര മേനോന്‍റെ "വിട' എന്ന കവിതാ സമാഹാരത്തിയിരുന്നു.
"നെല്‍പ്പാടങ്ങളേ
വായനശാലകളേ
മനുഷ്യരും പുഴുക്കളും
ഒരുമിച്ചുവാണ
പൊതു ഇടങ്ങളേ, വിട...'
എന്ന് "വിട' എന്ന കവിതയിൽ പി.പി. രാമചന്ദ്രനും പറയുന്നു.
"വിട പറയുന്നതെങ്ങനെ കൺകളിൽ
കരളിലും പതിഞ്ഞുള്ള ചിത്രങ്ങളോട്
അകലെനിന്നു മായാത്ത സ്വപ്നങ്ങളോട്
ഉയിരിലെങ്ങോ കലരുന്ന ഗന്ധത്തൊടും...'
എന്ന് "വിട' എന്ന കവിതയിൽ ചോദിക്കുന്ന പ്രഭാവർമ,
"നനയും മിഴിയിണയാൽ പോലും
വിട തരികെന്നു പറഞ്ഞില്ല
പിടയും ഹൃദയമിടിപ്പാലും
ഇനി വിടയെന്നു പറഞ്ഞില്ല' (ശീലാബതി) എന്ന് എഴുതിയിട്ടുണ്ട്.
"വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.' പി. പത്മരാജന്‍റെ ആത്മാവിൽ കൊത്തിവലിക്കുന്ന വരികൾ...
അദ്ദേഹം ചിത്രീകരിച്ച മറ്റൊരു മഹാ സന്ദർഭം നോക്കുക:
""അവന്‍ കാറ്റു ശ്രദ്ധിക്കുകയാണ്.
അവളും, എഴുന്നേറ്റു നിന്നു.
കാറ്റുറപ്പിച്ച്, അവനവളെ നോക്കി.
അവള്‍-
ഗന്ധര്‍വന്‍: ഇത് രാത്രിയുടെ പതിനേഴാമത്തെ കാറ്റ്.
അവള്‍, അനങ്ങിയില്ല. അവള്‍ക്കും അത് മനസിലായിരിക്കുന്നു.
അകലെ, മണല്‍പ്പരപ്പില്‍ വെളിച്ചം പരക്കാൻ തുടങ്ങി. അവള്‍, അങ്ങനെ തന്നെ നിന്നു. കാറ്റിന് ശക്തി വര്‍ധിക്കാന്‍ തുടങ്ങി. പിറകില്‍ നിന്നാണ് അത് വീശുന്നത്. പടിഞ്ഞാറു നിന്ന്. അവന്‍റെ പിറകിലും കാറ്റുണ്ട്. അതവന്‍റെ വസ്ത്രങ്ങളെ മുന്നോട്ട് പറപ്പിക്കുന്നു. അവളത് ശ്രദ്ധിച്ചു. കാറ്റ്, അവനെ ചിതറിക്കാന്‍ തുടങ്ങുന്നതു പോലെ...''
ഒരു പ്രണയം വിട പറയുകയാണ്. പക്ഷേ, ഇവിടെ ആ പ്രണയത്തിലലിഞ്ഞ് ആ പെൺകുട്ടിയുടെ മനസിനൊപ്പം ഇല്ലാതായിപ്പോവുന്നത് ഗന്ധര്‍വനാണ്. മലയാള സിനിമയിലെ ഗന്ധര്‍വനായി മാറി ഈ സിനിമയ്ക്കു ശേഷം മറ്റൊരു കഥയായി മാറിയ പത്മരാജന്‍റെ ഒടുവിലത്തെ ചിത്രമാണ് "ഞാന്‍ ഗന്ധര്‍വന്‍ ..."
വിടയുടെ വേറിട്ട ഒരു മുഹൂർത്തം:
""അയാള്‍ തീരത്തേക്കിറങ്ങി പങ്കായമെടുക്കുന്നു. വഞ്ചിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍... രാധയുടെ വിളി കേള്‍ക്കുന്നു.
"അച്ഛാ...'
അയാള്‍ നോക്കുന്നു. അവള്‍ അയാളുടെ കാല്ക്കലേക്കു വീണു കരയുന്നു. മകളെ എഴുന്നേല്‍പ്പിക്കുന്നു.
രാധ: ശപിക്കരുതച്ഛാ...
