സഹനത്തിൽ നിന്ന് സംസ്കൃതം

നിധി തേടിപ്പോയ സാന്‍റിയാഗോ എന്ന ആ യുവാവ് ഒടുവിൽ താൻ യാത്ര തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്തുകയാണ്.
Sanskrit from Sahana

സഹനത്തിൽ നിന്ന് സംസ്കൃതം

Updated on

അക്ഷരജാലകം

എം. കെ. ഹരികുമാർ

ഒരു സ്വപ്നത്തിനു പിന്നാലെ യാത്ര ചെയ്യാൻ കഴിയുന്നവർ വളരെ വിരളമാണ്. നിലവിലുള്ള സുരക്ഷാകവചങ്ങൾ ഉപേക്ഷിച്ചു സാഹസികയാത്ര ചെയ്യുന്നവരാണ് യഥാർഥത്തിൽ സ്വതന്ത്രരാകുന്നതെന്നാണ് നോവലിസ്റ്റ് പാവ്‌ലോ കൊയ്‌ലോ 'ആൽക്കിമിസ്റ്റ്' എന്ന കൃതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഒരു ആട്ടിടയൻ യുവാവ് തന്‍റെ സ്വപ്നത്തിൽ കണ്ട നിധി തേടി ഈജിപ്തിലെ പിരമിഡിനടുത്തേക്കു യാത്ര പോകുന്നു. ആ യാത്രയിൽ അയാൾ സ്വതന്ത്രനായിരുന്നു. യാത്രയിൽ പല വ്യക്തികളുമായി പരിചയപ്പെട്ടു. അപ്പോൾ അയാൾ തന്‍റെ പരിമിതമായ സാഹചര്യങ്ങളെ ഉപേക്ഷിക്കുകയായിരുന്നു. പലതും ഗ്രഹിച്ചു. നിധി തേടിപ്പോയ സാന്‍റിയാഗോ എന്ന ആ യുവാവ് ഒടുവിൽ താൻ യാത്ര തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്തുകയാണ്.

അവിടെ ഒരു ഒഴിഞ്ഞ പള്ളിയുടെ സമീപത്തുള്ള മരത്തിന്‍റെ ചുവട്ടിൽ നിന്നു അയാൾക്ക് താൻ തേടി നടന്ന നിധി ലഭിക്കുന്നു. എന്നാൽ ഈ നിധിയേക്കാൾ വിലപ്പിടിപ്പുള്ളത് താൻ യാത്ര ചെയ്ത ഇടങ്ങളിലെ വിശേഷബുദ്ധിയുള്ള ചിലരുമായി സംസാരിക്കാനും സഹകരിക്കാനും കഴിഞ്ഞതാണെന്നു അയാൾ മനസിലാക്കുന്നു. അയാൾക്ക് ഈ ലോകത്തിന്‍റെ മൃദുലമായ സ്നേഹവും ബന്ധവും എന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞു.

ലാഭനഷ്ടങ്ങളുടെയും പ്രതാപങ്ങളുടെയും ഭയങ്ങളുടെയും പിന്തുടർച്ചകളുടെയും ഇടയിൽ കിടന്നു വട്ടം കറങ്ങിയിരുന്ന അയാൾക്ക് അത് മനസിലാക്കാനാവാത്ത കാര്യങ്ങളായിരുന്നു. സ്വർഗം നമ്മുടെ അരികിലുണ്ട്; അല്ലെങ്കിൽ അതിന്‍റെ സൂചനകൾ ആരൊക്കെയോ നമ്മളിലേക്ക് സംക്രമിപ്പിക്കുന്നുണ്ട്. എന്നാൽ നമ്മുടെ അഹങ്കാരവും പദവിയും സമ്പത്തും അത് സ്വീകരിക്കാൻ തടസമാവുന്നു. മറ്റൊരാളുടെ വാക്കുകൾ കേൾക്കാൻ കഴിയാത്ത വിധം ഈഗോ വളർന്നിരിക്കയാണ്.

