കൈപൊക്കുന്ന ഭരണപക്ഷം; കൂകിവിളിക്കുന്ന പ്രതിപക്ഷം

ruling party raises its hands and opposition shouts special story
കൈപൊക്കുന്ന ഭരണപക്ഷം; കൂകിവിളിക്കുന്ന പ്രതിപക്ഷം
Updated on

മദ്യം വിഷമാണ്‌. അതുണ്ടാക്കരുത്‌, കൊടുക്കരുത്‌; കുടിക്കരുത്‌.’ എന്ന ഗുരുദേവ സന്ദേശം ആദ്യമായി മുഴങ്ങിയ കേരളം മദ്യ ഉപയോഗത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി മാറിയിരിക്കുന്നു. 2014-15 ലെ കണക്ക് പ്രകാരം ഗോവ-1413 കോടി രൂപയുടെ മദ്യം കുടിച്ചുതീർത്തപ്പോൾ തൊട്ടടുത്ത് തന്നെ കേരളം 1020 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം ചെലവഴിയുന്നത് കരുനാഗപള്ളിയിലും. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ചാരായം നിരോധിച്ചത്. എന്നാൽ ചാരായ നിരോധനം കൊണ്ട് മദ്യപാനം കുറഞ്ഞില്ലെന്ന് മാത്രമല്ല, മദ്യത്തിന്‍റെയും, കറുപ്പിന്‍റെയും കഞ്ചാവിന്‍റെയും സ്ഥാനത്ത് കൂടുതൽ മാരകമായ ലഹരിവസ്തുക്കളാണ് കേരളത്തിൽ വ്യാപകമായിരിക്കുന്നത്.

15 വയസിന് താഴെയുള്ള യുവതലമുറയുടെ ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ദിനം പ്രതി കൂടി വരികയാണ്.

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങൾക്കും വത്യസ്ഥങ്ങളായ മദ്യനയമാണുള്ളത്. അതിൽ ഏറ്റവും ലിബറൽ സംസ്ഥാനമാണ് കേരളം.

ഇവിടെ ടൂറിസ്റ്റ് സോണിലെ റസ്റ്ററന്‍റുകൾക്ക് എളുപ്പത്തിൽ മദ്യ ലൈസൻസ് ലഭിക്കും. വൈനും ബിയറും മറ്റും ഇഷ്ടം പോലെ വിളമ്പാം. തെങ്ങിൽ നിന്ന് കിട്ടുന്ന പ്രകൃതിദത്തവും രുചികരവുമായ കള്ളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പണ്ടു കള്ളുഷാപ്പിലെ കറിക്ക് എരിവും പുളിയും കൂടുകയും രുചി വർധിക്കുകയും ചെയ്യുമെന്നായിരുന്നു വെപ്പ്. ഇപ്പോൾ കുടുംബസമേതം മദ്യപിക്കാൻ പറ്റുന്ന പാർലറുകൾ ഉണ്ടായിരിക്കുന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിയും ഡിസ്റ്റലറിയും തുടങ്ങാൻ ഡൽഹി ആസ്ഥാനമായ ഒയാസിസ് എന്ന സ്വകാര്യ കമ്പനിക്ക് അനുവാദം നൽകിയത്.

ഇക്കാര്യത്തിൽ സർക്കാരിന് ഒത്തിരി ന്യായീകരണമുണ്ട്. കേരളത്തിൽ വിതരണം ചെയ്യുന്ന മദ്യം പ്രത്യേകിച്ച് വിദേശമദ്യം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമാണ് വാങ്ങുന്നത്. അപ്പോൾ വില കൂടുമെന്ന് മാത്രമല്ല, കേരളത്തിന് ലഭിക്കേണ്ട ന്യായമായ സാമ്പത്തിക മെച്ചം ഇല്ലാതെയുമാകുന്നു.

