ആദിവാണി: പാർശ്വവത്കരിക്കപ്പെട്ടവർക്ക് സാങ്കേതികവിദ്യ

ഇന്ത്യയിലെ ഗോത്ര ഭാഷകൾക്ക് ഡിജിറ്റൽ ലോകത്ത് ഒരു പുതിയ ഇടം സൃഷ്ടിക്കുകയാണ് "ആദിവാണി' (AdiVaani).
"AdiVaani" is creating a new space in the digital world for India's tribal languages.

ഇന്ത്യയിലെ ഗോത്ര ഭാഷകൾക്ക് ഡിജിറ്റൽ ലോകത്ത് ഒരു പുതിയ ഇടം സൃഷ്ടിക്കുകയാണ് "ആദിവാണി' (AdiVaani).

Updated on: 

രഞ്ജന ചോപ്ര

നമ്മുടെ രാജ്യത്ത് 700ലധികം ഗോത്ര വിഭാഗങ്ങളും നൂറിലധികം വ്യത്യസ്ത ഗോത്ര ഭാഷകളും വകഭേദങ്ങളും നിലവിലുണ്ടെങ്കിലും, അവയിൽ വളരെ കുറച്ച് ഭാഷകൾക്കു മാത്രമാണ് സ്വന്തം ലിപിയും നിഘണ്ടുവും ഡിജിറ്റൽ സാന്നിധ്യവുമുള്ളത്. സർക്കാർ പുറത്തിറക്കുന്ന ആരോഗ്യ നിർദേശങ്ങൾ വായിക്കാൻ ശ്രമിക്കുന്ന ഗോണ്ടി ഭാഷ സംസാരിക്കുന്ന ഒരു കർഷകനായാലും, പാഠപുസ്തകത്തിലെ ഒരു വാക്കിന്‍റെ അർഥം തെരയുന്ന സാന്താളി വിദ്യാർഥിയായാലും, ഡിജിറ്റൽ ലോകം ഇതുവരെ അവരുടെ ഭാഷയിൽ അവരോട് സംവദിച്ചിരുന്നില്ല. ഓരോ വാക്യവും രേഖപ്പെടുത്തുന്നതിലൂടെ, ഓരോ ശബ്ദവും സംരക്ഷിക്കുന്നതിലൂടെ, ഓരോ പേജും വിവർത്തനം ചെയ്യുന്നതിലൂടെ ഇന്ത്യയിലെ ഗോത്ര ഭാഷകൾക്ക് ഡിജിറ്റൽ ലോകത്ത് ഒരു പുതിയ ഇടം സൃഷ്ടിക്കുകയാണ് "ആദിവാണി' (AdiVaani).

ഗോത്രകാര്യ മന്ത്രാലയത്തിനു കീഴിൽ (MoTA) ഐഐടി ഡൽഹി വികസിപ്പിച്ച ഒരു എഐ അധിഷ്ഠിത വിവർത്തന, ഭാഷാ സാങ്കേതിക പ്ലാറ്റ്‌ഫോമാണ് ആദിവാണി. ഇതിന്‍റെ ദൗത്യം ലളിതമാണ്, എന്നാൽ അതിന്‍റെ സ്വാധീനം വളരെ വലുതാണ്. ഇംഗ്ലീഷിനും ഹിന്ദിക്കും ഗോത്ര ഭാഷകളുമായും തിരിച്ചും ആശയ വിനിമയം നടത്താൻ കഴിയുന്ന സാങ്കേതിക ഉപകരണങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.

സാന്താളി, മുണ്ഡാരി, ഭിലി, ഗോണ്ടി എന്നീ 4 ഭാഷകളുമായാണ് "ആദിവാണി' പ്രവർത്തനം ആരംഭിച്ചത്; കുയി, ഗാരോ എന്നീ ഭാഷകൾ ഉടൻ ഇതിൽ ഉൾപ്പെടുത്തും. കൂടാതെ, കട്കാരി, കോയ, കൊക്ബോറോക്, ബെട്ട കുരുബ, ചോദ്രി, താഡോ കുക്കി, തങ്ഖുൽ എന്നിവയുൾപ്പെടെ 8 ഭാഷകൾ കൂടി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലാണ്.

