
ജി. കിഷൻ റെഡ്ഡി, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി
""പുരാതന സാംസ്കാരിക പൈതൃകത്തിന്റെ അടിത്തറയിലാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. വേദകാലത്ത് ഒരേയൊരു മന്ത്രം മാത്രമേ നമ്മോടു പറഞ്ഞിട്ടുള്ളൂ... നാം പഠിച്ചതും മനഃപാഠമാക്കിയതും അതാണ്- "സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം'- നാം ഒരുമിച്ച് നടക്കുന്നു, നാം ഒരുമിച്ച് നീങ്ങുന്നു, നാം ഒരുമിച്ച് ചിന്തിക്കുന്നു, ഒരുമിച്ച് ദൃഢനിശ്ചയം ചെയ്യുന്നു, ഒരുമിച്ച് ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നു''.
2014ൽ ഡൽഹിയിലെ ചുവപ്പുകോട്ടയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചതാണിത്.
വികസനം വെറുമൊരു അജൻഡയല്ല, ഓരോ ഇന്ത്യക്കാരനും പങ്കിടുന്ന ലക്ഷ്യം കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ഏറ്റവും ശക്തമായ ആയുധമായി ജനപങ്കാളിത്തം ഉയർന്നുവരുന്ന ഭാവിയെക്കുറിച്ചും, വിശ്വഗുരു എന്ന നിലയിലേക്കുള്ള നമ്മുടെ വാദത്തെക്കുറിച്ചും അദ്ദേഹം സൂചന നൽകി.
രാജ്യത്തിന്റെ ഉരുക്കു മനുഷ്യനായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പാരമ്പര്യത്തോടുള്ള ആദരസൂചകമായി, ആ വർഷം തന്നെ, കലണ്ടറിൽ ഒക്റ്റോബർ 31 "ദേശീയ ഏകതാ ദിനം' എന്ന് പ്രധാനമന്ത്രി ആലേഖനം ചെയ്തു. എന്നിരുന്നാലും, ഇത് ഒരു തീയതിയെ മാത്രമല്ല സൂചിപ്പിക്കുന്നത്; സർദാർ പട്ടേൽ വിഭാവനം ചെയ്തിരുന്ന ഐക്യത്തിന്റെയും ഏകീകരണത്തിന്റെയും സത്തയെ പുനരുജ്ജീവിപ്പിക്കാനുള്ള ഗൗരവമേറിയ പ്രതിബദ്ധതയാണ് അത് ഉൾക്കൊള്ളുന്നത്.
ഒരു ദശാബ്ദത്തിനു ശേഷം, നാം ദേശീയ ഏകതാ ദിനം ആഘോഷിക്കുമ്പോൾ, ഐക്യത്തിന്റെ ശാശ്വത തത്വങ്ങളാലും സഹകരണത്തിന്റെ കരുത്തിനാലും ദീപ്തമായ പാതയിൽ രാജ്യം നടത്തിയ ശ്രദ്ധേയമായ യാത്ര പുനർവിചിന്തനം ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണിത്.
ഈ സർക്കാരിനു കീഴിൽ രാജ്യം ആഗോളതലത്തിൽ മുൻനിരയിലെത്തി. "ദുർബലമായ അഞ്ച് ' സമ്പദ്വ്യവസ്ഥകളിൽ നിന്ന് ലോകത്തെ മികച്ച 5 സമ്പദ്വ്യവസ്ഥകളിലേക്ക് കുതിച്ചുയർന്നു. 2023ൽ 3.75 ട്രില്യൺ ഡോളറിന്റെ ജിഡിപിയുമായി 2004-2014 എന്ന "നഷ്ടമായ ദശകത്തിൽ' നിന്ന് കരകയറി നമ്മുടെ രാജ്യം തിളങ്ങുകയാണ്. വാർഷിക ധനകാര്യ ബജറ്റ് കേവലം സാമ്പത്തിക രൂപരേഖയിൽ നിന്ന് ജനങ്ങളുടെ അഭിലാഷങ്ങളിൽ അധിഷ്ഠിതമായ ചലനാത്മക നയരേഖയായി രൂപാന്തരപ്പെട്ടു. "ജനകീയ ബജറ്റ്'പൗരന്മാരെ അതിന്റെ ധനപരമായ തീരുമാനങ്ങൾക്ക് ഉത്തരവാദികളാക്കാനും ബജറ്റ് പുരോഗതി നിരീക്ഷിക്കാനും പ്രാപ്തരാക്കുന്നു.
മഹത്തായ സംരംഭങ്ങളിലൂടെ ജനങ്ങൾ സമഗ്ര വികസനത്തിന് നേതൃത്വം നൽകി. 12 കോടി ശൗചാലയങ്ങൾ നിർമിച്ച് തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ഇല്ലാതാക്കിയ "സ്വച്ഛ് ഭാരത് അഭിയാൻ', പെൺമക്കളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള "ബേട്ടി ബച്ചാവോ ബേട്ടി പഠാവോ', ദരിദ്രരെ പിന്തുണയ്ക്കുന്നതിനായി ഒരു കോടിയിലധികം കുടുംബങ്ങൾ സ്വമേധയാ പാചകവാതക സബ്സിഡികൾ വേണ്ടെന്നു വച്ച "ഗിവ് ഇറ്റ് അപ്പ് ' മുന്നേറ്റം എന്നിവ ജനപങ്കാളിത്തത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ദീപ്തമായ ഉദാഹരണങ്ങളിൽ ചിലതു മാത്രം.
