
അജയൻ
2015ലെ ക്രിസ്മസ് ദിവസം. ഒമാനിലെ മസ്കറ്റിൽ ഒരു തുറന്ന വേദി. ധനു മാസത്തിലെ തിരുവാതിരയും പൗർണമിയും ഒരുമിച്ച് വന്ന ദിവസം. തടിച്ചുകൂടിയ ജനക്കൂട്ടത്തിനു മേൽ നിറനിലാവിന്‍റെ വെള്ളിത്തിളക്കം.
''മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു...''
മലയാളത്തിന്‍റെ നിത്യഹരിത ഗാനം വേദിയിലുയർന്നു. തണുത്ത രാത്രിയും നിലാവിന്‍റെ കുളിരും ആ ഗാനത്തിൽ അലിഞ്ഞു ചേർന്ന പോലെ. പ്രകൃതിയും പി. ഭാസ്കരനും ചേർന്ന്, ജി. ദേവരാജനും പി. ജയചന്ദ്രനും ചേർന്ന്, മലയാളികൾക്കായി മെനഞ്ഞെടുത്ത സംഗീത വിസ്മയം.
പിന്നെ വേദിയിൽ ഒരു കൂട്ടം ഗായകർ ജയചന്ദ്രന്‍റെ അനശ്വര ഗാനങ്ങൾ ഒന്നൊന്നായി പാടിക്കൊണ്ടിരുന്നു. സിനിമ സംഗീതത്തിലെ ജയചന്ദ്രന്‍റെ സുവർണ ജൂബിലിക്കുള്ള ആദരമായിരുന്നു അത്. അവർ പാടുമ്പോൾ ഭാവഗായകൻ അവിടെയൊരു കസേരയിലിരിക്കുന്നുണ്ടായിരുന്നു. കാലിൽ കാൽ കയറ്റിവച്ച്, ഏതോ ചിന്തകളിൽ ലയിച്ച് സ്വയം മറന്നിരിക്കുന്നു; മുഖത്തൊരു മൃദു മന്ദഹാസം പോലുമില്ലാതെ. അഞ്ച് പതിറ്റാണ്ടിന്‍റെ സർഗജീവിതത്തിന്‍റെ ആകെത്തുക പോലെ ആ ഗാനമഞ്ജരി ഉതിർന്നു വീഴുമ്പോൾ എന്തായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക എന്ന ചോദ്യം മനസിൽ തന്നെ അടക്കിവച്ചു.
അദ്ദേഹത്തെ ആദരിക്കാൻ സംഘടിപ്പിച്ച ആ പരിപാടിയിലും വിട്ടുവീഴ്ചയില്ലാത്ത ആ സ്വാഭാവിക പ്രകൃതം തെളിഞ്ഞു നിന്നു; ചലച്ചിത്രഗാന മേഖലയിൽ പല അവസരങ്ങളും നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടാകാമെങ്കിലും, അദ്ദേഹം ഒരിക്കലും ഖേദിച്ചിട്ടില്ലാത്ത ആ കാർക്കശ്യം.
''ഹർഷബാഷ്പം തൂകി വർഷ പഞ്ചമി വന്നു...''
മനോഹരഗാനത്തിന്‍റെ ആദ്യ വരി പാടിയ അവതാരക ബാക്കി പാടാൻ ക്ഷണിച്ചപ്പോൾ അസ്വസ്ഥത പരസ്യപ്പെടുത്താൻ ഒട്ടും മടിച്ചില്ല ജയചന്ദ്രൻ:
''പാടിത്തുടങ്ങിയല്ലോ, ഇനിയത് പൂർത്തിയാക്കിക്കോളൂ, എന്നെക്കൊണ്ടാവില്ല''.
