

സർദാർ പട്ടേലിന്‍റെ ദർശനവും ഏകതാ ദിനത്തിന്‍റെ അർഥതലങ്ങളും
ഗജേന്ദ്ര സിങ് ഷെഖാവത്ത്
കേന്ദ്ര സാംസ്കാരിക മന്ത്രി
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒക്റ്റോബർ 31ന് ഇന്ത്യ രാഷ്‌ട്രീയ ഏകതാ ദിവസ് - ദേശീയ ഏകതാ ദിനം - ആചരിക്കുന്നു. 1947-ൽ സ്വാതന്ത്ര്യാനന്തരം 560-ലധികം നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഒരൊറ്റ രാഷ്‌ട്രീയ അസ്ഥിത്വം സൃഷ്ടിച്ച പട്ടേലിനെപ്പോലെ, ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ അടിത്തറ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വങ്ങൾ വിരളമാണ്.
പട്ടേലിന്‍റെ യാഥാർഥ്യബോധവും ക്ഷമയും നിശ്ചയദാർഢ്യവും വിഭജനാനന്തരം ഉപഭൂഖണ്ഡം ശിഥിലമാകുന്നത് തടഞ്ഞു. അദ്ദേഹത്തിന്‍റെ അനുനയവും ദൃഢനിശ്ചയവും ഒന്നുകൊണ്ടു മാത്രമാണ് ജുനാഗഢ്, ഹൈദരാബാദ്, ജമ്മു കാശ്മീർ എന്നീ പ്രദേശങ്ങൾ അനിശ്ചിതത്വത്തിലേക്ക് വഴുതി വീഴാതിരുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച ഐക്യം എന്ന ആശയം കേവലം ഏകീകരണത്തിന്‍റേത് മാത്രമായിരുന്നില്ല; സമാന പൈതൃകത്താൽ ബന്ധിതമായ മനസ്സുകളുടെയും ഹൃദയങ്ങളുടെയും ഒന്നുചേരലായിരുന്നു അത്. വൈവിധ്യങ്ങളും പുതിയ അഭിലാഷങ്ങളും വികസിതമാകുന്ന കാലഘട്ടത്തിൽ ഇന്ത്യയെ ഉറപ്പിച്ചു നിർത്തുന്ന നങ്കൂരമായി ആ വിശ്വാസം തുടരുന്നു.
2014ൽ പട്ടേലിന്‍റെ ജന്മദിനം ദേശീയ ഏകതാ ദിനമായി ആചരിക്കാൻ തീരുമാനിച്ചതിലൂടെ, ഐക്യമെന്നത് സ്ഥിരതയാർജിച്ച ഒരു വസ്തുതയെന്നതിലുപരി, ദേശീയ നവീകരണത്തിന്‍റെ തുടർച്ചാപ്രവർത്തനമാണെന്ന് തിരിച്ചറിയുകയായിരുന്നു. രാജ്യത്തുടനീളമുള്ള സ്കൂളുകളും സംഘടനകളും പൗരന്മാരും രാജ്യത്തിന്‍റെ അഖണ്ഡത ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞ ഈ ദിനത്തിൽ ഊട്ടിയുറപ്പിക്കുന്നു. ഐക്യത്തിനുള്ള കൂട്ടയോട്ടം പോലുള്ള പരിപാടികൾ പട്ടേലിന്‍റെ കൂട്ടായ പ്രവർത്തനത്തിനുള്ള ആഹ്വാനത്തെ ഉൾക്കൊള്ളുന്നു - ദേശസ്നേഹം വികാരമെന്നതിലുപരിയായ പങ്കാളിത്തത്തിലേക്ക് പരിണമിക്കണമെന്ന് നമ്മെ ഓർമിപ്പിക്കുന്നു.
പട്ടേലിന്‍റെ രാഷ്ട്രനിർമാണ പാരമ്പര്യത്തിനുള്ള ശ്രദ്ധാഞ്ജലിയായി, അദ്ദേഹത്തിന്‍റെ 150-ാം ജന്മവാർഷികമായ ഈ വർഷം, ഏകതാ നഗറിൽ 182 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമയ്ക്ക് (സ്റ്റാച്യു ഓഫ് യൂണിറ്റി) സമീപം വിവിധ പരിപാടികളോടെ ആഘോഷിക്കും. സാംസ്‌കാരിക പരേഡുകൾ, സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ, 900ലധികം കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ ഇന്ത്യയുടെ ശക്തി അതിന്‍റെ വൈവിധ്യമാർന്ന ശബ്ദങ്ങൾ ഒന്നായി കേൾപ്പിക്കുന്നതിലാണെന്ന ആശയം ആഘോഷിക്കും.
