'ശകുന്തള' തിരികെയെത്താൻ ഗ്രാമം കൊതിക്കാറുണ്ടെന്നും: ശകുന്തള ഒരു തീവണ്ടിയാണ്

നിരവധി ഗ്രാമങ്ങള്‍ കാത്തിരിക്കുന്നു, ശകുന്തള തിരികെ പാളങ്ങളുടെ പ്രൗഡിയില്‍ കുതിക്കുന്നതു കാണാന്‍
'ശകുന്തള' തിരികെയെത്താൻ ഗ്രാമം കൊതിക്കാറുണ്ടെന്നും: ശകുന്തള ഒരു തീവണ്ടിയാണ്

ഇന്ത്യയിലോടുന്ന എന്നാല്‍ ഇന്ത്യയ്ക്കു സ്വന്തമല്ലാത്ത റെയ്ൽവെ പാത. ഒരു സാധാരണ പൗരയുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട തീവണ്ടിയും പാതയും. ഒരു നൂറ്റാണ്ടിലധികമായി നിരവധി ഗ്രാമങ്ങളുടെ യാത്രാമാര്‍ഗമായി പാളങ്ങളില്‍ സഞ്ചാരം തുടര്‍ന്നിരുന്ന തീവണ്ടി. ഇത്തരത്തില്‍ നിരവധി കൗതുകങ്ങളുടെ ഗ്രീന്‍ സിഗ്നല്‍ തെളിഞ്ഞു നില്‍ക്കുന്ന കാര്യങ്ങള്‍ ഈ തീവണ്ടിക്കും പാതയ്ക്കുമുണ്ട്. ഇതു ശകുന്തള റെയ്ൽവെ. സര്‍വീസ് നിലച്ച ശകുന്തള റെയ്ൽവെ പാതയില്‍ വീണ്ടും തീവണ്ടിയെത്തണമെന്ന ആവശ്യം ഉയരുകയാണ്. നിരവധി ഗ്രാമങ്ങളുടെ യാത്രാമാർഗമാണ് ശകുന്തള തീവണ്ടി. അതിന്‍റെ കാര്യകാരണങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുന്നതിനു മുമ്പ്, ശകുന്തളയുടെ കഥയറിയാം.

കഥാപ്രസംഗത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, ഈ കഥ തുടങ്ങുന്നത് ഒരു നൂറ്റാണ്ടിനു മുമ്പാണ്. ബ്രിട്ടിഷ് അധിനിവേശത്തിന്‍റെ ചൂഷണസാധ്യതകളുടെ ലിസ്റ്റില്‍ ഇന്ത്യന്‍വിഭവങ്ങളും ഇടംപിടിച്ചിരുന്ന കാലം. മഹാരാഷ്ട്രയിലെ വിദര്‍ഭ പ്രദേശത്തെ അച്ചല്‍പൂരില്‍ നിന്നും യവത്മാളിലേക്ക് സ്ഥാപിച്ച പാതയുടെ പ്രധാന ലക്ഷ്യം പരുത്തി കൊണ്ടു പോകുന്നതായിരുന്നു. തുറമുഖത്തേക്കും അവിടെ നിന്നും ഇംഗ്ലണ്ടിലേക്കും കോട്ടണ്‍ കൊണ്ടുപോകാനുള്ള എളുപ്പവഴി. ക്രമേണ ആ പ്രദേശത്തെ ഗ്രാമീണരുടെ പ്രധാന സഞ്ചാരമാര്‍ഗമായി, യാത്രയുടെ എളുപ്പസങ്കേതമായി.

നാല്‍പതുകളുടെ തുടക്കത്തില്‍, സ്വാതന്ത്ര്യസമരസേനാനിയും ദര്യാപൂര്‍ ഭൂപ്രഭുവുമായിരുന്ന ബല്‍വന്തറാവു ദേശ്മുഖ് പതിനാറുകാരി ശകുന്തളയെ വിവാഹം ചെയ്തു. വരന്‍റെ വീട്ടിലേക്കുള്ള യാത്ര ഈ ട്രെയ്‌നിലായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആ യാത്രയെക്കുറിച്ച് ശകുന്തള അമരാവതി എംപിയായിരുന്ന സുദാം ദേശ്മുഖിനോട് വിവരിച്ചു. അങ്ങനെ ആ പാതയ്ക്കും തീവണ്ടിക്കും ശകുന്തള എന്നു നാമകരണം ചെയ്യാനുള്ള അരങ്ങൊരുങ്ങി. പില്‍ക്കാലം ആ തീവണ്ടിയെ ശകുന്തളയെന്നു വിശേഷിപ്പിച്ചു.

മണിക്കൂറില്‍ 20 കിലോമീറ്റര്‍ മാത്രമാണ് ശകുന്തള ട്രെയ്‌നിന്‍റെ വേഗത. പതിനേഴോളം സ്‌റ്റേഷനുകളില്‍ നിര്‍ത്തും. ആദ്യകാലത്ത് മാഞ്ചസ്റ്ററില്‍ നിര്‍മിച്ച ആവി എന്‍ജിനിലും, പിന്നീട് ഡീസല്‍ എന്‍ജിനിലുമായിരുന്നു തീവണ്ടി നീങ്ങിയിരുന്നത്. 1952-ല്‍ റെയ്ല്‍വേ ദേശസാത്കരിച്ചപ്പോഴും ശകുന്തള റെയ്ൽവെ ബ്രിട്ടീഷ് കമ്പനിയുടെ തന്നെയായി ശേഷിച്ചു. ശകുന്തളയുടെ ഉടമസ്ഥരായ ക്ലിക്ക് നിക്‌സണ്‍ ആന്‍ഡ് കമ്പനിക്ക് ഇന്ത്യന്‍ റെയ്ൽവെ ഇപ്പോഴും വാടക കൊടുക്കുന്നുണ്ടെന്നു ചുരുക്കം.

ശകുന്തളയുടെ ചരിത്രത്തിലേക്കു നീളുന്ന കഥയറിഞ്ഞു നിരവധി വിനോദസഞ്ചാരികള്‍ യാത്രയ്ക്കായി ഈ പാത തെരഞ്ഞെടുക്കാറുണ്ട്. നിത്യജീവിത ഉപാധികള്‍ക്കായി സഞ്ചരിക്കുന്ന ഗ്രാമീണരും ധാരാളം. എന്നാല്‍ നാരോ ഗേജ്, ബ്രോഡ് ഗേജ് ആക്കി മാറ്റുന്നതിനായി പാതയിലെ സര്‍വീസ് നിര്‍ത്തിവച്ചു. കോവിഡ് മഹാമാരിയുടെ കാലം കൂടി എത്തിയതോടെ, ശകുന്തളയുടെ പാളങ്ങള്‍ നിശബ്ദമായി. ഇപ്പോള്‍ ശകുന്തള തീവണ്ടിയെ തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തമാണ്. നിരവധി ഗ്രാമങ്ങള്‍ കാത്തിരിക്കുന്നു, ശകുന്തള തിരികെ പാളങ്ങളുടെ പ്രൗഢിയില്‍ കുതിക്കുന്നതു കാണാന്‍.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com