

ഇന്ന് അടിയന്തരാവസ്ഥ നടപ്പാക്കിയതിന്‍റെ 50ാം വാർഷികം
കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്‍റെ 50 വർഷം പൂർത്തിയാകുന്ന വേളയിലും നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി ഓർമിക്കപ്പെടുന്ന ഈ കാലഘട്ടത്തെക്കുറിച്ച് രാജ്യം ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. "സംവിധാൻ ഹത്യ ദിവസ് ' ദേശീയ അനുസ്മരണത്തിന്‍റെ സമാപന ചടങ്ങ് - ജനാധിപത്യം നീണാൾ വാഴട്ടെ- ആചരിക്കുന്നതിന്‍റെ ലക്ഷ്യം വെറുതെ ചരിത്രം ഓർക്കുക മാത്രമല്ല, നമ്മുടെ റിപ്പബ്ലിക്കിനെ നിലനിർത്തുന്ന ശാശ്വതമായ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുക കൂടിയാണ്.
ഡോ. ബി.ആർ. അംബേദ്കർ ഒരിക്കൽ പറഞ്ഞു, ""ഭരണഘടന കേവലം വക്കീലന്മാർക്ക് വേണ്ടിയുള്ള ഒരു രേഖയല്ല; അത് ജീവിതത്തിന്‍റെ ഒരു ചാലകശക്തിയാണ്, അതിന്‍റെ ആത്മാവ് എപ്പോഴും ആ കാലഘട്ടത്തിന്‍റെ ആത്മാവ് തന്നെയാണ് ''.
ഭരണഘടനാപരമായ യാത്രയുടെ സത്തയെ ഇതിനേക്കാൾ ശക്തമായി പ്രതിഫലിപ്പിക്കുന്ന പ്രസ്താവനകൾ ചുരുക്കമാണ്. ഭരണഘടന കേവലം ഭരണകൂടത്തിന്‍റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു നിയമപരമായ ചട്ടക്കൂട് മാത്രമല്ല. അത് പൗരന്മാരും സ്ഥാപനങ്ങളും, അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവും തമ്മിലുള്ള സജീവമായ ഒരു ഉടമ്പടിയാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ അത് ഓർമിക്കപ്പെടേണ്ടതുണ്ട്.
ജനാധിപത്യ സവിശേഷതകൾ നമ്മുടെ സംസ്കാരത്തിന്‍റെ പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. നൂറ്റാണ്ടുകളായി സമൂഹം കൂടിയാലോചനകൾ, കൂട്ടായ ചർച്ചകൾ, പൊതുജന പങ്കാളിത്തം എന്നിവയ്ക്കായുള്ള സംവിധാനങ്ങളെ വളർത്തിയെടുത്തിട്ടുണ്ട്. ഭാരതത്തിന് ജനാധിപത്യം പൈതൃകമായി ലഭിച്ചതല്ല- അതിനെ പരിപോഷിപ്പിച്ചെടുത്തതാണ്. പുരാതന സഭകളും സമിതികളും മുതൽ സ്വാതന്ത്ര്യാനന്തര പാർലമെന്‍ററി സംവിധാനം വരെ, ജനങ്ങളുടെ കൂട്ടായ താല്പര്യത്തിലാണ് നാം എപ്പോഴും വിശ്വസിച്ചിട്ടുള്ളത്.
തലമുറകളായി അവയെ നിലനിർത്തിയ മൂല്യങ്ങൾ സംരക്ഷിച്ചു തന്നെ, ഭരണഘടന ഈ പാരമ്പര്യങ്ങളെ ആധുനിക ജനാധിപത്യ ചട്ടക്കൂടിലേക്ക് പരിവർത്തനം ചെയ്തു. ഭരണഘടനയുടെ ആമുഖം എപ്പോഴും നമ്മുടെ ദിശാസൂചികയായി തുടരുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. ഇവ കേവലം ഭരണഘടനാപരമായ ആദർശങ്ങൾ മാത്രമല്ല; അവ ദേശീയമായ ആഗ്രഹങ്ങൾ കൂടിയാണ്. അവ പൊതുനയങ്ങളെ നയിക്കുകയും, സ്ഥാപനങ്ങൾക്ക് രൂപം നൽകുകയും, ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തെ നിർവചിക്കുകയും ചെയ്യുന്നു.