സ്വയം അറിയുന്നത്

എത്രയോ പേർ അനവസരത്തിലും ആവശ്യത്തിലും നമുക്ക് വേണ്ടതായ വാക്കുകൾ പറഞ്ഞിരിക്കുന്നു. എന്നാൽ അതൊന്നും നമ്മൾ കേൾക്കുകയില്ല. കേൾക്കാനുള്ള മനസില്ല. ഈ കഥാപാത്രം സാഹസികമായ യാത്രയ്ക്കൊടുവിൽ, അത് ഒരു സ്വപ്നത്തിൽ നിന്നു ലഭിച്ച പ്രചോദനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു, യഥാർഥമായ ജീവിതത്തെ അറിയുന്നു. സ്വത്തിന്‍റെ ഉടമസ്ഥതയോ വിനിയോഗമോ ആവശ്യമാണെങ്കിലും അതിനേക്കാൾ സ്വയം അറിയുന്നതിന്‍റെ ഭംഗിയുണ്ട്. സാന്‍റിയാഗോ തേടിയ നിധി ഈജിപ്തിലല്ല; അയാൾ നേരത്തെ ജീവിച്ച സ്ഥലത്ത് തന്നെയായിരുന്നു. നമ്മളിൽ സൂക്ഷിച്ച നിധി കാണാതെ, അത് ദൂരെ എവിടെയോ ഉള്ള ഒരു പിരമിഡിലുണ്ടെന്നു തെറ്റിദ്ധരിച്ച് യാത്ര ചെയ്യുന്ന സാന്‍റിയാഗോമാരല്ലേ ഭൂരിപക്ഷവും?

സ്വപ്നങ്ങളെ മനസിലാക്കുന്നതിൽ പിഴവു സംഭവിക്കാം; ഒരു ലക്ഷ്യമല്ല, അതിലേക്കുള്ള യാത്രയാണ‌ു പ്രധാനമെന്നു കൊയ്‌ലോ പറയുന്നു. കൊയ്‌ലോ നിർദേശിക്കുന്ന സ്വയം പരിവർത്തനപ്പെടുത്താനുള്ള ഒരു മാർഗം ഇതാണ്: "നാം സ്നേഹിക്കുമ്പോൾ നമ്മൾ യഥാർഥത്തിൽ ആരാണോ അതിനേക്കാൾ നല്ലൊരു മനുഷ്യജീവിയായി മാറാനാണ് എപ്പോഴും പരിശ്രമിക്കുന്നത്. നമ്മൾ നല്ലതാകാൻ പ്രയത്നിക്കുമ്പോൾ ചുറ്റിനുമുള്ളതെല്ലാം കൂടുതൽ നന്നാവുന്നു'.

വളരെ ലളിതമായ ഒരു ജീവിതസത്യമാണിത്. ഏത് വസ്തുവിനെയും സ്നേഹിക്കാം; അതിനു ജീവൻ വേണമെന്നില്ല. സ്നേഹിക്കുമ്പോൾ നാം ഒരു പാലം പണിയുകയാണ്. അതുവരെ നമുക്ക് അജ്ഞാതമായ ഒരു ലോകം. നാം ഒരു ബന്ധത്തിന്‍റെ പാതയിൽ യാത്ര തുടങ്ങുകയാണ്. അത് നമ്മെ ഉണർത്തും. നമ്മുടെ ബുദ്ധി പോലും വർധിപ്പിക്കും. നാം ഇന്ദ്രിയങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കും. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് സൂക്ഷ്മ ഗ്രഹണശക്തി ഉണ്ടാകാം. അതിന്‍റെ ഭാഗമായി ആഭ്യന്തരലോകത്ത് വിശുദ്ധവും നന്മ നിറഞ്ഞതുമായ അനുരണനങ്ങൾ ഉണ്ടാവുകയാണ്. ഒരു വിശുദ്ധ സന്ദേശം ലഭിച്ച പോലെ നാം ഉത്സുകരാവുന്നു.

