

ചെമ്പ് തെളിയുന്ന ദേവസ്വം ഭരണം
ജോസഫ് എം. പുതുശ്ശേരി| വീണ്ടുവിചാരം
" പറയുന്നത് അല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ. തിരക്ക് നിയന്ത്രിക്കുന്നതിൽ ഒരു ഏകോപനവുമില്ല. നടപടികൾ ആറുമാസം മുന്നേ തുടങ്ങണമായിരുന്നു. കുടിക്കാൻ വെള്ളമില്ല. ശുചിമുറിയിൽ വെള്ളമില്ല. എട്ടുമണിക്കൂർ ഈ നിലയിൽ തുടർന്നാൽ ആർക്കും മനോനിയന്ത്രണം നഷ്ടമാകും. ഇങ്ങനെ പോയാൽ വലിയ ദുരന്തം ഉണ്ടാകും. മനുഷ്യരെ ശ്വാസം മുട്ടി മരിക്കാൻ വിടാനാകില്ല''- ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെതാണ് ഈ വിമർശനം.
ശബരിമല മണ്ഡല - മകരവിളക്കു മഹോത്സവത്തിന്‍റെ രണ്ടാം ദിവസം തന്നെ എല്ലാം തലകീഴായി മറിഞ്ഞ അതീവ ഗൗരവതരമായ സാഹചര്യത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ ഈ നിശിത വിമർശനം.
തീർഥാടക പ്രവാഹത്തിൽ ശബരിമലയിലെ തിരക്കു നിയന്ത്രണം പാടെ പാളി. വെള്ളവും ഭക്ഷണവുമില്ലാതെ ഒട്ടേറെ തീർഥാടകർ തളർന്നുവീണു. കൊച്ചു കുട്ടികൾ കൂട്ടം തെറ്റി. പമ്പ - സന്നിധാനം പാതയിലെ കാത്തുനിൽപ്പ് 10 മണിക്കൂറിലേറെ നീണ്ടു. ഇതോടെ നിയന്ത്രണം ഭേദിച്ച ഭക്തർ കാട്ടുവഴിയിലൂടെ സന്നിധാനത്ത് എത്തി. പതിനെട്ടാം പടിക്കു മുന്നിലെത്താൻ താഴെ തിരുമുറ്റത്തും വലിയ നടപ്പന്തലിലും ഭക്തർ തടിച്ചു കൂടിയതോടെ തിക്കിലും തിരക്കിലും ഏത് സമയത്തും വലിയ അപകടം ഉണ്ടാകാവുന്ന അവസ്ഥയായി എന്നാണ് റിപ്പോർട്ട്. ക്യൂ സന്നിധാനത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെ അപ്പാച്ചിമേടിന് താഴെ വരെയെത്തി. ദർശനം നടത്താനാവാതെ ആയിരക്കണക്കിന് ഭക്തർക്ക് മടങ്ങി പോകേണ്ടി വന്ന ദുഃസ്ഥിതി ഉണ്ടായി.
വേണ്ടത്ര തയാറെടുപ്പ് നടത്താതിരുന്നതാണ് പ്രശ്നമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്‍റ് കെ. ജയകുമാറിന് തന്നെ തുറന്നു സമ്മതിക്കേണ്ടി വന്നു. ശുചിമുറികൾ വൃത്തിഹീനമെന്നും പമ്പ മലിനമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തന്നെയുണ്ട്. ഇതിനെക്കാൾ വലിയൊരു താളപ്പിഴയും ഭീകരാവസ്ഥയും മറ്റെന്താണ് ഉണ്ടാവാനുള്ളത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്. കർണാടകയിൽ നിന്ന് പതിനായിരക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തുന്നുണ്ടെന്നും അവർക്ക് സുരക്ഷയും യാത്രാ സൗകര്യവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരിക്കുന്നു.
വൃശ്ചികം ഒന്നിന് ശബരിമല മഹോത്സവം ആരംഭിക്കുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? കേരളത്തിലെ ഏറ്റവും വലിയ തീർഥാടക പ്രവാഹം ഉണ്ടാകുന്ന ഇവിടെ വേണ്ടത്ര സജ്ജീകരണങ്ങൾ ഉണ്ടാവണമെന്ന് ആരെയെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ടോ? എത്രയോ പതിറ്റാണ്ടുകളായി ഈ പതിവ് തെറ്റാതെ നടന്നുവരുന്നു. ഇത് അറിയാത്തവരാണോ ഇപ്പോഴത്തെ സർക്കാരും ദേവസ്വം ബോർഡും. എന്നിട്ടും ഒരു തയാറെടുപ്പും നടത്താതെ നിസംഗരായി നിന്ന് ഇങ്ങനെ ഒരു വലിയ ദുരന്ത സാഹചര്യത്തിന് വഴിവച്ചതിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനാവും. അതിന്‍റെ പ്രതിഫലനമാണല്ലോ തയാറെടുപ്പുകൾ നടത്താതിരുന്നതാണ് പ്രശ്നമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ കുറ്റസമ്മതം. കോടികൾ പൊടിച്ചു ആഗോള അയ്യപ്പ സംഗമത്തിന് ഒരുമ്പട്ടവർ ദർശന സുകൃതത്തിലൂടെ ജീവിതസാഫല്യം നേടാൻ കഠിന വ്രതം എടുത്ത് ഇരുമുടി കെട്ടുമായി എത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യത്തിന് ഒന്നും ആലോചിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തില്ല എന്നതിന് എന്തു ന്യായീകരണമാണുള്ളത്?
