പ്ലീസ്, മേതിലിനെ ഒരു വിഗ്രഹമാക്കരുതേ!

കേരളത്തിലെ യുവതലമുറയ്ക്ക് ഇന്നു വേണ്ടത് കൂടുതൽ ആരാധനാപാത്രങ്ങളല്ല, മികച്ച വായനയും ചിന്തയും വിമർശനസ്വാതന്ത്ര്യവുമാണ്.
Please, don't idolize Methil!

പ്ലീസ്, മേതിലിനെ ഒരു വിഗ്രഹമാക്കരുതേ!

Updated on: 

ക്വാറന്‍റൈൻ|കെആർ പ്രമോദ്

മേതിലിന്‍റെ രചനകളെക്കുറിച്ച് ചില ആരാധകർ വിശേഷിപ്പിക്കുന്നത് "മേതിലിയൻ എഴുത്ത്', ' "മേതിലിയൻ വിചാരങ്ങൾ' എന്നൊക്കെയാണ്. കവി അയ്യപ്പനെ ഒരുകൂട്ടം യുവ പത്രപ്രവർത്തകർ പലയിടത്തും എഴുന്നളളിച്ചും സത്കരിച്ചും ഒരുവഴിക്കാക്കി, ഇല്ലാതാക്കിയത് നമ്മൾ കണ്ടതാണ്. എഴുപതുകളിലെ തലമുറയ്ക്ക് ഇത്തരം ബാലിശമായ ആരാധനാരീതികളൊന്നും ഇല്ലായിരുന്നു. ഇഎംഎസും എകെജിയും വിഗ്രഹങ്ങളായില്ല. ജനപ്രിയ നായകരായിരുന്ന സത്യനും നസീറും പോലും പൂജാവിഗ്രഹങ്ങളല്ലായിരുന്നു.

മൂമ്മൂട്ടി ഒരു വിഗ്രഹമാണ്.

മോഹൻലാൽ ഒരു വിഗ്രഹമാണ്.

പിണറായിയും വി.ഡി. സതീശനും വിഗ്രഹങ്ങളാണ്.

എഴുത്തച്ഛൻ പുരസ്കാരം നേടിയ മേതിൽ രാധാകൃഷ്ണനെയും ഇപ്പോഴിതാ, പലരും ചേർന്ന് ഒരു വിഗ്രഹമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു!

ഒരാൾ വിഗ്രഹമായി മാറുന്നത് ഒട്ടും നന്നല്ല.

അങ്ങനെ മാറിയതിന്‍റെ പെടാപ്പൊടുകളാണ് ഇപ്പോൾ മുഹമ്മദുകുട്ടി എന്ന മമ്മൂട്ടി എന്ന "മമ്മൂക്ക' അനുഭവിക്കുന്നത്. ഒരു പ്രത്യേക പാർട്ടിയുടെ നേതാവിനെ വീട്ടിൽ ചെന്നു കണ്ടതിന് നമ്മുടെ നവോത്ഥാനവാദികൾ അദ്ദേഹത്തെ അസഭ്യം കൊണ്ട് അഭിഷേകം ചെയ്യുകയാണല്ലോ.

നമ്മുടെയിടയിൽ പണ്ടില്ലാതിരുന്ന ഈ വിഗ്രഹ പൂജ അത്യന്തം ബാലിശവും അപകടകരവുമാണ്. കവി അയ്യപ്പനെ ഒരുകൂട്ടം യുവ പത്രപ്രവർത്തകർ പലയിടത്തും എഴുന്നളളിച്ചും സത്കരിച്ചും ഒരുവഴിക്കാക്കി, ഇല്ലാതാക്കിയത് നമ്മൾ കണ്ടതാണ്.

കൊച്ചുകുട്ടികൾ ഒരു പാവയെ പരിപാലിക്കുന്നതുപോലെയാണ് ഇപ്പോൾ പലരും വിഗ്രഹങ്ങളെ കൊണ്ടുനടക്കുന്നത്. ആ പാവയെ അവർ തന്നെ കുളിപ്പിക്കും, പാലുകൊടുക്കും, ഊട്ടിയുറക്കും! ആ പാവക്കുട്ടി അവർക്കുമാത്രം സ്വന്തമാണ്.

