
ഗുരുദേവന്‍റെ മഹാസമാധി; കവികളുടെ കാവ്യാര്‍ച്ചന
സച്ചിദാനന്ദസ്വാമി
പ്രസിഡന്‍റ്, ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ്, ശിവഗിരിമഠം
ശ്രീനാരായണ ഗുരുദേവന്‍റെ 98-ാം മഹാസമാധി ദിനമാണിന്ന്. ശ്രീനാരായണീയരുടെ ആനന്ദോത്സവമാണ് ഗുരുദേവമഹാസമാധി ദിനം. ആനന്ദസ്വരൂപനായ ഭഗവാന്‍ ശ്രീനാരായണ പരമഹംസദേവന്‍റെ ബ്രഹ്മചൈതന്യത്തില്‍ ഭക്തരുടെ ആനന്ദനടനമാണ് മഹാസമാധി ദിനം. ഭഗവാനും ഭക്തനും ഏകീഭൂതമാകുന്ന സാമ്യമായ ദിവ്യാവസ്ഥ.
ഗുരുദേവ ശിഷ്യനായ മഹാകവി കുമാരനാശാന്‍ ഗുരുജയന്തിക്ക് തുടര്‍ച്ചയായി മംഗളശ്ലോകങ്ങള്‍ എഴുതി യിരുന്നു. ഗുരുദേവനെ ഒരു സമൂഹോദ്ധാരകനോ വിപ്ലവകാരിയോ ആയിട്ടല്ല പരബ്രഹ്മസത്യത്തി ന്‍റെ പ്രതീകമായിട്ടാണ് ഗുരുസ്വരൂപത്തെ മഹാകവി വാഴ്ത്തി പാടിയിരിക്കുന്നത്. ഒരു ശ്ലോകം ഇവിടെ ഉദ്ധരിക്കാം.
മണ്ണും ചരാചരവുമംബരവും ചമച്ച്
മിന്നും കരാംബുജമെഴുന്ന മഹാകൃപാബ്ധേ!
നിന്നെജ്ജഗന്മയ, തിരിഞ്ഞറിയാ ബുധന്മാര്‍
പിന്നെ ബ്ഭജിച്ചിടുവതെങ്ങിനെ പാമരന്മാര്‍
പാഞ്ചഭൗതികമായ ദൃശ്യപ്രപഞ്ചത്തെ സൃഷ്ടിച്ചു രക്ഷിച്ച് നിലനിര്‍ത്തുന്നത് കരുണാമുദ്രമായ അവിടുത്തെ കരവിരുതു തന്നെയാണ്. അല്ലയോ ജഗദീശ്വരാ, പണ്ഡിതന്മാര്‍ പോലും അവിടുത്തെ തിരിച്ചറിയുന്നില്ല. സാധുക്കളായ പാമരന്മാര്‍ പിന്നെ തിരിച്ചറിഞ്ഞു എങ്ങനെ ഭജിക്കും. പണ്ഡിത പാമര ഭേദമെന്യേ ആര്‍ക്കും തന്നെ ബ്രഹ്മസ്വരൂപനായ തൃപ്പാദങ്ങളെ അറിഞ്ഞ് ബ്ഭജിക്കു വാനാകുന്നില്ല എന്നു താത്പര്യം.
ഈ ശ്ലോകത്തില്‍ ഗുരുദേവന്‍റെ പേരുപോലും പറയാതെ പരബ്രഹ്മസത്യസ്വരൂപനായി മാത്രം കണ്ട് ഗുരുമഹിമയെ കുമാരനാശാന്‍ വാഴ്ത്തിപ്പാടുന്നു. ലോകത്തെ സൃഷ്ടിച്ച് രക്ഷിച്ചമരുന്ന ഈശ്വര സത്യം മാത്രമായ ഒരു മഹാഗുരുവിനെയാണ് സമുദായസ്വാമിയായും കേവലമൊരു സാമൂ ഹിക പരിഷ്കര്‍ത്താവായും കണ്ടു പലരും തൃപ്തിയടയുന്നത്. അൽപ്പം ആശ്വാസത്തിന് വകയുള്ളത് ദിവസങ്ങള്‍ കഴിയും തോറും ശ്രീനാരായണ ഗുരുദേവന്‍റെ മഹിമാവിശേഷമറിഞ്ഞ് തൃപ്പാദങ്ങളെ പരമഗുരുവായും പരമദൈവമായും ദര്‍ശിച്ചാരാധിക്കുന്നവരുടെ എണ്ണം ലോകമെമ്പാടുമായി വർധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. കേരളക്കരയിലെമ്പാടുമായും ഭാരത മഹാരാജ്യത്തിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കു വെളിയിലായി ഇരുപത്തഞ്ചോളം രാജ്യങ്ങളിലുമായി മഹാസമാധി ദിനം അനുഷ്ഠിക്കുന്നു.
