ഏകലക്ഷ്യത്തിലേക്ക് നിറയുന്ന ഇരുമുടിക്കെട്ടുകൾ

പുണ്യപാപച്ചുമടുകളില്‍ മുറുകെപ്പിടിച്ച് മലമുകളിലേക്കുള്ള തീര്‍ഥാടനം തുടങ്ങുകയാണ്.
ഇക്കൊല്ലത്തെ ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവങ്ങൾക്കായി തന്ത്രി കണ്ഠര് മഹേഷ് മോഹനര് ശ്രീകോവില്‍ നട തുറക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജിത് കുമാര്‍, ജി. സുന്ദരേശന്‍ തുടങ്ങിയവര്‍ സമീപം.
ഇക്കൊല്ലത്തെ ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവങ്ങൾക്കായി തന്ത്രി കണ്ഠര് മഹേഷ് മോഹനര് ശ്രീകോവില്‍ നട തുറക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജിത് കുമാര്‍, ജി. സുന്ദരേശന്‍ തുടങ്ങിയവര്‍ സമീപം.

അനൂപ് മോഹൻ

വൃശ്ചികപ്പുലരിയുടെ വിശ്വാസനാളുകളില്‍ ശബരിമലയെന്ന ഏകലക്ഷ്യത്തിലേക്ക് ഇരുമുടിക്കെട്ടുകള്‍ നിറയുന്നു. ശരണമന്ത്രങ്ങളുടെ ശബ്ദഘോഷത്തിരകള്‍ പ്രതിധ്വനിക്കുമ്പോള്‍, ഒരു കീര്‍ത്തനം താരാട്ടായി പരിണമിക്കുന്നു.

"" ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ ''

മാമല മുകളില്‍ മധ്യമാവതി രാഗത്തില്‍ ഒരു രാവൊടുങ്ങാന്‍ തുടങ്ങുന്നു. നിര്‍മാല്യം മുതല്‍ അത്താഴപൂജയ്ക്കപ്പുറവും മലകയറി വരുന്ന ഭക്തര്‍ക്കു വേണ്ടി വീണ്ടും ഉണരാനായി, വ്രതപുണ്യത്തിന്‍റെ കാനനപാത താണ്ടിയെത്തുന്നവര്‍ക്കു ദര്‍ശനസുകൃതം നല്‍കാനായി. കൂപ്പിയ കൈകളുടെ പിന്നില്‍ ഈറനണിയുന്ന കണ്ണുകള്‍. വൃശ്ചിക രാവിന്‍റെ മഞ്ഞില്‍ ഒരു മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ നടയുണരുകയാണ്.

പുണ്യപാപച്ചുമടുകളില്‍ മുറുകെപ്പിടിച്ച് മലമുകളിലേക്കുള്ള തീര്‍ഥാടനം തുടങ്ങുകയാണ്.

ഇടറിവീഴാന്‍ പാടില്ലെന്നുറപ്പിക്കുന്ന ഒരു വിശ്വാസകാലത്തിന്‍റെ വരമ്പിലൂടെയുള്ള യാത്ര. ഈശ്വരനും ഈശ്വരനെ കാണാനെത്തുന്നവരും തുല്യമായി മാറുന്ന ഇടം. ജീവിതത്തിന്‍റെ കഠിനപാതകള്‍ പിന്നിട്ട്, വിശ്വാസത്തിന്‍റെ ഊന്നുവടികളുമേന്തി കാനനപാതകള്‍ താണ്ടി, ദര്‍ശനപുണ്യത്താല്‍ മനസിന്‍റെ ശ്രീകോവിലില്‍ സംതൃപ്തിയുടെ നിറദീപക്കാഴ്ചയൊരുക്കാന്‍ ജനലക്ഷങ്ങളുടെ തീര്‍ഥാടനം.

അതിരറിയാത്ത ആരണ്യകത്തിനു നടുവിലെ സന്നിധിയിലേക്കുള്ള തീര്‍ഥാടന ഒരുക്കങ്ങളില്‍ ആവര്‍ത്തിക്കുന്ന ജീവിതചിത്രങ്ങള്‍ അനവധിയാണ്.

വൃശ്ചികത്തണുപ്പിന്‍റെ അര്‍ധരാത്രികളില്‍ നിശബ്ദതയെ ഭേദിച്ച് അങ്ങകലെ നിന്നൊഴുകി പരക്കുന്ന ശാസ്താംപാട്ടിന്‍റെയും ചിന്തുപാട്ടിന്‍റെയും അവ്യക്തമായ വരികള്‍. അയ്യപ്പന്‍ വിളക്ക് എന്ന ആഘോഷത്തിന്‍റെ അന്ത്യത്തില്‍ തിളച്ചെണ്ണെയില്‍ നിന്ന് അപ്പം വാരുന്ന വാവരുടെ ആവാഹനം. പുലര്‍ച്ചെ അജ്ഞാതമായ വാഹനത്തില്‍ അകന്നകന്നു ശബരിമലയ്ക്കു പോകുന്ന ശരണം വിളികള്‍. പിന്നെ, മലയില്‍ അയ്യപ്പന്മാര്‍ പെരുകുമ്പോള്‍ മഞ്ഞിറങ്ങി നാട്ടിലേക്കു വരുന്നതു കൊണ്ടാണു അതിരാവിലെ തണുപ്പു കൂടുന്നതെന്ന് ആരോ പകര്‍ന്നു തന്ന അതിഭാവുകത്വം നിറഞ്ഞ വിശദീകരണത്തിന്‍റെ കൗതുകം.