പാലക്കാട് പോലുള്ള പ്രദേശത്ത് ബ്രൂവറി തുടങ്ങിയാൽ കാർഷിക മേഖലയ്ക്ക് ഗുണകരമാവും. വിവിധ തരത്തിലുള്ള മദ്യങ്ങൾ നിർമ്മിക്കാനുള്ള മൾബറി, തക്കാളി തുടങ്ങിയ കായ്ഫലങ്ങൾ, കേരളത്തിൽ കൂടുതലായി കൃഷി ചെയ്യാൻ സാധിക്കും.

ജല ലഭ്യത കുറയുമെന്ന ആശങ്ക വേണ്ടെന്നാണ് സർക്കാർ പറയുന്നത്. കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ലഭിക്കുന്നത് കേരളത്തിലാണ്. മാത്രമല്ല, മഴവെള്ള സംഭരണിയിലൂടെയാണ് മദ്യകമ്പനിക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നത്.

ഭരിക്കുന്നവർ കൈ പൊക്കുകയും പ്രതിപക്ഷം കൂകി വിളിക്കുകയും ചെയ്യുന്നതാണ് കേരളത്തിന്‍റെ രീതി. നെടുമ്പാശ്ശേരി എയർപോർട്ടിന് രൂപം നൽകിയപ്പോൾ കൊച്ചിയിൽ വില്ലിങ്ൺ ഐലൻഡിൽ എയർപോർട്ടുണ്ടല്ലോ എന്നും, വന്ദേ ഭാരത് ഹൈസ്പീഡ് ട്രെയ്‌ൻ വന്നപ്പോൾ അതിൽ സഞ്ചരിക്കാൻ ആളുണ്ടാവില്ലെന്നും പറഞ്ഞു. എന്നാൽ ഇന്ന് വന്ദേ ഭാരത് ട്രെയ്‌നിൽ യാത്ര ചെയ്യണമെങ്കിൽ ദിവസങ്ങൾക്ക് മുൻപേ റിസർവ് ചെയ്യണം. സിൽവർലൈൻ പദ്ധതിക്കെതിര‌േ ശബ്ദമുയർത്തിയവർ കേരളത്തിൽ ഒരു ഹൈസ്പീഡ് റെയ്‌ൽവേ സിസ്റ്റം അത്യാവശ്യമാണെന്ന് പറയാൻ തുടങ്ങിയിരിക്കുന്നു.

ദേശീയപാതയുടെ വീതി 30 മീറ്ററിൽ കൂടുതൽ വേണ്ടെന്ന് എല്ലാ പാർട്ടിക്കാരും കൂടി നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയ ചരിത്രമാണ് നമുക്കുള്ളത്. എന്നാൽ ഇപ്പോൾ കേരളത്തിൽ പാലക്കാട് നിന്നും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മേൽപ്പാലങ്ങളുടെ ഒരു ശൃംഖല തന്നെയാണ് അതിവേഗം പണിയുന്നത്.

പ്രതിപക്ഷത്താണെങ്കിൽ സർക്കാർ എടുക്കുന്ന എല്ലാ നയങ്ങളോടും എതിർപ്പ് ഭരണപക്ഷത്താണെങ്കിൽ ആരോടും ചർച്ച ചെയ്യാതെയും, ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും ഏത് പദ്ധതിയും സ്വന്തം നേട്ടമാക്കി തീർക്കാൻ വെമ്പുന്നു.

കേരളത്തിൽ നൂറ് ശതമാനം മദ്യനിരോധനം അപ്രായോഗികമാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരായ ജനകീയ കൂട്ടായ്മ ഉണ്ടാവുകയും പ്രായോഗിക ചിന്താഗതിയോടു കൂടി മദ്യനയത്തിന് എല്ലാവരും ചേർന്ന് ചർച്ച ചെയ്ത് സമവായത്തോടെ രൂപം നൽകി സംസ്ഥാനത്തിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉണ്ടാക്കണമെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com