ഒരു ഗുരുദേവഭക്തനെ സംബന്ധിച്ച് ജയന്തി-മഹാസമാധി ദിനം എന്നീ രണ്ടു പുണ്യദിനങ്ങള്‍ക്കു തുല്യമായി മറ്റൊരു ദിനമില്ല. ഗവണ്‍മെന്‍റ് ഈ രണ്ടു പുണ്യദിനങ്ങളിലും പൊതു ഒഴിവ് നല്‍കിയിട്ടുള്ളത് ഗുരുദേവനെ വിധിപ്രകാരം ആരാധിക്കുവാനും ഗുരുദേവസന്ദേശങ്ങള്‍ അനുഷ്ഠിച്ച് പ്രചരിപ്പിക്കുന്നതിനുമാണ്. അതിനാല്‍ വിവേകികള്‍ ആരും തന്നെ ഈ പുണ്യദിനങ്ങളില്‍ മറ്റേതെങ്കിലും കൃത്യങ്ങളില്‍ വ്യാപൃതരാകില്ല. അവര്‍ സമ്പൂര്‍ണമായും ഗുരുദേവ സമാരാധനയിലും ഗുരുധര്‍മപ്രചരണത്തിലും മുഴുകും.
ഗുരുദേവജയന്തിക്ക് പ്രധാനമായും ആഘോഷപരിപാടികളാണെങ്കില്‍ മഹാസമാധി ദിനം അനു ഷ്ഠാന പ്രധാനമാണ്. ജപം, ധ്യാനം, സമാരാധന തുടങ്ങിയ വിശുദ്ധമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. കറുത്ത കൊടി കെട്ടുക, കറുത്ത ബാഡ്ജ് ധരിക്കുക തുടങ്ങി ദുഃഖ സൂചകമായി ഒന്നും തന്നെ മഹാസമാധി ദിനത്തില്‍ പാടില്ല. മഹാസമാധിദിനം ദുഃഖിക്കാനുള്ളതുമല്ല. കൂടുതലും ആത്മീയ പരിപാടികള്‍ സംഘടിപ്പിച്ചു ധ്യാനാത്മകതയില്‍ മുഴുകണം. ഘോരഘോരമുള്ള പ്രസംഗങ്ങള്‍ക്ക് പകരം ശാന്തിദായകമായ പ്രഭാഷണങ്ങളേ ആകാവൂ. അന്നേ ദിവസം രാവിലെ മുതല്‍ മഹാസമാധി സമയമായ ഉച്ചകഴിഞ്ഞ് 3.30 വരെ ഉപവാസവും ഗുരുദേവ അഖണ്ഡ നാമജപവും നടത്തുന്നതു ഉചിതമായിരിക്കും. മഹാസമാധി സമയത്ത് മഹാസമാധി പൂജകളും തുടര്‍ന്ന് നാമജപത്തോടെ ശാന്തിയാത്രയും. അന്നദാനവും നടത്തുന്നത് ഉചിതമായിരിക്കും. മഹാസമാധി ദിനത്തില്‍ ഗുരുദേവ ഉപാസനയില്‍ തന്നെ മുഴുകുവാന്‍ ശ്രദ്ധിക്കണം.
ചില സ്ഥലങ്ങളില്‍ മഹാസമാധി ദിനത്തില്‍ ഗുരുദേവ വിഗ്രഹത്തില്‍ സമാധിയുടെ ഭാഗമായി ചില ആചാരങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതായി അറിയുന്നു. ഇതൊക്കെ ഒഴിവാക്കേണ്ടതാണ്. മരണ സൂചകമായ യാതൊന്നുമാകരുത്. സമാധിയുടെ അടുത്ത നാളില്‍ ചിലര്‍ ഗുരുമന്ദിരം അടച്ചിടുന്നത് ശരിയല്ല. ഗുരുദേവന്‍ ജനനമരണാതീതനാണ്. പുതിയ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി സമാധി ദിനാചരണത്തെ വികലമാക്കരുത്.
