
സുപ്രീം കോടതിയിലെ സംവരണവും ചീഫ് ജസ്റ്റിസും
file image
അഡ്വ. ജി. സുഗുണന്‍
സാമൂഹ്യ അസമത്വങ്ങളുടെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം നമ്മുടെ രാജ്യത്തിനാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാമൂഹ്യമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും പിന്നണിയിലായ ഈ ജനസമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഭരണഘടനാ വ്യവസ്ഥയും ഗവൺമെന്‍റ് തീരുമാനങ്ങളുമൊന്നും ഇനിയും കാര്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭരണഘടനയിൽ തന്നെ പറഞ്ഞിട്ടുള്ള പട്ടികജാതി- പട്ടികവര്‍ഗ സംവരണവും, മണ്ഡല്‍ കമ്മിഷന്‍റെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ സ്ഥാനം പിടിച്ച പിന്നാക്ക സംവരണവുമൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. നിയമം നടപ്പിലാക്കാന്‍ ആദ്യം മുന്നില്‍ വരേണ്ട സുപ്രീം കോടതി പോലും മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും പിന്നാക്ക- ദളിത് സംവരണത്തിനു നേരേ മുഖം തിരിഞ്ഞു നിന്നു. ഈ നിലപാടിലാണ് കഴിഞ്ഞ ദിവസം പരമോന്നത കോടതി മാറ്റം വരുത്തിയത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ദലിത്- പിന്നാക്ക- ന്യൂനപക്ഷ ജനസമൂഹമുള്ള രാജ്യമാണ് നമ്മുടേത്. ഒടുവിലത്തെ കണക്കനുസരിച്ച് ജനസംഖ്യയില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ജനസംഖ്യയില്‍ 25.5 ശതമാനമാണ് ഗോത്ര- ദലിത് വിഭാഗങ്ങള്‍. ഹിന്ദു സമുദായത്തിലെ പിന്നാക്ക ജനവിഭാഗങ്ങളും മുസ്‌ലിം, ക്രിസ്ത്യന്‍ അടക്കമുള്ളവയിലെ പിന്നാക്കക്കാരും ചേര്‍ന്നാല്‍ രാജ്യത്തെ പിന്നാക്ക- ദളിത് വിഭാഗം ജനസംഖ്യയില്‍ ഏതാണ്ട് 90% വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആദിവാസി- ഗോത്ര വിഭാഗം അടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന നിരവധി വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ട്. പട്ടികജാതികള്‍, പട്ടികവര്‍ഗങ്ങള്‍, പിന്നാക്ക ജനവിഭാഗങ്ങള്‍ തുടങ്ങിയവരാണ് ദുര്‍ബല ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്.
ജനാധിപത്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി സാമൂഹ്യ അസമത്വങ്ങളാണ്. ഇവ ഇന്ത്യയുടെ സുദീര്‍ഘമായ ചരിത്രത്തിന്‍റെ പൈതൃകവുമാണ്. പുരാതനകാലം മുതല്‍ അസമത്വങ്ങള്‍ നിറഞ്ഞ ഒരു സമൂഹമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ അസമത്വങ്ങള്‍ ജാതിവ്യവസ്ഥയുടെ സൃഷ്ടിയായിരുന്നു. ആ വ്യവസ്ഥ സമൂഹത്തെ പല തട്ടുകളായി തിരിക്കുകയും ഓരോ ജാതിയിലും പെട്ടവര്‍ ചെയ്യേണ്ട തൊഴിലുകള്‍ അനുശാസിക്കുകയും ചെയ്തു. ഉയര്‍ന്ന ജാതിക്കാര്‍ മേല്‍ത്തട്ടിലും, കീഴ്ജാതിക്കാര്‍ അടിത്തട്ടിലും പ്രതിഷ്ഠിക്കപ്പെട്ടു. അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ക്ക് കീഴ്ജാതിക്കാര്‍ വിധേയരായി. പരമ്പരാഗത ആചാരങ്ങള്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തു.