ഇതൊരു സമ്പൂർണ ടൂൾകിറ്റാണ്

കേവലം വിവർത്തന ഉപാധി മാത്രമല്ല, ഒരു സമ്പൂർണ ഭാഷാ സാങ്കേതിക ടൂൾകിറ്റിനെയാണ് ആദിവാണി ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരുന്നത്. ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള രചനകൾ ഗോത്ര ഭാഷകളിലേക്ക് തൽക്ഷണം വിവർത്തനം ചെയ്യാൻ സഹായിക്കുന്ന ടെക്സ്റ്റ്- ടു- ടെക്സ്റ്റ് വിവർത്തനം ഇതിൽ ഉൾപ്പെടുന്നു. ഗോത്ര സംസാര ഭാഷകളെ ടെക്സ്റ്റാക്കി മാറ്റുന്ന സ്പീച്ച്- ടു- ടെക്സ്റ്റ് (എഎസ്ആർ) സാങ്കേതികവിദ്യ, ലിഖിതരൂപം പരിമിതമോ കുറഞ്ഞ വായനക്കാരുള്ളതോ ആയ ഭാഷകൾക്ക് ഡിജിറ്റൽ ഇടം സൃഷ്ടിക്കുന്നു. അതേസമയം, എഴുതപ്പെട്ട ഉള്ളടക്കത്തെ സ്വാഭാവികമായി സംസാരിക്കുന്ന ഗോത്രഭാഷാ ശബ്ദമായി മാറ്റുന്ന ടെക്സ്റ്റ്- ടു- സ്പീച്ച് സംവിധാനത്തിലൂടെ, വായിക്കാൻ കഴിയാത്തവർക്കും വിവരങ്ങൾ കേൾവിയിലൂടെ ലഭ്യമാക്കുന്നു. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന രണ്ട് പേർക്ക് തത്സമയം പരസ്പരം മനസിലാക്കാൻ സഹായിക്കുന്ന സ്പീച്ച്- ടു- സ്പീച്ച് സംവിധാനവും ഈ ശൃംഖലയിലെ മറ്റൊരു പ്രധാന ഘടകമാണ്.

ഇതിനൊപ്പം, പഴയ ലിഖിതങ്ങൾ, നാടോടി കൈയെഴുത്തു പ്രതികൾ, പ്രൈമറുകൾ, നിഘണ്ടുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിനുള്ള ഒപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ (ഒസിആർ) സംവിധാനവും ആദിവാണിയിലുണ്ട്. പലപ്പോഴും ഒരു ഭാഷയുടെ അവശേഷിക്കുന്ന അപൂർവ രേഖകളായ ഇവയെ സംരക്ഷിക്കുന്നതിലൂടെ, ഭാഷകളുടെ പൈതൃകം ഭാവിതലമുറകളിലേക്ക് കൈമാറാനും ഇത് സഹായിക്കുന്നു. ഇതെല്ലാം ഒരു പൊതു മൊബൈൽ ആപ്പിലൂടെയും വെബ് പോർട്ടലിലൂടെയും ലഭ്യമാകുന്നു. നിഘണ്ടുക്കൾ, പഠനമൊഡ്യൂളുകൾ, ഉപയോക്തൃ പ്രതികരണ സംവിധാനങ്ങൾ എന്നിവയിലൂടെ പ്ലാറ്റ്‌ഫോം തുടർച്ചയായി മെച്ചപ്പെടുകയും ചെയ്യുന്നു.

