
#പി.ജി.എസ്. സൂരജ്
ദുഃഖങ്ങളെയെല്ലാം ചിരിയിലൂടെ മറക്കാൻ പഠിപ്പിച്ച അതുല്യ കലാകാരൻ. സിനിമ- രാഷ്ട്രീയം തുടങ്ങിയ കര്‍മമണ്ഡലങ്ങളില്‍ തിളങ്ങിയ അപൂർവം വ്യക്തിത്വങ്ങളില്‍ ഒരാൾ. ജീവിതാവസാനം വരെ ഓര്‍ത്ത് ചിരിക്കാനായി അനവധി കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് ഇന്നസെന്റ് കാലയവനികയിലേക്കു മറയുന്നത്. ഇന്നസെന്റിലെ രാഷ്ട്രീയക്കാരന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അദ്ദേഹം ചാലക്കുടി എംപി ആയി തെരഞ്ഞെടുക്കപ്പെടുന്നത് 2014 ലാണ്. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനില്‍ നിന്നാണ് ഇന്നസെന്റ് ജനപ്രതിനിധിയുടെ തിരക്കുകളിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും ഇറങ്ങിയത്. ഒരു കൊച്ചുകുട്ടിയുട്ടെ പ്രസരിപ്പോടെ തന്നെ സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ കാലഘട്ടമായിരുന്നു അത്. ഇതിനിടയില്‍ ജീവിതത്തിലേക്കു ക്ഷണിക്കാതെ വന്ന ക്യാന്‍സര്‍ എന്ന മഹാരോഗത്തെയും സ്വതസിദ്ധമായ ചിരിയിലൂടെ അദ്ദേഹം നേരിട്ടു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നസെന്റിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ഉണ്ടായ രസകരമായ സംഭാഷണങ്ങള്‍ ഇന്നും മറക്കാന്‍ കഴിയില്ല.
നിഷ്കളങ്കതയോടെ പാർലമെന്റിൽ
എംപി ആയതിനു ശേഷം ആദ്യമൊക്കെ വലിയ കൗതുകത്തോടെയാണു പാർലമെന്റിൽ പോയിരുന്നത്. എറണാകുളത്ത് നിന്നു വിമാനത്തിൽഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലിറങ്ങി ലോക്സഭയിലെ പച്ചപരവതാനി വിരിച്ച എസി ഹാളിലേക്ക്. അവിടെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നു വരുന്ന എംപിമാരെയും കേന്ദ്ര മന്ത്രിമാരെയും കണ്ടു സുഖമായി ഇരിക്കുക. ഇതു വളരെ രസമുള്ള പരിപാടിയെന്നായിരുന്നു ഇന്നസെന്റ് പറയാറ്. എന്നാൽ, പിന്നീടു സഭയിലേക്കു പോകുമ്പോള്‍ പഴയപോലത്തെ രസമൊന്നും കിട്ടിയില്ല. കാരണം കൂടെയിരിക്കുന്നതിൽ പലരും ഇന്നസെന്റിനെക്കാളും വലിയ മണ്ടന്മാരാണെന്ന് അറിഞ്ഞത് പിന്നീടാണ്. ഭാഷയൊന്നും വലിയ പിടിയില്ലാത്തതുകൊണ്ട് ആദ്യമൊക്കെ ഇന്നസെന്റിന് പാര്‍ലമെന്റില്‍ അൽപ്പം പരിഭ്രമമുണ്ടായിരുന്നു. പിന്നെ മനസിലായി അതിലൊന്നും വലിയ കാര്യമില്ലെന്ന്. പാര്‍ലമെന്റില്‍ ബിജെപി ഉള്‍പ്പെടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ എംപി മാര്‍ക്കും ഇന്നസെന്റിനോട് വലിയ ഇഷ്ടമായിരുന്നു. താനൊരു കമ്യൂണിസ്റ്റുകാരനാണ് എന്ന വേർതിരിവൊന്നും കാണിക്കാതെ എന്താവശ്യപെട്ടാലും എല്ലാവരും അതു ചെയ്തു നൽകുമായിരുന്നു “പിന്നെ അവരെ നമുക്ക് അധികം കുറ്റംപറയാനും കഴിയില്ല. മുൻപ് അധികാരത്തിലിരിക്കുന്ന പാർട്ടി എന്തൊക്കെ അവരോടു ചെയ്തോ, അതൊക്കെ അവരും അധികാരം കിട്ടുമ്പോള്‍ തിരിച്ചു ചെയ്യില്ലേ” ഇന്നസെന്റ് ഇത് പറയുമ്പോള്‍ രാഷ്ട്രീയക്കാരനുപരി ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്റെ നിഷ്കളങ്കതയായിരുന്നു.
