
മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
ഈ ശ്ലോകത്തിന് രണ്ടർഥമുണ്ട്. ആദ്യത്തേത് ഇങ്ങനെയാണ്. ഇതാണ് കൂടുതല്‍ സ്വീകരിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതും.
"അരുത് കാട്ടാളാ. ക്രൗഞ്ചപ്പക്ഷികളില്‍, കാമമോഹിതരായിരുന്നതിനെ കൊന്നതു കൊണ്ട് നീ നിത്യകാലത്തോളം മഹത്വം പ്രാപിക്കാതെ പോകട്ടെ'.
രണ്ടാമത്തേത് ഇപ്രകാരമാണ്:
"മഹാലക്ഷ്മിയില്‍ വസിക്കുന്നവനേ (മഹാവിഷ്ണോ), കാമമോഹിതനായ രാക്ഷസനെ (രാവണനെ) കൊന്നത് കൊണ്ട് അങ്ങ് ശാശ്വതമായ പദം പ്രാപിച്ചു'.
"മാ നിഷാദ'. അരുത് കാട്ടാളാ അരുത്!
സ്നേഹവാത്സല്യത്തിന്റെ പരകോടിയില്‍ ആനന്ദിക്കുകയായിരുന്ന നിഷ്കളങ്കരായ ഇണക്കുരുവികളില്‍ ഒന്നിനെ അമ്പെയ്ത് വീഴ്ത്തിയ വേടനോട് മഹാമുനി വാത്മീകി പറഞ്ഞു. "മാ നിഷാദാ...'
ലോകത്തെ ആദ്യത്തെ ശ്ലോകമായി പറയപ്പെടുന്നതാണ് ഈ ശ്ലോകം. ഒരു വേടന് രണ്ടു ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ദുഃഖത്തില്‍ നിന്ന് രത്നാകരന് എന്ന വാല്മീകി രചിച്ച ശ്ലോകമാണിതെന്നാണ് ഐതിഹ്യം. ആണ്‍പക്ഷിയുടെ നേരെ അമ്പെയ്യുന്നതു കണ്ടപ്പോഴാണ് ആദ്യ വാക്കുകള്‍ കോപത്താല്‍ പുറപ്പെട്ടത്.
അരുത് കാട്ടാളാ. നിമിഷങ്ങള്‍ക്കകം ആണ്‍പക്ഷി പിടഞ്ഞു വീണപ്പോള്‍ വാത്മീകി പറഞ്ഞു, യുവ മിഥുനങ്ങളില്‍ ഒന്നിനെ വധിച്ച നിനക്ക് അനശ്വര ജീവിതത്തിനുള്ള അര്‍ഹത തന്നെ ഇല്ല. ഇതിനെത്തുടര്‍ന്നാണ് രാമായണം എഴുതിയത് എന്നും പറയപ്പെടുന്നു.
ക്രൗഞ്ചപ്പക്ഷികള്‍ എന്നാല്‍ സാരസ് പക്ഷികള്‍ എന്നാണ് അറിയപ്പെടുന്നത്. ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന പക്ഷിയാണ് സാരസ്. ഡല്‍ഹിയോട് ചേര്‍ന്ന നോയിഡയില്‍ വംശനാശം വന്നതിനാല്‍ സംരക്ഷിത പക്ഷികളുടെ പട്ടികയിലുള്ള സാരസിനെ കാണാം. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരം കൂടിയവ, 1.8 മീറ്റര്‍ (5 അടി 11 ഇഞ്ച്) വരെ ഉയരത്തില്‍ നില്ക്കുന്നവയാണ്. കൊക്കുകളുടെ ഗണത്തില്‍ ഇവയെ പെടുത്താം. സാരസ് പക്ഷികള്‍ക്ക് ഉച്ചത്തിലുള്ള, കാഹളം മുഴക്കുന്ന കോളുകള്‍ ഉണ്ട്. സാരസ് ജോഡികള്‍ ഒരേ സ്വരത്തില്‍ ശബ്ദമുണ്ടാക്കുന്നത് കേള്‍ക്കുന്നത് തന്നെ രസകരമാണ്. ചാരനിറവും വ്യത്യസ്തമായ ചുവന്ന തലയും മുകളിലെ കഴുത്തും കൊണ്ട് എളുപ്പത്തില്‍ വേര്‍തിരിച്ചറിയാം. സാരസിനെ കാണാന്‍ പല തവണ ലേഖകന്‍ നോയിഡയില്‍ പോയിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ പല ഗ്രാമങ്ങളിലും സാരസ് പക്ഷിയെ കാണാം.
അഞ്ച് ദൈവങ്ങളെ ആരാധിക്കുന്നവര്‍ എന്ന് തരം തിരിക്കുന്ന ഗോത്രങ്ങള്‍ സാരസ് പക്ഷിയെ പവിത്രമായി കണക്കാക്കുന്നു. പുരാതന ഹിന്ദു ഗ്രന്ഥങ്ങളില്‍ സാരസിന്റെ മാംസം നിഷിദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. സാരസ് ജീവിതത്തിനായി ജോടിയാകുകയും മരണം വരെ ഒരുമിച്ച് കഴിയുകയും ചെയ്യുന്നു. ഒരു പങ്കാളിയുടെ മരണം മറ്റേയാളുടെ മരണത്തിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നു. ഒരു പക്ഷിയെ കൊല്ലുന്നത് അതിജീവിക്കുന്ന പങ്കാളിയെ ദിവസങ്ങളോളം കാഹളം മുഴക്കുന്നതിലേക്ക് നയിക്കും. മറ്റൊന്ന് പട്ടിണി കിടന്ന് മരിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. സാരസ് പക്ഷികള്‍ ദാമ്പത്യ പുണ്യത്തിന്റെ പ്രതീകമായാണ് കരുതുന്നത്. ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍, നവദമ്പതികളെ ഒരു ജോടി സാരസ് പക്ഷികളെ കാണാന്‍ കൊണ്ടുപോകുന്നത് പതിവാണ്.