എഴുപതുകളിലെ തലമുറയ്ക്ക് ഇത്തരം ബാലിശമായ ആരാധനാരീതികളൊന്നും ഇല്ലായിരുന്നു. ഇഎംഎസും എകെജിയും വിഗ്രഹങ്ങളായില്ല. ബഷീറും ഉറൂബും തകഴിയും വികെഎന്നും വിഗ്രഹങ്ങളായില്ല. മഹാകവി പി. കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളിയും ആരാധകരുടെ പിടിയിൽ നിൽക്കാതെ, വിഗ്രഹങ്ങളാകാതെ രക്ഷപെട്ടവരാണ്. എന്തിന്, ജനപ്രിയ താരങ്ങളായിരുന്ന സത്യനും നസീറും ഷീലയും ജയഭാരതിയും ശാരദയും പോലും പൂജാവിഗ്രഹങ്ങളല്ലായിരുന്നു.

വിഗ്രഹപൂജാ സിൻഡ്രോം

മേതിൽ രാധാകൃഷ്ണനെ ആരാധിച്ചുകൊണ്ട് സോഷ്യൽ മീഡയയിൽ പൊടുന്നനെ പ്രത്യക്ഷമായ ഒരു വലിയ വിഭാഗം യുവാക്കൾ സമൂഹത്തിൽ പടരുന്ന ഒരു രോഗത്തിന്‍റെ - വിഗ്രഹ പൂജാ സിൻഡ്രോമിന്‍റെ - വാഹകരാണ്.

വ്യത്യസ്തരായി ശ്രദ്ധിക്കപ്പെടാനുള്ള ആവേശവും ബാലിശമായ കൗതുകവും മാത്രമാണു പലരെയും ഇത്തരം കപട ആരാധനകൾക്കു പ്രേരിപ്പിക്കുന്നത്. ഇവരൊക്കെ മേതിലിന്‍റെ വിചിത്രവും ദുർഗ്രഹവ്യമായ രചനകളെ വായിച്ചു മനസിലാക്കിയവരാണോ എന്നു സംശയമുണ്ട്. മേതിലിന്‍റെ കൃതികൾ സാധാരണക്കാർക്ക് അപ്രാപ്യമാണെന്നും അവർ പറഞ്ഞുവച്ചു! രചനകളെക്കുറിച്ച് ചില ആരാധകർ വിശേഷിപ്പിക്കുന്നത് "മേതിലിയൻ എഴുത്ത്', ' "മേതിലിയൻ വിചാരങ്ങൾ' എന്നൊക്കെയാണ്. "മേതിലിനു തുല്യൻ മേതിൽ മാത്രം!' എന്ന് അട്ടഹസിക്കുന്നവരുമുണ്ട്.

സാംസ്കാരിക രംഗത്തെ ഉത്തരവാദിത്വപ്പെട്ട ഉന്നതസ്ഥാനത്ത് വിരാജിക്കുന്ന ഒരു വലിയ എഴുത്തുകാരൻ മേതിലിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "മലയാളസാഹിത്യത്തിൽ സമാന്തരങ്ങളില്ലാത്ത പ്രതിഭയാണ് മേതിൽ!"

എന്തുകൊണ്ട് മേതിൽ?

മേതിലിനെക്കുറിച്ചുള്ള സമീപകാല സമീപനങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അദ്ദേഹത്തിന്‍റെ രചനകളെക്കുറിച്ചുള്ള ചർച്ച മാത്രമല്ല നടക്കുന്നത്. അദ്ദേഹത്തിന്‍റെ വ്യക്തിത്വം, ജീവിതാനുഭവങ്ങൾ, ശാസ്ത്രത്തിലുള്ള താത്പര്യം, സാഹിത്യത്തിൽനിന്നുള്ള നീണ്ട ഇടവേള, ചിന്തകളിലെ സവിശേഷത എന്നിവയും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നു.