സദസിനു മുന്നിൽ പതറിപ്പോയ പെൺകുട്ടി വിനയത്തോടെ നിർബന്ധിച്ചിട്ടും ജയചന്ദ്രൻ വഴങ്ങിയില്ല, ജനക്കൂട്ടമാകെ സ്തബ്ധമായിപ്പോയ നിമിഷങ്ങൾ.
** ** **
രാത്രിക്ക് കനം വച്ചു, അകാരണമായൊരു നൊമ്പരം മനസിൽ തിടംവച്ചു, സംഗീതസാന്ദ്രമായൊരു രാത്രി ഇത്രവേഗം കഴിഞ്ഞുപോകുന്നതിന്‍റെ മധുരവേദന തെളിഞ്ഞുനിന്നു.
ആ രാത്രിക്കു തൊട്ടു മുൻപുള്ള ദിവസത്തെ പകൽ, സി. രാധാകൃഷ്ണനുമായി ദീർഘനേരം സംസാരിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഈ ലേഖകൻ ജയചന്ദ്രന്‍റെ മുറിയിലേക്ക് ഫോൺ ഡയൽ ചെയ്യാൻ തുനിയുന്നത്.
മറുപടി പെട്ടെന്നായിരുന്നു, ''ഇല്ല, എനിക്ക് നിങ്ങളെ കാണാൻ പറ്റില്ല. ഉറങ്ങണം, നാളെ പാടാനുള്ളതാണ്''. രാത്രി കഷ്ടിച്ച് എട്ടര ആയിട്ടേയുള്ളൂ അപ്പോൾ.
അടുത്ത പ്രഭാതത്തിൽ ഹോട്ടൽ ലോബിയിൽനിന്ന് പ്രതീക്ഷാനിർഭരമായി ഒരു ഫോൺ കോൾ കൂടി.
ഗായകന്‍റെ സ്വതസിദ്ധമായ, അളന്നുമുറിച്ച മറുപടി, ''നിങ്ങൾ എന്തിനാണ് എന്നെ കാണുന്നത്?''
''താങ്കൾ ജയേട്ടനായതുകൊണ്ട്.''
എന്‍റെ മറുപടിക്കു പിന്നാലെ ഒരു മാത്ര നീണ്ട മൗനം, പിന്നെ ഉദാരമായൊരു സൗജന്യം അനുവദിച്ചുകിട്ടുകയാണ്, ''ശരി, ഞാൻ മൂന്ന് മിനിറ്റ് തരാം.''
വാതിലിൽ മുട്ടി, ഉടനേ തുറക്കപ്പെട്ടു. മുറുക്കാൻ ചവച്ച് അലസഭാവത്തിൽ ഭാവഗായകൻ.
അദ്ദേഹത്തിന്‍റെ അച്ഛൻ പതിറ്റാണ്ടുകൾക്കു മുൻപ് കാണിച്ച കുസൃതിയെപ്പറ്റി തലേ ദിവസം ഒരു സുഹൃത്ത് പറഞ്ഞ കാര്യം പങ്കുവച്ചപ്പോൾ കൗതുകമായി, ''അതെന്താ സംഭവം?''
പിന്നാലെ ആ കഥയുടെ ചുരുളിഞ്ഞു: ആ സുഹൃത്തിന്‍റെ ബാല്യത്തിൽ, ഇരിങ്ങാലക്കുടയിലെ സ്കൂളിലേക്കുള്ള നടത്തമാണ്, ജയചന്ദ്രന്‍റെ വീടിനു മുന്നിലൂടെ. പുറത്തിരിക്കുകയായിരുന്ന ജയചന്ദ്രന്‍റെ അച്ഛൻ, കുട്ടിക്കൊരു പഴം കൊടുത്തു. തൊലിക്ക് പച്ചനിറം മാറാത്ത പഴം പഴുത്തിട്ടില്ലെന്നു തോന്നിയ കുട്ടി, സ്വീകരിക്കാൻ മടിച്ചു. നിർബന്ധത്തിനൊടുവിൽ തൊലിയുരിച്ച് കഴിച്ചു നോക്കിയപ്പോൾ, നല്ല മധുരം. പഴുക്കാത്ത ഏത്തപ്പഴമെന്നു വിചാരിച്ചത്, നന്നായി പഴുത്ത റോബസ്റ്റയായിരുന്നുവത്രെ.
