അത്യുഷ്ണവും അതിവർഷവും പരസ്പരം മത്സരിച്ച 2024

രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി മാറിക്കഴിഞ്ഞു 2024. ഒപ്പം, ലോകത്തിന്‍റെ വിവിധ കോണുകളിൽ വലിയ മഴക്കെടുതികളും സമൃദ്ധമായിരുന്നു.
Scorched and submerged: 2024 breaks heat records
അത്യുഷ്ണവും അതിവർഷവും പരസ്പരം മത്സരിച്ച 2024Freepik.com
Updated on

അജയൻ

ഒന്നര ഡിഗ്രി സെൽഷ്യസ്! വ്യാവസായികവത്കരണ കാലഘട്ടത്തിന് (1850-1900) മുൻപുള്ളതിനെ അപേക്ഷിച്ച്, ആഗോള താപനിലയിൽ 2024 എന്ന ഒരൊറ്റ വർഷം രേഖപ്പെടുത്തിയ ആപത്കരമായ വർധനയാണത്! ഇതോടെ, രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി മാറിയിരിക്കുന്നു 2024. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ഒരറ്റം മാത്രമാണിത്. മറ്റേയറ്റത്ത് ചുഴലിക്കാറ്റുകളും കടലാക്രമണവും പെരുമഴയും വെള്ളപ്പൊക്കവുമെല്ലാമായി പ്രകൃതിയുടെ ക്ഷുഭിത താണ്ഡവമായിരുന്നു. ഫലത്തിൽ, ഉഷ്ണമാപിനികളും മഴമാപിനികളും തമ്മിൽ നേർക്കുനേർ മത്സരിച്ച വർഷം!

മനുഷ്യനിർമിതമായ ആഗോളപാതനത്തിന്‍റെ ദൂരവ്യാപക പ്രത്യാഘാതങ്ങളുടെ നേർസാക്ഷ്യമായാണ് കാലാവസ്ഥാ വിദഗ്ധർ ഇത്തരം പ്രതിഭാസങ്ങളെ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങു കേരളത്തിൽ, ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടലുകളിലൊന്നിന് 2024 സാക്ഷ്യം വഹിച്ചുകഴിഞ്ഞിരിക്കുന്നു. ജീവനുകളും ജീവിതങ്ങളും ബാക്കിവയ്ക്കാതെ മൂന്നു ഗ്രാമങ്ങൾ അപ്പാടെ ഒലിച്ചുപോയി വയനാട്ടിൽ. അയൽ സംസ്ഥാനമായ തമിഴ്നാടും അസാധാരണമായ പ്രളയക്കെടുതി നേരിട്ടു.

ചന്നംപിന്നം പെയ്യുന്ന മഴയുടെയും, അതിന്‍റെ പോഷണത്തിൽ തുടിക്കുന്ന ഹരിതാഭയുടെയും പേരിൽ അറിയപ്പെട്ടിരുന്ന നാടാണ് പഴയ വയനാട്. ഇന്നവിടം പ്രകൃതിദുരന്തത്തിന്‍റെ നടുക്കുന്ന സ്മാരകം പോലെ നിലകൊള്ളുന്നു. പതിറ്റാണ്ടുകൾ കൊണ്ട് മനുഷ്യൻ പഠിച്ചെടുത്ത മൺസൂണിന്‍റെ ഘടനകളെയൊന്നും മാനിക്കാതെ പെയ്തിറങ്ങുന്ന കൊലവെള്ളമായി മാറുകയാണ് വയനാട്ടിലെ മഴ. പെയ്ത്തുനീരിനെ മണ്ണിന് ആഗിരണം ചെയ്യാൻ സമയം കൊടുത്ത് ചാറിച്ചാറി നിന്ന ഇടവപ്പാതിയൊക്കെ ഓർമയിൽ മാത്രം. വേനലുകൾക്കാവട്ടെ, പതിവിലേറെ ചൂടും! ആകെ തകർന്ന പരിസ്ഥിതി സന്തുലനം. ദിവസങ്ങൾകൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങി, മലഞ്ചെരിവുകളിലൂടെ കുത്തിയൊഴുകുമ്പോൾ വിത്തുപാകുന്നത് വരാനിരിക്കുന്ന കൊടിയ മണ്ണിടിച്ചിലുകൾക്കാണ്.