ഇതിൽ അപകടമൊന്നുമില്ല. പക്ഷേ ഒരു എഴുത്തുകാരന്‍റെ വ്യക്തിത്വം അദ്ദേഹത്തിന്‍റെ സാഹിത്യ പ്രതിഭയുടെ അളവുകോലായി മാറുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. മേതിലിന്‍റെ രൂപഭാവങ്ങളിലും സാഹിത്യബാഹ്യമായ ജീവിതത്തിലും മാത്രം ആകൃഷ്ടരായ പലരും ഇക്കൂട്ടത്തിലുണ്ടെന്നുവേണം കരുതാൻ. സൗന്ദര്യവും ബൗദ്ധികതയും രൂപസൗകുമാര്യമുള്ള ഒരാൾ ബൗദ്ധികമായും വ്യത്യസ്തനാണെങ്കിൽ ചിലപ്പോഴൊരു വിഗ്രഹമായി മാറിയേക്കാം. കഥയറിയാതെ ആരാധിച്ച് കവി അയ്യപ്പനെ ഇല്ലാതാക്കിയ ചിലരുടെ കാര്യം നമ്മൾ ഈ സന്ദർഭത്തിൽ ഒന്നുകൂടി ഓർക്കുന്നത് നന്നായിരിക്കും.

ഒരു വ്യക്തിയെ എത്രത്തോളം ആരാധിക്കുന്നു എന്നതല്ല, അദ്ദേഹത്തെ എത്രത്തോളം സ്വതന്ത്രമായി വിലയിരുത്താൻ കഴിയുന്നു എന്നതാണ് ഒരുതലമുറയുടെ സാംസ്കാരികനിലവാരം അളക്കാനുള്ള യഥാർഥ മാനദണ്ഡം. കേരളത്തിലെ യുവതലമുറയ്ക്ക് ഇന്നു വേണ്ടത് കൂടുതൽ ആരാധനാപാത്രങ്ങളല്ല, മികച്ച വായനയും ചിന്തയും വിമർശനസ്വാതന്ത്ര്യവുമാണ്.

മേതിലെഴുത്തുകൾ

മേതിൽ എല്ലാവർക്കും എളുപ്പത്തിൽ വായിച്ചുപോകാവുന്ന എഴുത്തുകാരനല്ല. മേതിലിന്‍റെ കൃതികൾ ഇതിനു തെളിവാണ്.

"സൂര്യവംശം' എന്ന സൃഷ്‌ടിയുടെ കാര്യമെടുക്കുക - അതൊരു സാധാരണ നോവലല്ല. മനുഷ്യന്‍റെ കാലബോധം, സ്നേഹം, മരണം, ജീവിതത്തിന്‍റെ അനിശ്ചിതത്വം എന്നിവയെ അസാധാരണമായ ഭാവനയിലൂടെ അവതരിപ്പിക്കുന്ന കൃതിയായാണ് ഇതിനെ വായിക്കേണ്ടത്. മറ്റൊരു കൃതിയായ "ബ്രാ'യുടെ ഏറ്റവും വലിയ നേട്ടം അതിന്‍റെ പ്രമേയം മാത്രമല്ല, നോവൽ എന്ന സാഹിത്യരൂപത്തെ പരീക്ഷണത്തിന് വിധേയമാക്കുന്നു എന്നതാണ്. "ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി' എന്നതിന്‍റെ രൂപകങ്ങളുടെ വിളയാട്ടമാണ് സംഭവിക്കുന്നത്. "ഹിച്ച്ഹോക്കിന്‍റെ ഇടപെടൽ' എന്ന നോവലെറ്റ് മേതിലിന്‍റെ വിജ്ഞാനപരമായ ബഹുസ്വരതയുടെ ഉദാഹരണമാണ്. സിനിമ, മനഃശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം എന്നിവ ഇതിൽ നിഴലിക്കുന്നു.

