'ഓ, മൈ ഗോ(ൾ)ഡ്!'

കുടുംബ ക്ഷേത്രത്തിലെ ഗോപുര ഭിത്തിയിൽ കൊത്തിവച്ചിരുന്ന ശൂലപാണികളായ രണ്ടു ദ്വാരപാലക ശിൽപ്പങ്ങൾക്ക് നിശയിങ്കൽ തെല്ലും നിദ്ര വന്നില്ല
sabarimala gold theft column by k.r. pramod

'ഓ, മൈ ഗോ(ൾ)ഡ്!'

Updated on

കെ.ആർ. പ്രമോദ്

(ഒരു പ്രാചീന നാടകം)

രാത്രിയുടെ രണ്ടാം യാമം. സർവചരാചരങ്ങളും ഈശനും ബ്രഹ്മനും ഉറങ്ങുകയാണ്. കുടുംബ ക്ഷേത്രത്തിലെ ഗോപുര ഭിത്തിയിൽ കൊത്തിവച്ചിരുന്ന ശൂലപാണികളായ രണ്ടു ദ്വാരപാലക ശിൽപ്പങ്ങൾക്ക് നിശയിങ്കൽ തെല്ലും നിദ്ര വന്നില്ല. അവർ ഭഗവാന്‍റെ വാതിൽപ്പടിയുടെ സമീപം പോയി വെറുതെ കുത്തിയിരുന്നു).

ഒന്നാമൻ: "നല്ല ക്ഷീണം! നല്ല തണുപ്പും പിന്നെ വിശപ്പും! കലാമണ്ഡലത്തിലെ തട്ടുകട അടച്ചിട്ടില്ലായിരിക്കും. ചൂടു പെറോട്ടയുടെയും ബീഫിന്‍റെയും മണം കിട്ടുന്നില്ലേ? അവിടം വരെയൊന്നു നടന്നിട്ടു വന്നാലോ?'

രണ്ടാമൻ: "എന്തു കഴിക്കാനാണെങ്കിലും ഇപ്പോൾ ഊരുറപ്പിച്ച് പോകാൻ പറ്റുമോ? നമ്മുടെ ഉടുമുണ്ടു പോലും അഴിച്ചോണ്ടുപോകുന്ന കാലമല്ലേ? നമ്മളില്ലാത്ത സമയത്തു വന്ന് ആരെങ്കിലും വല്ലതും അടിച്ചെടുത്താലോ?'

ഒന്നാമൻ: "അതേ! ദ്വാരപാലനം അത്ര ഈസിയല്ല. നവദ്വാരങ്ങളിലും മുളകരച്ചു തേച്ചതുപോലെ എപ്പോഴും ഒരുതരം എരിപൊരി സഞ്ചാരമാണ്. ആരൊക്കെ വന്നു തേച്ചിട്ടുപോകുമെന്ന് ഒരു നിശ്ചയവുമില്ല'.

രണ്ടാമൻ: "ശരിയാണ്. കലികാലത്ത് ഒരുത്തനെയും വിശ്വസിക്കാൻ വയ്യ. നമ്മളെത്തന്നെ നമ്മൾ കാത്തുസൂക്ഷിക്കണം. തനിക്കു താനും പുരയ്ക്കു തൂണും!"

ഒന്നാമൻ: "ഒരു ലൈഫ് ഇൻഷ്വറൻസ് പോളിസിയെടുക്കണം. ദ്വാരപാലകന്‍റെ ലൈഫിന് ഒരു ഗ്യാരണ്ടിയുമില്ല'.

രണ്ടാമൻ: "ഒന്നിനും ഒരു ഗാരണ്ടിയില്ലഡോ! പരന്ത്രീസുകാരന്‍റെ കാഴ്ചബംഗ്ലാവിൽ ഉപ്പിലിട്ടു സൂക്ഷിച്ചിരുന്ന നെപ്പോളിയന്‍റെ മുണ്ടും മാലയും മാത്രമല്ല, ചേടത്തീടെ ചട്ടയും കിരീടവും പോലും മൂന്നാലുപേർ കഴിഞ്ഞദിവസം പട്ടാപ്പകൽ പടികടത്തിയില്ലേ?'