1928 സെപ്റ്റംബര്‍ 20 ന് ഭഗവാന്‍ പരിനിര്‍വ്വാണം പ്രാപിച്ചപ്പോള്‍ പ്രസിദ്ധ കവിയായ പി.വി കൃഷ്ണ വാരിയര്‍ എഴുതിയ സാരൂപ്യസിദ്ധി എന്ന കൃതിയിലെ ഏതാനും വരികള്‍ ഇവിടെ ഉദ്ധരി ക്കാം.
ഏതേതുകാലത്തുടയുന്നു ധര്‍മ-
മധര്‍മമൂക്കില്‍ തലപൊക്കിടുന്നു
അതാതുകാലത്തുലകത്തെ നിര്‍ത്താ-
നാവിര്‍ഭവിക്കുന്നു ജഗന്നിവാസന്‍.
വിഖ്യാത ഗീതോക്തിയിതിന്‍റെ തത്ത്വം
വിശ്വത്തിന്‍ വീണ്ടും വിശദീകരിപ്പാന്‍
നാരായണന്‍ താന്‍ നരനായ്പ്പിറന്നു
നമുക്കു നേരാം വഴികാട്ടിയല്ലോ.
............................................
ബുദ്ധന്‍ മഹാനാം നബി ക്രിസ്തു ശങ്ക-
രാചാര്യനെന്നീ ഗുരുവര്യരോടൊപ്പം
ഈ ദിവ്യയോഗീന്ദ്രനഖണ്ഡസച്ചി-
ദാനന്ദരൂപത്തിലിതാ ലയിപ്പൂ.
പി.വി. കൃഷ്ണവാര്യര്‍ അക്കാലത്ത് അറിയപ്പെടുന്ന ഒരു കവിവര്യനായിരുന്നു. 'നാരായണന്‍ താന്‍ നരനായ്പ്പിറന്നു' എന്ന അവതാര സങ്കൽപ്പം ഗുരുദേവനിലൂടെ വെളിവായി. ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദു നബി, ശ്രീശങ്കരാചാര്യര്‍ എന്നീ ലോക ഗുരുക്കന്മാരുടെ പരമ്പരയില്‍ ശ്രീനാരായണ ഗുരുദേവനെ അക്കാലത്തും ദര്‍ശിച്ചിരുന്നു. ഗുരുദേവന്‍ സഃശരീരനായിരുന്ന കാലത്ത് ജനഹൃദയങ്ങളില്‍ നേടിയ സ്ഥാനം ഈ വരികളില്‍ സ്പഷ്ടമാണ്.
മഹാസമാധിയില്‍ അനുതപിച്ച് വള്ളത്തോള്‍ നാരായണമേനോന്‍ എന്ന നമ്മുടെ ആസ്ഥാന കവി വിലപിച്ചു.
കരുണോജ്വലനിജ്ജനത്തിനര്‍ക്കന്‍
ഗുരുയോഗീന്ദ്രനതാ മറഞ്ഞുപോയ്
ഇരുളേ വിഹരിച്ചു കൊള്‍ക വീണ്ടും
ഗുരുവേര്‍പെട്ട കിടാങ്ങളായി ഞങ്ങള്‍.
ലോകത്തെ പ്രകാശിപ്പിക്കുന്ന സൂര്യഭഗവാനായി ഗുരുദേവനെ മഹാകവി വള്ളത്തോള്‍ ദര്‍ ശിക്കുന്നതും അവിടുത്തെ അനുപമേയമായ മഹത്വമാണ് വെളിവാക്കുന്നതാണ്. മഹാകവി പണ്ഡിറ്റ് കറുപ്പന്‍ 'ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യനെ'ന്ന വിശ്വസന്ദേശത്തെ നവവേദമായും നവയുഗത്തിനനുരൂപമായും കാണുന്നു.
