മാവോയിസ്റ്റുകളുടെ പേടിസ്വപ്നമായ സിആർപിഎഫ് കോബ്ര കമാൻഡോസിനെ നയിക്കുന്ന ആദ്യ വനിതയായി സഞ്ജുക്ത പരാശർ ഐപിഎസ്

‘അസമിന്‍റെ അയൺ ലേഡി’ എന്ന വിശേഷണത്തിലാണ് 47കാരിയായ സഞ്ജുക്ത അറിയപ്പെടുന്നത്
Sanjukta Parashar IPS

സഞ്ജുക്ത പരാശർ ഐപിഎസ്

Updated on

മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ പേരിൽ പ്രസിദ്ധിയാർജിച്ച സിആർപിഎഫിന്‍റെ എലൈറ്റ് കമാൻഡോ വിഭാഗമായ കോബ്രയുടെ ആദ്യ വനിതാ മേധാവിയായി ചുമതലയേറ്റ് ഐപിഎസ് ഓഫീസറായ സഞ്ജുക്ത പരാശർ. 2006 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ സഞ്ജുക്ത അസം-മേഘാലയ കേഡറിൽ നിന്നുള്ള ഓഫീസറാണ്. ‘അസമിന്‍റെ അയൺ ലേഡി’ എന്ന വിശേഷണത്തിലാണ് 47കാരിയായ സഞ്ജുക്ത അറിയപ്പെടുന്നത്.

വനത്തിലുള്ള യുദ്ധത്തിൽ പ്രത്യേക പരിശീലനം നേടിയ കമാൻഡോ വിഭാഗമാണ് കോബ്ര. 10 ബറ്റാലിയനുകളുള്ള കോബ്ര കമാൻഡോ വിഭാഗത്തിന്‍റെ തലപ്പത്തേക്ക് ഇതാദ്യമായാണ് ഒരു വനിത എത്തുന്നത്. കോബ്രയുടെ ഇൻസ്പെക്റ്റർ ജനറലായാണ് (ഐജി) സഞ്ജുക്തയെ നിയമിച്ചിരിക്കുന്നത്. ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനത്ത് നിന്നാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.

ആരാണ് സഞ്ജുക്ത പരാശർ

1979 ഒക്റ്റോബർ മൂന്നിന് അസമിലാണ് സഞ്ജുക്ത പരാശർ ജനിച്ചത്. അസമിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിൽ എത്തി. ഡൽഹി സർവകലാശാലയിലെ ഇന്ദ്രപ്രസ്ഥ കോളജ് ഫോർ വിമനിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഇന്‍റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തരബിരുദം, എംഫിൽ, പിഎച്ച്ഡി എന്നിവ കരസ്ഥമാക്കി. 2005ലെ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ 85ാം റാങ്ക് നേടിയ സഞ്ജുക്ത ഐഎഎസിന് പകരം ഐപിഎസ് തെരഞ്ഞെടുത്തു. 2006 ഓഗസ്റ്റ് 29ന് സർവീസിൽ പ്രവേശിച്ച സഞ്ജുക്ത അസമിൽ നേരിട്ട് നിയമിതയായ ആദ്യ അസമീസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു.