സ്നേഹം എന്ന അനുഭൂതി

നമ്മെ കൂടുതൽ ശ്രദ്ധിക്കാൻ നമുക്ക് തോന്നുന്ന സന്ദർഭമാണിത്. വസ്തുവിനോടുള്ള സ്നേഹം നമ്മെ വലിയ മനുഷ്യരാക്കും. പുസ്തകങ്ങളെയോ വീട്ടുപകരണങ്ങളെയോ സ്നേഹിക്കാം; അവയ്ക്കു ജീവനില്ലെങ്കിൽ പോലും തിരിച്ചു സ്നേഹിക്കും, നന്ദി കാണിക്കും. ഒരു വസ്തുവിനോടുള്ള സ്നേഹം അതിന്മേലുള്ള നിരീക്ഷണം ആർദ്രമാക്കും. ഒരു പൂപ്പാത്രമാണെന്നു കരുതുക. നാം എന്നും തുടച്ചു വൃത്തിയാക്കുക. അപ്പോൾ അതു തിളങ്ങിയിരിക്കും. അതു ജീവിതത്തിനു വേണ്ടി ത്രസിക്കും. നമ്മുടെ മനസിന്‍റെ ഊർജ കണങ്ങളിലേക്ക് ആ പാത്രം അടുത്തു വരും. നമ്മുടെ ആരോ ആണ് അതെന്ന് ഓർമിപ്പിക്കും. അത് സ്നേഹത്താൽ മാത്രം നേടുന്ന അനുഭൂതിയാണ്. എന്നാൽ അതിനെ ശ്രദ്ധിക്കാതായാൽ ഭംഗി നഷ്ടപ്പെടും. കറുത്ത പാടുകൾ വീഴും. അത് വിഷാദത്തിന്‍റെ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങും.

അതിന്‍റെ സൂചനകളോട് ഈ ലോകം പ്രതികരിക്കുന്നില്ലല്ലോ എന്ന വിഷാദമാണത്. ഒടുവിൽ അത് ആത്മഹത്യ ചെയ്യും. ഇത് മനുഷ്യൻ സമീപിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണ്. നാമാണ് അതിന്‍റെ ചാലകശക്തി. ഒരു ചെടിക്ക് ദിവസവും വെള്ളമൊഴിച്ചു പരിപാലിക്കുന്ന പക്ഷം അതു ജീവന്‍റെ തുടിപ്പു കാണിക്കും. അതു പ്രതിപ്രവർത്തിക്കുകയാണ്. ഈ ലോകത്ത് ഏറ്റവും അത്ഭുതകരമായതു ജീവനാണ്. ജീവനെ കൃത്രിമമായി സൃഷ്ടിക്കാനാവില്ല. അത് നൂറ്റാണ്ടുകളായുള്ള ഒരു യാത്രയിലൂടെ അതിജീവിച്ചു വരുന്നതാണ്. അത് ഏതോ രഹസ്യപ്രവർത്തനം പോലെ ഉണ്ടാവുകയാണ്.

പ്രത്യുത്പാദനത്തിലൂടെ ഒരു പുതുജീവൻ പിറക്കുന്നത് അത്ഭുതമാണ്. അങ്ങനെയൊരു സത്യത്തെ ഈ പ്രപഞ്ചം നിലനിർത്തിയിരിക്കുന്നു. അത് ആവർത്തിക്കുന്നു. അതിൽ നാം വിശ്വസിക്കുന്നു. ഒരു വിത്തിൽ നിന്നു നാമ്പു പൊട്ടിമുളക്കുമെന്നു നാം വിശ്വസിക്കുകയും അതുപോലെ സംഭവിക്കുകയും ചെയ്യുന്നു. അതാണു പ്രപഞ്ചത്തിന്‍റെ പദ്ധതി. ഒരു നെൽവിത്തു നട്ടാൽ വളർന്നു കതിരുണ്ടായി വിളഞ്ഞ് അതിൽ നിന്ന് അരി ഉണ്ടാക്കിയെടുക്കാം എന്നതു പ്രപഞ്ച സത്യം. ആ സത്യത്തെ നശിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റിക്കും മതപുരോഹിതനും സാധ്യമല്ല.