ഒന്നാമൻ: "നെപ്പോളിയന്‍റെ ആശ്ചര്യ ചൂഡാമണിക്കു പോലും രക്ഷയില്ലാത്തതാണ് ആശ്ചര്യം'.

രണ്ടാമൻ: "അപ്പോൾ നമ്മുടെ അമ്പലങ്ങളിലെ കട്ടിളയും കതകും വിളക്കുകളും ഉരുളിയും ഉരുപ്പടികളുമൊക്കെ വിഴുങ്ങുന്നവരെ നമിക്കണം. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളെങ്കിലും അവർ പകരം കൊണ്ടുവന്നു വച്ചല്ലോ!'

ഒന്നാമൻ: "ഈ സത്യാനന്തരകാലത്ത് ചെമ്പ് സ്വർണമാകും. സ്വർണം ചെമ്പാകും. അതൊക്കെ ഭരണപരമായ തന്ത്രസമുച്ചയ അഡ്ജസ്റ്റ്മെന്‍റുകളാണ് '.

രണ്ടാമൻ: "മൈ ഗോ(ൾ)ഡ്!'

ഒന്നാമൻ: "പക്ഷേ, ഈശ്വരനെന്തിനാണ് സ്വർണം? അതെല്ലാം മനുഷ്യർക്കു വേണ്ടിയുള്ളതല്ലേ?'

രണ്ടാമൻ: താൻ ഡോക്റ്ററേറ്റുകാരനായ സർവകലാശാലാ ബുദ്ധിജീവിയെപ്പോലെ സംസാരിക്കുന്നു'.

ഒന്നാമൻ: "നെവർ! നമ്മൾ ബുദ്ധിജീവികളല്ല, വെറും ക്ലാസ്ഫോർ ദ്വാരപാലകർ മാത്രമാണ്. നമ്മൾക്ക് അഷ്ടദിക്പാലകരായി പ്രൊമോഷൻ കിട്ടണമെങ്കിൽ കടമ്പകൾ പലതും കടക്കണം. ദേവസ്വം ലിസ്റ്റിൽ കയറിപ്പറ്റാൻ ലക്ഷങ്ങൾ കൊടുക്കണം. പിന്നെ, പേരുകൾ നറുക്കിട്ടെടുപ്പിക്കണം. ഇതൊന്നും അത്ര ഈസിയല്ല'.

രണ്ടാമൻ: "വിഷമിക്കാതെ! പണം വരുന്ന വഴികളിൽ നോക്കിയും കണ്ടും നിന്നാൽ സ്വർണം മുതൽ ശർക്കര വരെ ആർക്കും നക്കിയെടുക്കാൻ സാധിക്കും'.

ഒന്നാമൻ: "സ്വർണത്തേക്കാൾ ഭേദം ശർക്കരയാണ്. ശർക്കരയുടെ ഇടപാട് എപ്പോഴും നടത്താം. സ്വർണം സദാ സമയവും കിട്ടണമെന്നില്ല'.

രണ്ടാമൻ: "അമ്പലങ്ങളിൽ ശർക്കരയും സ്വർണവും മാത്രമല്ല വേറെയും സംഗതികളുണ്ടെഡോ! ഡ്യൂക്കിലി സാധനങ്ങൾക്ക് വലിയ അളവിൽ കിട്ടുന്ന കമ്മിഷനാണ് സുരക്ഷിതം. അതാരും ശ്രദ്ധിക്കില്ല. എള്ളു ചോരുന്നതറിയും, എണ്ണ ചോരുന്നതറിയില്ല'.

ഒന്നാമൻ: "ശരിയാണ്. ആനകൾക്ക് കൊടുക്കുന്ന തീറ്റയിൽ നിന്നു വരെ ആന പോലുമറിയാതെ കൈയിട്ടു വാരാം'.

രണ്ടാമൻ: "അതു മാത്രമല്ല. കദളിപ്പഴം, തേങ്ങ, മുന്തിരിങ്ങ, കൽക്കണ്ടം, സാമ്പ്രാണി, കർപ്പൂരം, മഞ്ഞൾപൊടി, വെളിച്ചെണ്ണ, നെയ്യ്, പാൽ എന്നിവയൊക്കെ മൊത്തമായി വാങ്ങുമ്പോൾ കൊട്ടപ്പടി കമ്മിഷൻ മടിയിൽ വീഴും'.

