

നിലപാടുകളും പ്രത്യയശാസ്ത്രവും വഴിമാറുന്ന കാലം
file image
സുഗതൻ പി. ബാലൻ
തൃശൂര്‍: നിലപാടുകള്‍ വിഴുങ്ങാനും പ്രത്യയശാസ്ത്രത്തെ തള്ളിപ്പറയാനും നേതാക്കള്‍ക്ക് നിമിഷാർധം പോലും വേണ്ടെന്ന് തെളിയിച്ച് ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലം. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന് സമാനമായി കേരള രാഷ്ട്രീയവും പരുവപ്പെട്ടെന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയായി മാറുകയാണ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പട്ടിക.
ആര്‍ക്കും അസ്പൃശ്യതയില്ലെന്ന് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പ്രഖ്യാപിക്കുന്നതിനൊപ്പം എതിര്‍ചേരിയിലുള്ളവര്‍ക്ക് ചുവന്ന പരവതാനി വിരിക്കാന്‍ എല്ലാവരും മത്സരിക്കുകയുമാണ്. സ്ഥാനാര്‍ഥി നിര്‍ണയകാലത്ത് എന്നും കോണ്‍ഗ്രസ് സംഘര്‍ഷഭരിതമാകുന്നത് പതിവാണ്. എന്നാല്‍, സിപിഎമ്മും സിപിഐയും അപ്രതീക്ഷിത തിരിച്ചടികളുടെ ഞെട്ടലിലാണ്. അതൃപ്തി ബിജെപിയിലും പ്രകടം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിൽ എത്താനായി ചരടുവലിച്ച പി.വി. അന്‍വറിനെ അകറ്റി നിര്‍ത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കര്‍ശന നിലപാടായിരുന്നു. ഇടതുമുന്നണിയില്‍ നില്‍ക്കുമ്പോള്‍ യുഡിഎഫിനേയും കോണ്‍ഗ്രസ് നേതാക്കളേയും ഏറ്റവും അധികം ആക്രമിച്ചവരിലൊരാളായിരുന്നു അന്‍വര്‍.
രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കേണ്ടതാണെന്നും സതീശന്‍ 150 കോടിയുടെ കള്ളപ്പണം കേരളത്തിലേക്ക് കടത്തിയെന്നും സതീശനും കെ.സി. വേണുഗോപാലും സംഘപരിവാര്‍ ഏജന്‍റുമാരാണെന്നതുമടക്കം വിവാദമായ ഒട്ടേറെ പ്രസ്താവനകളാണ് അന്‍വറില്‍ നിന്ന് ഉണ്ടായത്. ഇതെല്ലാം ചൂണ്ടിക്കാട്ടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയില്‍ മാറ്റി നിര്‍ത്തപ്പെട്ട അന്‍വര്‍ നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ യുഡിഎഫില്‍ ആദ്യം ആദ്യം അംഗീകരിക്കപ്പെട്ട സ്ഥാനാര്‍ഥികളിലൊരാളായി മാറി എന്നതാണ് വൈരുധ്യം.
പാലക്കാട് എംഎല്‍എയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നത് സതീശന്‍റെ കര്‍ശന നിലപാടായിരുന്നു. നിയമപരമായി പരാതി എത്തും മുമ്പ് ഇത്തരത്തില്‍ കര്‍ശന നടപടി വേണ്ടെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം നിലപാട് എടുത്തപ്പോള്‍ തന്‍റെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറയുന്നതെന്നായിരുന്നു സതീശന്‍റെ വിശദീകരണം.
എന്നാല്‍, സിപിഎമ്മിന് അനഭിമതനായ ലൈംഗികാരോപണം നേരിട്ട പി.കെ. ശശി യുഡിഎഫ് ക്വാട്ടയില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ചോദ്യങ്ങളുയര്‍ത്തുന്നത് നിലപാടുകളില്‍ കര്‍ക്കശക്കാരനായ സതീശന് നേരെയാണ്.പല കാരണങ്ങളാല്‍ അനായാസമായി സ്വന്തം പ്രത്യയശാസ്ത്രത്തെ കൈവിട്ട നേതാക്കളുടെ നിര എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കാണാം. മുമ്പെങ്ങും കാണാത്ത വിധം ഇടതുപാര്‍ട്ടികളെ ഈ മാറ്റം തളര്‍ത്തുന്നത് ഇത്തവണ കാണാം.
സിപിഐയുടെ നാട്ടിക സിറ്റിങ് എംഎല്‍എയായിരുന്ന സി.സി. മുകുന്ദനും വൈക്കം മുന്‍ എംഎല്‍എ കെ. അജിത്തും സിപിഎം മുൻ എംഎൽഎ കെ. രാജേന്ദ്രനും കൊട്ടാരക്കരയിലെ മുൻ ജില്ലാ പഞ്ചായത്ത് അംഗം രശ്മിയുമൊക്കെ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കോണ്‍ഗ്രസ് വിട്ട ചിലരൊക്കെ ഇടതു ലിസ്റ്റില്‍ ഇടം പിടിച്ചെങ്കില്‍ കെപിസിസി സെക്രട്ടറിയായിരുന്ന എം.ജെ. ജോബും പറവൂർ നഗരസഭാ മുൻ അധ്യക്ഷ വത്സല പ്രസന്നകുമാറും അടക്കം ബിജെപി പട്ടികയിൽ ഇടം പിടിച്ചു.
ആലപ്പുഴയിലെ പ്രമുഖ സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരനും പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവായ പി.കെ. ശശിയും സിപിഎം കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും കൊട്ടാരക്കരയിലെ അയിഷാ പോറ്റിയുമെല്ലാം യുഡിഎഫ് പട്ടികയിലുണ്ട്. കേഡര്‍ പാര്‍ട്ടിയായി അറിയപ്പെടുന്ന സിപിഎമ്മിനെ ഞെട്ടിപ്പിക്കുന്നതാണ് ഇക്കുറി ഉണ്ടായിട്ടുള്ള പൊട്ടിത്തെറികള്‍.
മുമ്പ് എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയുമെല്ലാം കലാപക്കൊടി ഉയര്‍ത്തിയ കാലത്തും, പിന്നീട് വി.ബി. ചെറിയാനടക്കമുള്ള സിഐടിയു നേതാക്കള്‍ വെട്ടിനിരത്തപ്പെട്ടപ്പോഴും, വി.എസ്. അച്യുതാനന്ദനും പിണറായിയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോഴും നേരിടാത്ത പ്രതിസന്ധിയാണ് സിപിഎം ഇന്ന് അഭിമുഖീകരിക്കുന്നത്.
കോൺഗ്രസിലെ കാര്യവും മറിച്ചല്ല. കെ. സുധാകരനും അടൂർ പ്രകാശും കെഎസ്‌യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും അടക്കമുള്ളവരുടെ കലാപവും കോൺഗ്രസിനെയും അലട്ടുന്നു. തെരഞ്ഞെടുപ്പിന് ശേഷം വലിയ തോതിലുളള തിരുത്തലുകള്‍ക്ക് എല്ലാ പാര്‍ട്ടികളെയും പ്രേരിപ്പിക്കുന്നതാണ് നിലവില്‍ ഉരുത്തിരിഞ്ഞിട്ടുള്ള രാഷ്ട്രീയ സാഹചര്യം.