ഇന്ദ്രനില്ലാത്ത സ്വര്‍ഗ്ഗം, ചന്ദ്രന്‍ ഇല്ലാത്ത ആകാശം, താഴികക്കുടം വീണുപോയ സുവര്‍ണ സൗധം ശ്രീകൃഷ്ണനില്ലാത്ത അമ്പാടി എന്നതുപോലെ ഗുരുദേവ മഹാസമാധിയിലൂടെയും ശൂന്യത സൃഷ്ടി ക്കുന്നതായി എഴുതിയത് വിദ്വാന്‍ പന്തളത്തു കോയിത്തമ്പുരാനാണെന്ന് മാന്യവായനക്കാര്‍ ഓര്‍ക്കണം. ഗുരുദേവന്‍റെ മഹാസമാധി സംബന്ധിച്ച് എഴുതപ്പെട്ട കവിതകളും പത്രങ്ങളുടെയെല്ലാം മുഖ പ്രസംഗങ്ങളും സമാഹരിച്ച് ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധിയെന്ന ഗ്രന്ഥം പ്രസിദ്ധീകൃത മായിട്ടുണ്ട്. അതില്‍ നിന്നും തിയോസഫിക്കല്‍ സൊസൈറ്റിയുടെ മുഖപത്രമായ സനാതനധര്‍മം എഴുതി.
'കേരളം ഒരു ഋഷിവര്യന്‍റെ സമാധിയാല്‍ ഇതാ ഇരുട്ടടഞ്ഞിരിക്കുന്നു. . . ഉജ്വലവും ദീര്‍ഘവും വിപുലവും സാര്‍വജനീനവും, അന്യൂനവുമായ ഒരു ബഹുമാനം നാരായണ ഗുരുസ്വാമിക്കു സിദ്ധിച്ചതുപോലെ ഇന്ത്യയില്‍ അടുത്ത നൂറ്റാണ്ടുകളിലൊന്നും ആര്‍ക്കും സിദ്ധിച്ചിട്ടില്ല. .. ബ്രാഹ്മണരും നായന്മാരും തീയ്യരും യൂറോപ്യന്മാരും അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചിട്ടുണ്ട്. . . സൂര്യനെപ്പോലെ സന്നിധി മാത്രംകൊണ്ട് ശക്തിയും പ്രേമവും അദ്ദേഹം പ്രസരിപ്പിച്ചു. . .
പ്രബുദ്ധ കേരളത്തിന് യോഗത്തില്‍ പതഞ്ജലിയും ജ്ഞാനത്തില്‍ ശങ്കരനും, ഭരണ നൈപു ണിയില്‍ മനുവും ത്യാഗത്തില്‍ ബുദ്ധനും, സ്ഥൈര്യത്തില്‍ നബിയും വിനയത്തില്‍ യേശുവുമായ ആ നാരായണഋഷി നരവേഷം ധരിച്ച് 72 വര്‍ഷത്തെ ലീലകള്‍ക്കുശേഷം യഥാസ്ഥാനം പ്രാപിച്ചു. . . ഇനി ജനിക്കുന്നവര്‍ക്കു ഇന്ത്യാരാജ്യത്തിലെ ഇതിവൃത്തങ്ങളിലെ അവതാരമൂര്‍ത്തികളുടെയും സിദ്ധപുരുഷന്മാരുടെയും കൂട്ടത്തില്‍ അദ്ദേഹം ഒരു ഉപാസനാദേവനായിത്തീരും. . .'
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഈ ദീര്‍ഘദര്‍ശനം സഫലീകൃതമായി. ഗുരുദേവന്‍ ഗദ്യ പ്രാർഥനയിലൂടെ അവിടുത്തെ തിരുസ്വരൂപം വെളിപ്പെടുത്തിയിട്ടുണ്ട്. 'നാം ശരീരമല്ല അറിവാകുന്നു (ഈശ്വരനാകുന്നു) ശരീരമുണ്ടാകുന്നതിനു മുന്‍പിലും (ചെമ്പഴന്തിയില്‍ മാടനാശാനും കുട്ടിയമ്മയ്ക്കും മകനായി ജനിക്കുന്നതിനുമുന്‍പ്) അറിവായി (ഈശ്വരനായി) നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും (മഹാസമാധി പ്രാപിച്ചാലും) നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും.' അതേ ഈ ഈശ്വരത ത്ത്വമാണ് ഭഗവാന്‍ ശ്രീനാരായണഗുരുദേവന്‍. ആ ചൈതന്യം എപ്പോഴും നമ്മെ നയിക്കുമാറാകട്ടെ.