

തേവരുടെ മുതൽ തോടു കടക്കരുത്!
ക്വാറന്‍റൈൻ | കെ.ആർ. പ്രമോദ്
'തേവരുടെ മുതൽ തോടു കടക്കരുത്' എന്നു കേട്ടിട്ടുണ്ടോ? ദൈവത്തിന്‍റെ സ്വത്തുവകകൾ ക്ഷേത്രത്തിൽത്തന്നെ സൂക്ഷിച്ചുവച്ച് പരിപാലിക്കണമത്രെ. ദൂരേക്കു കൊണ്ടുപോകരുത്. ക്ഷേത്രമുതൽ ഒഴുക്കുവെളളം കടന്നുപോയാൽ പിന്നെ കിട്ടുകയില്ല.
ക്ഷേത്രജ്ഞരും ബ്രാഹ്മണരും കടൽ കടക്കരുതെന്നു നിഷ്കർഷിച്ചിരുന്നതും ഇതുകൊണ്ടാക്കെ ആയിരുന്നിരിക്കാം. ആരെങ്കിലും ഒഴുകുന്ന വെള്ളം കടന്നു യാത്ര പോയാൽ വിദേശമായി എന്നും പ്രമാണമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടലിനക്കരയുള്ള രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നെ പ്രമുഖ നേതാവിന്‍റെ കഴിഞ്ഞ ദിവസത്തെ ആരോപണം ഈ വേളയിൽ ചിന്താബന്ധുരമല്ലേ?
ക്ഷേത്രങ്ങളിലെ സ്വർണയുരുപ്പടികൾ കടൽ കടത്തിയശേഷം ഡ്യൂപ്ലിക്കേറ്റ് സ്ഥാപിക്കുന്നതിന് ചുക്കാൻപിടിക്കുന്ന ഏജന്‍റുന്മാരെക്കുറിച്ചാണ് നമ്മുടെ നേതാവ് ചൂണ്ടിക്കാട്ടിയത്. തേവരുടെ മുതൽ തോടു കടന്നുപോയാൽ, പമ്പ കടന്നുപോയാൽ പിന്നെ പറഞ്ഞിട്ടെന്തു കാര്യം? വിഖ്യാതമായ മയൂരസിംഹാസനം പോലും വിദേശത്തേക്കു കടത്തിയപ്പോൾ കഷണങ്ങളായിപ്പോയെന്നാണല്ലോ ചരിത്രം.
വിശ്വാസം എന്ന ആഭരണം
തേവർക്കു വേണ്ടി സ്വർണവും മുതലും കൂട്ടിവയ്ക്കണമെന്ന് ഒരു തത്വശാസ്ത്രവും പറയുന്നില്ല. പത്രം, പുഷ്പം, ഫലം, തോയം - ഇലയും പൂവും കായും വെള്ളവും - ഭക്തിയോടെ സമർപ്പിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ഗീതയിൽ ഭഗവാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ, ദേവസ്വം ബോർഡുകളും കാര്യസ്ഥന്മാരും കരക്കാരും അതൊന്നും സമ്മതിച്ചുതരില്ല. ദൈവങ്ങളുടെ ശക്തി അവരുടെ ബാങ്ക് ബാലൻസിലും തിരുവാഭരണങ്ങളിലുമാണോ കുടികൊള്ളുന്നത്?
നിങ്ങളൊരു പാവം ഭക്തനാണെന്ന് കരുതുക. നിങ്ങളുടെ കഷ്ടതകൾ നീക്കാൻ ഒരു പ്രത്യേക ക്ഷേത്രത്തിൽ തൊഴാൻ പോകുന്നു എന്നിരിക്കട്ടെ. സ്വർണംപൂശിയ ശ്രീകോവിലും കൊടിമരവും ഒന്നുമില്ലെങ്കിലും നിങ്ങൾ അവിടെപ്പോയി പ്രാർഥിക്കും. അപ്പോൾ സ്വർണവും രത്നവുമൊന്നുമല്ല, വിശ്വാസം നൽകുന്ന ആശ്വാസമാണ് വലുതെന്നും സ്വർണത്തിൽ വലിയ കാര്യമില്ലെന്നും വരുന്നു.
പിന്നെന്തിനാണ് ക്ഷേത്രത്തിന് സ്വർണം? അഥവാ, പള്ളിക്കെന്തിനാണ് പൊൻകുരിശ്? കാഞ്ചനത്തെ കരിക്കട്ടയായിക്കണ്ട മഹാത്മാക്കളുടെ നാടാണിത്. കലിയുടെ ഇരിപ്പിടിങ്ങളിലൊന്ന് സ്വർണമാണെന്നും അത് മനുഷ്യപ്പറ്റില്ലാത്ത സംഗതിയാണെന്നും പണ്ടേ ഒരു പറച്ചിലുമുണ്ട്. അതുകൊണ്ടാണല്ലോ സർക്കാർ സ്ഥാപനമായ ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ പരസ്യത്തിൽ 'മനുഷ്യപ്പറ്റുള്ള സ്വർണപ്പലിശയാണ് ഞങ്ങളുടേത്' എന്നു സ്ഥാപിക്കുന്നത്.
