
തുറമുഖ വികസനം, നാടിന്‍റെ വികസനം
Freepik
വിജയ് ചൗക്ക് | സുധീര്‍ നാഥ്
ഒരു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയില്‍ സഹായിക്കുന്നവയാണ് തുറമുഖങ്ങള്‍. അവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്‍റെ വികസനങ്ങള്‍ക്ക് ഊർജിതമാകുന്നു. തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു ഗതാഗതങ്ങളും ടൂറിസ്റ്റ് കപ്പലുകളുടെ ഗതാഗതങ്ങളും വലിയ സാമ്പത്തിക നേട്ടമായതിനാല്‍ ഏറെ സ്വീകരിക്കപ്പെടുന്നു. വിമാന യാത്രകളിലൂടെ വളരെ കുറച്ച് സമയം കൊണ്ട് ലക്ഷ്യത്തിലെത്തുമെങ്കിലും സാമ്പത്തിക ചെലവ് കൂടുതലായിരിക്കും. കടല്‍ യാത്രകള്‍ക്കു ചെലവ് കുറവാണ്. ചരക്ക് നീക്കവും മനുഷ്യരുടെ യാത്രയും കടലിലൂടെയാമ്പോള്‍ വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാക്കുന്നത്. വ്യക്തികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതോടൊപ്പം രാജ്യത്തിന് സാമ്പത്തിക നേട്ടവും പ്രധാനം ചെയ്യുന്നു എന്നുള്ളതാണ് പ്രത്യേകത.
ബോട്ടുകളും യാത്രാ കപ്പലുകളും ചരക്കു കപ്പലുകളും കണ്ടെയ്‌നർ കപ്പലുകളുമൊക്കെ നങ്കൂരമിടുന്ന സുരക്ഷിതമായ ജലാശയത്തെയാണ് തുറമുഖമായി മനുഷ്യന്‍ വികസിപ്പിക്കുന്നത്. കപ്പലുകള്‍ കരയോട് അടുപ്പിച്ച് ചരക്കുകള്‍ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ തുറമുഖത്ത് ഉണ്ടാകേണ്ടതുണ്ട്. തുറമുഖങ്ങള്‍ പ്രകൃതിദത്തമായി ഉള്ളവയോ കൃത്രിമമായി നിര്‍മിച്ചവയോ ആകാം. സ്വാഭാവിക തുറമുഖങ്ങള്‍ക്ക് അവയുടെ സമീപത്തുള്ള കരഭാഗങ്ങള്‍ പ്രകൃതിജന്യമായ സംരക്ഷണം നല്‍കുമ്പോള്‍, കൃത്രിമ തുറമുഖങ്ങള്‍ക്ക് മണ്ണിടിച്ചില്‍, വേലിയേറ്റ/ വേലിയിറക്കങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണമേകാന്‍ കടല്‍ ഭിത്തികളും മറ്റു നിര്‍മിതികളും ആവശ്യമാണ്.
