സഞ്ജീവ് ചോപ്ര, കേന്ദ്ര ഭക്ഷ്യ-
പൊതുവിതരണ സെക്രട്ടറി
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പ്രതാപ് വിഹാര്‍ ബ്ലോക്കിലെ ന്യായവിലക്കട (എഫ്പിഎസ്) ഉടമയായ ചമന്‍ പ്രകാശ് കഴിഞ്ഞ 11 വര്‍ഷമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന വ്യക്തിയാണ്. പ്രദേശത്തെ ഏക എഫ്പിഎസ് ഡീലര്‍ എന്ന നിലയില്‍, അദേഹം 1500ലധികം കുടുംബങ്ങള്‍ക്ക് സേവനം നല്‍കുന്നു. ഗുണഭോക്താക്കള്‍ പൊതുവിതരണ സമ്പ്രദായത്തെ (പിഡിഎസ്) വളരെയധികം ആശ്രയിച്ചപ്പോള്‍ കൊവിഡ്-19 മഹാമാരിയാലുണ്ടായ പ്രതിബന്ധങ്ങളുടെ സമയത്ത്, സമൂഹത്തിന്‍റെ വിശ്വസ്തന്‍ എന്ന നിലയില്‍ അദേഹത്തിന്‍റെ ഇടപെടലുകള്‍ വളരെ പ്രാധാന്യമര്‍ഹിച്ചിരുന്നു.
പൊതുവിതരണ സംവിധാനത്തിലൂടെ 80 കോടിയിലധികം പേര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ട്, എല്ലാ കോണുകളിലുമെത്തുന്ന ഭക്ഷ്യധാന്യ വിതരണ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന 5.3 ലക്ഷം വരുന്ന രാജ്യവ്യാപക ഡീലര്‍മാരില്‍ പ്രകാശും ഉള്‍പ്പെടുന്നു. ഗവണ്മെന്‍റുകളാണ് ഈ എഫ്പിഎസുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. കൂടാതെ കടകളിലെ ഓരോ ക്വിന്‍റല്‍ ഇടപാടുകള്‍ അടിസ്ഥാനമാക്കി ഡീലര്‍ മാര്‍ജിനുകളിലൂടെ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നു. എന്നിരുന്നാലും, എഫ്പിഎസുകള്‍ വഴിയുള്ള ഭക്ഷ്യധാന്യ വിതരണം ഓരോ മാസവും 7-10 ദിവസ കാലയളവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ബാക്കിയുള്ള മാസങ്ങളില്‍, ഈ കടകള്‍ ഉപയോഗശൂന്യമായി തുടരുകയാണ്. ഇത് ഡീലര്‍മാര്‍ക്ക് അധിക വരുമാന അവസരങ്ങള്‍ നല്‍കുന്നുമില്ല. എഫ്പിഎസുകളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങള്‍ അത്തരത്തില്‍ വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നത്, അത്യന്താപേക്ഷിതമായ ഈ സാര്‍വത്രിക എത്തിച്ചേരല്‍ ശൃംഖലയുടെ സാമ്പത്തിക സാധ്യതക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്നുണ്ട്.
കഴിഞ്ഞ ദശകത്തില്‍, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് എഫ്പിഎസുകള്‍ നവീകരിക്കാന്‍ വിവിധ സംരംഭങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എല്ലാ എഫ്പിഎസുകളിലും ഇലക്‌ട്രോണിക് പോയിന്‍റ് ഓഫ് സെയില്‍ (ഇ- പോസ്) ഉപകരണങ്ങള്‍ സ്ഥാപിച്ചു. കൂടാതെ ഏകദേശം 100% ഇടപാടുകളിലും ഇപ്പോള്‍ ആധാര്‍ വഴി ബയോമെട്രിക് ആധികാരികത ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ കൃത്യമായ തൂക്കം ഉറപ്പാക്കുന്നതിനായി ഇ- പോസ് ഉപകരണങ്ങളെ ഇലക്‌ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയും ആരംഭിച്ചു. ഇത് 2024 അവസാനത്തോടെ പൂര്‍ത്തിയാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎന്‍ആര്‍ഇജിഎ) കീഴില്‍ ഗുണഭോക്താക്കള്‍ക്കായി കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഇരിപ്പിട ക്രമീകരണങ്ങള്‍, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളുള്ള മാതൃകാ എഫ്പിഎസുകള്‍ വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു പ്രോത്സാഹനമേകി. എഫ്പിഎസ് ഡീലര്‍മാര്‍ക്ക് അധിക വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനായി എഫ്പിഎസില്‍ പൊതു സേവന കേന്ദ്രം (സിഎസി) സേവനങ്ങളും ബിസിനസ് കറസ്പോണ്ടന്‍റ് (ബിസി) സേവനങ്ങളും പോലുള്ള അധിക സേവനങ്ങള്‍ നല്‍കാനും സംസ്ഥാന ഗവണ്മെന്‍റുകള്‍ക്ക് അധികാരമുണ്ട്. 2024 ജനുവരിയില്‍, ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലേക്ക് (ONDC) എഫ്പിഎസുകള്‍ കൊണ്ടുവരുന്നതിനുള്ള പൈലറ്റ് പദ്ധതി DFPD ആരംഭിച്ചു. ഇത് എഫ്പിഎസുകളുടെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും അവയുടെ പ്രവര്‍ത്തനക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭമാണ്. എന്നിരുന്നാലും, എഫ്പിഎസുകളുടെ സാമ്പത്തിക സുസ്ഥിരത ഡീലര്‍മാര്‍ക്കും ഗവണ്മെന്‍റിനും ഒരുപോലെ ആശങ്കാജനകമായ മേഖലയായി തുടര്‍ന്നുപോരുന്നു.