വ്രതം തെറ്റിയാല്‍ പുലി പിടിക്കുമെന്ന കാര്യത്തില്‍ സന്ദേഹമില്ലാത്ത ബാല്യം. തീവ്രവ്രതത്തില്‍ ഇളവുകള്‍ കാംക്ഷിച്ച കൗമാരം. നിരീശ്വരവാദത്തിന്‍റെ നിഴലുകളിൽ ഇടയ്ക്കിടെ ദൈവഭയത്തിന്‍റെ നിലാവു പരന്ന യൗവനം. സന്ദേഹിയായ അവിശ്വാസിയുടെ രൂപഭാവങ്ങളിലുഴറുന്ന ശിഷ്ടകാലം. ഓരോ മനുഷ്യനും, ഓരോ മണ്ഡലക്കാലത്തിനും ജീവിതക്കാഴ്ചയുടെ വ്യത്യസ്ത ഫ്രെയ്മുകള്‍.

ശബരിമല ഒരേ സമയം ഒരുപാടു പേർക്ക് വിശ്വാസവും ആശ്വാസവുമാകുന്നുണ്ടാകാം. മണ്ഡലകാലത്തു ഹോട്ടല്‍ അയ്യപ്പാസ് എന്നും സ്വാമി ശരണമെന്നും (വെജിറ്റേറിയന്‍) പേരു മാറ്റുന്ന ഹോട്ടലുകള്‍ മുതല്‍ പമ്പയിൽ നിന്നു സന്നിധാനത്തേക്കു നീളുന്ന കച്ചവടക്കാര്‍ വരെ ശബരിമലയുടെ സാന്നിധ്യത്താല്‍ ജീവിതത്തിന്‍റെ കരിമല താണ്ടുന്നവരാണ്. കറുത്ത മുണ്ടും രുദ്രാക്ഷ മാലയും ചെറിയ നാളികേരവും നെയ്യും ഇരുമുടിക്കെട്ടും വരെ മണ്ഡലക്കാലത്തില്‍ ജീവിതോപാധിയായി മാറുന്നു.

കഠിനവ്രതത്തിന്‍റെ കരുത്തില്‍ മാത്രം കാനന പാത താണ്ടി ദര്‍ശനം നടത്തിയവരുണ്ട്. ചെക്ക്ഡ് ഇന്‍ അറ്റ് ശബരിമല എന്ന സ്റ്റാറ്റസുകള്‍ പിറക്കും മുമ്പ്, ദുഷ്‌കരമായിരുന്ന തീര്‍ഥാടനത്തിന്‍റെ പാത താണ്ടിയവര്‍. സൗകര്യങ്ങളേറി യാത്രയുടെ സുരക്ഷിതത്വവും. സാധാരണ ജീവിതത്തില്‍ സാങ്കേതികതയുടെ സ്വാധീനം എറുമ്പോള്‍ സൗകര്യം വര്‍ധിപ്പിക്കലിന്‍റെ പത്തൊമ്പതാം പടി കൂടി കടക്കാന്‍ കഴിയുന്നു. വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം, കാര്‍ഡിയോളജി സെന്‍ററുകള്‍, സുരക്ഷയുടെ ആകാശനിരീക്ഷണം, പതിമൂവായിരത്തിലധികം പൊലീസുകാർ ഒരുക്കുന്ന സുരക്ഷ എന്നിങ്ങനെ അനവധി സൗകര്യങ്ങള്‍.

അണമുറിയാത്ത ആശയവിനിമയത്തിനായി ബിഎസ്എൻഎൽ ഇക്കുറി 23 മൊബൈൽ ടവറുകളാണ് പ്രധാന തീർഥാടന പാതകളിൽ സജ്ജമാക്കിയിരിക്കുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് സെന്‍ററുകളും, തെരഞ്ഞെടുത്തയിടങ്ങളിൽ പബ്ലിക് വൈഫൈ സംവിധാനവുമുണ്ട്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും പറന്നെത്തുന്നവര്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ ശബരിമല ഇടത്താവളവും ഇന്നലെ തുറന്നു. മുപ്പതു പേർക്കു വിശ്രമിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. പിന്നെ പമ്പയെത്തുന്നതു വരെ അനേകം ക്ഷേത്രങ്ങളിലെ ഇടത്താവളങ്ങളും തീർഥാടകർക്കു തണലൊരുക്കാൻ കാത്തിരിക്കുന്നു.