അയാള്‍ അടക്കി നിര്‍ത്തിയ ഒരു പൊട്ടിക്കരച്ചിലിനെ പുഞ്ചിരിയില്‍ പൊതിഞ്ഞ് അവളെ നോക്കുന്നു.അവളുടെ നെറുകെയില്‍ തലോടി.
അച്ചു: നന്നായി വരും. ഇനി നീ... നിന്‍റരേന്‍... അച്ചൂനെ ആരൊക്കെ കൈവിട്ടുപോയാലും വിടാത്ത ഒരാള്ണ്ട്... കരയണ കണ്ടാ സമാതാനിപ്പിക്കും. ചിരിക്കണ കണ്ടാ കൂടെ ചിരിക്കും...
ഒരു തിരടയിച്ചു കയറി അയാളേയും അവളേയും നനയ്ക്കുന്നു. വഞ്ചി പൊങ്ങി ഉലയുകയും ചെയ്യുന്നു.
അച്ചു: കണ്ടാ... വിളിക്കണ കണ്ടാ... സമാതാനിപ്പിക്കാനാണ്... കരയണ്ടാന്ന് പറഞ്ഞ് സമാതാനിപ്പിക്കാന്‍...
ഉയര്‍ന്നു പൊങ്ങിയ വഞ്ചിയിലേക്കയാള്‍ ചാടിക്കയറുന്നു. തിരയോടൊപ്പം വഞ്ചി.
രാധ: അച്ഛാ...
ആ വിളി കേള്‍ക്കാതെ അയാള്‍ തുഴയെറിഞ്ഞു പോകുന്നു''.
"അമര'ത്തിലെ അച്ചൂട്ടിയെന്ന രാധയുടെ അച്ഛന്‍ ജീവിതത്തോട് വിട പറഞ്ഞ് കടലമ്മയുടെ മടിത്തട്ടിലേക്ക് ആശ്വാസം തേടിപ്പോവുന്ന ആ കാഴ്ച ആ സിനിമ കണ്ട എല്ലാവരെയും ഉള്ളുലയിപ്പിച്ചതാണ്. അമ്മയില്ലാത്ത രാധ എന്ന മകള്‍ മാത്രമായിരുന്നു അച്ചൂട്ടിയുടെ ലോകം. പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ അയാളുടെ കിനാക്കളെ ചവിട്ടി മെതിച്ച് ഒടുവില്‍ തള്ളിപ്പറഞ്ഞപ്പോള്‍ അയാള്‍ക്ക് സഹിച്ചില്ല. അതോടെ, അയാള്‍ അതുവരെയുള്ള ജീവിതത്തോട് വിടപറയുകയാണ്... ലോഹിതദാസ് എഴുതി ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അച്ചൂട്ടി മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
ജീവിതത്തിലെ എല്ലാ വിട പിറച്ചിലുകളും കണ്ണീരൊഴുക്കണമെന്നില്ല. വേദനകളിൽ നിന്ന് വിട പറഞ്ഞ് പുതു ജീവിതത്തിലേക്ക് വന്ന നജീബിന്‍റെ അനുഭവം മലയാളത്തിലെ ഏറ്റവും വില്പനയുള്ള കൃതികളിലൊന്നായി മാറി - ബെന്യാമന്‍റെ "ആടുജീവിതം'.
അത് സിനിമയാക്കിയപ്പോൾ ആ അനുഭവം നമ്മൾ കണ്ടതാണ്-
""പൈപ്പില്‍ നിന്നും ബക്കറ്റിലേക്ക് നിറയുന്ന വെള്ളം. ബാത്‌റൂമിന്‍റെ മൂലയില്‍ നഗ്നനായി ചുരുണ്ടുകിടക്കുന്ന നജീബിന്‍റെ ശുഷ്‌കിച്ച ശരീരം.അവന്‍റെ തലയില്‍ വെള്ളം കോരിയൊഴിച്ച് രണ്ടുപേര്‍ കുളിപ്പിക്കുകയാണ്. കണ്ണുകളിലെ ഭയം വിട്ടുമാറിയിട്ടില്ല. ശരീരം നനഞ്ഞപ്പോള്‍ അവന്‍ കിടന്ന് വിറച്ചു. ശബ്ദമുണ്ടാക്കിക്കൊണ്ട് മുട്ടിനടിയിലേക്ക് തല താഴ്ത്തി.
