

ഗവേഷണ ലാബുകളിൽ നിന്ന് വികസിത ഭാരതത്തിന്‍റെ ക്ലാസ് മുറികളിലേക്ക്
file image
ഡോ. സുകാന്ത മജുംദാർ
ദേശീയ അധ്യാപക അവാർഡുകൾ കേവലം വ്യക്തിഗത മികവിനുള്ള അംഗീകാരം എന്നതിലുപരി, നമ്മുടെ രാജ്യത്തിന്‍റെ ഭാവി ശിൽപ്പികളെ ആദരിക്കൽ കൂടിയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന് കീഴിൽ, 'വികസിത ഭാരതം 2047' ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ കൂട്ടായ യാത്രയിൽ, നവീനാശയം എന്നത് പലപ്പോഴും ആഗോള സൂചികകളുടെയും സാമ്പത്തിക കരുതലിന്‍റെയും കേവല കണക്കുകളിലൂടെ മാത്രമാണ് വിലയിരുത്തപ്പെടാറുള്ളത്. എന്നാൽ, നൂതനാശയം എന്നത് അതിന്‍റെ കാതലായ തലത്തിൽ തികച്ചും മാനുഷികമായ ഉദ്യമമാണ്; ഒരു വിദ്യാർഥിയുടെ നയനങ്ങളിലെ ജിജ്ഞാസയുടെ തിരിനാളവും, ഒരു കുട്ടിയും പിന്നിലായിപ്പോകുന്നില്ല എന്ന് ഉറപ്പാക്കുന്ന അധ്യാപകന്‍റെ തളരാത്ത സമർപ്പണവുമാണത്.
ഉയർന്ന നിലവാരമുള്ള ലബോറട്ടറി ഗവേഷണത്തിനും ക്ലാസ് മുറിയുടെ ദൈനംദിന യാഥാർഥ്യങ്ങൾക്കും ഇടയിൽ ബോധപൂർവം നിർമ്മിക്കപ്പെടുന്ന പാലമാണ് ഇന്ത്യയുടെ നിലവിലെ വിദ്യാഭ്യാസ പുരോഗതിയുടെ പ്രധാന സവിശേഷത. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020ന് കീഴിൽ, നൂതനാശയം എന്നത് സാമൂഹിക നീതിയുടെയും സാമ്പത്തിക ശാക്തീകരണത്തിന്‍റെയും പ്രേരകശക്തിയായി പുനർനിർവചിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഏറ്റവും സങ്കീർണമായ ഗവേഷണങ്ങളുടെ ഫലങ്ങൾ അവസാന നിരയിലെ അവസാനത്തെ കുട്ടിക്കും ലഭ്യമാകുമ്പോൾ മാത്രമേ യഥാർഥ ദേശീയ പുരോഗതി കൈവരിക്കാനാകൂ എന്നുറപ്പിക്കുന്ന ഒരു ദർശനമാണിത്.
ഈ മാറ്റത്തിന്‍റെ വ്യാപ്തി മനസ്സിലാക്കണമെങ്കിൽ, ഇന്ത്യയുടെ ദേശീയ ഗവേഷണ ആവാസവ്യവസ്ഥയുടെ ഉയർന്ന തലങ്ങളിൽ സംഭവിക്കുന്ന കാര്യമായ മാറ്റങ്ങൾ നാം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
സ്ഥൂല-നവീനാശയ വിപ്ലവം
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പരമാധികാരവും സാമ്പത്തിക നേതൃത്വവും ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്ന രാജ്യത്തിന് ശക്തമായ ഗവേഷണ-വികസന അന്തരീക്ഷം അത്യന്താപേക്ഷിതമാണ്. ആഗോള സാങ്കേതികവിദ്യകളെ കേവലം സ്വീകരിക്കുന്ന രീതിയിൽ നിന്ന് മാറി, ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുന്ന നിലയിലേക്ക് ഇന്ത്യയിൽ ഒരു മൗലികമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ആഗോള നൂതനാശയ സൂചികയിൽ (ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ്) 2014ൽ 76-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2025ൽ 38-ാം സ്ഥാനത്തേക്ക് ഉയർന്നതിൽ ഈ മാറ്റം വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
എന്നിരുന്നാലും, ഈ മുന്നേറ്റത്തിന്‍റെ യഥാർഥ ആകർഷണം ഇന്ത്യയുടെ കാര്യക്ഷമതയിലാണ്. നൂതനാശയ വിഭവങ്ങളിൽ ലോകത്ത് 52ാം സ്ഥാനത്തുള്ള ഇന്ത്യ, ഉത്പാദനക്ഷമതയിലും ഫലപ്രാപ്തിയിലും 32ാം സ്ഥാനത്താണ്. ലഭ്യമായ വിഭവങ്ങളെ ഉയർന്ന സ്വാധീനമുള്ള ഫലങ്ങളാക്കി മാറ്റാൻ മറ്റ് പല ആഗോള ശക്തികളേക്കാൾ ഫലപ്രദമായി ഇന്ത്യക്ക് സാധിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. 6,000ൽ പരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർ & ഡി സെല്ലുകൾ സ്ഥാപിച്ചതിലൂടെയും 59,300 ഗവേഷണ കൂട്ടായ്മകൾ രൂപീകരിച്ചതിലൂടെയും ഈ സംസ്കാരം വ്യവസ്ഥാപിതമാക്കപ്പെട്ടു.
പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പിന്‍റെ പിന്തുണയുള്ള ഇന്ത്യയുടെ പ്രതിഭാശേഷി, ഗവേഷണ മേഖലയുടെ പ്രധാന സ്തംഭമായി ഉയർന്നുവന്നിട്ടുണ്ട്. 3,688 ഗവേഷകരെ പിന്തുണച്ച പിഎംആർഎഫ് പദ്ധതിയിലൂടെ 10,300 ജേണൽ പ്രസിദ്ധീകരണങ്ങൾ, 7,966 കോൺഫറൻസ് പേപ്പറുകൾ, 834 പേറ്റന്‍റ് അപേക്ഷകൾ, 221 അംഗീകൃത പേറ്റന്‍റുകൾ എന്നിവ കൈവരിക്കാൻ സാധിച്ചു. പിഎംആർഎഫ് 2.0 വഴി 10,000 ഫെലോഷിപ്പുകൾ നൽകാൻ ലക്ഷ്യമിടുന്നതും, പ്രൈം മിനിസ്റ്റർ റിസർച്ച് ചെയറിലേക്ക് (പിഎംആർസി) 3,600ലധികം ഫെലോഷിപ്പ് അപേക്ഷകൾ ലഭിച്ചതും ഇന്ത്യയുടെ ബൗദ്ധിക അടിത്തറ വികസിക്കുന്നതിന്‍റെ തെളിവാണ്. 111 സ്ഥാപനങ്ങളിലായി 281 പദ്ധതികൾക്കായി ₹47,000 കോടിയിലധികം രൂപ അനുവദിച്ച് ഹയർ എഡ്യൂക്കേഷൻ ഫിനാൻസിങ് ഏജൻസി (എച്ച്ഇഎഫ്എ) ഈ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുന്നു.
"മേക്കിങ് എ ഐ ഇൻ ഇന്ത്യ" എന്ന ലക്ഷ്യം മുന്നോട്ടു കൊണ്ടുപോകുന്നതിനായി, മൊത്തം ₹1,490 കോടി നിക്ഷേപത്തിൽ നാല് നിർമിതബുദ്ധി അധിഷ്ഠിത മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണം-ഐഐഎസ്‌സി ബംഗളൂരു, സുസ്ഥിര നഗരങ്ങൾ-ഐഐടി കാൺപുർ, കൃഷി-ഐഐടി റോപ്പർ, വിദ്യാഭ്യാസം- ഐഐടി മദ്രാസ് എന്നിവയാണവ.