ഒന്നാമൻ: "നല്ലെണ്ണയുടെ വ്യാപാരമാണ് മറ്റൊരു വരുമാന മാർഗം. ഹോട്ടലുകളിൽ കോഴിയെ വറുക്കുമ്പോൾ ശേഷിക്കുന്ന കരിദ്രാവകം നല്ലെണ്ണയാക്കി മാറ്റുന്നവർ ചുളുവിലയ്ക്ക് സാധനം സപ്ലൈ ചെയ്യും. അതു ഭക്തർക്ക് കൊടുത്താലും കാശാണ്. വിളക്കുകളിൽ നിന്ന് കവിഞ്ഞൊഴുന്ന ഈ എണ്ണ കോരിയെടുത്ത് സംഭരിച്ച് വീണ്ടും വിൽക്കാം'.

രണ്ടാമൻ: "തമസോ മാ ജ്യോതിർ ഗമയഃ എന്നല്ലേ, തത്വം? ദീപാവലി വേളയിൽ ചിക്കൻ ചിക്കിയ നല്ലെണ്ണ നിറച്ച ആയിരക്കണക്കിന് ദീപങ്ങൾ മിഴിതുറക്കട്ടെ'.

ഒന്നാമൻ: "പൂജ കഴിഞ്ഞ് മിച്ചം വരുന്ന മാലയും പൂവും പ്രസാദവും അവലും മലരും മാത്രമല്ല, മരാമത്തു പണിയുടെ മറവിൽ സിമന്‍റും കമ്പിയും ചാക്കും ചാരവും വരെ മറിച്ചുവിൽക്കാം. ഗോശ്ശാലയിലെ പശുക്കളെ ഇറച്ചി വിലയ്ക്ക് തൂക്കിവിൽക്കാം. ആനകളുടെ കൊമ്പുകളുടെ അഗ്രങ്ങളും വർഷാവർഷം ലാഭകരമായി ചെത്തിമാറ്റാം'.

രണ്ടാമൻ: "ആനയും പൂനയുമൊക്കെ പണ്ടേ ധനാഗമ മാർഗങ്ങളാണ്. ഒരാനയെ എഴുന്നള്ളിക്കാൻ പത്തു സ്പോൺസർമാർ ഉണ്ടെങ്കിലും കണക്കു പുസ്തകത്തിൽ ഒരാളുടെ പേരേ കാണുകയുള്ളൂ'.

ഒന്നാമൻ: "അന്നദാനത്തിന്‍റെ കണക്കുകളും പൊലിപ്പിക്കാം. ആയിരം പേരെ ഊട്ടിയാൽ അത് പതിനായിരമാക്കി ചെലവെഴുതാം. അന്നം ബ്രഹ്മമാണെന്ന് പറഞ്ഞാൽ പിന്നെ മറുചോദ്യം ഉണ്ടാകില്ല'.

രണ്ടാമൻ: "അഹം ബ്രഹ്മാസ്മി! അന്നം ബ്രഹ്മാസ്മി! ധനം ബ്രഹ്മാസ്മി!'

ഒന്നാമൻ: "അതേ! അന്നവിചാരം മുന്നവിചാരം!'

രണ്ടാമൻ: "അതൊക്കെ സമ്മതിച്ചു. പക്ഷെ, ഒരു സംശയം- ദൈവമില്ലെന്നു പറഞ്ഞുനടക്കുന്ന ചില കുടുംബ കാരണവന്മാർ എങ്ങനെയാണ് ദൈവത്തിന്‍റെ കാര്യസ്ഥരായത്? ""അമ്പലമെന്നത് ചുവരല്ലേ, വിഗ്രഹമെന്നത് കല്ലല്ലേ?'' എന്നായിരുന്നല്ലോ അവരുടെ പഴയ മുദ്രാവാക്യം?'.

ഒന്നാമൻ: "മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ്. പണമുള്ള ദൈവങ്ങളുടെ മുമ്പിൽ മുദ്രാവാക്യങ്ങളും സദൃശവാക്യങ്ങളും മാറും. ദുരാചാരങ്ങൾ സദാചാരങ്ങളാകും. പിന്നീടവ സഭാചാരങ്ങളാകും'.