മാസങ്ങൾക്കു മുമ്പ് തന്നെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിക്കുന്ന യോഗം. അതിനുശേഷം പത്തനംതിട്ട കലക്റ്ററേറ്റിൽ വിളിക്കുന്ന യോഗങ്ങൾ. പമ്പയിൽ വിളിക്കുന്ന യോഗങ്ങൾ. ഒടുവിൽ മുഖ്യമന്ത്രി തന്നെ പമ്പയിൽ വന്നു വിളിക്കുന്ന യോഗം. അങ്ങനെ എല്ലാ ഡിപ്പാർട്ട്മെന്‍റുകളെയും കൂട്ടി എടുക്കുന്ന തീരുമാനങ്ങളും അവ പ്രാവർത്തികമാക്കുന്നതിലെ അവലോകനങ്ങളും നിരന്തരമായി നടത്തിയാണ് ശബരിമല തീർഥാടനം കഴിഞ്ഞ കാലങ്ങളിൽ കുറ്റമറ്റ നിലയിൽ നടത്തിയിട്ടുള്ളത്. അതൊന്നും ഇപ്രാവശ്യം ഉണ്ടാകാതെ പോയത് എന്തെന്നുള്ളത് അദ്ഭുതപ്പെടുത്തുന്ന ചോദ്യമായി അവശേഷിക്കുന്നു. കോടിക്കണക്കിന് ഭക്തജനങ്ങൾ എത്തുമ്പോൾ അവർക്ക് ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് അജ്ഞത നടിക്കാനാവുമോ? തിരക്ക് കൈകാര്യം ചെയ്യുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്ലാനും പദ്ധതിയും ഇല്ലാതെ പോകുന്നത് എന്തുകൊണ്ട്? അതുകൊണ്ടാണ് ഹൈക്കോടതിയുടെ നിശിത വിമർശനത്തിനിടയാക്കിയ ദുരന്തസമാനമായ സാഹചര്യങ്ങളിലേക്ക് എത്തപ്പെട്ടത്. ഇത് അക്ഷന്തവ്യമായ അപരാധമല്ലാതെ മറ്റെന്താണ്?
യോഗം വിളിക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വിലക്കായി എന്ന ദുർബലമായ ന്യായവാദത്തിനും അടിസ്ഥാനമില്ല. ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ദേവസ്വം മന്ത്രിക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനു മാത്രമാണ് വിലക്ക്. എന്നുമാത്രമല്ല ഇതിനുമുമ്പ് സമാന സാഹചര്യങ്ങളിൽ ഇതൊക്കെ ഫലപ്രദമായി നടന്നുപോയത് നമ്മുടെ മുന്നിലുണ്ടുതാനും.
ദേവസ്വം ബോർഡിനു മാത്രമായി തിരക്ക് നിയന്ത്രിക്കാനാകാത്തതിനാൽ ശബരിമല അടിസ്ഥാനസൗകര്യ, ആൾക്കൂട്ട നിയന്ത്രണ വിദഗ്ധസമിതിക്ക് ബോർഡ് രൂപം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട് എൻജിനീയറിങ്, അർബൻ ആൻഡ് റീജ്യനൽ പ്ലാനിങ്, സിവിൽ എൻജിനീയറിങ്, ഡിസാസ്റ്റർ ആൻഡ് ക്രൗഡ് സയൻസ്, എൻവയൺമെന്‍റൽ സയൻസ്, പൊതുജനാരോഗ്യം, ഐടി വിദഗ്ധർ എന്നിവർ ഉൾപ്പെട്ടതായിരിക്കണം സമിതി എന്നാണ് നിർദ്ദേശം. സമിതി മാസ്റ്റർ പ്ലാൻ തയാറാക്കണം. തീർഥാടകർക്ക് ഉള്ള സൗകര്യങ്ങൾ വ്യക്തമായി തിട്ടപ്പെടുത്തണം. തീർഥാടകരെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്‍റഗ്രേറ്റഡ് കൺട്രോൾ റൂം വേണമെന്നും കോടതി നിർദ്ദേശിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും നിരന്തരമായ കോടതി ഇടപെടലുകൾ അനിവാര്യമാക്കുന്ന അവസ്ഥ. തിരക്ക് നിയന്ത്രിക്കണമെങ്കിൽ, കുടിവെള്ളം ലഭിക്കണമെങ്കിൽ, ശുചീകരണം നടക്കണമെങ്കിൽ, ശൗചാലയങ്ങളിൽ വെള്ളം ലഭിക്കണമെങ്കിൽ എല്ലാം കോടതി ഇടപെടേണ്ട അവസ്ഥ. എങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ബോർഡും സംവിധാനവും?