'തത്വമസി' ഒരു മുദ്രാവാക്യമല്ല
അതു പോകട്ടെ, ശബരിമലയുടെ കാര്യമെടുക്കാം. അവിടെ 'തത്വമസി' എന്നൊരു വലിയ ബോർഡ് വച്ചിട്ടുണ്ട്. 'അതു നീയാകുന്നു' എന്നും നമ്മളിൽത്തന്നെയാണ് ഈശ്വരൻ കുടികൊള്ളുന്നതെന്നുമാണ് ഇതിന്‍റെ ഗുട്ടൻസ്. അങ്ങനെയെങ്കിൽ ദൈവത്തെയന്വേഷിച്ച് തെക്കും വടക്കും നടക്കേണ്ട കാര്യമുണ്ടോ? ദൈവങ്ങളുടെ ആലയങ്ങൾ സ്വർണം പൂശേണ്ട കാര്യമുണ്ടോ?
ഛാന്ദോഗ്യോപനിഷത്തിലെ മഹാവാക്യമായ 'തത്ത്വമസി'യുടെ ശരിയായ പൊരുൾ മനസിലാക്കുന്ന ഒരു യഥാർഥ ഭക്തൻ ഒരു ദേവാലയത്തിലും അന്ധമായ ഭക്തിയോടെ പോകുമെന്നു തോന്നുന്നില്ല. സ്വർണവും പണവും വാരിക്കൊടുക്കുകയുമില്ല. അതിന്‍റെ ആവശ്യവുമില്ല. ശങ്കരാചാര്യർക്കുപോലും പ്രിയങ്കരമായ ഈ ഉപനിഷദ് ദർശനം ശബരിമലയിൽ പരസ്യപ്പെടുത്തിയത് സ്വാമി ചിന്മയാനന്ദനാണെന്ന് പറയപ്പെടുന്നു.
ആരു വച്ചതാന്നെങ്കിലും വയ്പ്പിച്ചതാണ്ടെങ്കിലും ഈ വാക്യം ലോകത്തിലെ ഏതൊരു ആരാധാനാലയത്തിന്‍റെ മുമ്പിലും സ്ഥാപിക്കാൻ യോഗ്യമായ ഒന്നാണെന്നതിൽ സംശയമില്ല. പക്ഷെ, ചിന്മയാനന്ദ സ്വാമിജിയുടെ ലക്ഷ്യം നടപ്പായെന്നു പറയാനാവില്ല. ആ ബോർഡിനെയും നമ്മൾ അക്ഷരബിംബമാക്കി ആരാധിച്ചു. എന്നിട്ട് കിട്ടാവുന്നതൊക്കെ അവിടെനിന്ന് തട്ടിയെടുത്തു. ഈ വാക്യം നമ്മൾ സ്വർണംപൂശിയ അക്ഷരങ്ങളിൽ പതിച്ചിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നെന്ന് ആലോചിച്ചു നോക്കുക.
വിഗ്രഹങ്ങൾക്കും ആചാരങ്ങൾക്കും അമിതപ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കാൻ നമ്മുടെ ഉപനിഷത്തുകളിൽ 'തത്ത്വമസി' കൂടാതെ ‘പ്രജ്ഞാനം ബ്രഹ്മ’ ‘അഹം ബ്രഹ്മാസ്മി’. ‘അയമാത്മാ ബ്രഹ്മ’ എന്നീ മൂന്നു വാക്യങ്ങൾ കൂടിയുണ്ടല്ലോ. ഇവയില്‍ ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം ഐതരേയോപനിഷത്തിലും ‘അഹം ബ്രഹ്മാസ്മി’ എന്നതു ബൃഹദാരണ്യകോപനിഷത്തിലും, ‘അയമാത്മാ ബ്രഹ്മ’ എന്നത് മാണ്ഡൂക്യോപനിഷത്തിലും ഉള്ളവയാണ്.
'ബ്രഹ്മവിദ്യാപഞ്ചക'ത്തിൽ ശ്രീനാരായണഗുരു ഈ മഹാവാക്യങ്ങൾ എല്ലാം ചേർത്തുകൊണ്ട് ഒരു ഏകവാക്യം രചിച്ചിട്ടുണ്ട്. വേണമെങ്കിൽ ഈ മഹാവാക്യങ്ങളെല്ലാം ബോർഡുകളിലാക്കി അമ്പലങ്ങളിൽ വയ്ക്കാം. ഇത്തരം ബോർഡുകൾ തയാറാക്കി ഫിറ്റു ചെയ്യുന്നതുതന്നെ ഒരു വരുമാനമാർഗമാണ്. പണ്ടൊക്കെ ഗുരുവായൂരിൽ 'ഹന്ത! ഭാഗ്യം ജനാനാം' എന്ന നാരായണീയത്തിലെ ഭാഗം പരസ്യമായി പ്രദർശിപ്പിക്കുമായിരുന്നു.