പാർശ്വവത്ക്കരിക്കപ്പെട്ടവർ മുഖ്യധാരയിലേക്ക്

സമ്പന്നമായ വാമൊഴി പാരമ്പര്യവും പാരിസ്ഥിതിക വിജ്ഞാനവും സാംസ്‌കാരിക പൈതൃകവും ഉൾക്കൊള്ളുന്നുണ്ടെങ്കിലും, ഇന്ത്യയിലെ ഗോത്ര ഭാഷകൾ രാജ്യത്തിന്‍റെ ഡിജിറ്റൽ, ഭരണ, സാങ്കേതിക സംവിധാനങ്ങളിൽ നിന്ന് ഏറെക്കുറെ ഒഴിവാക്കപ്പെട്ട നിലയിലായിരുന്നു. ഗോത്ര വിഭാഗങ്ങളും മുഖ്യധാരയും തമ്മിൽ പരസ്പര ആശയവിനിമയം സാധ്യമാക്കുന്ന ഒരു പാലം സൃഷ്ടിച്ചുകൊണ്ട് ഈ അവസ്ഥ മാറ്റാനാണ് "ആദിവാണി' ലക്ഷ്യമിടുന്നത്. സർക്കാർ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള അറിയിപ്പുകൾ, ആരോഗ്യ നിർദേശങ്ങൾ, എൻസിഇആർടി പാഠപുസ്തകത്തിലെ ഭാഗങ്ങൾ തുടങ്ങിയവ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നിന്ന് സാന്താളി, ഭിലി തുടങ്ങിയ ഗോത്രഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും, വായിക്കാൻ കഴിയാത്തവർക്കായി ശബ്ദരൂപത്തിൽ കേൾപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.

ഗോത്ര വിഭാഗക്കാർക്ക് സ്വന്തം ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയുന്നതോടെ, സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും അവരെ കൂടുതൽ നന്നായി മനസിലാക്കാൻ കഴിയുന്നു. ചുരുക്കത്തിൽ, ഗോത്ര വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ആനയിക്കുക മാത്രമല്ല "ആദിവാണി' ചെയ്യുന്നത്; മറിച്ച്, മുഖ്യധാരയെ ഗോത്ര ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു.

ഏറ്റവും പ്രധാനമായി, ഈ പദ്ധതി ഗോത്രഭാഷകളെ കേവലം നിർമിതബുദ്ധി (എഐ ) സംവിധാനങ്ങൾക്കുള്ള വിവരശേഖരമായിട്ടല്ല, മറിച്ച് അറിവ്, സംസ്കാരം, കൃഷി, പരിസ്ഥിതി, വാമൊഴി പാരമ്പര്യങ്ങൾ, സാമൂഹിക സ്വത്വം എന്നിവയുമായി ബന്ധപ്പെട്ട സജീവമായ വിജ്ഞാന വ്യവസ്ഥകളായാണ് പരിഗണിക്കുന്നത്.

