"രാഷ്‌ട്രീയ'ഭൂപടമായി പുതിയ മാപ്; ആഫ്രിക്കയോടു മാപ്പും

"ന്യായയുക്തമായ ഭൂപടം ന്യായയുക്തമായ ലോകത്തിന്‍റെ തുടക്കം.'' ടോഗോയുടെ വിദേശകാര്യമന്ത്രി റോബര്‍ട്ട് ഡസീയുടെ വാക്കുകള്‍
Africa on the world map based on the currently used "Mercater projection" (left), and Africa on the new map approved by the UN (right).

ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന "മര്‍ക്കെയ്റ്റര്‍ പ്രൊജക്ഷനെ' അടിസ്ഥാനമാക്കിയുള്ള ലോക ഭൂപടത്തിലെ ആഫ്രിക്ക (ഇടത്ത്), യുഎൻ അംഗീകരിച്ച പുതിയ ഭൂപടത്തിലെ ആഫ്രിക്ക (വലത്ത്).

Updated on

എന്തിനാണിപ്പോള്‍ പുതിയ ഭൂപടം? ഒരേയൊരു കാര്യം കൊണ്ട് അതു വ്യക്തമാകും. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന "മര്‍ക്കെയ്റ്റര്‍ പ്രൊജക്ഷന്‍' എന്നു പേരുള്ള മാപ്പില്‍ നോക്കിയാല്‍ ഗ്രീന്‍ലന്‍ഡിനും ആഫ്രിക്കയ്ക്കും ഏതാണ്ട് സമാന വലുപ്പം. ഇന്ത്യയുടെ മൂന്നില്‍ രണ്ടേ വരൂ. എന്നാല്‍, കാഴ്ചയ്ക്ക് പല മടങ്ങ്. ഇതെങ്ങനെ ശരിയാകും എന്നു പലരും നേരത്തെതന്നെ ചിന്തിച്ചിട്ടുണ്ടാകും. ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ചുരുങ്ങിയ മട്ടിലും ധ്രുവമേഖലയിലുള്ളവ വികസിച്ച വിധത്തിലും കാണുന്ന പിശക് പുതിയ മാപ്പില്‍ ഇല്ലാതാക്കിയിട്ടുണ്ട്.

---------------------------------------------

മരിയന്‍ ജോര്‍ജ്

"ന്യായയുക്തമായ ഭൂപടം ന്യായയുക്തമായ ലോകത്തിന്‍റെ തുടക്കം.''

യുഎന്‍ പൊതുസഭ സെപ്റ്റംബര്‍ നാലിന് അംഗീകരിച്ച പുതിയ ലോകഭൂപടത്തെക്കുറിച്ചു ടോഗോയുടെ വിദേശകാര്യമന്ത്രി റോബര്‍ട്ട് ഡസീയുടെ വാക്കുകള്‍ പുതിയ ഭൂപടത്തിനു രാഷ്‌ട്രീയമുണ്ടെന്നു തോന്നിക്കും.

Marian George

Former Executive Editor, Metro News

മരിയന്‍ ജോര്‍ജ്

മെട്രൊ വാർത്ത മുൻ എക്സിക്യൂട്ടിവ് എഡിറ്റർ

തോന്നലല്ല, ചെറിയ തോതില്‍ ഉണ്ട്. തിരുത്തല്‍ രാഷ്‌ട്രീയം. അതേ സമയം, ഇതു യഥാര്‍ഥ വിഷയങ്ങളില്‍നിന്നു ശ്രദ്ധ മാറ്റുന്നു എന്ന ആക്ഷേപമാണ് അമെരിക്കയ്ക്ക് ഉള്ളത്. സാധാരണഗതിയില്‍ രാഷ്‌ട്രീയഭൂപടം എന്നു പറഞ്ഞാല്‍ രാജ്യാതിര്‍ത്തികള്‍ അടക്കം ഭൂപരവും കേവലഭരണപരവുമായ അംശങ്ങളുള്ള ഭൂപടമെന്നാണര്‍ഥം. എന്നാല്‍ രാഷ്‌ട്രീയതന്ത്രം തന്നെ ഉള്‍പ്പെട്ട രാഷ്‌ട്രീയഭൂപടത്തെ എന്തു വിളിക്കാം എന്നതൊരു തമാശച്ചോദ്യമായി ഇപ്പോള്‍ ഉയര്‍ന്നേക്കാം. എന്തിനാണിപ്പോള്‍ പുതിയ ഭൂപടം? ഒരേയൊരു കാര്യം കൊണ്ട് അതു വ്യക്തമാകും.