ഗുണഭോക്താക്കളുടെ പോഷകാഹാര സുരക്ഷയാണ് മറ്റൊരു പ്രധാന വെല്ലുവിളി. നിലവില്‍, ഡിപിഎഫ്ഡി ഊര്‍ജസമ്പുഷ്ട ധാന്യങ്ങള്‍ (അരിയും ഗോതമ്പും) പൊതുവിതരണസമ്പ്രദായത്തിലൂടെ നല്‍കുന്നു, അതേസമയം ജനസംഖ്യയുടെ പ്രധാന ഭാഗം പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ (NFHS-5) നിന്നുള്ള ഡാറ്റ ഉയര്‍ന്ന വിളര്‍ച്ച നിരക്കാണു കാട്ടുന്നത്. 6 മുതല്‍ 59 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 67.1%, 15 മുതല്‍ 49 വയസ് വരെ പ്രായമുള്ള സ്ത്രീകളില്‍ 57%, 15 മുതല്‍ 49 വയസ് വരെ പ്രായമുള്ള പുരുഷന്മാരില്‍ 25% എന്നിങ്ങനെയാണ് വിളര്‍ച്ച നിരക്ക്. കൂടാതെ, 5 വയസിന് താഴെയുള്ള കുട്ടികള്‍ക്കിടയില്‍ വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അതിനാല്‍, ദ്വിമുഖ സമീപനം അത്യന്താപേക്ഷിതമാണ്. ഭക്ഷണ വൈവിധ്യവല്‍ക്കരണത്തിലൂടെ ജനസംഖ്യയുടെ പോഷകാഹാര ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം എഫ്പിഎസ് ഡീലര്‍മാര്‍ക്ക് വരുമാന അവസരങ്ങള്‍ വർധിപ്പിക്കേണ്ടതുണ്ട്.
ഈ രണ്ട് വെല്ലുവിളികള്‍ തരണം ചെയ്യുന്നതിനായി, ഗാസിയാബാദ്, ജയ്പുര്‍, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 15 വീതം എന്ന കണക്കില്‍ 60 എഫ്പിഎസുകളെ "ജന്‍ പോഷണ്‍ കേന്ദ്രങ്ങള്‍' (ജെപികെ) ആക്കി മാറ്റുന്നതിനുള്ള പൈലറ്റ് പദ്ധതി ഡിഎഫ്പിഡി ആരംഭിച്ചു. ഈ കേന്ദ്രങ്ങള്‍ പൊതുവിപണിയെ അപേക്ഷിച്ച് മത്സരാധിഷ്ഠിത വിലയില്‍ ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, സോയാബീന്‍ എന്നിവ പോലുള്ള പോഷക സാന്ദ്രമായ സാമഗ്രികളുടെ വൈവിധ്യമാര്‍ന്ന ശ്രേണി വാഗ്ദാനം ചെയ്യും. ഗുണഭോക്താക്കള്‍ക്കും പ്രാദേശിക ജനതയ്ക്കും ഇടയിലുള്ള പോഷകാഹാര അന്തരം പരിഹരിക്കുന്നതോടൊപ്പം വിതരണക്കാര്‍ക്ക് അധിക വരുമാന മാര്‍ഗങ്ങളും മികച്ച ലാഭവും നല്‍കുകയാണ് ജെപികെകള്‍ ലക്ഷ്യമിടുന്നത്.