സ്നേഹിക്കുന്നതോടെ ചുറ്റിനുമുള്ള ലോകം കൂടുതൽ നന്നാവും എന്നു പറഞ്ഞല്ലോ. നാം ഓരോന്നിനെയും അതതിന്‍റെ ഇടത്തു നിന്നു നമ്മുടെ ആത്മാവിന്‍റെ സൂപ്പർ ഹൈവേയിലേക്കു കൈപിടിച്ചു കയറ്റുകയാണ്. അങ്ങനെ പ്രാപഞ്ചികമായ, ഏകവും സുന്ദരവുമായ ഒരു ബന്ധത്തിലേക്കു നാം എത്തിച്ചേരുന്നു. അത് ഓർമകൾ ഉത്പാദിപ്പിക്കുകയാണ്. നമ്മുടെ അസ്തിത്വത്തിന് അർഥമുണ്ടാകുന്നു. ഒന്നിലേക്കും മനസു കൊടുക്കാതെ അവനവനിൽ മാത്രം കെട്ടിക്കിടക്കുകയാണെങ്കിൽ അതുല്യമായ ഈ അനുഭൂതി നേടാനാവില്ല.

പ്രണമിക്കുമ്പോൾ

ഒരു ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നു ദസ്തയെവ്സ്കി പറഞ്ഞത് ശ്രദ്ധിക്കണം: "ഒരാളെ അയാളുടെ ചിരിയിലൂടെ നമുക്ക് മനസിലാക്കാം. നിങ്ങൾക്ക് ഒരാളുടെ ചിരി ഇഷ്ടമാണെങ്കിൽ, അയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നതിനു മുമ്പ് ആത്മവിശ്വാസത്തോടെ പറയാനാവും അയാൾ ഒരു നല്ല മനുഷ്യനാണെന്ന് '.

ഈ ചിരിയുണ്ടാകുന്നതു ശാന്തവും മൃദുലവുമായ ബന്ധം ചുറ്റുപാടിനോട് ഉണ്ടാകുമ്പോഴാണ്. വളരെ അനായാസമായ ചിരിയായിരിക്കുമത്. ആ ചിരി ചുണ്ടുകൾക്കിടയിലായിരിക്കില്ല വിരിയുക; ഹൃദയത്തിലായിരിക്കും. ഹൃദയത്തിലുമല്ല, അയാൾ സ്നേഹിച്ച വസ്തുക്കളുടെ മുമ്പിലായിരിക്കും - അയാൾ സ്നേഹിച്ച മനുഷ്യരുടെ പാദങ്ങൾക്കു മുന്നിൽ പ്രണമിക്കുന്നതിന്‍റെ പ്രസാദമായിരിക്കും.

ആരുടെയും പാദങ്ങളിൽ നമസ്കരിക്കരുതെന്നു പറയുന്നവർക്ക് അതിന്‍റെ ന്യായം കാണുമായിരിക്കും. എന്നാൽ ജീവിതത്തിലെ സന്ദിഗ്ധമായ ഒരു ഘട്ടത്തിൽ നിന്ന് അത്ഭുതകരമായി നമ്മെ കരകയറ്റിയ ഒരാളുടെ അടുത്തു ചെല്ലുമ്പോൾ നാം ദൈവികമായ ഒരു സാന്നിധ്യം അനുഭവിക്കുന്നുണ്ടെങ്കിൽ അവിടെ പ്രണമിക്കാം. അത് ഒരു ആത്മ നവീകരണമാണ്. നമ്മെ നിലനിർത്തിയ എല്ലാ പ്രപഞ്ച ശക്തികൾക്കും മുന്നിലാണ‌് ആ പ്രണാമം. ആരുടെ മുന്നിലാണോ നമസ്കരിക്കേണ്ടത് അയാൾ കേവലം ഒരു വ്യക്തിയായിരിക്കാം. എന്നാൽ സകല പ്രപഞ്ച ശക്തികളും അനുകൂലമായി നിന്നാൽ മാത്രമേ ഒരു യാത്ര പുറപ്പെടാനും സ്നേഹിക്കാനും കൃഷി ചെയ്യാനും കണ്ടുമുട്ടാനും കഴിയൂ. ഏതെങ്കിലുമൊരു തടസം വന്നാൽ എല്ലാം തകിടം മറിയും. പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം പ്രപഞ്ച ശക്തികളുടെ ശാന്തമായ അനുഭവം വേണം.