രണ്ടാമൻ: "അല്ലെങ്കിലും ഈശ്വരനെ കൊള്ളയടിക്കുന്നവർക്ക് ദൈവവിശ്വാസം ഇല്ലാതിരിക്കുകയാണ് നല്ലത്. മനഃസാക്ഷിക്കുത്ത് എന്ന പാപവും ദൈവകോപവും അവരെ ബാധിക്കില്ല'.

ഒന്നാമൻ: "യെസ്! പ്രായോഗികവാദിയും ബുദ്ധിമാനുമായ ഏതൊരു മലയാളിയും തന്മൂലം ഒരു യുക്തിവാദിയായിരിക്കണം. അയാൾക്ക് കാണിക്ക കക്കാം. സ്വർണം ചെമ്പാക്കാം, കാടടച്ചു വെടിവയ്ക്കാം, നാടോടുമ്പോൾ നടുവേ ഓടാം'.

(വെളിയിൽ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം. ഇതു കേട്ടതോടെ ദ്വാരപാലകർ ഓടിച്ചെന്ന് ഭിത്തിയിൽ പ്രതിമകളായി പഴയതു പോലെ നിലയുറപ്പിച്ചു.)

രംഗം രണ്ട്

നാലു മനുഷ്യർ ആയുധങ്ങളുമായി ദ്വാരപാലകരുടെ മുമ്പിൽ പ്രത്യക്ഷരാകുന്നു.

ഒന്നാമത്തെ മനുഷ്യൻ: "ഇത്തവണ നമുക്ക് ഈ ദ്വാരപാലകരെ കടത്തണം. ഇത്തരം പ്രതിമകൾക്ക് സായിപ്പന്മാർക്കിടയിൽ ഡിമാൻഡുണ്ട്'.

രണ്ടാമൻ: "സൂക്ഷിക്കണം. ഈ ശിൽപ്പങ്ങൾ ശൂലപാണികളാണ്. നമ്മുടെ ദേഹത്തു ശൂലം തട്ടി മുറിവു പറ്റാതെ നോക്കണം'.

മൂന്നാമൻ: "നമുക്ക് ഇവറ്റകളുടെ കാൽപ്പാദങ്ങളുടെ ഭാഗം ആദ്യം ഇളക്കാം'.

(മറ്റുള്ളവർ ആയുധങ്ങളുമായി കുനിയുമ്പോൾ ദ്വാരപാലകരുടെ ശൂലങ്ങൾ മനുഷ്യരുടെ തലമണ്ടയിലേയ്ക്ക് ഇളകി വീഴുന്നു. പക്ഷെ, അവ പൊടിഞ്ഞു ചിതറിപ്പോകുന്നു).

നാലാമൻ: "അതു കൊള്ളാം! ഈ ദ്വാരപാലകരും അവരുടെ ശൂലങ്ങളുമെല്ലാം ഡ്യൂപ്ലിക്കേറ്റാണോ? നമ്മുടെ തലയിൽ വീണ് ശൂലങ്ങൾ തകർന്നതല്ലാതെ നമുക്ക് ഒരു കോപ്പും പറ്റിയില്ലല്ലോ!'

മറ്റുളളവർ (ചിരിച്ചു കൊണ്ട്): "ഒറിജിനൽ ദൈവം നമ്മളെ രക്ഷിച്ചു!'

ഇതുകേട്ട് അമ്പലമുറ്റത്തെ ആൽമരത്തിലെ പണ്ഡിതനായ മൂങ്ങ ഇപ്രകാരം മൊഴിഞ്ഞു:

"നോ പ്രോബ്ലം!

കുംഭകോണേ കൃതം പാപം

കുംഭകോണേ വിനശ്യതി.

കുംഭകോണം പോലുള്ള പുണ്യസ്ഥാനങ്ങളിൽ ചെയ്യുന്ന പാപം സ്ഥലത്തിന്‍റെ മഹിമ കൊണ്ട് അവിടെത്തന്നെ നാശമടയുന്നു. അതിനാൽ നിങ്ങളുടെ പാപം ഇല്ലാതായിരിക്കുന്നു'.

(കർട്ടൻ)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com