സാമൂഹിക അസമത്വത്തിന്‍റെ അടിസ്ഥാന കാരണം ജാതിയാണ്. പട്ടികജാതിക്കാര്‍, പട്ടികവര്‍ഗങ്ങള്‍, മറ്റ് പിന്നാക്ക വര്‍ഗങ്ങള്‍ എന്നിവരുടെ സ്ഥാനം ഇന്നും സമൂഹത്തിന്‍റെ അടിത്തട്ടില്‍ തന്നെയാണ്. ജാതീയ വിവേചനം, സാമ്പത്തിക അസമത്വം, വിദ്യാഭ്യാസ- സാംസ്‌കാരിക പിന്നാക്കാവസ്ഥ തുടങ്ങിയവ യുഗങ്ങളായി ഇക്കൂട്ടര്‍ അനുഭവിച്ചുവരികയാണ്. പിന്നാക്ക ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരാൻ ഭരണഘടനയില്‍ തന്നെ വ്യവസ്ഥയുണ്ട്. പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക- ന്യൂനപക്ഷ സംരക്ഷണ വ്യവസ്ഥകളും, അതിന്‍റെ ഭാഗമായ ജാതി സംവരണവുമെല്ലാം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നതും.
പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക സംവരണം മനക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ 1931ലെ സെന്‍സസിന്‍റെ അടിസ്ഥാനത്തിലാണ് ഈ സംവരണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പട്ടികജാതിയും, പട്ടികവര്‍ഗവും, പിന്നാക്കവിഭാഗവും, ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗവും ചേര്‍ന്നാല്‍ ജനസംഖ്യയിലെ 90 ശതമാനവും ഇക്കൂട്ടരാണ്. മുന്നാക്ക- സവര്‍ണ വിഭാഗങ്ങള്‍ ഏതാണ്ട് 10% മാത്രമാണ്. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ ഉദ്യോഗ മേഖലകളിലും, ഉന്നതവിദ്യാഭ്യാസ മേഖലകളിലും, എന്തിന് രാഷ്‌ട്രീയ രംഗത്തുപോലും 70 ശതമാനത്തോളം സ്ഥാനങ്ങള്‍ ന്യൂനപക്ഷമായ മുന്നാക്ക-സവര്‍ണ വിഭാഗങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടത് 27% പിന്നാക്ക സംവരണമാണെങ്കില്‍ ഇന്ന് പിന്നാക്കക്കാര്‍ക്ക് ലഭ്യമായത് 17% സംവരണം മാത്രമാണ്. പട്ടികജാതി- പട്ടികവര്‍ഗ സംവരണവും തീരുമാനത്തിന്‍റെ 60% മാത്രം.
ദശാബ്ദങ്ങളായി സംവരണത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന മുന്നാക്ക സമുദായങ്ങള്‍ക്കായി 10% സാമ്പത്തിക സംവരണം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനകോടികള്‍ ഈ സാമ്പത്തിക സംവരണത്തില്‍ നിന്നും പുറത്തായത് സവര്‍ണ താല്പര്യം നഗ്നമായി സംരക്ഷിക്കാനാണെന്നതില്‍ ഒരു സംശയവുമില്ല. മുന്നാക്കക്കാരുടെ കൈവശമുള്ള ഭൂരിപക്ഷം ഉദ്യോഗങ്ങളില്‍ വീണ്ടുമൊരു 10% കൂടി അധികമായി ഇവര്‍ക്ക് നേടിയെടുക്കാനേ ഈ 10% സാമ്പത്തിക സംവരണം പ്രയോജനപ്പെടുകയുള്ളൂ.