വ്യത്യസ്ത ഭാഷകളും വിശ്വാസങ്ങളും നാടോടി പാരമ്പര്യങ്ങളും സമൃദ്ധമായി നിലനിൽക്കുന്ന ഒരു രാജ്യത്ത്, സംസ്‌കാരമെന്നത് ഐക്യത്തിന്‍റെ ഏറ്റവും ശാശ്വതമായ ബന്ധമായാണു വർത്തിക്കുന്നത്. സോണൽ കൾച്ചറൽ സെന്‍ററുകൾ മുതൽ ദേശീയ മ്യൂസിയങ്ങൾ വരെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ പൈതൃകത്തെ ജനാധിപത്യവത്കരിക്കാൻ പ്രവർത്തിക്കുന്നു, ഒരു പ്രദേശവും ദേശീയ ആഖ്യാനത്തിൽ നിന്ന് ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം പോലുള്ള പരിപാടികൾ ഭാഷ, പാചകരീതി, കല എന്നിവയിലെ വിനിമയത്തിനായി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഒരുമിച്ചു ചേർക്കുന്ന ഈ മനോഭാവത്തെ ഉറപ്പിക്കുകയാണ്. മഹാരാഷ്ട്രയിലെ വിദ്യാർഥികൾ ബിഹു പഠിക്കുമ്പോൾ, അസമിലെ യുവ കലാകാരന്മാർ പൂനെയിൽ ലാവണി അവതരിപ്പിക്കുമ്പോൾ, പരസ്പരം അറിയുക എന്നതാണ് ഒരുമിച്ച് നിൽക്കാനുള്ള ആദ്യപടി എന്ന പട്ടേലിന്‍റെ ആശയം അവർ സാർഥകമാക്കുന്നു.
വിനോദസഞ്ചാരവും ഐക്യത്തിനുള്ള ഒരു ഉപാധിയാണ്. ദേഖോ അപ്നാ ദേശ് പ്രചാരണവും പുതുക്കിയ ഇൻക്രെഡിബിൾ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമും - പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം മുതൽ കേരളത്തിന്‍റെ കായൽ തീരങ്ങൾ വരെയും, അസമിലെ തേയിലത്തോട്ടങ്ങൾ മുതൽ രാജസ്ഥാനിലെ മരുഭൂമികൾ വരെയും- സ്വദേശത്തെ പര്യവേക്ഷണം ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. 2024ൽ മാത്രം ആഭ്യന്തര വിനോദസഞ്ചാര സന്ദർശനങ്ങൾ 294 കോടി കവിഞ്ഞു. ഇത് ഇന്ത്യക്കാർക്കിടയിൽ ഇന്ത്യയെക്കുറിച്ചുയരുന്ന ജിജ്ഞാസയുടെയും അഭിമാനത്തിന്‍റെയും കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്നു.
സ്വദേശ് ദർശൻ, പ്രസാദ് തുടങ്ങിയ പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം പ്രാദേശിക തലത്തിൽ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നു. ഗുജറാത്തിൽ നിന്നുള്ള സന്ദർശകർക്കായി നാഗാലാൻഡിലെ ഒരു വനിതാ ഹോംസ്റ്റേ നടത്തുമ്പോഴോ തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികൾക്ക് ജോധ്പുരിലെ ഒരു കരകൗശല വിദഗ്ധൻ കരകൗശല വസ്തുക്കൾ വിൽക്കുമ്പോഴോ, അവർ ഉത്പന്നങ്ങൾ മാത്രമല്ല വിനിമയം ചെയ്യുന്നത് - ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ കൂടുതൽ അടുപ്പിക്കുന്ന അനുഭവങ്ങൾ പങ്കിടുക കൂടിയാണ്.
ഓരോ തലമുറയിലും നവീകരിക്കപ്പെടേണ്ട ഒരു കടമയാണ് ഐക്യമെന്ന് പട്ടേൽ പഠിപ്പിച്ചു. ജാഗ്രതയില്ലായ്മ, അജ്ഞത, പ്രാദേശികവാദം എന്നിവയിൽ നിന്നുണ്ടാകുന്ന വിഘടിത പ്രേരണകളെ പ്രതിരോധിക്കണം. പഞ്ചപ്രാൺ - സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിന്‍റെ അഞ്ച് ദൃഢനിശ്ചയങ്ങൾ - 2047-ലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന്‍റെ ഹൃദയഭാഗത്ത് ദേശീയ ഐക്യദാർഢ്യത്തിന്‍റെ പ്രതിജ്ഞകളെ പ്രതിഷ്ഠിക്കുന്നു.
2025ൽ ഇന്ത്യ സർദാർ പട്ടേലിന്‍റെ 150ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, ഉരുക്കുമനുഷ്യനോടുള്ള യഥാർഥ ആദരാഞ്ജലി മാർബിൾ ഫലകങ്ങളിലോ സ്മരണകളിലോ അല്ല, മറിച്ച് സമാനമായ ദേശീയ ഗാഥയുടെ ഭാഗമാണ് താനെന്ന് ചിന്ത ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ്.
സാംസ്ക്കാരിക പ്രകടനങ്ങളിലൂടെയോ, മ്യൂസിയങ്ങളിലെ പ്രദർശനങ്ങളിലൂടെയോ, സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലൂടെയോ ആകട്ടെ, പങ്കാളിത്തത്തിന്‍റെതായ ഓരോ പ്രവൃത്തിയും ഈ സംസ്കാരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യ നൂലുകളെ ശക്തിപ്പെടുത്തുന്നു. സർദാർ പട്ടേലിന്‍റെ വാക്കുകളിലും പ്രധാനമന്ത്രി മോദി അതേ വാക്കുകൾ ആവർത്തിക്കുമ്പോഴും, ഇന്ത്യയുടെ ഭാഗധേയത്തിന്‍റെ ലക്ഷ്യവും മാർഗവുമായി ഐക്യം തുടരുകയാണ് - ഏക ഭാരതം, ശ്രേഷ്ഠ ഭാരതം.