2018ലെ മഹാപ്രളയം മുതലിങ്ങോട്ട് കേരളത്തിലെ കാലാവസ്ഥാ ഘടനയിലാകെ പ്രകടമായി തന്നെ മാറ്റം കാണാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തീയതിയും സമയം കുറിച്ച് വിത്തിറക്കാനും വിളവെടുക്കാനും കർഷകരെ പഠിപ്പിച്ച ഋതുസംക്രമങ്ങളുടെ താളമാകെ തെറ്റിയിരിക്കുന്നു. പിന്നിടുന്ന വർഷമോരോന്നും നിസ്സഹായാവസ്ഥയുടെ അശുഭ ബോധ്യങ്ങളാണ് ബാക്കി വയ്ക്കുന്നത്. പ്രതിരോധത്തിനുള്ള ഓരോ ശ്രമങ്ങളും മനുഷ്യന്‍റെ ചപലമോഹങ്ങളാൽ നിരന്തരം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Freepik

യൂറോപ്യൻ യൂണിയന്‍റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (C3S) ആണ് ചരിത്രത്തിലെ ചൂടേറിയ വർഷമായി 2024ലെ അടയാളപ്പെടുത്തിയത്. കാർബൺ പുറന്തള്ളലിന്‍റെ തോതും റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ദരിദ്ര രാജ്യങ്ങളുടെ പരിദേവനങ്ങൾ ഒരുപാട് മാറ്റൊലിക്കൊണ്ട ബാകുവിലെ യുഎൻ കാലാവസ്ഥാ ഉച്ചകോടി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് ആശങ്കാജനകമായ ഈ വെളിപ്പെടുത്തലുകളെല്ലാം പുറത്തുവരുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ വേണ്ടിവരുന്ന ഭീമമായ പണത്തിന്‍റെ ചെറിയൊരു ഭാഗം പോലുമില്ലാത്ത, 300 ബില്യൻ ഡോളർ എന്ന, തുച്ഛമായ സഹായമാണ് ദരിദ്ര രാജ്യങ്ങളെ അസ്വസ്ഥമാക്കിയത്.

ചരിത്രത്തിലെ ചൂടേറിയ വർഷം എന്ന 2023ന്‍റെ റെക്കോഡ് ഭേദിച്ച് 2024 കടന്നുപോകുന്നത്, ബ്രേക്ക് നഷ്ടപ്പെട്ടോടുന്ന ഒരു ട്രെയ്ൻ അടുത്ത സ്റ്റേഷനും കടന്ന് കുതിക്കുന്നതു പോലെയാണ്. 2024ൽ അനുഭവിച്ചറിഞ്ഞ അസാധാരണമായ ചൂട് 2025ന്‍റെ ആദ്യ മാസങ്ങളിലേക്കും വ്യാപിക്കുമെന്നാണ് കാലവസ്ഥാ വിദഗ്ധരുടെ പ്രവചനം.

Freepik

ആഗോള താപനില വർധിക്കുമ്പോൾ അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അംശം കൂടുകയും, കാലം തെറ്റിയതും കരുത്തേറിയതുമായ പെരുമഴകൾക്ക് അതു കാരണമാകുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തിന് കേരളത്തിൽ തീവ്രതയേറി വരുകയാണ്. അന്തരീക്ഷ താപനി‌ലയിൽ 1.3 ഡിഗ്രി സെൽഷ്യസ് വർധനയുണ്ടായാൽപ്പോലും 10 ശതമാനം കൂടുതൽ മഴ പെയ്യും. താപനിലയിലെ ഈ വർധന ഇതേനിലയിൽ തുടരുകയുമല്ല, വീണ്ടും കൂടിക്കൊണ്ടിരിക്കുകയാണ്, പതിറ്റാണ്ടുകളോളം അതു തുടരുകയും ചെയ്യും എന്നതാണ് സ്ഥിതിഗതി കൂടുതൽ അപകടകരമാക്കുന്നത്.

2024ലെ ആദ്യ 274 ദിവസങ്ങളിൽ 255 പ്രകൃതിക്ഷോഭങ്ങളാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൂട് കൂടിയ ശൈത്യവുമായി തുടങ്ങിയ വർഷമാണ് 2024. ശാന്ത സമുദ്രത്തിന്‍റെ ഉപരിതല താപനിലയിൽ ഉണ്ടാകുന്ന വർധന കാരണം ആവിർഭവിക്കുന്ന എൽ നിനോ പ്രതിഭാസമായിരുന്നു അതിനു കാരണം. അങ്ങനെ, വ്യക്തമായൊരു വസന്ത ഋതുവില്ലാതെ തുടർച്ചയായ നാലാം വർഷവും കടന്നുപോയി. കേരളമടക്കം പല ഇന്ത്യൻ സംസ്ഥാനങ്ങളിലും ശീതകാലത്തെ രാത്രി താപനില വാശിയോടെ 25 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിന്നു. കേരളത്തിന്‍റെ ശൈത്യം, രാത്രി താപനിലയെ 24 ഡിഗ്രിക്കു മുകളില‌േക്കു വിടുന്ന പതിവില്ലാത്തതാണ്. പതിവില്ലാത്ത പലതും പ്രകൃതി കാത്തുവച്ചിരിക്കുന്നു; പോയ വർഷങ്ങളെ പുതുവർഷത്തിനു പാഠമാക്കുക മാത്രമാണ് മുന്നിലുള്ള മാർഗം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com