അതിനിടെയാണ് നീതിന്യായ രംഗത്തു പുതിയ ചരിത്രമെഴുതി സുപ്രീം കോടതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു സംവരണം അനുവദിച്ചത്. ജുഡീഷ്യല്‍ ഇതര ജീവനക്കാരുടെ സ്ഥാനക്കയറ്റം, നേരിട്ടുള്ള നിയമനം എന്നിവയിലാണ് പരമോന്നത കോടതി സംവരണ നയം അംഗീകരിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ് കൂടിയായ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ നേതൃത്വത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം 23 മുതലാകും സംവരണത്തിനു പ്രാബല്യം. ജഡ്ജി നിയമനങ്ങളില്‍ സംവരണം ബാധകമല്ല.
ഇനി സുപ്രീം കോടതിയിലെ ജുഡീഷ്യല്‍ ഇതര വിഭാഗങ്ങളില്‍ 15% തസ്തികകള്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കായി നീക്കിവയ്ക്കും. പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് 7.5% സംവരണം. രജിസ്ട്രാര്‍, സീനിയര്‍ പെഴ്‌സണല്‍ അസിസ്റ്റന്‍റ്, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍, ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്‍റ്, ചേംബര്‍ അറ്റന്‍ഡന്‍റ് തുടങ്ങിയ തസ്തികകളിലാണു സംവരണം.
സുപ്രീം കോടതിയിലും സാമൂഹിക നീതി വേണമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമുണ്ടാകണമെന്നുമുള്ള നിലപാടുകാരനാണു ചീഫ് ജസ്റ്റിസ് ഗവായ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹൈക്കോടതികളിലും ഇതിനകം സംവരണം ഏര്‍പ്പെടുത്തിയിരിക്കെ സുപ്രീം കോടതി മാത്രം എന്തിനു മാറിനില്‍ക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ദലിത് പശ്ചാത്തലമുള്ള ജസ്റ്റിസ് ഗവായ് കേന്ദ്ര സംവരണ ചട്ടം മാനദണ്ഡമാക്കിയാണ് ഈ നടപടി സ്വീകരിച്ചത്. സുപ്രീം കോടതിയുടെ കഴിഞ്ഞ 75 വര്‍ഷത്തെ ചരിത്രത്തിനാണ് ഇതോടെ വഴിത്തിരിവായത്. സംവരണം പൂര്‍ണമായി നടപ്പിലാക്കുമ്പോള്‍ സുപ്രീം കോടതിയുടെ ആഭ്യന്തര ഭരണത്തില്‍ മിനിമം 600 ജീവനക്കാര്‍ എസ്‌സി, എസ്ടി വിഭാഗക്കാരായി ഉണ്ടാവും.
ഒഴുവുകളില്‍ അപേക്ഷ ക്ഷണിക്കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതും റിക്രൂട്ട്‌മെന്‍റ് രജിസ്ട്രാറാണ്. സ്ഥാനക്കയറ്റവും അപ്രകാരം. അന്തിമ പട്ടികയും നിയമന ഫയലും ചീഫ് ജസ്റ്റിസ് കണ്ട് അംഗീകരിക്കണം. ജീവനക്കാരുടെ മോഡല്‍ റോസ്റ്ററില്‍ ഇനി 3 കാറ്റഗറി ഉണ്ടാകും- എസ്‌സി, എസ്ടി, അണ്‍ റിസര്‍വ്ഡ്. റോസ്റ്ററില്‍ അപാകതയുണ്ടെങ്കില്‍ അത് തിരുത്താന്‍ റിക്രൂട്ട്‌മെന്‍റ് രജിട്രാര്‍ക്ക് നിവേദനം നല്‍കാം.
പട്ടികജാതി- പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി പിന്നാക്ക സംവരണം ഏര്‍പ്പെടുത്താതിരുന്നതു സംബന്ധിച്ച് വ്യാപകമായ ആക്ഷേപമുണ്ടായി. ഈ വികാരം മാനിച്ചായിരിക്കാം, പെട്ടെന്നു തന്നെ സുപ്രീം കോടതി പിന്നാക്ക സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാഫ് നിയമനത്തിലും പ്രമോഷനിലും ഒബിസി വിഭാഗങ്ങള്‍ക്ക് സുപ്രീം കോടതി സംവരണം ഏര്‍പ്പെടുത്തി. 1961ലെ സുപ്രീം കോടതി ഓഫിസര്‍മാരുടേയും സേവകരുടേയും (സേവന വ്യവസ്ഥകളും പെരുമാറ്റ വ്യവസ്ഥകളും) നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് സംവരണം നല്‍കിയത്.