"ദീര്‍ഘ സുമംഗലീ ഭവഃ' എന്ന് വിവാഹ സമയത്ത് നവ വധൂവരന്മാരെ മുതിര്‍ന്നവര്‍ അനുഗ്രഹിക്കാറുണ്ട്. പുരുഷന് സ്ത്രീയേക്കാള്‍ ശാരീരികമായി ശക്തനാണ്, എന്നാല്‍ മാനസികമായി സ്ത്രീ ശക്തയാണ്. അവര്‍ ഒരു ജോഡിയായി രൂപപ്പെടുമ്പോള്‍, ആവശ്യമായ സന്തുലിതാവസ്ഥ കൈവരിക്കുന്നു. ഇത് കുടുംബജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നു.
വിവാഹബന്ധത്തിലെ പങ്കാളിയായ സ്ത്രീയെയാണ് ഭാര്യ എന്നു വിളിക്കുന്നത്. ഭര്‍ത്താവ് മരിച്ചുപോവുകയാണെങ്കില്‍ ഭാര്യയെ വിധവ എന്നാണ് വിവക്ഷിക്കാറ്. സ്ത്രീയുടെ പങ്കാളിയെ ഭര്‍ത്താവ് എന്നാണ് വിളിക്കുന്നത്. ഭാര്യയുടെ ചുമതലകളും അധികാരങ്ങളും സ്ഥാനവും വിവിധ സംസ്കാരങ്ങളില്‍ വ്യത്യസ്തമാണ്. നല്ലവതിയായ ഒരു സ്ത്രീയുടെ പിന്‍ബലമില്ലാതെ പുരുഷന് വിജയിക്കാന്‍ പ്രയാസമാണ്.
ഒന്നുകില്‍ ഭാര്യ, അല്ലെങ്കില്‍ അമ്മ. രണ്ടും കൂടിയിട്ടാണെങ്കില്‍ അവന് ഇരട്ട ഭാഗ്യവാന് എന്ന് ഹരോള്‍ഡ് മക്മില്ലന് പറഞ്ഞിട്ടുണ്ട്. ഒരു നിശബ്ദ ഷോക്ക് അബ്സോര്‍ബര്‍ പോലെ, ഭാര്യ ഭര്‍ത്താവിന്റെ യാത്രയുടെ ഉയര്‍ച്ച താഴ്ചകള്‍ ഉള്‍ക്കൊള്ളുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. പങ്കാളിക്ക് പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഉപദേശിക്കുന്നു. വഴിതെറ്റുമ്പോള്‍ അവനെ തിരുത്തുന്നു. ഇടറി വീഴുമ്പോള്‍ അവന്റെ നില്‍പ്പും വാക്കിംഗ് വടിയും ഉറപ്പാക്കാന്‍ അവള് അവന് താങ്ങായി നില്ക്കുന്നു. വീടിന്റെയും, കുടുംബത്തിന്റേയും കെയര്‍ടേക്കറും മാനെജരുമാണ് ഭാര്യ എന്ന് പറയാം.
സാരസ് പക്ഷികളെ പോലെ ഇണകളായി 75 വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതികളായിരുന്നു പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ളയും ഭാര്യ ലീല ഓംചേരിയും. പ്രൊഫ. എം.കെ. സാനുവും, ഭാര്യ രത്നമ്മ സാനുവും 70 വര്‍ഷത്തിലേറെ ദാമ്പത്യജീവിതം നയിച്ചവരാണ്. ഇരുവരുടെയും വിജയത്തിന്റെ പിന്നില്‍ അവരുടെ ഭാര്യമാരുടെ പിന്തുണയുണ്ടായിരുന്നു എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. അടുത്തിടെയാണ് ഇരുവരുടെയും ഭാര്യമാര്‍ ഇഹലോകവാസം വെടിഞ്ഞത്. ജീവിതത്തില്‍ ഒറ്റപ്പെട്ട അനുഭവമാണ് ഇരുവര്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഓം ചേരിക്ക് 100 വയസ് തികയുന്നു. എം.കെ. സാനുവിന് 98 വയസും. ഇരുവരുടെയും ജീവിതത്തിലെ വലിയ പാങ്ങാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാരസ് പക്ഷികളുടെ ജീവിത രീതി ആകസ്മികമായി ഇവിടെ രേഖപ്പെടുത്തേണ്ടി വന്നിരിക്കുന്നു. ഇരുവരുടെയും ജീവിതം സാരസ് പക്ഷികളോട് തുലനം ചെയ്യേണ്ട ഒരു സാഹചര്യം വന്നുചേര്‍ന്നിരിക്കുകയാണ്.