എന്താണ് സരളമായ ആത്മീയത? അതിനു ഒരു ചിട്ടയുമില്ല. അത് ആത്മാവിന്‍റെ അന്വേഷണമാണ്, അനുഭൂതിയാണ്. ഒരാൾ സ്വയം അറിയുന്ന നിമിഷമാണത്. അതൊരു ഗാനമാണ്, ആ ഗാനത്തിൽ ഞാൻ അലിയുന്നു, ഒഴുകുന്നു എന്നറിയുമ്പോൾ ആത്മീയത ഉണ്ടാകുന്നു. ആത്മാവിന്‍റെ വിഹായസിലൂടെയുള്ള യാത്രയാണത്. യാതന സഹിക്കാം, എന്നാൽ യാതനയെക്കുറിച്ചുള്ള ഭയം അസഹനീയമാണെന്നു കൊയ്‌ലോ എഴുതിയിട്ടുണ്ട്.

"നിങ്ങൾ ഹൃദയത്തിലേക്ക് ചെവിയോർക്കുക. അതിനെല്ലാമറിയാം. എന്തെന്നാൽ അതു ലോകത്തിന്‍റെ വലിയ ബോധത്തിൽ നിന്നുണ്ടായതാണ്. അത് ഒരു ദിവസം അങ്ങോട്ടു തിരിച്ചു പോകാനുള്ളതാണ്. നമുക്ക് ആത്മനിയന്ത്രണം ഉണ്ടാകുന്നത് ഒരു ഭാഗ്യം പോലെയാണ്. ഒരു മനുഷ്യനിൽ പലരാണ് ആധിപത്യം പുലർത്തുന്നത്. നാം ഒറ്റയ്ക്കല്ലല്ലോ. നമ്മെ നയിക്കുന്നത് ആരാണ്? ആരുടെയോ പ്രേരണയിൽ, ഏതോ കേട്ടുകേൾവിയിൽ നാം മുന്നോട്ടു കുതിക്കുകയാണ്. പൂർണമായി ചിന്തിച്ചല്ല പ്രവർത്തിക്കുന്നത്.

ഒരാളെ പൊലീസ് ഓടിക്കുകയായിരുന്നു. ഓടുന്ന വെപ്രാളത്തിൽ അയാൾ റോഡിലേക്ക് കുതിച്ചു. എന്നാൽ ഒരു വശത്തു നിന്നു വാഹനം അതിവേഗം പാഞ്ഞുവന്നത് അയാൾ കണ്ടില്ല. അയാളെ അത് ഇടിച്ചു തെറിപ്പിച്ചു. ഒരു സെക്കൻഡിനുള്ളിലാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. പെട്ടെന്നു കാര്യങ്ങൾ ഗ്രഹിക്കാൻ ആരുടെ പക്കലും അനേകം ചാനലുകളില്ല. ഒരേയൊരു ബോധേന്ദ്രിയമാണ് എല്ലാവരും ഉപയോഗിക്കുന്നത്. പഠിക്കാനും മീൻ പിടിക്കാനും വണ്ടിയോടിക്കാനും സന്ദേശങ്ങൾക്കു മറുപടി അയയ്ക്കാനും പ്രത്യേകം ഇന്ദ്രിയങ്ങളില്ല. ആകെ ഒന്നുമാത്രം. ബോധേന്ദ്രിയത്തിന്‍റെ തീരുമാനങ്ങൾ എപ്പോഴും ശരിയായിരിക്കില്ല. ധൃതി എല്ലാറ്റിന്‍റെയും താളം തെറ്റിക്കും.

ഒരാൾക്ക് സ്വന്തം ഭാഗത്തെക്കുറിച്ചു ചിന്തിക്കാൻ ഈ ലോകത്ത് അവസരങ്ങളുണ്ടെന്നാണ് പാവ്‌ലോ കൊയ്‌ലോ പറയുന്നത്. അതിനു പക്ഷേ, അവനവൻ വിചാരിക്കണം. ഓരോരുത്തരെയും കാത്ത് ഓരോ നിധിയുണ്ടത്രേ. വ്യക്തിപരമായ കടമ്പകളാണ് ഏറ്റവും വലിയ പ്രതിബന്ധം. അവനവന്‍റെ കാലിലെ ചങ്ങല സ്വയം കെട്ടിയതാണെങ്കിൽ അത് അഴിച്ചുമാറ്റാൻ മറ്റാരും വരില്ല.