കേന്ദ്ര വ്യവസ്ഥകൾ അനുസരിച്ചായിരിക്കും സംവരണ തോത്. കാലാകാലങ്ങളില്‍ കേന്ദ്രം വരുത്തുന്ന മാറ്റങ്ങൾ ഈ ജീവനക്കാര്‍ക്കും ബാധകമാകും. സുപ്രീം കോടതിയിലെ ഏത് തസ്തികയ്ക്കും ഇതേ സംവരണ നയം ബാധകം. കേന്ദ്ര ശമ്പള സ്‌കെയിലും തുടരും. ആവശ്യമെങ്കില്‍ ഈ നയത്തില്‍ ഭേദഗതി വരുത്താനോ പരിഷ്‌കരണങ്ങള്‍ വരുത്താനോ ഒഴിവാക്കലുകള്‍ വരുത്താനോ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്.
ഭരണഘടനയുടെ ആര്‍ട്ടിക്കിൾ 146ലെ വ്യവസ്ഥ (2) പ്രകാരം നല്‍കിയ അധികാരങ്ങള്‍ ഉപയോഗിച്ചാണ് സംവരണം ഏര്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ഈ മാസം 4ന് വിജ്ഞാനപനം പുറപ്പെടുവിച്ചത്. ഇതിനായി പുതിയ ചട്ടം 4 (എ) ഉള്‍പ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതിയില്‍ ഈ വിഭാഗങ്ങള്‍ക്കും സംവരണം ലഭിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മുന്‍ സൈനികര്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഷെഡ്യൂളില്‍ വ്യക്തമാക്കിയ വിവിധ വിഭാഗങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനത്തില്‍ സംവരണം ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ഇവരുടെ ശമ്പള സ്‌കെയില്‍ പോലുള്ള കാര്യങ്ങള്‍ കേന്ദ്രം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍, ഉത്തരവുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവയ്ക്കും ചീഫ് ജസ്റ്റിസ് കാലാകാലങ്ങളില്‍ വ്യക്തമാക്കിയേക്കാവുന്ന പരിഷ്‌കരണങ്ങള്‍, വ്യതിയാനങ്ങള്‍, ഒഴിവാക്കലുകള്‍ എന്നിവയ്ക്കു വിധേയമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ജീവനക്കാരുടെ സര്‍വീസുമായി ബന്ധപ്പെട്ട് ഭരണഘടനാ അനുച്ഛേദം 146(2) ചീഫ് ജസ്റ്റിസിന് നൽകിയിരിക്കുന്ന അധികാരമാണ് ജസ്റ്റിസ് ഗവായ് ഇതിന് ഉപയോഗപ്പെടുത്തിയത്.
പിന്നാക്ക സംവരണം ഉറപ്പാക്കുന്നതു സംബന്ധിച്ച് ഒട്ടേറെ വിധികള്‍ പരമോന്നത കോടതിയില്‍ നിന്ന് വന്നിട്ടുണ്ട്. വിധികള്‍ പുറപ്പെടുവിക്കുന്ന സ്ഥാപനത്തിന് അത് നടപ്പിലാക്കേണ്ടതുമുണ്ട് എന്ന നിലപാടാണ് ജസ്റ്റിസ് ഗവായ് സ്വീകരിച്ചത്. 1956ല്‍ ഡോ. ബി.ആര്‍. അംബേദ്കറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ദലിത് വിഭാഗത്തിലെ അരലക്ഷത്തോളം പേര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍ ബി.ആര്‍. ഗവായിയുടെ പിതാവ് ആര്‍.എസ്. ഗവായിയും ആ ഒഴുക്കിനൊപ്പം ചേര്‍ന്നു. അതിനുശേഷം കുടുംബം ബുദ്ധമതത്തിലും അംബേദ്ക്കര്‍ തത്വങ്ങളിലും അടിയുറച്ചു നില്‍ക്കുകയാണ്.