എഫ്പിഎസുകളെ ജെപികെകളാക്കി മാറ്റുന്നത് നാല് പ്രധാന സ്തംഭങ്ങളിലൂടെയാണ്:
i) എഫ്പിഎസ് വിതരണക്കാര്‍ക്കുള്ള പരിശീലനവും ശേഷി വർധിപ്പിക്കലും,
ii) ഇന്‍വോയ്സ് ഫിനാന്‍സിങ് വഴി എഫ്പിഎസ് വിതരണക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിലേക്കുള്ള പ്രവേശനം,
iii) ബി2ബി അഗ്രഗേറ്ററുകള്‍ വഴിയുള്ള വിപണിബന്ധിപ്പിക്കല്‍,
iv) പോഷകാഹാര സാക്ഷരത പ്രോത്സാഹിപ്പിക്കല്‍.
എഫ്പിഎസ് വിതരണക്കാരുടെ ശേഷി വർധിപ്പിക്കുന്നതിനായി, നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സംരഭകത്വ- ചെറുകിട വ്യാപാര വികസന ഇന്‍സ്റ്റിറ്റ്യൂട്ടുമായി (എന്‍ഐഇഎസ്ബിയുഡി) ഡിഎഫ്പിഡി ധാരണാപത്രം ഒപ്പുവച്ചു. സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത, പോഷകാഹാര സാക്ഷരത, ബിസിനസ് മാനെജ്മെന്‍റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നൈപുണ്യ വികസന പരിപാടികള്‍ നല്‍കാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. പൈലറ്റ് പദ്ധതിയില്‍ പങ്കെടുക്കുന്ന എഫ്പിഎസ് വിതരണക്കാര്‍ക്കുള്ള പരിശീലന സെഷനുകള്‍ 2024 മെയ്, ജൂണ്‍ മാസങ്ങളില്‍ രണ്ട് ബാച്ചുകളായി നടന്നു.
കൂടാതെ, പിഡിഎസ് ഇതര ചരക്കുകള്‍ വാങ്ങുന്നതിനുള്ള ഇന്‍വോയ്സുകള്‍ക്ക് ധനസഹായം നല്‍കാന്‍ എഫ്പിഎസ് ഡീലര്‍മാരെ അനുവദിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ "എഫ്പിഎസ്- സഹായ്' സൃഷ്ടിക്കാന്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്‌ഐഡിബിഐ) ഡിഎഫ്പിഡി മറ്റൊരു ധാരണാപത്രം നടപ്പാക്കിയിട്ടുണ്ട്. എഫ്പിഎസ് ഡീലര്‍മാര്‍ക്കായി വിതരണശൃംഖല കണ്ണികള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതിന് ഈ പ്ലാറ്റ്ഫോമിന്‍റെ ഭാഗമാകാന്‍ പ്രധാന ബി2ബി അഗ്രഗേറ്റര്‍മാരെ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ, എഫ്പിഎസ് ഡീലര്‍മാരെ "പോഷണ്‍ മിത്രങ്ങളായി' മാറ്റാനും ലക്ഷ്യമിടുന്നു. ഇതുവഴി ഗുണഭോക്താക്കള്‍ക്ക് പോഷക സാന്ദ്രമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്‍റെയും സമീകൃതാഹാരം സൃഷ്ടിക്കുന്നതിന്‍റെയും പ്രയോജനങ്ങളെക്കുറിച്ച് അടിസ്ഥാന മാര്‍ഗനിര്‍ദേശം നല്‍കാനാകുന്നു. ഈ 4 സ്തംഭങ്ങളിലൂടെ, ഡീലര്‍മാര്‍ക്കും അവര്‍ സേവിക്കുന്ന സമൂഹത്തിനും പ്രയോജനപ്പെടുന്ന സുസ്ഥിര മാതൃകയ്ക്ക് ഡിഎഫ്പിഡി അടിത്തറയിടുകയാണ്.
ഈ സംരംഭത്തിലൂടെ, ചമന്‍ പ്രകാശിന്‍റെ പ്രൊഫഷണല്‍ ജീവിതം പരിവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. അദേഹത്തിന്‍റെ അവസരങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും വരുമാനം വർധിപ്പിക്കാനും സമൂഹത്തിന്‍റെ പോഷകാഹാര ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും ഇത് അദേഹത്തെ പ്രാപ്തനാക്കുന്നു. ഈ വികസനം അദേഹത്തിന്‍റെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുക മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഭക്ഷ്യ- പോഷകാഹാര സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതില്‍ എഫ്പിഎസുകളുടെ പ്രധാന പങ്കിനു കരുത്തേകുകയും ചെയ്യും.