Rubber price hike, tyre manufacturers and farmers
റബർ വിലയിൽ കുതിപ്പ്; കർഷകർക്ക് ആശ്വാസം, ടയർ നിർമാതാക്കൾക്ക് ആശങ്ക

റബർ വിലയിൽ കുതിപ്പ്; കർഷകർക്ക് ആശ്വാസം, ടയർ നിർമാതാക്കൾക്ക് ആശങ്ക

റബര്‍ വില 12 വര്‍ഷത്തെ റെക്കോഡ് തലത്തിലേക്ക് ഉയര്‍ന്നതിനൊപ്പം മറ്റ് അസംസ്കൃത വസ്തുക്കളുടെ വിലയും കൂടിയതാണ് ടയര്‍ നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയത്
Published on

ജിബി സദാശിവന്‍

കൊച്ചി: പ്രകൃതിദത്ത റബറിന്‍റെ വരവ് കുറഞ്ഞതോടെ ടയര്‍ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍. റബര്‍ വില 12 വര്‍ഷത്തെ റെക്കോഡ് തലത്തിലേക്ക് ഉയര്‍ന്നതിനൊപ്പം മറ്റ് അസംസ്കൃത വസ്തുക്കളുടെ വില കൂടിയതാണ് ടയര്‍ നിര്‍മാതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

റബര്‍ ഇറക്കുമതിയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണം. രാജ്യാന്തര വിലയെക്കാള്‍ 35 രൂപയോളം ഉയരത്തിലാണ് ആഭ്യന്തര വില. അടുത്ത കാലത്തൊന്നും ഇത്തരമൊരു പ്രതിസന്ധിയുണ്ടായിട്ടില്ല. ബാങ്കോക്കില്‍ ആര്‍എസ്എസ് 4ന് 166 രൂപ മാത്രമാണ് വില. കേരളത്തില്‍ 206 രൂപയ്ക്കാണ് ചെറുകിട വ്യാപാരികള്‍ ഇപ്പോള്‍ ചരക്കെടുക്കുന്നത്. വില ഉയര്‍ന്നു നില്‍ക്കുന്നെങ്കിലും വിപണിയിലേക്ക് എത്തുന്ന ചരക്ക് തീരെ കുറവാണ്.

കനത്ത മഴ കാരണം തോട്ടങ്ങള്‍ സജീവമാകാത്തതാണ് കാരണം. ടാപ്പിങ് തുടങ്ങിയാലും റബര്‍ ലഭ്യത കൂടണമെങ്കില്‍ സമയമെടുക്കും. റബര്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ടയര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (ആത്മ) റബര്‍ ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പ്രകൃതിദത്ത റബറിന്‍റെ 70 ശതമാനവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ലഭ്യത കുറഞ്ഞതിനൊപ്പം അസംസ്കൃത വസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ ടയര്‍ കമ്പനികള്‍ പ്രതിസന്ധിയിലായെന്ന് കത്തില്‍ പറയുന്നു. റബര്‍ വിലയും ഉത്പാദന ചെലവും ഉയര്‍ന്നതോടെ ടയര്‍ വില കൂട്ടാനൊരുങ്ങുകയാണ് കമ്പനികള്‍. ഒരു ശതമാനം മുതല്‍ 2.5 ശതമാനം വരെ വിലയില്‍ വര്‍ധന വരുത്തിയേക്കുമെന്നാണ് സൂചന.

അതിനിടെ, പ്രകൃതിദത്ത റബറിന്‍റെ ലഭ്യത കുറഞ്ഞതോടെ ഇറക്കുമതി നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് ആത്മ. കണ്ടെയ്നര്‍-കപ്പല്‍ ലഭ്യത കുറഞ്ഞതോടെ ഒന്നര മാസമായി റബര്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്. ആഭ്യന്തര ഉത്പാദനം നേര്‍ത്തതോടെ റബര്‍ ലഭ്യതയും കൂപ്പുകുത്തി. പല വന്‍കിട ടയര്‍ കമ്പനികളും നിര്‍മാണം വെട്ടിക്കുറച്ചിരിക്കുകയാണ്. ലോകത്തെ മുന്‍നിര ടയര്‍ നിര്‍മാതാക്കളും കയറ്റുമതിക്കാരുമാണ് ഇന്ത്യ. പ്രകൃതിദത്ത റബര്‍ കിട്ടാതായത് ടയര്‍ മേഖലയുടെ നട്ടെല്ല് തകര്‍ക്കുമെന്നാണ് ആത്മയുടെ വാദം. നിലവില്‍ ചെന്നൈ, മുംബൈ എന്നിവയാണ് ഇറക്കുമതിക്ക് അനുമതിയുള്ള തുറമുഖങ്ങള്‍. കൂടുതല്‍ തുറമുഖങ്ങള്‍ വഴി റബര്‍ ഇറക്കുമതി നടത്താന്‍ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

റബര്‍ ഇറക്കുമതിക്കുള്ള നികുതി കുറയ്ക്കുകയോ എടുത്തു കളയുകയോ ചെയ്താല്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. ഇറക്കുമതി ചുങ്കം നിലനില്‍ക്കുന്നത് കൊണ്ടാണ് ഒരുപരിധിയില്‍ കൂടുതല്‍ വില കുറയ്ക്കാന്‍ ടയര്‍ കമ്പനികള്‍ക്ക് സാധിക്കാതെ വരുന്നത്. അതേസമയം, കേരളത്തില്‍ റബര്‍ വിലയില്‍ രണ്ടു ദിവസത്തിനിടെ രണ്ടു രൂപയുടെ കുറവ് രേഖപ്പെടുത്തി.

കമ്പനികളുടെ ലാഭത്തിലും ഇടിവ്

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ടയര്‍ കമ്പനികളുടെ ലാഭത്തിലും പ്രതിഫലിക്കുന്നുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വിൽപ്പന കൂടിയിട്ടും പ്രധാന കമ്പനികളുടെയെല്ലാം അറ്റലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എംആര്‍എഫിന് മാര്‍ച്ച് പാദത്തില്‍ വരുമാനം 6,349 കോടിയായി വര്‍ധിച്ചു. എന്നാല്‍ ലാഭത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

അപ്പോളോ ടയേഴ്സിന്‍റെ ലാഭത്തിലും അസംസ്കൃത വസ്തുക്കളുടെ പ്രതിസന്ധി ദൃശ്യമാണ്. മുന്‍പാദത്തെ 497 കോടി രൂപയില്‍ നിന്ന് 354 കോടിയായി അറ്റലാഭം കുറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റിനും മാര്‍ച്ച് പാദം അത്ര സുഖകരമായിരുന്നില്ല. ജൂണില്‍ അവസാനിച്ച പാദത്തിലെ ഫലം പുറത്തു വരാനിരിക്കേ പ്രധാനപ്പെട്ട ടയര്‍ കമ്പനി ഓഹരികളെല്ലാം ഇടിഞ്ഞിട്ടുണ്ട്.