അന്താരാഷ്‌ട്ര വാണിജ്യ ലോകത്തിന്‍റെ പ്രധാന കവാടമായി തുറമുഖങ്ങള്‍ പരിഗണിക്കപ്പെടുന്നു. തുറമുഖങ്ങളിലൂടെയാണ് ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുമുള്ള ചരക്കുകളും യാത്രക്കാരും മറ്റൊരു ഭാഗത്തേക്ക് ആദ്യ കാലങ്ങളില്‍ കടന്നുപോയിരുന്നത്. ഇന്ന് കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് വ്യോമ ഗതാഗതമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന്‍റെ ആദ്യകാലം മുതല്‍ തന്നെ കടല്‍ മാര്‍ഗമുള്ള ചരക്ക് നീക്കമുണ്ട്. അതിനായി മാത്രം തുറമുഖങ്ങള്‍ നിലവിലുണ്ടായിരുന്നു. കച്ചവട താത്പര്യമായിരുന്നല്ലോ പോര്‍ച്ചുഗീസിന്‍റെ കേരളത്തിലെ വരവിന്‍റെ ലക്ഷ്യം. പോര്‍ച്ചുഗീസുകാര്‍ വരുന്നതു വരെ കേരളവുമായി വ്യാപാരബന്ധം ഉണ്ടായിരുന്നത് "മൂര്‍' എന്നറിയപ്പെട്ടിരുന്ന അറബികള്‍ക്കായിരുന്നു. സാവോ ഗാബിയേല്‍, സാവോ റാഫേല്‍, ബെറിയോ എന്നീ മൂന്ന് കപ്പലുകളില്‍ 1498 മെയ് 20ന് പോർച്ചുഗീസുകാരനായ വാസ്‌കോ ഡ ഗാമ കോഴിക്കോട് കാപ്പാട് ബീച്ചില്‍ എത്തി. കേരളത്തില്‍ എത്തിയ ആദ്യത്തെ യൂറോപ്യന്മാര്‍ പോര്‍ച്ചുഗീസുകാര്‍ ആയിരുന്നു.
ഇന്ത്യയില്‍ ആധിപത്യം പിടിച്ചെടുത്ത ആദ്യ വിദേശശക്തികൾ കൂടിയായിരുന്നു പോര്‍ച്ചുഗീസുകാർ. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്തുന്നതിനും അവര്‍ക്ക് ഉപയോഗപ്രദമായ പുതിയ വസ്തുക്കളുടെ കയറ്റുമതിയുമായിരുന്നു ലക്ഷ്യം. അവര്‍ക്ക് പിന്നാലെ ഡച്ചുകാരും ജർമന്‍കാരും ബ്രിട്ടീഷുകാരും മറ്റും എത്തി. കേരളത്തിന്‍റെ വിശേഷപ്പെട്ട സുഗന്ധവ്യഞ്ജനം ലോകപ്രശസ്തമായതാണ് വിദേശികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ചത്. ഭക്ഷ്യ വസ്തുക്കള്‍ക്ക് സ്വാദും മണവും നിറവും നല്‍കാനും കേടുപറ്റാതെ നിര്‍ത്താനും ഉപയോഗിക്കുന്ന ഉണങ്ങിയ കാര്‍ഷിക വിളകളാണ് സുഗന്ധവ്യഞ്ജനം.
കേരളത്തിന് ഏകദേശം 590 കി.മീ. കടല്‍ത്തീരമുണ്ട്. നിലവിൽ രണ്ട് പ്രധാന വൻകിട തുറമുഖങ്ങളും 7 ഇടനില തുറമുഖങ്ങളും 12 ചെറുകിട തുറമുഖങ്ങളുമുണ്ട്. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന പ്രകൃതിദത്ത തുറമുഖമാണ് കൊച്ചി തുറമുഖം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളില്‍ ഒന്നും, അന്താരാഷ്‌ട്ര കടല്‍ ഗതാഗത പാതകള്‍ക്ക് വളരെ അടുത്തുള്ളതും, കപ്പലുകള്‍ക്ക് ഡോക്ക് ചെയ്യാന്‍ അത്യധികം സുരക്ഷിതത്വമുള്ളതുമായ തുറമുഖമാണ്. കൊച്ചി ഇന്ത്യയിലെ ഏക കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്‍റ് ടെര്‍മിനല്‍ സൗകര്യമുള്ളതും, കപ്പലുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ശാലയുള്ളതും, ദ്രാവക പ്രകൃതി വാതക ടെര്‍മിനല്‍, കൊച്ചി എണ്ണ ശുദ്ധീകരണശാലകളുടെ എണ്ണ ടെര്‍മിനല്‍, ഇന്ത്യയിലെ ഏക യാച്ച്- ടോട്ടറുകള്‍ക്കുള്ള മറീന, തുടങ്ങിയ സൗകര്യങ്ങളുള്ളതുമായ ഇന്ത്യയിലെ സമുദ്ര വാണിജ്യത്തിന്‍റെ ഒരു പ്രധാന കേന്ദ്രമാണ്.