സംസ്കരിക്കേണ്ടത്

ഉൾവിളി ഉണ്ടാവുക എന്നു പറയാറുണ്ട്. പ്രാപഞ്ചിക ബോധത്തിലേക്ക്, പ്രാപഞ്ചിക ജീവിതത്തിന്‍റെ ഒഴുക്കിലേക്ക് പ്രവേശനം കിട്ടുന്നതിന്‍റെ സൂചനയാണത്. കൊയ്‌ലോയുടെ വാക്കുകൾ: "ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുമ്പ് പ്രപഞ്ച ബോധം എല്ലാറ്റിനെയും പരീക്ഷിക്കുന്നു. അത് തിന്മയായതു കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്; നമുക്കു വേണ്ടിയാണ്. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനു പുറമേ നമ്മുടെ യാത്രയിൽ പഠിച്ചതിലെല്ലാം വൈദഗ്ധ്യം നേടണം. ഇതു പലരും ശ്രദ്ധിക്കാറില്ല'.

തിരിച്ചടികളെക്കുറിച്ചാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. പ്രതിബന്ധങ്ങളെ പഠിക്കുകയാണ് പ്രധാനം. ജീവിതം നശിക്കുന്നതാണെന്നു കൂടി ഓർത്താൽ നല്ലത്. ഈ നിമിഷത്തിൽ മാത്രമേ നമുക്ക് ജീവിക്കാൻ സാധിക്കൂ. ഭൂതകാലം ഓർമകളായി ചിതറിപ്പോയിരിക്കുന്നു. ഭാവിയാകട്ടെ ആരുടെയും ഗ്യാരണ്ടിയല്ല. എന്നാൽ ഈ നിമിഷം സന്തോഷത്തോടെയിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? കൊയ്‌ലോ എഴുതുന്നു: "നിങ്ങൾക്ക് ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെങ്കിൽ സന്തോഷം നേടാം. ജീവിതം ഒരു സൽക്കാരമാണ്, നല്ലൊരു വിരുന്നാണ്. എന്തുകൊണ്ടെന്നാൽ ജീവിതം നാം ജീവിക്കുന്ന ഈ നിമിഷമാണ്'.

ജീവിതത്തിലെ ഈ നിമിഷത്തെ സംസ്കരിച്ചെടുക്കുക; അപ്പോൾ അത് സംസ്കൃതമാകുകയാണ്. ഏതു വികാരവും ചിന്തയും സംസ്കൃതമാക്കാം. അവ്യക്തതകളിൽ നിന്ന്, കാലുഷ്യങ്ങളിൽ നിന്ന്, അലങ്കോലങ്ങളിൽ നിന്ന് മിതത്വത്തിന്‍റെ, സഹനത്തിന്‍റെ, സംയമനത്തിന്‍റെ, സഹിഷ്ണുതയുടെ അംബരാന്തത്തിലേക്ക് ഉയരുമ്പോഴാണ് ഈ സംസ്കൃതത്തിൽ എത്തിച്ചേരുന്നത്.

എല്ലാറ്റിലും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. എല്ലാം ഒന്നാണ്. അതറിയുന്നതിനു കൊയ്‌ലോ നിർദേശിക്കുന്നത് ഇതാണ്: "ഞാൻ എല്ലാവരെയും പോലെ ഒരുവനാണ്. ഈ ലോകത്തെ ഞാൻ കാണുന്നത്, ഇവിടെ എന്തു നടന്നുകാണാൻ ആഗ്രഹിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലല്ല; എന്താണ് സംഭവിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്'.

കുട്ടികളോട് അസാധാരണ ജീവിതം തെരഞ്ഞെടുക്കണമെന്ന് ഉപദേശിക്കരുതെന്നു താവോയിസ്റ്റ് പരിശീലകനായ വില്യം മാർട്ടിൻ "ദ് പേരന്‍റ്സ് താവോ ചേ ചിങ്' എന്ന പുസ്തകത്തിൽ പറയുന്നു. അത് ഇങ്ങനെയാണ്: "അവർ സാധാരണ ജീവിതത്തിന്‍റെ അത്ഭുതവും അതിശയവും കണ്ടുപിടിക്കട്ടെ. വളർത്തൃമൃഗങ്ങളും ആളുകളും മരിക്കുമ്പോൾ എങ്ങനെയാണ് വേദനിക്കേണ്ടതെന്നു പഠിപ്പിക്കുക. ഒരു കൈ വന്ന് സ്പർശിക്കുമ്പോഴുണ്ടാകുന്ന അനന്തമായ ആനന്ദത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുക. അങ്ങനെ സാധാരണത്വത്തെ അവർ ചൈതന്യപൂർണമാക്കട്ടെ'.