ഗോത്ര ഇന്ത്യയ്ക്ക് മാത്രമല്ല, എല്ലാവർക്കുമായുള്ള വേദി

ആദിവാണിയുടെ ഗുണങ്ങൾ ഗോത്ര കുടുംബങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. ലോകത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തപ്പെട്ട ചില ഭാഷകൾക്കായി ഗവേഷകർക്കും ഭാഷാ ശാസ്ത്രജ്ഞർക്കും മനസിലാക്കാനും താരതമ്യം ചെയ്യാനും കഴിയുന്ന, മാനദണ്ഡങ്ങളോടെയുള്ള ഡിജിറ്റൽ ഡാറ്റാ സെറ്റുകൾ ഇതിലൂടെ ലഭ്യമാകുന്നു. ഗോത്ര മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ഡോക്റ്റർമാർ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി, പ്രത്യേകിച്ച് പ്രാദേശിക ഭാഷ അറിയാത്തവർക്കായി, ആശയവിനിമയത്തിലെ ഭാഷാ തടസങ്ങൾ അകറ്റി യഥാർഥ സംഭാഷണത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തത്സമയ വിവർത്തന സഹായിയായി ആദിവാണി മാറുന്നു. ഭാഷാശാസ്ത്രവും നരവംശ ശാസ്ത്രവും പഠിക്കുന്ന വിദ്യാർഥികൾക്കും ഗവേഷകർക്കും, പ്രാദേശിക ലൈബ്രറികളിൽ അവഗണിക്കപ്പെട്ട് കാലക്രമേണ നശിച്ചുപോകുമായിരുന്ന പഴയ കൈയെഴുത്തു പ്രതികളും വാമൊഴി പാരമ്പര്യങ്ങളുടെ രേഖകളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നു. അങ്ങനെ, ഓരോ ഇന്ത്യക്കാരനും- ഗോത്രസമൂഹത്തിൽപ്പെട്ടവരോ അല്ലാത്തവരോ ആകട്ടെ- ഇന്ത്യയുടെ ഭാഷാ പൈതൃകം സംരക്ഷിക്കുന്ന ഈ ഡിജിറ്റൽ രേഖയിൽ ഒരു ചെറിയതെങ്കിലും അർഥവത്തായ പങ്ക് വഹിക്കാനാകും. ഓർമയിൽ മാത്രം നിലനിൽക്കാൻ സാധ്യതയുള്ള ഭാഷകൾക്കായി ഇപ്പോൾ ഓൺലൈനിൽ തെരയാനും സംസാരിക്കാനും പഠിപ്പിക്കാനും കഴിയുന്ന ഒരു സംവിധാനം സജ്ജമായിരിക്കുന്നു.

"ആദിവാണി' എന്നത് കേവലം ഭാഷാ വിവർത്തനത്തിനുള്ള ഒരു ഉപാധി മാത്രമല്ല; ഡിജിറ്റൽ, പൊതു സേവനങ്ങളെ സർവാശ്ലേഷിയാക്കാൻ സഹായിക്കുന്ന ഒരു പൊതു വിഭവമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സേവനം സ്വീകരിക്കുന്നവർ എന്ന നിലയിൽ മാത്രം ഗോത്ര സമൂഹങ്ങളെ വീക്ഷിക്കുന്നതിന് പകരം, സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിൽ അവരെ സജീവ പങ്കാളികളാക്കുക എന്നതാണ് അടിസ്ഥാന തത്വം.

സമൂഹത്തിന് മുൻഗണന, സാങ്കേതികവിദ്യ രണ്ടാമത്

ആദിവാണിയുടെ ഏറ്റവും വലിയ കരുത്ത് അതിലെ എഐ സാങ്കേതികവിദ്യ മാത്രമല്ല, മറിച്ച് ആ സാങ്കേതികവിദ്യ വിവിധ സമൂഹങ്ങളുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കുന്ന രീതി കൂടിയാണ്. ഗോത്ര ഭാഷകളെ ഹിന്ദിയിലേക്കോ ഇംഗ്ലീഷിലേക്കോ വിവർത്തനം ചെയ്യുമ്പോൾ എഐക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള സൂക്ഷ്മമായ പിശകുകളോ സാംസ്കാരിക അർഥങ്ങളോ തിരിച്ചറിയാൻ സഹായിക്കുന്ന സജീവ പങ്കാളികളായാണ് തനത് ഭാഷാ വക്താക്കൾ, വിവർത്തകർ, ഭാഷാ ശാസ്ത്രജ്ഞർ, സമുദായത്തിലെ മുതിർന്നവർ എന്നിവരെ പരിഗണിക്കുന്നത്. എഐ തയാറാക്കുന്ന ഓരോ വിവർത്തനവും ഭാഷാ ഡാറ്റാ ബേസിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് തനത് ഭാഷാ വക്താക്കൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തുന്നു. ഒരു ഭാഷ എന്നത് കേവലം വിവരങ്ങളുടെ (ഡേറ്റ) ശേഖരമല്ല, മറിച്ച് ഒരു സമൂഹം തങ്ങളുടെ ചരിത്രവും സ്വത്വവും സമാനമായ ഓർമകളും നിലനിർത്തുന്നതിന്‍റെ അവിഭാജ്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഉഭയസമ്മതം, സാംസ്കാരിക ബഹുമാനം, സമുദായ പങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കിയാണ് ആദിവാണി രൂപപ്പെടുത്തിയിരിക്കുന്നത്.