കറുത്തമുണ്ടും രുദ്രാക്ഷമാലയും ഇരുമുടിയുമൊക്കെ പതിവുപോലെ കടകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മൊബൈല്‍ ഫോണിന്‍റെ ഡയലര്‍ ടോണുകളില്‍ ഹലോ എന്ന അഭിവാദ്യത്തില്‍ പാതി മുറിയുന്ന ഹരിവരാസനവും മറ്റ് അയപ്പഭക്തിഗാനങ്ങളും. ഒരു കാലത്തു പാട്ടിന്‍റെ മണ്ഡലക്കാലം കൂടിയായിരുന്നു വൃശ്ചികമാസം. മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന എത്രയോ അയ്യപ്പഭക്തി ഗാനങ്ങള്‍ പിറന്നു. ഉദിച്ചുയര്‍ന്നു മാമല മേലേ, പാപം മറിച്ചിട്ടാല്‍ പമ്പ, നിലാവേ വാ ഈ പമ്പാതീരത്ത് വിരി വച്ചു താ.. എന്നിങ്ങനെ മനസിൽ കുടിയിരത്തിയ നിരവധി ഗാനങ്ങൾ.

സിനിമയിലുമുണ്ട് സുപ്രസിദ്ധമായ അയ്യപ്പഭക്തിഗാനങ്ങൾ. 1951ൽ പുറത്തിറങ്ങിയ "കേരള കേസരി' എന്ന ചിത്രത്തിലെ

അയ്യപ്പാ അഖിലാണ്ഡകോടിനിലയാ

ഹേ ഭക്തസംരക്ഷകാ

അയ്യപ്പാ കലികാലലോകവരദാ

എന്നു തുടങ്ങുന്നതാണു സിനിമയിലെ ആദ്യ അയ്യപ്പഭക്തിഗാനം. കെ.കെ. പത്മനാഭൻകുട്ടി രചിച്ച് ജ്ഞാനമണി സംഗീതം പകർന്ന ഈ ഗാനം ആലപിച്ചതു വൈക്കം വാസുദേവൻ നായരാണ്. പിന്നെയും അഭ്രപാളികളിൽ അയ്യപ്പഗാനങ്ങളൊഴുകി. 1972ലെ "ചെമ്പരത്തി'യിലെ ഗാനമാണു മലയാളികൾ നെഞ്ചേറ്റിയത്. ശാസ്താംപാട്ടിന്‍റെ താളങ്ങൾ സ്വീകരിച്ചു കൊണ്ട്,

ശരണമയ്യപ്പാ സ്വാമീ

ശരണമയ്യപ്പാ

ശബരിഗിരിനാഥാ സ്വാമീ

ശരണമയ്യപ്പാ

എന്ന വയലാർ- ദേവരാജൻ ടീമിന്‍റെ ഗാനം യേശുദാസാണ് ആലപിച്ചത്. 75ൽ അയ്യപ്പഭക്തി ഗാനങ്ങളിലെ എക്കാലത്തെയും ഹിറ്റുകൾ പിറന്നു. പി. സുബ്രഹ്മണ്യം നിർമിച്ച "സ്വാമി അയ്യപ്പൻ' എന്ന ആ ചിത്രത്തിൽ പത്തിലധികം പാട്ടുകളുണ്ടായിരുന്നു. ശബരിലയിൽ തങ്കസൂര്യോദയം, തേടി വരും കണ്ണുകളിൽ, സ്വാമി ശരണം ശരണമെന്‍റയപ്പാ തുടങ്ങിയവയ്ക്കൊപ്പം യേശുദാസിന്‍റെ ഹരിവരാസനവും ഈ ചിത്രത്തിൽ നിന്നാണ്.

ചിന്തുപാട്ടും ശാസ്താംപാട്ടും പോലെയുള്ള പ്രാദേശിക ആരാധനാ ഗാനങ്ങളുടെ തീവ്രതയും ഭക്തലഹരിയും നിറയുന്ന ഈരടികൾ ഇനിയും ഏറെയുണ്ട്. പിന്നെ, യേശുദാസും ജയചന്ദ്രനും ജയവിജയന്മാരും കെ. വീരമണിയുമടക്കം അലപിച്ച അനശ്വരങ്ങളായ നൂറുകണക്കിനു ഗാനങ്ങളും..

ഇനി വിശ്വാസത്തിന്‍റെ ഇരുമുടിക്കെട്ടു മുറുകുന്ന നാളുകള്‍. ആ സന്നിധിയിലെത്തുമ്പോള്‍ മനസും ശരീരവും ഒരു വാക്ക് വായിക്കാന്‍ പരുവപ്പെട്ടിരിക്കും, തത്വമസി. അതൊരു തിരിച്ചറിവാണ്, ശബരിമല തീര്‍ഥാടനം ആ തിരിച്ചറിവിലേക്കാണ്. നിങ്ങൾ ആരെയാണോ കാണാനെത്തിയത്, അതു നീ തന്നെയാകുന്നുവെന്ന സന്ദേശം. അവനവനില്‍ ഈശ്വരനെ കണ്ടെത്തിത്തരുന്ന സുകൃതത്തിലേക്കുള്ള തീര്‍ഥാടനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com