"ഡിലൻ തോമസിന്‍റെ പന്ത്' എന്ന കഥാഹാരത്തിൽ ഏഴ് കഥകളുണ്ട്. "കയറിന്‍റെ അറ്റം', "വരമ്പിൽ ഒരു കൊറ്റി', "ശ്വാനദിനങ്ങളുടെ ചരിത്രരേഖ', "അരക്കില്ലത്തിലെ പ്രസംഗം', "ഉടൽ ഒരു ചൂഴ്‌നില', "മെലിഞ്ഞവരുടെ മനഃശാസ്ത്രം', "എങ്ങനെയൊരു പഴുതാരയെ കൊല്ലാം' തുടങ്ങിയ കഥകളൊക്കെ അത്യന്തം സങ്കീർണമാണ്.

ആരാധകരോട് ചില ചോദ്യങ്ങൾ

മേതിലിന്‍റെ രചനകൾക്ക് ശാസ്ത്രം, തത്ത്വചിന്ത, ലോകസാഹിത്യം തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള മുൻപരിചയവുംലോകപരിചയവും ആവശ്യമാണെന്ന് വ്യക്തമാണല്ലോ. ഇതൊന്നുമില്ലാത്ത ഒരു മേതിൽആരാധകനോട് ചില ചോദ്യങ്ങൾ ചോദിച്ചാൽ ആരാധനയുടെ രഹസ്യം വെളിച്ചത്താകും.

"സൂര്യവംശം' വായിച്ചിട്ടുണ്ടോയെന്നും അതിലെ ആഖ്യാനത്തിന്‍റെ പ്രത്യേകത എന്താണെന്നും മേതിൽഭക്തനോടു ചോദിക്കണം. "ബ്രാ' എന്ന നോവലിൽ എഴുത്തുകാരൻ സ്വീകരിക്കുന്ന സമീപനം എന്താണെന്ന് ആരായണം. "ഡിലൻ തോമസിന്‍റെ പന്ത്' എന്ന സമാഹാരത്തിലെ കഥകളുടെ പ്രത്യേകത എന്താണെന്നും മേതിലിന്‍റെ സാഹിത്യത്തിൽ ശാസ്ത്രവും പ്രകൃതിയും എങ്ങനെയാണ് കടന്നുവരുന്നതെന്നും ചോദിക്കണം.

നമ്മൾ മറന്നവർ, മറക്കരുതാത്തവർ

മേതിലിന്‍റെ പരീക്ഷണാത്മക സാഹിത്യത്തെ എല്ലാവരും അംഗീകരിക്കണം. സംശയമില്ല. എന്നാൽ, മലയാളത്തിൽ ആഖ്യാനത്തിലും ഭാഷയിലും ചിന്തയിലും വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തിയ നിരവധി എഴുത്തുകാരുണ്ട്. വയലാർ അവാർഡുകളടക്കം നേടിയ നോവലിസ്റ്റും നിരൂപകനുമായിരുന്ന കെ. സുരേന്ദ്രൻ ഉദാഹരണം. ഒരു ജീനിയസായിരുന്ന സുരേന്ദ്രനെ ആരും ഓർക്കുന്നില്ല! അദ്ദേഹത്തിന്‍റെ അവാർഡുകൾ പോലും സംരക്ഷിക്കാൻ ആരും ശ്രമിക്കുന്നില്ല.

മലയാളത്തിൽ മികച്ച കൃതികൾ എഴുതിയിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ എഴുത്തുകാർ ഇതുപോലെ വേറെയും എത്രയോ പേരുണ്ട്! ജീവിതകാലം മുഴുവൻ എഴുതി, നിരൂപകരുടെ ശ്രദ്ധയിൽപ്പെടാതെ പോയവരും പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്താതെ പോയവരും സുരേന്ദ്രനെപ്പോലെ പുതിയ തലമുറ മറന്നുപോയവരും ഇവിടെയുണ്ട്. അവരുടെ കാര്യത്തിൽ ആരും ഒന്നും മിണ്ടുന്നില്ല. സാഹിത്യ അക്കാഡമി പോലും!