രജത രേഖകൾ

1) അഞ്ചൽ ദേവരാജൻ എഴുതിയ "ഗ്രീഷ്മായനം (ആശ്രയ മാതൃനാട്, ജൂലായ്) തീക്ഷ്ണ വികാരങ്ങളുടെ ഉലയിൽ പാകപ്പെടുത്തിയ കവിതയാണ്. മണ്ണിൽ പുതഞ്ഞ കവിതയെ ഉയർത്തിയെടുക്കുകയാണ് അദ്ദേഹം. വേനൽച്ചൂടിൽ കഷ്ടപ്പെടുന്ന ഒരു വൃക്ഷത്തിന്‍റെ ചിന്തകളാണിത്. കവി എഴുതുന്നു:

"ഉൽക്കകളിൽ വീണെരിയുന്ന സൂര്യനായ്

ഇരുളിൽ പൊരിമണലണിയുന്ന ഭൂമിയായ്

എന്നോ പിണങ്ങിയോരുന്നിദ്രഗീതമായ്

ഈ സൗരയൂഥത്തുരുത്തിൽ

ഒരിത്തിരി തീപ്പൊരി തേടുന്ന

പൂത്തിരിക്കോലമായുണരാൻ

ഉലയൂതിയിനിയുമിരിപ്പൂ ഞാൻ'.

കാല്പനികതയുടെ ഭംഗിയും അറിവിന്‍റെ കാന്തിയും പ്രസരിപ്പിച്ച കവിതയാണിത്. ഒരു വൃക്ഷം വേറിട്ട ഒരു മതാനുഭവമാണ്. മഹാ സാഹിത്യകാരനായ ഹെർമൻ ഹെസെ വൃക്ഷങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി: "വൃക്ഷങ്ങൾ പ്രബോധകരാണ്. കൂട്ടമായി ജീവിക്കുന്നത് കാണുമ്പോൾ ഞാൻ അവരെ ബഹുമാനിക്കുന്നു. ഒരു വൃക്ഷം ഒറ്റയ്ക്ക് നിൽക്കുന്നതു കാണുമ്പോഴും ഞാൻ ബഹുമാനിക്കുന്നു. ഏകാന്ത വ്യക്തികളായ സംഗീതജ്ഞൻ ബീഥോവൻ, തത്ത്വജ്ഞാനി നിഷെ എന്നിവരെ പോലെയാണ് ഒറ്റയ്ക്കു നിൽക്കുന്ന വൃക്ഷങ്ങൾ'.

2) ബഹിരാകാശത്തു പോയി വന്ന ശുഭാംശുവാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ജീവി. ഇന്നു സംസ്കാരം ആർജിക്കുകയാണ്, അത് അപൂർവാനുഭവമാണ്. ഇന്ത്യയിൽ മറ്റാർക്കുമില്ലാത്ത അനുഭവം ശുഭാംശുവിനുണ്ട്. ഏറ്റവും വില കൂടിയ കാറിലോ വിമാനത്തിലോ സഞ്ചരിക്കുന്നവർക്ക്, ഏറ്റവും സമ്പന്നനായ, ചെലവ് ചെയ്യുന്ന വ്യക്തികൾക്ക് ഈ ജ്ഞാനമില്ല, അനുഭവമില്ല. ഇന്നു സംസ്കാരം അപൂർവതയാണ്. ഏറ്റവും വില കൂടിയ അനുഭവം വാങ്ങുന്നവനാണ് ഏറ്റവും വലിയ സാംസ്കാരിക ബുദ്ധിജീവി. ശുഭാംശുവിനെ പോലെ ബഹിരാകാശത്തെ മര്യാദയും ജീവിതരീതികളും സദാചാരവും മറ്റാർക്കും അറിയില്ല. ശുഭാംശുവിന്‍റെ ബഹിരാകാശ വസ്ത്രം ഇന്നു ഒരു ഇന്ത്യക്കാരനും ധരിച്ചിട്ടില്ല.