ഇവിടെയാണ് സംസ്ഥാനതല ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ടിആർഐ)അത്യന്താപേക്ഷിതമാകുന്നത്. ഒരു വാചകം എഐ മോഡലിലേക്ക് എത്തുന്നതിന് വളരെ മുമ്പുതന്നെ ഝാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളിലെ ടിആർഐകളാണ് വിവരശേഖരണ പ്രക്രിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത്. തദ്ദേശീയ ഭാഷാ വക്താക്കളെ ഏകോപിപ്പിക്കുക, ഗ്രാമങ്ങളിലും ബ്ലോക്കുകളിലുമുള്ള പ്രാദേശിക ഭാഷാഭേദങ്ങൾ പരിശോധിക്കുക, പരിശീലന ഡാറ്റയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് വിവർത്തനം ചെയ്തതോ ലിപി രൂപത്തിലാക്കിയതോ ആയ ഓരോ മാതൃകയും സൂക്ഷ്മമായി വിലയിരുത്തുക എന്നിവയെല്ലാം അവർ നിർവഹിക്കുന്നു. ഏതെല്ലാം റെക്കോഡിങ്ങുകളാണ് ആധികാരികമെന്നും വിവർത്തന വേളയിൽ ഏതെല്ലാം ശൈലികൾക്ക് അവയുടെ തനിമ നഷ്ടപ്പെട്ടുവെന്നും തീരുമാനിക്കുന്നത് അവരുടെ പ്രായോഗിക വിജ്ഞാനമാണ്; അങ്ങനെ, സമൂഹത്തിന്‍റെ സ്വാഭാവിക ഭാഷയും ഉപയോഗയോഗ്യമായ ഡിജിറ്റൽ ശേഖരവും തമ്മിൽ ബന്ധപ്പെടുത്തുന്ന നിർണായക കണ്ണിയായി അവർ മാറുന്നു. ടിആർഐകളുടെ ഈ നിരന്തരമായ നേരിട്ടുള്ള പരിശോധന ഇല്ലായിരുന്നെങ്കിൽ, "ആദിവാണി' വികസിപ്പിക്കുന്ന മോഡലുകളിൽ, പിഴവുകളും വൈകല്യങ്ങളും കടന്നുകൂടുമായിരുന്നു.

ഭാവിയിലേക്ക് നോക്കുമ്പോൾ

കൂടുതൽ ഗോത്ര ഭാഷകൾ ഉൾപ്പെടുത്തുക, സംസാര- ശബ്ദ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുക, ആധികാരികമായ ഭാഷാ റെക്കോർഡിങ്ങുകളുടെ വിപുലമായ ശേഖരം കെട്ടിപ്പടുക്കുക എന്നിങ്ങനെ ആദിവാണിയുടെ പ്രവർത്തനങ്ങൾ വിപുലമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സാങ്കേതികമായ വളർച്ചയ്ക്കപ്പുറം വലിയൊരു ലക്ഷ്യം കൂടി ഇതിനുണ്ട്: ഗോത്ര ഭാഷകളുടെ തിരോധാനത്തിന് കാരണമാകുന്നതിന് പകരം, അവയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് ഇത് തെളിയിക്കുന്നു. പല ഭാഷകളും വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ, ഗോത്ര വിഭാഗങ്ങൾക്ക് ആശയവിനിമയം നടത്താനും തനിമ നിലനിർത്താനും സ്വന്തം ഭാഷയിലും സ്വന്തം രീതിയിലും തങ്ങളുടെ ശബ്ദം ലോകത്തെ അറിയിക്കാനും ആദിവാണി അവസരമൊരുക്കുന്നു; ഒപ്പം, ആ ശബ്ദങ്ങളെ തിരിച്ചറിയാനും വിലമതിക്കാനും ശ്രദ്ധിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

(കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറിയാണ് ലേഖിക)

logo
Metro Vaartha
www.metrovaartha.com