ബാര്‍ബര്‍: ഈ ദുനിയാവില്‍ എവിടെ കിടന്ന് നരകിച്ചാലും അവസാനം കുഞ്ഞിക്കായുടെ അടുത്തു വന്നേ അടിയൂ. അതന്തൊരു മാജിക്കാന്നാ...
കുഞ്ഞിക്ക: അത് മാജിക്കൊന്നുമല്ലെടാ... പടച്ചോന്‍റെ റഹ്‌മത്താ...''
"ആടുജീവിത'ത്തിലെ നജീബിന് ഇത് മറ്റൊരു വിട പറയലാണ്. അതുവരെയുള്ള ആടുജീവിതത്തില്‍ നിന്ന്... പൃഥ്വിരാജ് തകര്‍ത്താടിയ ബ്ലെസി ചിത്രമാണ് "ആടുജീവിതം.'
"രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാൻ' എന്ന് ജീവിതത്തിലെ വലിയൊരു വിട പറച്ചിലിനെ അടയാളപ്പെടുത്തിയത് വയലാർ രാമവർമ- ജി. ദേവരാജൻ ടീമിനുവേണ്ടി യേശുദാസ് പാടിയ "സന്യാസിനീ' എന്ന പ്രശസ്തമായ പാട്ടിലാണ്. "നിന്‍റെ മനസിന്‍റെ തീക്കനൽ കണ്ണിൽ വീണെന്‍റെയീ പൂക്കൾ കരിഞ്ഞു'വെന്ന് ഗായകൻ പാടുമ്പോൾ ആ വേദനയിൽ ഹൃദയം നീറാത്തവർ കുറവായിരിക്കും.
ഡേവിഡ് കാച്ചപ്പള്ളിയോടൊപ്പം ചേർന്ന് മലയാളത്തിന്‍റെ പ്രിയ നടനാവും മുമ്പ് ഇന്നസെന്‍റ് നിർമ്മിച്ച ചിത്രമാണ് "വിട പറയുംമുമ്പേ...' മരണത്തെ കൺമുന്നിൽ കാണുമ്പോഴും എല്ലാവരോടും ചിരിച്ചും തമാശകൾ പറഞ്ഞും കൊച്ചു കൊച്ചു കള്ളങ്ങൾ പറഞ്ഞു നടക്കുന്ന ചെറുപ്പക്കാരന്‍റെ അനിവാര്യമായ വിട പറച്ചിലായിരുന്നു ആ സിനിമയുടെ പ്രമേയം.
"ചൂടാതെ പോയ് നീ, നിനക്കായ് ഞാൻ
ചോരചാറിചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ
കാണാതെ പോയ് നീ, നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നിൽക്കുറിച്ചിട്ട വാക്കുകൾ'-
ഈ തീത്തൈലം ഹൃദയത്തെ പൊള്ളിക്കുമെങ്കിലും "നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ' എന്നു പാടുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ നീറുന്ന നേര് കാണാതെ പോവാനാവില്ല.
രാവിലെ വര്‍ഷങ്ങള്‍ക്കു ശേഷം അമ്പലത്തിലൊന്നു പോയി തൊഴണമെന്ന് മനസില്‍ കരുതി. കുട്ടിക്കാലത്തെന്നോ പ്രാർഥിച്ചതാണ്. വീണ്ടും അമ്പല നടയ്ക്കല്‍ ഭക്തനായി ചെന്നുനില്‍ക്കുമ്പോള്‍ -
എന്താണ് പ്രാർഥിക്കേണ്ടത്?
ഇല്ല, ഒന്നും പ്രാർഥിക്കാനില്ല, പ്രാർഥിക്കേണ്ടത് മനസിലുണ്ട്: "ഒരിക്കൽ കൂടി, ഒരിക്കൽ കൂടി ഒരവസരം തരൂ'.
(കാലം -എം.ടി. വാസുദേവന്‍ നായര്‍).
ഒരിക്കൽ കൂടി അവസരമില്ലാത്ത വിധത്തിൽ ഇതെഴുതിയ എം.ടി വിട പറഞ്ഞിട്ട് അധികകാലമായില്ല. പക്ഷേ, അദ്ദേഹം എഴുതിയ ഈ വാക്കുകളൊക്കെ നിത്യഹരിതങ്ങളാണ്.
"കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് സൂതരേ, നിങ്ങള്‍ പറയാറുള്ളതു പോലെ.
യാത്രാമംഗളം, തോഴരേ, നിങ്ങള്‍ക്കും എനിക്കും!'
(രണ്ടാമൂഴം)