സുപ്രീം കോടതയിലെ പിന്നാക്ക- ദലിത് സംവരണത്തെ തല്‍പ്പര കക്ഷികള്‍ ബോധപൂവം തടഞ്ഞു നിര്‍ത്തിയിരിക്കുകയായിരുന്നു. ജസ്റ്റിസ് ഗവായ് അതിന് അന്ത്യം കുറിച്ചു. 33 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 9 അംഗ ഭരണഘടനാ ബെഞ്ച് ഇന്ദിരാ സഹാനി കേസില്‍ 27% പിന്നാക്ക സംവരണം വിധിച്ചത്. കേന്ദ്ര സർവീസിലടക്കം എല്ലാ മേഖലയിലും ഇത് ബാധകമാണെന്ന് സുപ്രീം കോടതിയുടെ 1992ലെ ഫുള്‍ ബെഞ്ച് വിധിയിലുണ്ട്. 30 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ സുപ്രീം കോടതിയിലെ ആര്‍.കെ. സബര്‍വാള്‍ കേസിലും പിന്നാക്ക സംവരണം ഉയര്‍ത്തിക്കാട്ടി.
പിന്നാക്ക ജനവിഭാഗങ്ങളിലെ നല്ലൊരു ശതമാനം പേരും ഇപ്പോഴും പിന്നാമ്പുറങ്ങളില്‍ തന്നെയാണ്. രാജ്യത്തെ വിവിധ സംഭവങ്ങളും സാമൂഹ്യമാറ്റങ്ങളും രാഷ്‌ട്രീയവുമൊന്നും ഇക്കൂട്ടരില്‍ പലരും അറിയുന്നതു പോലുമില്ല. അടിമത്വ ചങ്ങലക്കെട്ടുകളില്‍ വീണ ഇക്കൂട്ടര്‍ക്ക് ഇനിയും മോചനം ലഭിച്ചിട്ടില്ല. ഇതില്‍ മാറ്റം വരുത്തുക വളരെ എളുപ്പവുമല്ല. ശക്തവും ധീരവുമായ രാഷ്‌ട്രീയ തീരുമാനങ്ങളാണ് ഈ ജനവിഭാഗത്തിനെ സമൂഹത്തിന്‍റെ മുന്‍പന്തിയിൽ കൊണ്ടുവരാന്‍ വേണ്ടിയിരിക്കുന്നത്. ആ ദിശയിലേയ്ക്കുള്ള എന്തുകൊണ്ടും എടുത്തുപറയേണ്ട ചരിത്രപരമായ തീരുമാനം തന്നെയാണ് സംവരണ കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് കൈക്കൊണ്ടിരിക്കുന്നത്. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ കാര്യത്തിലെ പിന്നാക്ക സംവരണം ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ ഇന്നല്ലെങ്കില്‍ നാളെ പട്ടികജാതി - പട്ടികവര്‍ഗ- പിന്നാക്ക സംവരണം നടപ്പാക്കേണ്ടിവരും എന്നതിൽ തര്‍ക്കമില്ല. മഹാഭൂരിപക്ഷത്തിന്‍റെ വികാരത്തെ അടിച്ചമര്‍ത്താന്‍ വളരെക്കാലം ഒരു ഭരണത്തിനും കഴിഞ്ഞെന്നു വരില്ല. ധീരമായ സംവരണ നിലപാട് കൈക്കൊണ്ടതില്‍ രാജ്യത്തെ ദലിത്- പിന്നാക്ക ജനകോടികള്‍ ജസ്റ്റിസ് ഗവായിയോട് എന്തുകൊണ്ടും കടപ്പെട്ടിരിക്കുന്നു.