1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ സ്വതന്ത്ര ഇന്ത്യ നേരിട്ട ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു. ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങൾ ദുർബലപ്പെടുകയും സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുമ്പോൾ ജനാധിപത്യ സ്ഥാപനങ്ങൾ എങ്ങനെ സമ്മർദത്തിലാകുമെന്ന് അത് കാണിച്ചുതന്നു. ആ ആഘാതം രാഷ്‌ട്രീയ ജീവിതത്തിന് അപ്പുറത്തേക്ക് വ്യാപിച്ചിരുന്നു, പൗരന്മാരുടെ ദൈനംദിന അനുഭവങ്ങളെ സ്പർശിച്ചു. അത് വലിയൊരു മാനുഷിക വില ആവശ്യപ്പെടുന്നതായിരുന്നു. അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ സ്ഥാപനങ്ങൾ മാത്രമല്ല കഷ്ടപ്പെടുന്നത് സാധാരണ ജനങ്ങളും കുടുംബങ്ങളും സമൂഹങ്ങളുമാണ്, അവരുടെ സ്വാതന്ത്ര്യത്തെയും ആഗ്രഹങ്ങളെയുമാണ് ബാധിക്കുന്നത്. എന്നിരുന്നാലും, ആ കാലഘട്ടം നൽകുന്ന പാഠം ജനാധിപത്യത്തിന്‍റെ കരുത്തിന്‍റേതാണ്.
ജനാധിപത്യ പ്രക്രിയകൾ ഒടുവിൽ ജനാധിപത്യത്തിലെ വൈകല്യങ്ങളെ തിരുത്തി. സമാധാനപരമായി ബാലറ്റ് പെട്ടിയിലൂടെ പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്ന തത്വം പൗരന്മാർ വീണ്ടും ഉറപ്പിച്ചു. പ്രതിസന്ധികളിൽ നിന്ന് പഠിക്കാനും, പൊരുത്തപ്പെടാനും, സ്വയം തിരുത്താനും, കൂടുതൽ ശക്തമായി ഉയർന്നുവരാനുമുള്ള ശേഷി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്നായി തുടരുന്നു.
ഈ സന്ദർഭത്തിന്‍റെ ഭാഗമായി ഒരുക്കുന്ന പ്രത്യേക പ്രദർശനം അനുസ്മരണത്തിന്‍റെ പ്രധാന ഘടകമാണ്. പുരാ രേഖകൾ, പ്രതിരോധത്തിന്‍റെ കഥകൾ, ഭരണഘടനാപരമായ നാഴികക്കല്ലുകൾ, അടിയന്തരാവസ്ഥക്കാലത്തെ ജനങ്ങളുടെ അനുഭവങ്ങൾ എന്നിവ അവതരിപ്പിച്ച്, ജനാധിപത്യത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയുള്ള ദൃശ്യാവിഷ്കാര യാത്രയായി ഇത് മാറുന്നു. മറ്റൊരു പ്രധാന ഘടകം പദ്മഭൂഷൺ ജേതാവും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റാം ബഹാദൂർ റായ് നടത്തുന്ന അനുസ്മരണ പ്രഭാഷണമാണ്.