ആദ്യമായി സ്ഥാപിതമായ തുറമുഖങ്ങളിലൊന്ന് ഈജിപ്തിലെ അലക്‌സാണ്ഡ്രിയ നഗരത്തിലായിരുന്നു. വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന് തുറമുഖങ്ങള്‍ കാരണമായി. ഓരോ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് അവരുടെ സാധനങ്ങള്‍ ഇറക്കാനും ആവശ്യമുള്ള സാധനങ്ങള്‍ കയറ്റുവാനും തുറമുഖം ഇടനിലയായി. കാലക്രമേണ, വ്യാപാര മാര്‍ഗങ്ങള്‍ വികസിക്കുകയും ലോകമെമ്പാടും കൂടുതല്‍ സാധനങ്ങള്‍ കയറ്റി അയയ്ക്കുകയും ചെയ്തതോടെ തുറമുഖങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിച്ചു. തുറമുഖങ്ങള്‍ ഇപ്പോഴും ആഗോള സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്. ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ തുറമുഖങ്ങള്‍ വഴി കൈകാര്യം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖമായ ചൈനയിലെ ഷാങ്ഹായ് ലോകത്തിലെ കണ്ടെയ്നറുകളുടെ 40 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നുണ്ട്. 33,000 ഹെക്റ്റര്‍ കര വിസ്തീര്‍ണവും 44 ചതുരശ്ര കിലോമീറ്റര്‍ ജല വിസ്തീര്‍ണവുമുണ്ട് ഈ തുറമുഖത്തിന്. ചൈനയിലെ പ്രശസ്തമായ യാങ്സി നദിയുടെ അഴിമുഖത്താണ് ഷാങ്ഹായ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ തുറമുഖമാണ് സിംഗപ്പുര്‍ തുറമുഖം. ഇവിടെ ലോകത്തിലെ 37 ശതമാനത്തിലധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നു. 23 ചതുരശ്ര കിലോമീറ്റര്‍ കര വിസ്തീര്‍ണവും 82 ചതുരശ്ര കിലോമീറ്റര്‍ ജല വിസ്തീര്‍ണവുമുള്ള ഈ തുറമുഖം മലായ് ഉപദ്വീപിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതും തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളില്‍ ഒന്നുമാണ്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാം തുറമുഖം ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ തുറമുഖമാണ്. 12 ചതുരശ്ര കിലോമീറ്റര്‍ കര വിസ്തീര്‍ണവും 40 ചതുരശ്ര കിലോമീറ്റര്‍ ജല വിസ്തീര്‍ണവുമുള്ള ഈ തുറമുഖം റൈന്‍ നദിയിലാണ് സ്ഥിതി ചെയ്യുന്നത്, യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമാണിത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ലോസ് ഏഞ്ചല്‍സ് തുറമുഖം ലോകത്തിലെ നാലാമത്തെ തിരക്കേറിയ തുറമുഖമാണ്. 43 ചതുരശ്ര കിലോമീറ്റര്‍ കര വിസ്തീര്‍ണവും 30 ചതുരശ്ര കിലോമീറ്റര്‍ ജല വിസ്തീര്‍ണവുമുള്ള ഈ തുറമുഖം കാലിഫോര്‍ണിയയുടെ തെക്കേ അറ്റത്തുള്ള സാന്‍ പെഡ്രോ ഉള്‍ക്കടലിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ വിശാലമായ തീരപ്രദേശങ്ങള്‍ വിശേഷപ്പെട്ട തുറമുഖങ്ങളാല്‍ സമ്പന്നമാണ്. രാജ്യത്തെ വലിയ തുറമുഖങ്ങള്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ സമുദ്ര വ്യാപാരത്തിന്‍റെ ഏകദേശം 37% കൈകാര്യം ചെയ്യുന്നത് ഏറ്റവും വലിയ തുറമുഖമായ മുംബൈയിലാണ്. ചെന്നൈയും കൊല്‍ക്കത്തയും ഏകദേശം 20% വീതം കൈകാര്യം ചെയ്യുന്നു. വിശാഖപട്ടണം ഏകദേശം 13% കൈകാര്യം ചെയ്യുന്നു. രാജ്യത്തിന്‍റെ വ്യാപാരത്തിന്‍റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്നതിനാല്‍ ഈ തുറമുഖങ്ങള്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമാണ്. ലോകത്തിലേക്കും പുറത്തേക്കും ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി ഇന്ത്യ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നു.