ദൈവവും സ്വർണവും
ഇങ്ങനെയൊക്കെ പറയാമെങ്കിലും സാധാരണ മനുഷ്യരായ നമ്മൾ ആഗ്രഹങ്ങളും ദൈവഭയവും മൂലം പലപ്പോഴും കൊച്ചുകുട്ടികളെപ്പോലെ പെരുമാറുന്നു. ദൈവങ്ങൾക്ക് പണവും സ്വർണവും കാറും ആനയുമൊക്കെ കൊടുത്താൽ അവർ സന്തോഷിക്കുമെന്നും നമ്മൾക്ക് പ്രയോജനം കിട്ടുമെന്നും അവർ നമ്മളോട് ദേഷ്യപ്പെടില്ലെന്നും പലരും കരുതുന്നു. ഇപ്രകാരം പൊന്നും പണവും ദേവാലയങ്ങളിൽ കുന്നുകൂടുന്നത് നമ്മുടെ ബാലിശമായ ചിന്തയുടെയും അറിവില്ലായ്മയുടെയും ഫലമാണെങ്കിലും അത് പെട്ടെന്ന് തടയാനാവില്ല.
ഭക്തിയുടെ പ്രൈമറിക്ലാസിൽ പഠിക്കുന്നവർ എന്തെങ്കിലും കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ. അവർക്ക് അതുകൊണ്ട് മനഃസമാധാനം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. പക്ഷെ, ദൈവങ്ങൾക്ക് മനുഷ്യർ കൊടുക്കുന്ന പണവും സ്വർണവും ദൈവങ്ങളുടെ കാര്യസ്ഥന്മാർ എന്തു ചെയ്യുന്നു എന്നതാണ് പ്രശ്നം. ഇതു സംബന്ധിച്ച കൃത്യമായ കണക്കുകൾ ആരും പുറത്തുവിടാറില്ല.
എല്ലാ വർഷവും കുമിഞ്ഞുകൂടുന്ന ധനത്തിൽ ഒരു ചെറിയ പങ്കെങ്കിലും മനുഷ്യർക്ക് പ്രയോജനകരമായ രീതിയിൽ ആശുപത്രികളോ വ്യവസായസ്ഥാപനങ്ങളോ നിർമിക്കാൻ ആരും ശ്രദ്ധിക്കുന്നുമില്ല. ശബരിമലയിൽ വർഷങ്ങളായി ലഭിച്ചുവരുന്ന ധനത്തിൽ നിന്ന് ഒരു ഭാഗം ചെലവഴിച്ച് ഒരു ഹോട്ടൽ പോലും തുടങ്ങാൻ സാധിച്ചിട്ടില്ലെന്നു മാത്രമല്ല, കട്ടിള വരെ ഇളക്കിയെടുക്കുകയും ചെയ്തിരിക്കുന്നു.
ദൈവങ്ങൾക്ക് കിട്ടുന്ന പായസം മുതൽ പണവും സ്വർണവും വരെ ഇസ്ക്കുന്നത് പുരാതനകാലം മുതലേയുള്ള ഒരു കലാപരിപാടിയാണെന്നതിൽ തർക്കമില്ല. ഏതാണ്ട് 200 വർഷം മുമ്പ് മദ്രാസ് പ്രസിഡൻസിയിലെ ബ്രിട്ടിഷ് ഉദ്യോസ്ഥർ ക്ഷേത്രങ്ങളിൽ നിന്ന് എട്ടു ലക്ഷം രൂപ ഓരോ വർഷവും എടുത്തിരുന്നതായി കേട്ടിട്ടുണ്ട്. ഇന്നത്തെ കണക്കിൽ ഈ തുക എത്രവരുമെന്ന് ഊഹിച്ചാൽ മതിയാകും.
പക്ഷെ, ഇപ്പോൾ കവർച്ചകൾക്ക് ആഗോള മാനങ്ങൾ കൈവന്നിരിക്കുന്നു എന്നതാണ് അഭിമാനകരമായ സംഗതി. നമ്മുടെ നേതാവിന്‍റെ വെളിപ്പെടുത്തൽ ഉദാഹരണം. ഒരു ചെറിയ ക്ഷേത്രത്തിലെ ഭരണക്കാരനായിരുന്ന ദേവസ്വം ഉദ്യോഗസ്ഥൻ അവിടുത്തെ വഴിപാടുപായസം വരെ തട്ടിയെടുത്തിരുന്ന കഥ വി.കെ.എൻ പണ്ടേ എഴുതിയിട്ടുണ്ട്.
ഫോൺ: 9447809631