ജയചന്ദ്രൻ പൊട്ടിച്ചിരിച്ചു. കണ്ണുകളിൽ ആഹ്ളാദം മിന്നിത്തിളങ്ങി, ''അദ്ദേഹത്തെ ഇന്നലെ കാണാൻ പറ്റിയില്ല'', ഖേദം നിറഞ്ഞ സ്വരത്തിൽ ജയചന്ദ്രൻ പറഞ്ഞു. എങ്കിലും ആ കഥ അദ്ദേഹം ആസ്വദിച്ചു.
പിന്നിലേക്കു ചാരി, കുശലപ്രശ്നങ്ങളായി. ഈ നാട്ടിൽ എങ്ങനെ വന്നുപെട്ടു എന്നെല്ലാമായി ചോദ്യം.
അനുവദിച്ച മൂന്നു മിനിറ്റ് കഴിഞ്ഞു, ഇറങ്ങാൻ നേരമായെന്നു ഞാൻ ഓർമിപ്പിച്ചപ്പോൾ, മുഖത്ത് കുസൃതിച്ചിരി, ''എന്താണിത്ര തിരക്ക്?''
മൂന്ന് മിനിറ്റ് ടോക്ക് ടൈം അൺലിമിറ്റഡ് പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വർത്തമാനങ്ങൾ മസ്കറ്റിൽനിന്ന് നേരേ ഇരിങ്ങാലക്കുടയിലേക്ക് പറിച്ചുനടുകയായിരുന്നു. അദ്ദേഹത്തിന്‍റെ രണ്ട് അധ്യാപികമാർ ഈ ലേഖകന്‍റെ മുത്തച്ഛന്‍റെ സഹോദരിമാരാണെന്ന് ഇതിനിടെ വെളിപ്പെട്ടു. ഇരിങ്ങാലക്കുട ഉത്സവത്തിന് ദൂരെനിന്നു കണ്ട ഓർമ പങ്കുവച്ചപ്പോൾ മുഖത്ത് ഗൃഹാതുരത്വത്തിന്‍റെ പൗർണമി വിടരുന്നതിനു സാക്ഷിയായി.
പോരാൻ എഴുന്നേൽക്കുമ്പോൾ, അന്നു തിരുവാതിരയാണെന്നു ഞാൻ ഓർമിപ്പിച്ചു. ഒരു നിമിഷം നിന്നു, മുഖഭാവത്തിൽ ഒരയവ്, മൃദുവായൊരു മർമരം പോലെ ചുണ്ടിലൊരു ഈരടി വിടർന്നു, അത് മഞ്ഞലയിൽ മുങ്ങിത്തോർത്തി ആയിരുന്നില്ല, പകരം, സ്വകാര്യ സ്മരണകളിൽനിന്ന് അറിയാതെ ഉതിർന്നുവീണ ഏതോ വിഷാദരാഗം പോലെ തോന്നി....
** ** **
കഷ്ടിച്ച് രണ്ടു വർഷം മുൻപ് തൃപ്പൂണിത്തുറയിൽ ഒരു പരിപാടിക്കു വന്നപ്പോഴും കണ്ടു. മസ്കറ്റിലെ ആ സായാഹ്നം അദ്ദേഹം മറന്നിട്ടുണ്ടായിരുന്നില്ല. അടുത്തിരുന്ന ക്ലാസ്മേറ്റ് വാര്യരോട് ആ കഥ ആവർത്തിച്ചു ജയചന്ദ്രൻ. കഥ പറയാൻ ജയേട്ടനും അതു കേൾക്കാൻ വാര്യരും ഇന്നില്ല....