ലോക വാണിജ്യ ഭൂപടത്തില്‍ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുകയാണ്. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ മെഗാ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്‍റ് എന്ന വിശേഷണവും, ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം എന്ന ബഹുമതിയും ഉണ്ട്. അന്താരാഷ്‌ട്ര കിഴക്ക്- പടിഞ്ഞാറന്‍ കടല്‍ ഗതാഗത പാതയില്‍ നിന്നും വെറും പത്തു നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം, 20 മീറ്റര്‍ സ്വാഭാവിക ആഴമുള്ള ഗ്രീന്‍ഫീല്‍ഡും, സര്‍വ കാലാവസ്ഥാനുയോജ്യവും, വിവിധോദ്ദേശ്യപരവും ആയ ഒരു തുറമുഖമാണ്.
അള്‍ട്രാ വലുപ്പമുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ ഉള്‍പ്പടെ ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലുകളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു ബഹുമുഖ സൗകര്യമാണു വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. ഈ തുറമുഖം പൂര്‍ണമായി പൂര്‍ത്തിയാകുമ്പോള്‍, ഇന്ത്യയിലെ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്‍റ് ആവശ്യങ്ങളുടെ 75 ശതമാനവും നിറവേറ്റാന്‍ കെല്പുള്ളതാവും. നിലവില്‍ ഈ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തുറമുഖങ്ങള്‍ ദുബായ്, കൊളംബോ, സിംഗപ്പുര്‍, എന്നിവിടങ്ങളിലാണ്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ വരും കാലങ്ങളില്‍ വിഴിഞ്ഞം മാറ്റങ്ങള്‍ കൊണ്ടുവരും.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയല്‍ റണ്‍ 2024 ജൂലൈ 13നാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ തുറമുഖത്ത് ഇതുവരെ 265 കപ്പലുകള്‍ നങ്കൂരമിട്ടു. ഈ കപ്പലുകളില്‍ നിന്ന് 5.48 ലക്ഷം ടിഇയു ചരക്കുകള്‍ ഇതുവരെ കൈകാര്യം ചെയ്തു. ഇത് വിഴിഞ്ഞത്തെ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു എന്നതിന് സംശയമില്ല. തുറമുഖത്തിന്‍റെ ആകെ നിർമാണ ചെലവായ 8,867.14 കോടി രൂപയില്‍ 5,595.34 കോടി രൂപ സംസ്ഥാന സര്‍ക്കാരും 2,454 കോടി രൂപ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും 817.80 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് നൽകിയത്. 2034 മുതല്‍ തന്നെ ചരക്കുനീക്കങ്ങള്‍ വഴിയുള്ള വരുമാനത്തിന്‍റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. 2028ഓടെ എല്ലാ നിർമാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാവുന്നതോടെ അന്താരാഷ്‌ട്ര ചരക്കുനീക്കങ്ങളുടെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ പ്രധാന കേന്ദ്രമായുള്ള വിഴിഞ്ഞത്തിന്‍റെ വളര്‍ച്ച കേരളത്തില്‍ വലിയ വികസന സാധ്യതകള്‍ക്കും വഴിയൊരുക്കും.