അറിവിന്‍റെ സീമകൾ ജനകീയവൽക്കരിക്കൽ: പ്രവേശനക്ഷമതയും ബൗദ്ധിക സ്വത്തും
മെട്രൊ നഗരങ്ങളിലെ ഗവേഷകർക്ക് ലഭിക്കുന്ന അതേ അവസരങ്ങൾ വിദൂര ഗ്രാമത്തിലെ ഒരു സാധാരണ ഗവേഷകനും ഉറപ്പാക്കാനായി മുൻകാലങ്ങളിലുണ്ടായിരുന്ന അറിവിന്‍റെ അതിർവരമ്പുകളെ തകർക്കാൻ ഇന്ത്യ ശ്രമിച്ചിട്ടുണ്ട്. 'വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ' (ഒഎൻഒഎസ്) പദ്ധതി അക്കാദമിക സമത്വത്തിനായുള്ള വലിയൊരു ചുവടുവയ്പ്പാണ്. 1.8 കോടി വിദ്യാർഥികൾക്കും അധ്യാപകർക്കും 13,000 അന്താരാഷ്ട്ര ജേണലുകൾ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഈ മുന്നേറ്റത്തിന്‍റെ വേഗവും ഏറെ ശ്രദ്ധേയമാണ്. 2025-ൽ 11.4 കോടി ഫുൾടെക്സ്റ്റ് ഡൗൺലോഡുകൾ നടന്നതിന് പിന്നാലെ, 2026-ന്‍റെ ആദ്യ ആറു മാസത്തിനുള്ളിൽ മാത്രം 6.26 കോടി ലേഖനങ്ങൾ ആളുകൾ ഉപയോഗപ്പെടുത്തി. അറിവിനായി ദാഹിക്കുന്ന ഒരു രാജ്യത്തിന്‍റെ സ്പന്ദനമാണ് ഇത് കാണിക്കുന്നത്.
അറിവിന്‍റെ ലഭ്യത വർധിച്ചതിനൊപ്പം ഇന്ത്യയുടെ ബൗദ്ധിക സ്വത്തവകാശ മേഖലയിലും വലിയൊരു മാറ്റം സംഭവിച്ചു. ഇന്ത്യയിലെ ആഭ്യന്തര പേറ്റന്‍റ് അപേക്ഷകൾ 2014-15 ലെ 42,763ൽ നിന്ന് 2024-25 ൽ 1,10,375 ആയി ഉയർന്നു; അതായത് 158 ശതമാനത്തിന്‍റെ വൻ വർധന. ഇതിൽ ഏറ്റവും പ്രധാനം, ഈ അപേക്ഷകളിൽ വിദ്യാഭ്യാസ മേഖലയുടെ പങ്കാളിത്തം 2021-22 ന് ശേഷം മൂന്നിരട്ടിയായി വർദ്ധിച്ച് 11.15 ശതമാനത്തിൽ നിന്ന് 34.13 ശതമാനമായി ഉയർന്നു എന്നതാണ്. 13,067 പേറ്റന്‍റ് അപേക്ഷകൾക്ക് പിന്തുണ നൽകിയ 'കപില' പരിപാടി, 418 സ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 'ഐഡിയ ലാബ് ശൃംഖല') എന്നിവ അടുത്ത തലമുറ നവീനാശയക്കാരെ വാർത്തെടുക്കാൻ സഹായിക്കുന്നു.
ഇന്ത്യയുടെ വളർന്നുവരുന്ന ബൗദ്ധിക പരമാധികാരത്തിന്‍റെ കൊയ്ത്താണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് കേവലം പഠനകേന്ദ്രങ്ങൾ മാത്രമല്ല; മറിച്ച്, നിർമിതബുദ്ധി ഉൾപ്പെടെ വിജ്ഞാനാധിഷ്ഠിത ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ചാലകശക്തികളായി അവ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ 150ലധികം വരുന്ന 'യൂണിക്കോൺ' സംരംഭങ്ങളിൽ 86 എണ്ണവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് ഉയർന്നുവന്നത്. ഇതിൽ 62 എണ്ണം ഐ.ഐ.ടി, ഐഐഎസ്‌സി എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
എങ്കിലും, എല്ലാവരെയും ഉൾക്കൊള്ളാത്ത നവീകരണം കേവലം സാങ്കേതിക മുന്നേറ്റം മാത്രമാണ്; മറിച്ച്, സഹാനുഭൂതിയോടെയുള്ള നവീകരണമാണ് ഒരു സംസ്കാരത്തിന്‍റെ യഥാർഥ വിജയം. ഈ വിജയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഇടം ഏവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന ക്ലാസ് മുറികളാണ്.