എല്ലാവര്‍ക്കും അറിയാം വലുപ്പത്തിന്‍റെ കാര്യത്തില്‍ ആർട്ടിക് മേഖലയിലെ ഗ്രീന്‍ലന്‍ഡ് എന്ന ദ്വീപിന്‍റെ പതിനാലിരട്ടി വരും ആഫ്രിക്കാഭൂഖണ്ഡം എന്ന്. അമെരിക്ക ഇപ്പോള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന അതേ ഗ്രീന്‍ലന്‍ഡിന്‍റെ കാര്യമാണു പറഞ്ഞത്. ഗ്രീന്‍ലന്‍ഡിനു വിസ്തീര്‍ണം 21.7 ലക്ഷം ചതുരശ്ര കിലോമീറ്റര്‍. സൗദി അറേബ്യയോടു കേരളം കൂടി ചേര്‍ത്തുവച്ചാലുള്ളത്ര. ആഫ്രിക്കയ്ക്ക് 3.03 കോടി അഥവാ 303 ലക്ഷം ചതുരശ്ര കിലോമീറ്റര്‍.

പക്ഷേ, ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന "മര്‍ക്കെയ്റ്റര്‍ പ്രൊജക്ഷന്‍' എന്നു പേരുള്ള മാപ്പില്‍ നോക്കിയാല്‍ ഗ്രീന്‍ലന്‍ഡിനും ആഫ്രിക്കയ്ക്കും ഏതാണ്ട് സമാന വലുപ്പം. ഇന്ത്യയുടെ മൂന്നില്‍ രണ്ടേ വരൂ. എന്നാല്‍, കാഴ്ചയ്ക്ക് പല മടങ്ങ്. ഇതെങ്ങനെ ശരിയാകും എന്നു പലരും നേരത്തെതന്നെ ചിന്തിച്ചിട്ടുണ്ടാകും.

ഈ മാപ്പ് പ്രകാരം ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള ആഫ്രിക്കയും തെക്കേ അമെരിക്കയും മറ്റു പ്രദേശങ്ങളും ചിത്രക്കാഴ്ചയില്‍ കൊച്ചാക്കപ്പെട്ടു. ഏറ്റവും കുടുതല്‍ അനുഭവപ്പെട്ടത് ആഫ്രിക്കയ്ക്ക്. കാഴ്ചയില്‍ മാത്രമാണിത്. രേഖകളില്‍ ആരും അതിര്‍ത്തി വെട്ടിമാറ്റുകയോ വിസ്താരം കുറയ്ക്കുകയോ ചെയ്തിട്ടില്ല. നാവികര്‍ക്കോ ഭൂവിജ്ഞാനമേഖലയ്ക്കോ രാജ്യങ്ങള്‍ക്കോ പ്രശ്നമൊന്നും സൃഷ്ടിച്ചിട്ടുമില്ല.

എന്തായാലും ഈ കൊച്ചാക്കള്‍ വേണ്ടെന്നു ടോഗോയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ രാജ്യസമൂഹം നിശ്ചയിച്ചു. അതു ശരിയെന്നു തോന്നി "ഈക്വല്‍ എര്‍ത്ത് മാപ് പ്രൊജക്ഷന്‍' എന്നു പേരുള്ള മാപ്പ് 2018ല്‍ തയാറാക്കപ്പെട്ടു. ബോജാന്‍ സാവ്റിക് (സ്ലോവേനിയ), ബേണ്‍ഹാര്‍ഡ് ജെന്നി(സ്വിറ്റ്സര്‍ലന്‍ഡ്), ടോം പാറ്റേഴ്സണ്‍(യുഎസ്എ)എന്നീ കാര്‍ട്ടോഗ്രഫര്‍മാര്‍ ചേര്‍ന്നു രചിച്ച പുതിയ മാപ്പില്‍ രാജ്യങ്ങളെ വലുപ്പത്തിന്‍റെ തോതനുസരിച്ചു ചിത്രീകരിച്ചു. കാഴ്ചയിലും കൊച്ചാക്കലോ വലുതാക്കലോ ഇല്ലാതെ താരതമ്യം ശരിയായി വെളിപ്പെടുന്ന വിധത്തില്‍. അതിനാണു യുഎന്‍ അംഗീകാരം നല്‍കിയത്.

