ഈജിപ്ഷ്യൻ വിനോദസഞ്ചാരക്കപ്പൽ: 2000 വർഷം പഴക്കം അവശിഷ്ടങ്ങൾ കണ്ടെത്തി അലക്സാണ്ട്രിയയിലെ സമുദ്ര പുരാവസ്തു ഗവേഷകർ

അവശിഷ്ടങ്ങൾ കണ്ടെത്തി അലക്സാണ്ട്രിയയിലെ സമുദ്ര പുരാവസ്തു ഗവേഷകർ
A diver looks at a wreckage with Greek inscriptions near the sunken island of Antirhodos.

മുങ്ങിപ്പോയ ആന്റിറോഡോസ് ദ്വീപിനടുത്തുള്ള ഗ്രീക്ക് ലിഖിതങ്ങളുള്ള ഒരു അവശിഷ്ടം ഒരു മുങ്ങൽ വിദഗ്ദ്ധൻ നോക്കുന്നു.

file photo

Updated on

ദുബായ്: റോമൻ കാലഘട്ടത്തിലെ ഈജിപ്തിലെ ജീവിതത്തെ കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച നൽകുന്ന അപൂർവ കണ്ടെത്തലുമായി സമുദ്ര പുരാവസ്തു ഗവേഷകർ. അലക്സാണ്ട്രിയയ്ക്കു സമീപമുള്ള കടലിനടിയിലാണ് 2000 വർഷം പഴക്കമുള്ള ഒരു ഈജിപ്ഷ്യൻ വിനോദസഞ്ചാരക്കപ്പലിന്‍റെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയത്.

യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ അണ്ടർവാട്ടർ ആർക്കിയോളജിയുടെ അഭിപ്രായത്തിൽ ആന്‍റിറോഡോസ് ദ്വീപിലെ താണുപോയ പൗരാണിക തുറമുഖത്താണ് മുങ്ങൽ വിദഗ്ധർ കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 35 മീറ്ററിലധികം നീളവും ഏഴു മീറ്ററോളം വീതിയുമുള്ള കപ്പൽ പുരാവസ്തുക്കളും ലിഖിതങ്ങളും സഹിതം കടൽത്തീരത്ത് കിടക്കുന്നതായാണ് കണ്ടെത്തിയത്.

എ.ഡി. ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലേതെന്നു കരുതപ്പെടുന്ന ഗ്രീക്ക് എഴുത്തുകൾ പുരാവസ്തു ഗവേഷകർ കപ്പലിൽ കണ്ടെത്തിയതായി പുരാവസ്തു ഗവേഷക ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇത് കപ്പൽ അലക്സാണ്ട്രിയയിൽ നിർമിച്ചതായിരിക്കാനുള്ള സാധ്യതയെ ശക്തിപ്പെടുത്തുന്നു. കപ്പലിൽ സമൃദ്ധമായി അലങ്കരിച്ച ഒരു ക്യാബിൻ ഉണ്ടായിരുന്നു എന്നും പൂർണമായും തുഴകൾ ഉപയോഗിച്ചാണ് അത് സഞ്ചരിച്ചതെന്നും ആദ്യകാല വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.

ബിസി 331ൽ മഹാനായ അലക്സാണ്ടർ സ്ഥാപിച്ച അലക്സാണ്ട്രിയ വളരെക്കാലമായി ഭൂകമ്പ പ്രവർത്തനങ്ങളാൽ രൂപപ്പെട്ടതാണ്. തുടർച്ചയായ ഭൂകമ്പങ്ങളും സുനാമികളും ആന്‍റിഡോസ് ദ്വീപ് ഉൾപ്പടെയുള്ള അതിന്‍റെ പുരാതന തീരപ്രദേശത്തിന്‍റെ ചില ഭാഗങ്ങൾ മുങ്ങുന്നതിലേയ്ക്കു നയിച്ചു.1996ൽ ദ്വീപിന്‍റെ അവശിഷ്ടങ്ങൾ വീണ്ടും കണ്ടെത്തി. വർഷങ്ങളായി മുങ്ങൽ വിദഗ്ധർ പ്രതിമകൾ, നാണയങ്ങൾ, മറ്റു നിധികൾ എന്നിവ കണ്ടെടുത്തു. അവയിൽ പലതും നഗരത്തിലെ ഗ്രീക്കോ-റോമൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

യൂറോപ്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊർ അണ്ടർവാട്ടർ ആർക്കിയോളജിയുടെ ഡയറക്റ്റർ ഫ്രാങ്ക് ഗോഡിയോ 1990കൾ മുതൽ നടത്തിയ അണ്ടർവാട്ടർ പര്യവേഷണങ്ങളെ അടിസ്ഥാനമാക്കി ആന്‍റിറോഡോസിനെയും അതിന്‍റെ ഐസിസ് ക്ഷേത്രത്തെയും കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്.

സമ്പന്നമായ പുരാവസ്തു പൈതൃകം ഉണ്ടായിട്ടു പോലും ആധുനിക അലക്സാണ്ട്രിയ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരയാകുന്നു. സമുദ്രനിരപ്പ് ഉയരുന്നത് ഇതിനകം തന്നെ പ്രതിവർഷം മൂന്നു മില്ലിമീറ്ററിൽ അധികം എന്ന നിരക്കിൽ നഗരത്തെ വെള്ളത്തിനടിയിൽ ആക്കുകയാണ്. ഇക്കണക്കിനു പോയാൽ 2050 ആകുമ്പോഴേയ്ക്കും അലക്സാണ്ട്രിയയുടെ മൂന്നിലൊന്നു ഭാഗം വെള്ളത്തിൽ ആകുകയോ വാസയോഗ്യമല്ലാതാകുകയോ ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com