മാനുഷിക മുഖമുള്ള സാങ്കേതികവിദ്യ: ഉൾച്ചേർക്കലിന്‍റെ തായ്വേരുകൾ
ദേശീയ വിദ്യാഭ്യാസ നയം 2020, സുസ്ഥിര വികസന ലക്ഷ്യം 4 എന്നിവയ്ക്ക് അനുസൃതമായി, വിദ്യാഭ്യാസ രംഗത്തെ പ്രധാനപ്പെട്ട ഒരു സമത്വ ഉപകരണമായി സാങ്കേതികവിദ്യയെ മാറ്റിയെടുക്കുകയാണ്. പഠനത്തിനുള്ള ഭൗതികവും ഡിജിറ്റലുമായ എല്ലാ തടസ്സങ്ങളും നീക്കി അവയെ അവസരങ്ങളാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
"പ്രശസ്ത്' ആപ്പ് പോലുള്ള സംവിധാനങ്ങൾ 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള 21 വൈകല്യങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇത് സ്കൂൾ തലത്തിൽ തന്നെ കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാൻ ഉപകരിക്കുന്നു. കുട്ടികളിൽ സഹാനുഭൂതി വളർത്തുന്നതിനായി "പ്രിയ - ആക്സസിബിൾ വാരിയർ' കോമിക് പുസ്തകങ്ങൾ പോലുള്ള വിഭവങ്ങൾ പ്രവേശനക്ഷമത ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്ന് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു.
ഇന്ത്യൻ ആംഗ്യഭാഷയ്ക്കായുള്ള പിഎം ഇ-വിദ്യ ചാനൽ 31, സിഐഇടി- എൻസിഇആർടി നൽകുന്ന പ്രതിദിന സംപ്രേഷണങ്ങൾ എന്നിവയടങ്ങുന്ന ഇന്ത്യയുടെ ഡിജിറ്റൽ ഉൾച്ചേർക്കൽ ആവാസവ്യവസ്ഥ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരുടെയും സാർവത്രിക അവകാശമാണെന്ന് ഉറപ്പാക്കുന്നു.
ഏറ്റവും ശ്രദ്ധേയമായ മറ്റൊരു മുന്നേറ്റമാണ് "കിതാബ് ഏക്, പഠേം അനേക്'പദ്ധതി. "യൂണിവേഴ്സൽ ഡിസൈൻ ഫോർ ലേണിങ്' അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ഫിജിറ്റൽ പാഠപുസ്തകങ്ങളിൽ തൊട്ടറിയാവുന്ന ടാക്റ്റൈൽ ഡോട്ടുകൾ, പ്രിന്‍റ്-ടു-ഓഡിയോ സാങ്കേതികവിദ്യ, സൈൻ ലാംഗ്വേജ് വീഡിയോകളിലേക്ക് ലിങ്ക് ചെയ്ത ക്യുആർ കോഡുകൾ എന്നിവ ഉൾപ്പെടുന്നു. ഉപയോഗിക്കാൻ എളുപ്പമുള്ളതും റീചാർജ് ചെയ്യാവുന്നതുമായ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ, ഈ പുസ്തകങ്ങൾ അറിവിലേക്കുള്ള ബഹുവിധ വാതിലുകളായി മാറുന്നു. സാങ്കേതികവിദ്യ, ഏറ്റവും ആവശ്യമുള്ളവർക്ക് തണലാകുമ്പോഴാണ് അത് പൂർണതയിലെത്തുന്നത് എന്ന് ഇത് തെളിയിക്കുന്നു.
നിത്യനവീകരണക്കാരനായ അധ്യാപകൻ: പഞ്ചതന്ത്രം മുതൽ ദിക്ഷ വരെ
ഏറ്റവും അത്യാധുനികമായ ഫിജിറ്റൽ ഉപകരണത്തിനും വഴികാട്ടാൻ ഒരു മനുഷ്യന്‍റെ കരങ്ങൾ ആവശ്യമാണ്. ഇന്ത്യൻ പാരമ്പര്യത്തിൽ അധ്യാപകൻ എപ്പോഴും ആത്യന്തികമായ നവീകരണകർത്താവാണ്. ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്‍റെ തത്വം ഇന്ത്യയുടെ പുരാതന ബോധന ശാസ്ത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്.