ശബ്ദിച്ചതു സാധാരണക്കാരനു വേണ്ടി
ജനോപകാരപ്രദമായ നിരവധി വിഷയങ്ങള്‍ ഇന്നസെന്റ് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും എടുത്തു പറയേണ്ട ഒന്ന് ആതുരസേവന രംഗത്ത് നിലനിൽക്കുന്ന ചില ഗൗരവമായ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. ക്യാൻസർ എന്ന മാരകമായ രോഗം വന്നതിനു ശേഷം ഒരുപാട് തിരിച്ചറിവുകൾ വന്ന ആളായിരുന്നു ഇന്നസെന്റ്. ഒരു കീമോ എടുക്കുന്നതിനു 40000- 50000 രൂപയാണു ചെലവ്. കൈയിൽ അത്യാവശ്യം കുറച്ചു കാശും സമ്പാദ്യവുമൊക്കെ ഉള്ളത് കൊണ്ട് ഇന്നസെന്റ് പിടിച്ചു നിന്നെന്നു പറയാം. പക്ഷേ, അന്നത്തെ അന്നത്തിനു മാത്രം വക കണ്ടെത്താൻ കഴിയുന്ന സാധാരണക്കാരായ ജനങ്ങൾ എങ്ങനെ ഇത്രയും വലിയൊരു തുകയുണ്ടാക്കും. അവർക്കൊക്കെ ഇത്തരം രോഗങ്ങൾ വന്നാൽ സ്വയം വേദന തിന്നു ജീവൻ വെടിയുകയല്ലാതെ മറ്റു വഴികളില്ല. ഇന്നസെന്റ് കീമോ ചെയ്യുന്ന കാലത്തു മനസ് പൊള്ളുന്ന അത്തരം നിരവധി കാഴ്ചകൾ കണ്ടിട്ടുണ്ട്. കഷ്ടമാണ് അവരുടെയൊക്കെ ജീവിതങ്ങൾ. “നമ്മളീ പകയും വൈരാഗ്യവുമൊക്കെ കാലങ്ങളോളം കൊണ്ട് നടന്ന് വീട്ടുന്ന കാലത്തു ഒരു നേരമെങ്കിലും ക്യാൻസർ വാർഡിലൂടെ ഒന്ന് സഞ്ചരിക്കണം. എന്തിനു വേണ്ടിയാണ് ഈ അങ്കപ്പുറപ്പാട് എന്ന് ഒരു നിമിഷമെങ്കിലും നമ്മൾ ചിന്തിച്ചുപോകും” സാധാരണക്കാർക്കു കാൻസറിന്റെ മരുന്നുകൾ വളരെ മിതമായ നിരക്കിൽ ഇന്ത്യ മുഴുവൻ ലഭ്യമാക്കണമെന്ന ആവശ്യമാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ആ രോഗത്തിന്റെ ഭീകരമായ അവസ്ഥ വേണ്ടുവോളം അനുഭവിച്ച ആളെന്ന നിലയിൽ വളരെ ആധികാരികമായി തന്നെ ആ പ്രശനം ഇന്നസെന്റ് സഭയിൽ അവതരിപ്പിച്ചു.
ജയ് വിളികൾക്കു നീർക്കുമിളയുടെ ആയുസേയുള്ളൂ
ഇന്നസെന്റിന്റെ മണ്ഡലത്തിലെ അങ്കമാലി, ചാലക്കുടി, ആലുവ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് സ്തനാർബുദം കണ്ടെത്താനുള്ള മാമ്മോഗ്രാം മെഷീനും ഡയാലിസിസ് മെഷീനും എം.പി ഫണ്ടിൽ നിന്നും കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് എംപി ആയ ശേഷം ചെയ്ത കാര്യങ്ങളിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്ന് ഇന്നസെന്റ് പറയുമായിരുന്നു.
രാഷ്ട്രീയ അതികായനായ പി.സി ചാക്കോയെ ആണ് ഇന്നസെന്റ് തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്. ജയിക്കാൻ വലിയ കഴിവൊന്നും ആവശ്യമില്ലെന്നു എനിക്കന്നാണ് മനസിലായതെന്ന് പിന്നീട് ഇന്നസെന്റ് പറയുമായിരുന്നു.
“പത്തു മുപ്പതുകൊല്ലമായി ടി.വി യിൽ കാണുന്ന എന്നോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ് എനിക്ക് ജനങ്ങൾ അന്ന് വോട്ടു ചെയ്തത്. എനിക്കന്ന് വോട്ടു ചെയ്തത് ഞാൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവർ മാത്രമല്ല. ഞാൻ ഇലക്ഷന് നിന്ന മൂന്നാമത്തെ ദിവസം തന്നെ എനിക്ക് മനസിലായി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്. വോട്ടു ചോദിച്ചു വീടുകളിൽ ചെല്ലുമ്പോള്‍ പ്രായമായവരും കുട്ടികളും ഒക്കെ എന്നോട് കാണിക്കുന്ന സ്നേഹം അത്ഭുതപ്പെടുത്തി. അത് ഒരു രാഷ്ട്രീയക്കാരനോടുള്ള സ്നേഹമായിരുന്നില്ല” ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ തന്നെയാണ് എന്നും ഇന്നസെന്റ് സംസാരിച്ചിരുന്നത്.
പാര്‍ലമെന്റില്‍ ഇന്നസെന്റിന് ഏറ്റവും ഇഷ്ട്പെട്ട എംപി എം.ബി രാജേഷ് ആയിരുന്നു. ഓരോ വിഷയവും വളരെ വ്യക്തമായി പഠിച്ചു കാര്യകാരണസഹിതമാണ് അദ്ദേഹം ലോക്സഭയിൽ അവതരിപ്പിക്കുന്നതെന്ന് ഇന്നസെന്റ് പറയുമായിരുന്നു. അതുപോലെ തന്നെ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച ശശി തരൂരിനെയും ഇന്നസെന്റിനു വലിയ ഇഷ്ടമായിരുന്നു.