"മെയ്ക് ഇൻ ഇന്ത്യ', "വോക്കൽ ഫോർ ലോക്കൽ' എന്നിവ ഭാരതീയതയെ പുനരുജ്ജീവിപ്പിച്ചു, ജനകീയ പങ്കാളിത്തം അടിസ്ഥാനമാക്കിയുള്ള മുന്നേറ്റത്തിനു തുടക്കമിട്ടു, സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കു നാം പ്രോത്സാഹനമേകി, യുവാക്കളുടെ സംരംഭകത്വത്തെ പ്രചോദിപ്പിക്കുകയും രാജ്യത്തിന്റെ അതുല്യ കഴിവുകളും സമൃദ്ധ വിഭവങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്തു. 2014 മുതൽ ഇലക്ട്രോണിക് ഉത്പാദനത്തിൽ 300% വർധനയോടെ ഇറക്കുമതി രാജ്യം എന്ന നിലയിൽ നിന്ന് പ്രധാന ആഗോള മൊബൈൽ ഫോൺ നിർമാതാവായി ഭാരതത്തെ പുനർരൂപകൽപ്പന ചെയ്തു. 2022-23 സാമ്പത്തിക വർഷം 448 ബില്യൺ ഡോളറിന്റെ പേറ്റന്റ് കുതിച്ചുചാട്ടവും റെക്കോർഡ് ചരക്ക് കയറ്റുമതിയുമായി നാം ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ്.
"ഡിജിറ്റൽ ഇന്ത്യ' പ്രതിനിധാനം ചെയ്യുന്ന ഡിജിറ്റൽ വിപ്ലവവും "പണരഹിത' സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കവും ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപകമായ സ്വീകാര്യത പ്രോത്സാഹിപ്പിച്ച് സാധാരണ പൗരനുമായുള്ള ഗവണ്മെന്റിന്റെ സഹകരണത്തിന് അടിവരയിടുന്നു. ലോക ശരാശരിയായ 64 ശതമാനത്തെ മറികടന്ന് 87% ഫിൻടെക് ആഗിരണ നിരക്കെന്ന നിലയിൽ നാം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ വിപണികളിലൊന്നായി.
2014 മുതൽ അഴിമതിവിരുദ്ധ പോരാട്ടം രാജ്യവ്യാപക മുന്നേറ്റമായി. 2015 മുതൽ 2022 വരെ 2.73 ലക്ഷം കോടി രൂപ ജെഎഎം (ജൻധൻ, ആധാർ, മൊബൈൽ ഫോൺ) വഴി തിരിച്ചുപിടിച്ചു. വ്യാജ ഗുണഭോക്താക്കളെ തുറന്നുകാട്ടുകയും വിതരണ സംവിധാനത്തിൽ 2014നു മുമ്പ് വ്യാപകമായിരുന്ന ചോർച്ച അടയ്ക്കുകയും ചെയ്തു.
കൊവിഡ് പ്രതിരോധത്തിൽ ഗവണ്മെന്റുമായി കൈകോർത്ത മുന്നണിപ്പോരാളികൾ രാജ്യത്തെ മുന്നോട്ടു നയിച്ചു. സ്വയം പ്രതിരോധിക്കാൻ കഴിവുള്ളതും, അതേസമയം ആഗോള പിന്തുണ വാഗ്ദാനം ചെയ്യുന്നതുമായ ശാക്തീകരിക്കപ്പെട്ട ഭാരതത്തെ എടുത്തുകാട്ടാൻ ദ്രുതഗതിയിലുള്ള വാക്സിൻ ഉത്പാദനം സഹായിച്ചു.
ഒരു കോടി പൗരന്മാരുടെ പിന്തുണയോടെ നമ്മുടെ ജി20 അധ്യക്ഷത "ദേശീയ ഐക്യം' പ്രദർശിപ്പിച്ചു. ആഗോള ഭരണം പുനർരൂപകൽപ്പന ചെയ്യാനും ദിശാബോധം നൽകാനുമുള്ള ദിശാസൂചകമായി നമ്മുടെ ആഗോള നിലവാരത്തെയും "വസുധൈവ കുടുംബക'ത്തെയും ജനങ്ങളുടെ ജി 20' ഉച്ചകോടി വരച്ചുകാട്ടി.
"ദേശീയ ഏകതാ ദിനം' അനുസ്മരണം മാത്രമല്ല; ജനങ്ങളെ ശാക്തീകരിക്കുകയും കാലഹരണപ്പെട്ട സമ്പ്രദായങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്ന ആഴത്തിലുള്ള തത്വചിന്ത കൂടിയാണ്. ഭാരതമാതാവിന്റെ വിശാലമായ ഭൗമ- സാംസ്കാരിക- രാഷ്ട്രീയ ഭൂപ്രകൃതിയുടെ മഹത്തായ ഏകീകരണത്തെക്കുറിച്ചുള്ള സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിന് സമാനമാണിത്. ഇത് ദേശീയ അഭിമാനത്തെ കുറിക്കുന്നു. വൈവിധ്യമാർന്ന രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നു. സർദാർ പട്ടേലിന്റെ ഐക്യഭാരതം, അതായത് ഇന്ത്യ എന്ന സ്വപ്നത്തെ പ്രതിധ്വനിപ്പിക്കുന്നു! ഓരോ പൗരന്റെയും പങ്കാളിത്തം നമ്മുടെ ഭാഗധേയത്തെ രൂപപ്പെടുത്തുന്നു. ഉൾച്ചേർക്കൽ, വൈവിധ്യം, കൂട്ടായ ശക്തി എന്നിവയെ പരിപോഷിപ്പിക്കുന്നു. ഈ ദേശീയ ഏകതാ ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, അവകാശങ്ങൾക്ക് അതീതമായി ശാക്തീകരണം എന്ന ചിന്തയിലേക്കു നമുക്കു സ്വയം സമർപ്പിക്കാം.