പഞ്ചതന്ത്രത്തിന്‍റെ കാര്യം തന്നെ എടുക്കാം. അമരശക്തി രാജാവിന്‍റെ പുത്രന്മാരെ പരമ്പരാഗത രീതിയിൽ പഠിപ്പിക്കാൻ പ്രയാസമാണെന്ന് കണ്ടപ്പോൾ ആചാര്യ വിഷ്ണുശർമ പതറിയില്ല. അദ്ദേഹം നവീനമായ വഴി കണ്ടെത്തി. അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് കഥകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രായോഗിക ഉദാഹരണങ്ങളിലൂടെയും അദ്ദേഹം അവരെ പഠിപ്പിച്ചു. ഓരോ വിദ്യാർഥിയുടെയും സവിശേഷമായ ആവശ്യങ്ങൾക്കനുസരിച്ച് ബോധനരീതി മാറ്റുന്നതിലാണ് അധ്യാപകന്‍റെ യഥാർഥ പ്രഗത്ഭ്യം എന്ന് ഈ കാലാതീതമായ പാരമ്പര്യം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഇന്ന്, ആധുനിക ആചാര്യന്മാർക്കുള്ള ഡിജിറ്റൽ കൂട്ടാളിയായ 'ദിക്ഷ' പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഈ പാരമ്പര്യം കൂടുതൽ കരുത്താർജ്ജിക്കുന്നു. ഭിന്നശേഷി വിഷയങ്ങളിൽ പ്രതിമാസം നടത്തുന്ന അഞ്ചുദിവസത്തെ സൗജന്യ പരിശീലന പരിപാടികളിലൂടെ, ഭാവിയിലെ ക്ലാസ് മുറികളെ നയിക്കാൻ അധ്യാപകരെ പുതിയ തന്ത്രങ്ങൾ പ്രാപ്തരാക്കുന്നു.
നാളെയുടെ ശിൽപ്പികൾ
ഇന്ത്യയുടെ ഉയർന്നുവരുന്ന ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് റാങ്കിംഗിൽ നിന്നും നിർമ്മിതബുദ്ധിഅധിഷ്ഠിത മികവിന്‍റെ കേന്ദ്രങ്ങളിൽനിന്നും 'കെപ' പാഠപുസ്തകങ്ങളുടെ തൊട്ടറിയാവുന്ന താളുകളിലേക്കുള്ള യാത്ര പ്രതിനിധാനം ചെയ്യുന്നത് ഒരൊറ്റ ലക്ഷ്യത്തെയാണ്: ഇന്ത്യൻ വിദ്യാർഥികളുടെ ശാക്തീകരണം. ഗവേഷണം ഉയർന്ന നിലവാരമുള്ളതും എന്നാൽ അതിന്‍റെ ഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നതുമായ, സാങ്കേതികവിദ്യ ഏറ്റവും അത്യാധുനികവും എന്നാൽ അതിന്‍റെ അന്തസ്സത്ത പൂർണമായും മാനുഷികവുമായ നിലയിലുള്ള ഒരു രാജ്യത്തെയാണ് ഇന്ത്യ പടുത്തുയർത്തുന്നത്.
ഈ നവീനാശയ ഗാഥയുടെ യഥാർഥ കാതൽ അധ്യാപകരാണ്. കടലാസിലെ നയങ്ങളെ കുട്ടികളുടെ തിളക്കമാർന്ന സാധ്യതകളാക്കി മാറ്റുന്നത് അവരാണ്. വികസിത ഭാരതത്തിന്‍റെ ശില്പികളും അവർ തന്നെ. പഠിക്കാൻ പ്രയാസപ്പെടുന്ന വിദ്യാർഥിയിലേക്ക് എത്താൻ അധ്യാപകൻ പുതിയൊരു വഴി കണ്ടെത്തുമ്പോഴെല്ലാം, ആ പ്രവൃത്തി കുട്ടിയുടെ ഭാവിയെ മാത്രമല്ല, രാജ്യത്തിന്‍റെ ബൗദ്ധിക കരുത്തിന്‍റെയും ധാർമിക അടിത്തറയെയുമാണ് ശക്തിപ്പെടുത്തുന്നത്. ഒന്നിച്ചുനിന്ന് പരിശ്രമിച്ചാൽ, നാളത്തെ ഇന്ത്യയിൽ ഒരു സ്വപ്നവും വലുതല്ലെന്നും അത് യാഥാർഥ്യമാക്കാനുള്ള അവസരങ്ങളിൽ നിന്ന് ഒരു കുട്ടിയും അകലെയല്ലെന്നും ഇന്ത്യക്ക് ഉറപ്പാക്കാനാകും.