3) സ്വത്വം, സാങ്കേതികത, വസ്തുനിഷ്ഠത, ആത്മനിഷ്ഠത തുടങ്ങിയ വിഭജനങ്ങളിലൂന്നിയുള്ള വിശകലനം ഇന്നു പ്രസക്തമല്ലെന്നു "ഓട്ടോ മോഡേണിസം' എന്ന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ റോബർട്ട് സാമുവൽസ് അഭിപ്രായപ്പെടുന്നു. എല്ലാ അനുഭവങ്ങളെയും ഒന്നിപ്പിക്കുകയാണ് ഓട്ടോ മോഡേണിസം. അവിടെ ആത്മീയം, ഭൗതികം എന്ന വേർതിരിവില്ല. ഒരു ഓട്ടോ മോഡേൺ പ്രക്രിയയാണ് ഇന്നത്തെ ജീവിതം. അത് എല്ലാറ്റിനെയും നവീകരിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം പഴയ ജീവിതരീതിയുമായി ആധുനിക സാങ്കേതികത ഇഴുകിച്ചേരുകയും ചെയ്യുന്നു.

4) സ്നേഹം ഒന്നിന്‍റെയും ഉടമസ്ഥത അവകാശപ്പെടുന്നില്ല. അത് സ്വാതന്ത്ര്യത്തെ തുറന്നു വിടുകയാണ് ചെയ്യുന്നതെന്നു മഹാകവി രവീന്ദ്രനാഥ ടാഗോർ പറഞ്ഞു. സ്നേഹം സ്വന്തമാക്കാനുള്ളതല്ലെന്നും സ്വതന്ത്രമാക്കാനുള്ളതാണെന്നും പറഞ്ഞാൽ ഇന്നത്തെ കമിതാക്കൾ സമ്മതിക്കുമോ എന്നറിയില്ല. ഇന്നു സ്നേഹം എന്നു പറയുന്നത് ഒരു പ്രായോഗിക നോട്ടമായി ചുരുങ്ങിപ്പോയി. യഥാർഥ സ്നേഹം ചരാചരങ്ങളെ ബന്ധിപ്പിക്കുന്ന ചരടാണ്. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.

5) മലയാള ചെറുകഥയിൽ അത്ഭുതകരമായ പരീക്ഷണവും പരിവർത്തനവും സാധ്യമാക്കിയ സക്കറിയയുടെ "നസ്രാണി യുവാവും ഗൗളിശാസ്ത്രവും, "ഒരിടത്ത് ' എന്നീ കഥകൾ വായിക്കണം. സാഹിത്യകലയുടെ നവാനുഭവം ലഭിക്കും.

6) മുമ്പൊരിക്കൽ ഒരു കഥാകൃത്ത് കേരള സാഹിത്യ അക്കാദമിയുടെ ഹാളിൽ ചേർന്ന യോഗത്തിൽ ഇങ്ങനെ പറഞ്ഞു: "തന്‍റെ കഥകൾ വായനക്കാരിലേക്ക് എത്തിക്കാൻ ഒരു വിമർശകനെയും കണ്ടില്ല. ഇത് വളരെ നിരാശയുണ്ടാക്കി'. വളരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണിത്. ഒരു കഥാകൃത്തിനെ വായനക്കാരിലേക്ക് എത്തിക്കാനുള്ള വാഹനമോ ഏജൻസിയോ അല്ല സാഹിത്യ വിമർശകർ.

അവർ ഒരു ഇടനിലക്കാരല്ല; കലാകാരരാണ്. അവർ തന്‍റെ സർഗാത്മകമായ നിമിഷത്തിൽ, അഭിരുചിക്കനുസരിച്ച് സാഹിത്യത്തെയും കലയെയും തേടുകയാണ് ചെയ്യുന്നത്. ഒരാളുടെ പ്രമോഷനുവേണ്ടി എഴുതുന്നവർ വിമർശകരല്ല. വിമർശകർക്ക് ഒരു നിമിഷമുണ്ട്. അവർ സ്വയം കണ്ടെത്താനാണ് എഴുതുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com