
ടെന്നിസിൽ നിന്ന് സാനിയ മിർസ വിരമിക്കുമ്പോൾ ഒരു ചരിത്ര കാലത്തിനാണ് ഫുൾ സ്റ്റോപ്പ് വീഴുന്നത്. ഇന്ത്യൻ ടെന്നിസിന് സാനിയയ്ക്കു പകരം വയ്ക്കാൻ മറ്റൊരു പേരില്ല. രണ്ടു പതിറ്റാണ്ടു നീണ്ട അവരുടെ പ്രൊഫഷണൽ ടെന്നിസ് കരിയർ എക്കാലവും പുതുതാരങ്ങൾക്ക് ഊർജവും ആവേശവുമായി തുടരും. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള സാനിയ 43 ഡബിൾസ് കിരീടങ്ങളുടെ ഉടമയാണ്. ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമാവാനും സാനിയയ്ക്കു കഴിഞ്ഞിട്ടുണ്ട്. 91 ആഴ്ചയാണ് ഒന്നാം നമ്പർ സ്ഥാനം നിലനിർത്തിയത്. ഇന്ത്യയിൽ മറ്റൊരു വനിതാ താരത്തിനും സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന നേട്ടങ്ങളാണ് അർജുന അവാർഡും പദ്മശ്രീയും ഖേൽ രത്നയും പദ്മഭൂഷനും നൽകി രാജ്യം ആദരിച്ചിട്ടുള്ള ഈ താരം സ്വന്തമാക്കിയത്.
ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ മൂന്ന് മിക്സഡ് ഡബിൾസ് കിരീടങ്ങളും മൂന്നു വനിതാ ഡബിൾസ് കിരീടങ്ങളുമാണ് സാനിയയ്ക്കുള്ളത്. 2009ലെ ഓസ്ട്രേലിയൻ ഓപ്പൺ, 2012ലെ ഫ്രഞ്ച് ഓപ്പൺ, 2014ലെ യുഎസ് ഓപ്പൺ എന്നിവയിലാണ് മിക്സഡ് ഡബിൾസ് കിരീടങ്ങൾ. ഇതിൽ രണ്ടു തവണ മഹേഷ് ഭൂപതിയും യുഎസ് ഓപ്പണിൽ ബ്രസീലിയൻ താരം ബ്രൂണോ സൊവാറിസുമായിരുന്നു മത്സര പങ്കാളികൾ. വനിതാ ഡബിൾസിൽ കിരീടം നേടിയ മൂന്നു തവണയും സ്വിസ് ടെന്നിസ് മാന്ത്രിക മാർട്ടിന ഹിംഗിസ് സാനിയയുടെ പങ്കാളിയായി. 2015ലെ വിംബിൾഡൺ, യുഎസ് ഓപ്പണുകളും 2016ലെ ഓസ്ട്രേലിയൻ ഓപ്പണും അവർക്കു കിരീടം നേടിക്കൊടുത്തു.
ടെന്നിസിൽ നിന്ന് ഏറ്റവും കൂടുതൽ സമ്മാനത്തുക സ്വന്തമാക്കിയ ഇന്ത്യൻ വനിതയും സാനിയ തന്നെയാണ്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും അടക്കം ഇന്ത്യയ്ക്കായി മെഡലുകൾ വാരിക്കൂട്ടിയ ടെന്നിസ് റാണിക്ക് ഒളിംപിക്സിൽ മാത്രമാണു മെഡലില്ലാതായത്. കായിക രംഗത്തേക്കു കടക്കാൻ എത്രയോ ഇന്ത്യൻ പെൺകുട്ടികൾക്കു പ്രചോദനമായ സാനിയയ്ക്ക് ഇനിയും കായിക മേഖലയിൽ പല വിധത്തിലുള്ള സംഭാവനകൾ നൽകാൻ കഴിയട്ടെ. വനിതാ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ അവരുടെ ക്രിക്കറ്റ് ടീമിന്റെ ഉപദേശകയായി സാനിയയെ നിയോഗിച്ചിട്ടുണ്ട്. സ്പോർട്സ് ഒരു കരിയറായി തെരഞ്ഞെടുക്കാനാവുമെന്ന് വളർന്നുവരുന്ന താരങ്ങളെ വിശ്വസിപ്പിക്കാൻ തനിക്കു കഴിയുമെന്നാണു സാനിയ പറയുന്നത്. ഇന്ത്യൻ സ്പോർട്സിന് അതു നൽകുന്ന പ്രയോജനം എണ്ണപ്പെടുന്നതു തന്നെയാകും.