സ്വാതന്ത്ര്യം നേടി 8 പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ കാലഘട്ടത്തിൽ, ജനാധിപത്യത്തിന്‍റെ അർഥം തുടർന്നും വികസിച്ചുകൊണ്ടിരിക്കുകയാണ്. പൗരന്മാർ ഇന്ന് വെറും പ്രാതിനിധ്യം മാത്രമല്ല, പങ്കാളിത്തം കൂടിയാണ് ആഗ്രഹിക്കുന്നത്; അവകാശങ്ങൾ മാത്രമല്ല, ഉത്തരവാദിത്തമുള്ള ഭരണവുമാണ് പ്രതീക്ഷിക്കുന്നത്. പൗരത്വത്തിന്‍റെ ഉത്തരവാദിത്തം ഇപ്പോൾ കൂടുതൽ പ്രധാനപ്പെട്ടതായി. ശക്തമായ ജനാധിപത്യം നിലനിൽക്കുന്നത് ബോധവാന്മാരായ പൗരന്മാരിലാണ്. ഇന്ന് ലോകം ഇന്ത്യയിലേക്ക് നോക്കുകയും രാജ്യത്തെ "ജനാധിപത്യത്തിന്‍റെ മാതാവ് ' എന്ന് വിളിക്കുകയും ചെയ്യുമ്പോൾ, അത് രാജാക്കന്മാരുടെ ധർമം മുതൽ ആധുനിക വോട്ടർമാരുടെ താത്പര്യം വരെയുള്ള നീണ്ട സാംസ്കാരിക യാത്രയ്ക്കുള്ള അംഗീകാരമാണ്.
സമാപന ചടങ്ങിന്‍റെ ഭാഗമായിട്ടുള്ള ഘടകങ്ങൾ, ജനാധിപത്യത്തെ സജീവവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ദേശീയ അനുഭവമായി കാണുന്ന വിശാലമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. 2021ൽ "ആസാദി കാ അമൃത് മഹോത്സവ്' അനുസ്മരണത്തിന്‍റെ ഭാഗമായി ആരംഭിച്ച പ്രാരംഭ പദ്ധതിയായ ഡിജിറ്റൽ ഡിസ്ട്രിക്റ്റ് റെപ്പോസിറ്ററി (ഡിഡിആർ) സംബന്ധിച്ച പ്രദർശനം രാജ്യത്തിന്‍റെ ഓരോ കോണിൽ നിന്നുമുള്ള ത്യാഗത്തിന്‍റെയും ധീരതയുടെയും പൊതുജന പങ്കാളിത്തത്തിന്‍റെയും അധികമാരുമറിയാത്ത നൂറുകണക്കിന് കഥകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ അധികമാരുമറിയാത്ത ഈ കഥകളെ ആസ്പദമാക്കി സാംസ്കാരിക മന്ത്രാലയം 10 ഹ്രസ്വചിത്രങ്ങളും നിർമിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റ് വിഭാഗത്തിൽ ഇതുവരെ 19,500ലധികം വിവരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഡിഡിആർ പദ്ധതിയിലേക്ക് സംഭാവനകൾ നൽകിയ സ്ഥാപനങ്ങളിലും വകുപ്പുകളിലും, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്‍റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ് (സിസിആർടി) സ്വാതന്ത്ര്യസമരത്തിന്‍റെ അധികമാരുമറിയാത്ത വശങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി കഥകൾ രേഖപ്പെടുത്തുന്നതിലും പരിരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ സുദിനത്തിൽ, ധീരതയുടെയും ത്യാഗത്തിന്‍റെയും സേവനത്തിന്‍റെയും ജീവിക്കുന്ന പ്രതീകങ്ങളായ രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ സാന്നിധ്യത്താൽ നാം അനുഗൃഹീതരാണ് - മഹാരാഷ്‌ട്രയിൽ നിന്നുള്ള ശേഷ്റാവു ലക്ഷ്മൺറാവു ഖോട്ട്- വിദ്യാർഥിയായിരിക്കെ ഹൈദരാബാദ് വിമോചന പ്രസ്ഥാനത്തിൽ ചേർന്നു. ആന്ധ്ര പ്രദേശിൽ നിന്നുള്ള എദ്ദുല സൂര്യനാരായണ റെഡ്ഡി- കുട്ടിക്കാലം മുതൽക്കേ സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുകയും 11ാം വയസിൽ തടങ്കലിലാകുകയും ചെയ്തു.