അതേസമയം ഇപ്പോൾ വിവാദമായിരിക്കുന്നതും എല്ലാവരെയും ഞെട്ടിപ്പിച്ചതുമായ ശബരിമല സ്വർണക്കൊള്ള കേസിൽ ബോർഡും ബന്ധപ്പെട്ടവരും എത്ര ജാഗ്രതയോടു കൂടിയാണ് പ്രവർത്തിച്ചത് എന്ന് ഓർക്കുക. സ്ഥാവര- ജംഗമ വസ്തുക്കൾ പുറത്തുകൊണ്ടുപോകരുതെന്ന് ദേവസ്വം മാനുവലിൽ വ്യവസ്ഥയുണ്ടായിരിക്കെ അതെല്ലാം കാറ്റിൽ പറത്തി ഇഷ്ടക്കാരെ ഏൽപ്പിച്ച് ഓരോന്നും പുറത്തുകൊണ്ടുപോയി നടത്തിയ കൊള്ളയുടെ ആഴം ദിനംതോറും വ്യക്തമായി കൊണ്ടിരിക്കുകയാണ്. ചമ്പൽ കൊള്ളക്കാർ പോലും ചെയ്യാൻ മടിക്കുന്ന അധമ പ്രവർത്തനം. അയ്യന്‍റെ സ്വത്തുക്കൾ അടിച്ചു മാറ്റുന്നതിൽ പ്രകടിപ്പിക്കുന്ന കൂസലില്ലായ്മ നമ്മെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുകയാണ്. അതിലേക്ക് വെളിച്ചം വീശാനും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വേണ്ടിവന്നു. അല്ലെങ്കിൽ അവശേഷിക്കുന്നവ കൂടി കവർന്നു ഒന്നുമില്ലാത്ത സ്ഥിതിവിശേഷത്തിൽ എത്തുമായിരുന്നു. നേരത്തെ ഇതിനെല്ലാം സൂത്രധാരകത്വം വഹിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഈ വർഷത്തെ രംഗപ്രവേശം ഇതിനുവേണ്ടിയായിരുന്നു എന്നതിൽ ആർക്കാണ് സംശയം. അതിനുമുമ്പ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത് ഭാഗ്യം.
സ്പോൺസർമാരുടെ കളിയാണ് ഇവിടെയെല്ലാം നടക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിനും "സ്പോൺസർമാർക്ക്' ക്ഷാമം ഉണ്ടായില്ല. കണക്കില്ലാതെ കോടികൾ പൊടിക്കാനുള്ള സൂത്രവിദ്യ. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി സ്ത്രീ പ്രവേശനത്തിന് കാട്ടിയ വീറിലും വാശിയിലും സ്വയം പ്രതിരോധത്തിലായിപ്പോയതിന്‍റെ പാപഭാരം നീക്കാനും വിശ്വാസികളെ പറ്റിക്കാനും ലക്ഷ്യമിട്ട് നടത്തിയ ആഗോള അയ്യപ്പ സംഗമം ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെന്ന് മാത്രമല്ല തിരിഞ്ഞു കുത്തുന്നതു കൂടിയാണ് നാം കാണുന്നത്. ഇത്തരം ദുഷ്ട ബുദ്ധിയുടെ വിജയത്തിനു വേണ്ടി വിനിയോഗിച്ചതിന്‍റെ നൂറിലൊരംശം പ്രയത്നം തീർഥാടന കാലത്തിന്‍റെ വിജയത്തിനും ഭക്തരുടെ സൗകര്യത്തിനും വേണ്ടി വിനിയോഗിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ കഴിയുമായിരുന്നു. അതുണ്ടാവുന്നില്ല എന്നിടത്താണ് ദുഷ്ടലാക്ക് വെളിവാകുന്നത്. ബന്ധപ്പെട്ടവരുടെ ചെമ്പ് തെളിയുന്നത്.