ട്രെയ്‌ന്‍ കമ്പാര്‍ട്ട്‌മെന്‍റ് പോലെയാകുന്ന സംവരണം

തുടര്‍ന്ന് റിപ്പോര്‍ട്ടിലെ മുന്നാക്ക സംവരണത്തിനെതിരായി ശക്തവും വ്യാപകവുമായ പ്രക്ഷോഭമാണ് സവർണ നേതാക്കള്‍ രാജ്യത്ത് അഴിച്ചുവിട്ടത്.
Reservations that look like train compartments

ട്രെയ്‌ന്‍ കമ്പാര്‍ട്ട്‌മെന്‍റ് പോലെയാകുന്ന സംവരണം

Updated on

അഡ്വ. ജി. സുഗുണന്‍

സംവരണം എന്നും നമ്മുടെ രാജ്യത്ത് ഒരു വിവാദവിഷയമാണ്. ഭരണഘടനാ നിർമാണ സഭയില്‍ പട്ടികജാതി- പട്ടികവര്‍ഗ സംവരണം ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യുന്നതിനെതിരായ അഭിപ്രായം അന്നും ശക്തമായുണ്ടായിരുന്നു. ജാതി സംവരണം അനാവശ്യമാണെന്ന് വാദിച്ചവര്‍ ഭരണഘടനാ നിർമാണ സഭയില്‍ തന്നെ ഉണ്ടായിരുന്നെന്നുള്ളത് ഒരു ചരിത്ര സത്യമാണ്. പട്ടികജാതി- പട്ടികവര്‍ഗ സംവരണത്തോടൊപ്പം പിന്നാക്ക സംവരണവും വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പിന്നാക്ക ജനവിഭാഗങ്ങളുടെ നീണ്ട പ്രക്ഷോഭരണങ്ങളുടെ ഒടുവിലായിരുന്നു 1990കളില്‍ മണ്ഡൽ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

തുടര്‍ന്ന് റിപ്പോര്‍ട്ടിലെ മുന്നാക്ക സംവരണത്തിനെതിരായി ശക്തവും വ്യാപകവുമായ പ്രക്ഷോഭമാണ് സവർണ നേതാക്കള്‍ രാജ്യത്ത് അഴിച്ചുവിട്ടത്. പല പ്രമുഖ പാര്‍ട്ടികളും മണ്ഡൽ കമ്മിഷന് എതിരായ സമീപനമാണ് ആദ്യം സ്വീകരിച്ചത്. റിപ്പോര്‍ട്ടിനെതിരായ നിലപാട് ആദ്യം സ്വീകരിച്ചിരുന്ന കോണ്‍ഗ്രസും മറ്റു ചില ഇടത്- ജനാധിപത്യ പാര്‍ട്ടികളും താമസിച്ചാണ് അവരുടെ നിലപാടില്‍ മാറ്റം വരുത്തിയതും, റിപ്പോര്‍ട്ടും പിന്നാക്ക സംവരണവുമെല്ലാം അംഗീകരിക്കുകയും ചെയ്തത്.

മണ്ഡൽ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ മുന്നാക്ക വിഭാഗത്തിന് വരുമാനം കൂടി (ക്രീമിലെയര്‍) കണക്കാക്കണമെന്ന അഭിപ്രായം സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ ചില ഇടതു പാര്‍ട്ടികള്‍ക്കും, ജനാധിപത്യ പാര്‍ട്ടികള്‍ക്കും ശക്തമായ അഭിപ്രായമാണുണ്ടായിരുന്നത്. വരുമാനം കൂടി പിന്നാക്ക സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നത് യഥാർഥത്തില്‍ സംവരണ തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്. ''സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും'' പിന്നണിയിലുള്ള വിഭാഗത്തിനാണ് സംവരണം എന്ന തത്വത്തിന് തന്നെ വിരുദ്ധമാണ് ക്രീമിലെയര്‍ ഏര്‍പ്പെടുത്തല്‍.

രാജ്യത്ത് നിലവിലുള്ള പിന്നാക്ക സംവരണം 27 ശതമാനമാണ്. എന്നാല്‍ ഇപ്പോഴും രാജ്യവ്യാപകമായി 17 ശതമാനത്തിനകത്താണ് പിന്നാക്ക സംവരണം ഉദ്യോഗങ്ങളിലും മറ്റും നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് എന്ന യാഥാർഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല. നിലവിലുള്ള പിന്നാക്ക സംവരണം തന്നെ സവർണ കേന്ദ്രങ്ങള്‍ ഇപ്പോഴും അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. പിന്നാക്ക സംവരണം ഭരണത്തിലും, ഉദ്യോഗത്തിലും, വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലുമെല്ലാം ലഭിച്ചേ മതിയാവൂ.

പിന്നാക്ക സംവരണം വ്യാപകമായി അട്ടിമറിക്കപ്പെടുന്നുണ്ടെങ്കിലും ഏതാനും സംസ്ഥാനങ്ങള്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ അത് ഏര്‍പ്പെടുത്തി നിയമം പാസാക്കുകയുണ്ടായി. ഏതാണ്ട് ഒന്നര ഡസനിലേറെ സംസ്ഥാനങ്ങള്‍ പിന്നാക്ക സംവരണം ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയ ഈ പിന്നാക്ക സംവരണത്തെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയുടെ അപ്പീലിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഈ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്. "രാജ്യത്ത് പിന്നാക്ക സംവരണം ഇന്ന് ഒരു ട്രെയ്‌ന്‍ കമ്പാര്‍ട്ട്‌മെന്‍റ്‌ പോലെയായി മാറിയിരിക്കുകയാണ്. അകത്തു കയറിയവര്‍ പുറമേ നിന്ന് ആരെയും ഈ കമ്പാര്‍ട്ട്‌മെന്‍റില്‍ പ്രവേശിപ്പിക്കുന്നില്ല. ഇതിലെ സീറ്റുകള്‍ തങ്ങളുടെ കുത്തകയാണെന്നും, മറ്റാര്‍ക്കും ഇതിന് അവകാശമില്ലെന്നുമാണ് ഇവര്‍ (സംവരണ വിരുദ്ധര്‍) പറയുന്നത്'' എന്നാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയത്.

ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ട്രെയ്‌ന്‍ കമ്പാര്‍ട്ട്‌മെന്‍റ് പോലെയായി മാറി എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഐതിഹാസികമാണ്. അതു വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ട്രെയ്‌ന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറുന്ന ആളുകള്‍ മറ്റുള്ളവരെ അകത്തേയ്ക്ക് കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നു മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഒബിസി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് സൂര്യകാന്ത് നിരീക്ഷിച്ചു.

രാഷ്‌ട്രീയമായും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വളരെ കൂടുതല്‍ ആളുകള്‍ സമൂഹത്തിലുണ്ട്. അവര്‍ക്കെന്തു കൊണ്ട് സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നില്ല? കുറച്ച് വിഭാഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. സംവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ വിഭാഗങ്ങളെ തിരിച്ചറിയാന്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മഹാരാഷ്‌ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള ഒബിസി ക്വാട്ട സംബന്ധിച്ച നിയമയുദ്ധം നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് അനന്തമായി നീണ്ടുപോവുകയാണ്. 2016-17 വര്‍ഷത്തിലാണ് അവസാനമായി മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം ഉറപ്പാക്കി മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് 2021ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഈ വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജെ.കെ. ബാന്തിയ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും, അതിലെ ശുപാര്‍ശകളും നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചതു മൂലമാണ് 2022ല്‍ നടക്കേണ്ട പ്രാദേശിക തെരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്കു നീളാനും കാരണമായത്. മഹാരാഷ്‌ട്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കമ്മിഷന്‍ ഒബിസി വിഭാഗങ്ങളുടെ രാഷ്‌ട്രീയ പിന്നാക്കാവസ്ഥ പരിഗണിച്ചില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു. കൂടുതല്‍ പിന്നാക്കാവസ്ഥയുള്ള വിഭാഗങ്ങളെ കണ്ടെത്തി അവരെക്കൂടി സംവരണ പരിധിയില്‍ ഉള്‍പ്പെടുത്തല്‍ സംസ്ഥാനങ്ങളുടെ കടമയാണെന്ന് കോടതി പ്രതികരിച്ചു.

ഒബിസി സംവരണ വിഷയം മൂലം ഈ കേസുകൾ ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി 4 ആഴ്ച്ചയ്ക്കകം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു. ഈ നിര്‍ദേശം മഹാരാഷ്‌ട്രയിലെ ജനതയ്ക്ക് വലിയ ആശ്വാസമാണ്. ഒബിസി ക്വാട്ട വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തി മവിധിയ്ക്ക് വിധേയമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് കോടതി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന ഒബിസി സംവരണങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 4 മാസത്തിനകം തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന കോടതി നിര്‍ദേശം ജനാധിപത്യത്തിന് ഗുണം ചെയ്യും. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഈ സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ കാലാവധി നീട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാഷ്‌ട്രീയ, ഭരണ മേഖലകളില്‍ മഹാഭൂരിപക്ഷം സീറ്റുകളും കൈയാളുന്ന രാജ്യത്തെ മുന്നാക്ക- സവർണ വിഭാഗങ്ങള്‍ പിന്നാക്ക സംവരണം സ്വമനസാലെ നല്‍കുക പ്രയാസകരമാണ്. അതുകൊണ്ടു തന്നെയാണ് മഹാരാഷ്‌ട്രയിലെ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പിലെ പിന്നാക്ക സംവരണം തടയാന്‍ ഹര്‍ജിയുമായി ഇക്കൂട്ടര്‍ ഉന്നത കോടതികളെ സമീപിച്ചത്. തങ്ങള്‍ കൈവശം വച്ചിട്ടുള്ള സ്ഥാനങ്ങള്‍ ഒരിക്കലും പിന്നാക്കക്കാര്‍ക്ക് വിട്ടുകൊടുക്കാന്‍ ഇവര്‍ തയ്യാറാവുകയില്ല. പരമോന്നത കോടതി നിരീക്ഷിച്ചതു പോലെ ട്രെയ്‌ന്‍ കമ്പാര്‍ട്ട്മെന്‍റിനകത്ത് സീറ്റ് നേടിയെടുത്ത ഇവര്‍ മറ്റാരെയും അതിനകത്ത് പ്രവേശിപ്പിക്കുകയില്ല.

ജാതി സര്‍വെ നടത്തി ബീഹാറിനെ പോലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള സംവരണം നിശ്ചയിച്ചാല്‍ നിലവിലുള്ള പിന്നാക്ക സംവരണമായ 27 ശതമാനം 40-45 ശതമാനമായി ഉയരും. 27 ശതമാനം സംവരണം പോലും നല്‍കാന്‍ തയാറാവാത്ത സവർണ ലോബികള്‍ അതിലും വളരെ കൂടുതല്‍ സംവരണം ഒരിക്കലും അനുവദിക്കാന്‍ തയാറാവുകയില്ല. ഇക്കാര്യത്തില്‍ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട പിന്നാക്ക ജനവിഭാഗത്തിന് ഇന്ന് ഏക അത്താണി സുപ്രീം കോടതി തന്നെയാണ്.

(ശ്രീനാരായണ ഗുരു സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ് ലേഖകന്‍-ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com