സോനിത്പുരിൽ പൊലീസ് സൂപ്രണ്ടായിരിക്കേ15 മാസത്തിനിടെ 16 പ്രധാന ഏറ്റുമുട്ടൽ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകി. ഇതിൽ 16 തീവ്രവാദികൾ കൊല്ലപ്പെടുകയും 64 പേർ അറസ്റ്റിലാവുകയും ചെയ്തു. വനമേഖലകളിലുള്ള ഓപ്പറേഷനുകളിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സഞ്ജുക്തയും നേരിട്ട് പങ്കെടുത്തിരുന്നു. അസം പൊലീസ് കമാൻഡോകൾക്കും കോബ്ര സേനയ്ക്കുമൊപ്പമുള്ള ഇത്തരം പ്രവർത്തനങ്ങളാണ് അവർക്ക് ‘അസമിന്‍റെ അയൺ ലേഡി’ എന്ന വിശേഷണം നേടിക്കൊടുത്തത്. തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയിൽ ഡെപ്യൂട്ടി ഇൻസ്പെക്റ്റർ ജനറലായി സേവനമനുഷ്ഠിച്ച അവർ ദേശീയ സുരക്ഷയും ഭീകരവിരുദ്ധ അന്വേഷണങ്ങളും കൈകാര്യം ചെയ്തു. അസമിലെ തീവ്രവാദബാധിത വനമേഖലകളിലെ പ്രവർത്തന പരിചയവും എൻഐഎയിലെ അന്വേഷണ ചുമതലകളിലെ അനുഭവവും ഒരുമിച്ചുള്ള പശ്ചാത്തലം കോബ്രയുടെ തലപ്പത്തേക്ക് എത്താൻ സഞ്ജുക്ത പരാശറിന് വഴിയൊരുക്കി.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, 2022ലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് പരിശീലന മികവിനുള്ള മെഡൽ തുടങ്ങിയവ പുരസ്കാരങ്ങൾ സഞ്ജുക്തയ്ക്ക് ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമാണ് സംജുക്ത. ഫെയ്സ്ബുക്കിൽ 76,000ത്തിലധികവും ഇൻസ്റ്റഗ്രാമിൽ 24,000ത്തിലധികം ഫോളോവർമാരുമുണ്ട്.

എന്താണ് കോബ്ര?

ഇടതുപക്ഷ തീവ്രവാദത്തിനെതിരായ ജംഗിൾ, ഗറില്ലാ പോരാട്ടങ്ങൾക്കായി 2008-09 കാലയളവിലാണ് സിആർപിഎഫ് കോബ്ര യൂണിറ്റ് രൂപീകരിച്ചത്. ഇടതൂർന്ന വനങ്ങളിലെ ദൈർഘ്യമേറിയ ഓപ്പറേഷനുകൾ, പതിയിരുന്നുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും, ഐഇഡി ഭീഷണികൾ, സായുധ തീവ്രവാദികൾക്കെതിരായ ഏറ്റുമുട്ടലുകൾ എന്നിവയ്ക്കായി കോബ്ര കമാൻഡോകൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡീശ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് യൂണിറ്റിന്‍റെ പ്രധാന പ്രവർത്തനകേന്ദ്രം. അടുത്തിടെ മണിപ്പൂർ അടക്കമുള്ള ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിനും യൂണിറ്റിനെ നിയോഗിച്ചിരുന്നു. 2026 മാർച്ചിൽ രാജ്യത്തെ മാവോയിസ്റ്റ് അക്രമങ്ങൾക്ക് അന്ത്യം കുറിക്കുന്നതിൽ കോബ്ര കമാൻഡോകളുടെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു.

വനത്തിലെ യുദ്ധം, രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഓപ്പറേഷനുകൾ, പ്രതികൂലമായ ഭൂപ്രദേശങ്ങളിലെ പ്രവർത്തനം എന്നിവയാണ് കോബ്രയുടെ പ്രധാന ചുമതലകൾ. ഈ സാഹചര്യത്തിൽ പ്രവർത്തനപരിചയമുള്ള വനിതാ ഉദ്യോഗസ്ഥ കോബ്രയുടെ തലപ്പത്ത് എത്തുന്നത് അർധസൈനിക വിഭാഗങ്ങളിലെ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിന് പുതിയൊരു അധ്യായം കൂടിയാണ്. ഇടതുപക്ഷ തീവ്രവാദം അവശേഷിക്കുന്ന മേഖലകളിലും മണിപ്പുർ പോലുള്ള ആഭ്യന്തര സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിലും കോബ്രയുടെ പ്രവർത്തനം തുടരുന്നതിനിടെയാണ് സഞ്ജുക്ത പരാശർ മേധാവിയായി ചുമതലയേറ്റിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com