തല വലുതാക്കിയും ഉടല്‍ ചെറുതാക്കിയും കാണിക്കുന്ന കാരിക്കേച്ചര്‍ പോലെയാണു നിലവിലുള്ള മര്‍ക്കെയ്റ്റര്‍ മാപ്പെങ്കില്‍ രൂപത്തിനു കോട്ടമോ വക്രീകരണമോ ഇല്ലാത്ത "മഗ്ഷോട്ട്' പോലെയാണു പുതിയ മാപ്പ് എന്ന് പരിമിതമായി പറയാം. കാരണം, ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ചുരുങ്ങിയ മട്ടിലും ധ്രുവമേഖലയിലുള്ളവ വികസിച്ച വിധത്തിലും കാണുന്ന പിശക് പുതിയ മാപ്പില്‍ ഇല്ലാതാക്കിയിട്ടുണ്ട്.

മര്‍ക്കെയ്റ്റര്‍ പ്രൊജക്ഷന്‍ ഉണ്ടായത് 1569ലാണ്. തയാറാക്കിയത് ഇന്നത്തെ ബല്‍ജിയത്തിന്‍റെ ഭാഗമായ അന്നത്തെ ഫ്ലാന്‍ഡേഴ്സില്‍ ജനിച്ച് പില്‍ക്കാലത്ത് ജര്‍മന്‍ പ്രദേശത്ത് ജീവിച്ച ഭൂപട രചയിതാവ് ജരാര്‍ദസ് മര്‍ക്കെയ്റ്റര്‍.

അദ്ദേഹത്തിനു ശാസ്ത്രപരമായ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. യൂറോപ്യന്‍ നാവികര്‍ക്കു സമുദ്രയാത്ര സുഗമമാകാന്‍ പോന്ന ഭൂപടം വേണം. ഗ്ലോബ് ഉണ്ടാക്കാന്‍ മര്‍ക്കെയ്റ്റര്‍ക്കു കഴിഞ്ഞിരുന്നു. എങ്കിലും, ചുരുട്ടിവയ്ക്കാവുന്നതും സമുദ്രയാത്രയില്‍ നിവര്‍ത്തിപ്പിടിച്ച് ഒറ്റനോട്ടത്തില്‍ എല്ലാ ഭാഗവും കാണാന്‍ ഉപയോഗിക്കാവുന്നതും ചതുര ഭൂപടമാണല്ലോ. അതിനു ഗ്ലോബ് പോരാ. കൂടാതെ, ഗ്ലോബിന്‍റെ ആകൃതി അന്നത്തെ കാലത്ത് നാവികര്‍ക്കും മറ്റും കൊണ്ടുനടക്കാന്‍ സൗകര്യപ്രദവും ആയിരുന്നില്ല.

ഭൂമി ശരിയായ ഗ്ലോബല്ല, ധ്രുവപ്രദേശം അമര്‍ത്തിപ്പരത്തിയതു പോലെ കാണപ്പെടുന്ന ഗോളമാണെന്നത് അവിടെ നില്‍ക്കട്ടെ. അല്ലാതെതന്നെ, മൂന്നു മാനങ്ങളുള്ള അഥവാ ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലപ്പരപ്പിന്‍റെ ചിത്രം യാതൊരു കേടും കോട്ടവും കൂടാതെ നീളം, വീതി എന്നീ രണ്ടു മാനങ്ങള്‍ മാത്രമുള്ള ചതുരച്ചിത്രമാക്കി മാറ്റാന്‍ കഴിയില്ല എന്ന പ്രശ്നം മര്‍ക്കെയ്റ്ററും നേരിട്ടു. ഏതെങ്കിലും ഗോളരൂപത്തിനു മേല്‍ പ്രിന്‍റ് ചെയ്തിട്ടുള്ള പടം പൊളിച്ചുനോക്കിയിട്ടുള്ള കുട്ടികള്‍ക്കുമറിയാം നടുഭാഗത്തെ നീളം മുകള്‍ഭാഗത്തിനു കിട്ടില്ലെന്ന്. അതു കടലാസിലോ പലകയിലോ പരത്തിവയ്ക്കുമ്പോള്‍ മുകള്‍ഭാഗം ചിന്നിക്കീറി അകന്നിരിക്കും എന്ന്.