പൈതൃകവും സാംസ്കാരിക തുടർച്ചയും
സാംസ്കാരിക പാരമ്പര്യങ്ങളെയും കലാപരമായ ആവിഷ്കാരങ്ങളെയും പങ്കുവയ്ക്കപ്പെട്ട പൈതൃകങ്ങളെയും ആഘോഷിക്കുന്ന "വിരാസത് ' മേളയുടെ 11ാം പതിപ്പ് ഇതിന് അനുപൂരകമായി മാറുന്നു. സ്വാതന്ത്ര്യസമര സേനാനിയും സാംസ്കാരിക ദീർഘദർശിയും നിരവധി സ്ഥാപനങ്ങളുടെ ശില്പിയുമായ കമലാദേവി ചതോപാധ്യായയുടെ സ്മരണയെ ഇത് ആദരിക്കുന്നു. ഇതിലെ ക്ലാസിക്കൽ അവതരണങ്ങൾ തലമുറകളും പ്രദേശങ്ങളും വിവിധ ചിന്താധാരകളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്ന സംവാദങ്ങളിലൂടെ രൂപപ്പെട്ട സംഗീത പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
"എനജോരി: ലോക്നാദ് - ജനജാതിയ സമരസ്ത കാ സ്വർ-സംഗമം' എന്ന അവതരണം അസമിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും സാംസ്കാരിക പാരമ്പര്യങ്ങളെ ആഘോഷിക്കുന്നു. വൈവിധ്യമാർന്ന സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന സംഗീത- നൃത്ത പാരമ്പര്യങ്ങളിലൂടെ, നമ്മുടെ റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന തത്വങ്ങളിലൊന്നായ "നാനാത്വത്തിൽ ഏകത്വം' എന്ന ആശയത്തെ ഇത് പ്രകടിപ്പിക്കുന്നു. സിസിആർടി സ്കോളർമാർ അവതരിപ്പിക്കുന്ന "നിശബ്ദതയിൽ നിന്ന് ശബ്ദത്തിലേക്ക്, ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് ' എന്ന പ്രത്യേക പ്രമേയാധിഷ്ഠിത അവതരണം ഏറെ അർഥവത്തായ ഒന്നാണ്.
ഈ അനുസ്മരണവുമായി ബന്ധപ്പെട്ട മറ്റൊരു നിർണായക നാഴികക്കല്ല് മഹർഷി ദയാനന്ദ സരസ്വതി കലാ ഗുരുകുലം ആൻഡ് കലാഗ്രാമിന്‍റെ ശിലാസ്ഥാപനമാണ്. കലാ പൈതൃകം പഠിക്കാനും പരിശീലിക്കാനും സാധിക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഗുരുകുല സമ്പ്രദായത്തിന്‍റെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് തയാറാക്കിയിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങൾ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതു പോലെ തന്നെ, സാംസ്കാരിക പാരമ്പര്യങ്ങളെയും നിലനിർത്താനും നവീകരിക്കാനും ഇത്തരം സ്ഥാപനങ്ങൾ ആവശ്യമാണ്. സാംസ്കാരിക ആവിഷ്കാരങ്ങൾക്ക് ജനങ്ങളുടെ ബോധത്തിലും പൗരബോധത്തിലും ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്ന് "സേവാ പർവ് ' കാണിച്ചുതരുന്നു.
"സംവിധാൻ ഹത്യ ദിവസ്' അനുസ്മരണവുമായി ബന്ധപ്പെട്ട ഈ ഘടകങ്ങളെല്ലാം ഒരേയൊരു പൊതുസന്ദേശമാണ് പകരുന്നത്- ജനാധിപത്യം കേവലം ഒരു രാഷ്‌ട്രീയ വ്യവസ്ഥിതി മാത്രമല്ല, അതൊരു ജീവിക്കുന്ന പാരമ്പര്യമാണ്. ജനപങ്കാളിത്തത്താൽ നിലനിർത്തപ്പെടുന്നതും, അറിവും ജാഗ്രതയുമുള്ള ഒരു പൗരസമൂഹത്താൽ സംരക്ഷിക്കപ്പെടുന്നതുമാണ് അത്. 2047ൽ സ്വാതന്ത്ര്യത്തിന്‍റെ ശതാബ്ദിയിലേക്ക് നാം ചുവടുവെയ്ക്കുമ്പോൾ ഈ വീര്യം നമുക്ക് മുന്നോട്ട് കൊണ്ടുപോകാം!