ഗ്ലോബില്‍ രേഖാംശരേഖകള്‍ സമാന്തരമായല്ല ചിത്രീകരിച്ചിട്ടുള്ളത്. ധ്രുവത്തോടടുക്കുമ്പോള്‍ അതു കൂട്ടിമുട്ടും. സാങ്കൽപ്പിക ചിത്രീകരണത്തിന് അതു മതിയാകും. പക്ഷേ, നാവികര്‍ക്കു യഥാര്‍ഥയാത്രയ്ക്ക് അതുപോരാ. അതുകൊണ്ടാണ് രേഖാംശരേഖകള്‍ സമാന്തരമായിത്തന്നെ വലിച്ചുനീട്ടുന്ന വിധത്തില്‍ ചതുരമൊപ്പിച്ചു ഭാവന ചെയ്ത് ധ്രുവമേഖലയെ മര്‍ക്കെയ്റ്റര്‍ വലുതാക്കി ചിത്രീകരിച്ചത്.

അതിനു പിന്നില്‍ കൊച്ചാക്കലോ കോളനിവത്കരണ ലക്ഷ്യമോ ഇല്ലായിരുന്നു. പില്‍ക്കാലത്ത് തങ്ങളെ ചിലര്‍ കൊച്ചാക്കി "കാണാന്‍' ഭൂപടവും കാരണമാകുന്നു എന്ന് ആഫ്രിക്കന്‍ സമൂഹങ്ങള്‍ക്കു തോന്നി. കോളനി മനോഭാവക്കാര്‍ അങ്ങനെതന്നെ അവരെ "കാണുകയും' ചെയ്തു.

അതൊഴിവാക്കുന്ന യഥാതഥ ഭൂപടത്തില്‍ ഇത്തരമൊരു തിരുത്തല്‍ രാഷ്‌ട്രീയം ഉണ്ടെന്നു പറഞ്ഞാല്‍ പിശകില്ലല്ലോ. എന്തായാലും 164 രാജ്യങ്ങള്‍ വോട്ടു ചെയ്താണ് പുതിയ മാപ്പ് അംഗീകരിച്ചത്. ആറു രാജ്യങ്ങള്‍-യുക്രെയ്ന്‍ അടക്കം അഞ്ചു മുന്‍ സോവ്യറ്റ് റിപ്പബ്ലിക്കുകളും സെര്‍ബിയയും വിട്ടുനിന്നു. എതിര്‍ത്തത് ഒരേ ഒരു രാജ്യം-അമെരിക്ക. അമെരിക്കയുടെ ആക്ഷേപമാണു തുടക്കത്തില്‍ പറഞ്ഞത്. പാശ്ചാത്യ ആധിപത്യ-കോളനിഭാവ നോട്ടം എന്ന കാര്യം ഊതിവീര്‍പ്പിച്ച് യഥാര്‍ഥ ആഗോളപ്രശ്നം മറയ്ക്കാനാണു ശ്രമം എന്ന്.

പാക്കിസ്ഥാന്‍റെ പ്രതിഷേധം കൊണ്ടായാലും, 20 കോടിയോളം മുസ്‌ലിംകളുള്ള ഇന്ത്യയെ അംഗമാക്കാതെ ആകെ പതിനഞ്ചു ലക്ഷത്തിനടുത്തു മുസ്‌ലിംകളുള്ള മുസ്‌ലിംന്യൂനപക്ഷ രാജ്യമായ ടോഗോയെ ഒഐസി എന്ന മുസ്‌ലിം സഹകരണ കൗണ്‍സിലില്‍ അംഗമാക്കിയ രാഷ്‌ട്രീയവും രാഷ്‌ട്രീയം തന്നെയാണല്ലോ.

മാപ്പിന്‍റെ കാര്യത്തില്‍ ആഫ്രിക്കയോടും മറ്റുമുള്ള പിശക് തിരുത്തിയത് നല്ലതാണെങ്കിലും പുതിയ മാപ്പ് സ്വീകരിക്കാനും പഠിപ്പിക്കാനും ഒരു രാജ്യത്തിനും ബാധ്യത കല്‍പ്പിച്ചിട്ടില്ല. താത്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം- അതാണു യുഎന്‍ നിലപാട്.

(മുതിർന്ന മാധ്യമപ്രവർത്തകനും മെട്രൊ വാർത്ത മുൻ എക്സിക്യൂട്ടിവ് എഡിറ്ററുമാണു ലേഖകൻ)

logo
Metro Vaartha
www.metrovaartha.com