## നീതു കുമാരി പ്രസാദ്, ജോയിന്‍റ് സെക്രട്ടറി (മറൈൻ ഫിഷറീസ്), കേന്ദ്ര ഫിഷറീസ് മന്ത്രാലയം
സസ്യവർഗങ്ങളുടെ കൂട്ടത്തിൽ അനാകർഷകവും അനഭിലഷണീയവും ഉപദ്രവകാരികളുമായി കണക്കാക്കപ്പെടുന്നവയാണ് പായലുകൾ. അവ വളരരുതെന്ന് ആഗ്രഹിക്കുന്നിടത്ത് വളരുകയും, വേഗത്തിൽ പടരുകയും, ഉപകാരികളായ സസ്യങ്ങളുടെ സ്ഥാനം അപഹരിക്കുകയും ചെയ്യുന്നു. കടൽപ്പായൽ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് എന്താണ്? നമ്മിൽ ഭൂരിഭാഗം പേർക്കും അവ ജലയാത്രകൾക്ക് തടസം സൃഷ്ടിച്ച് ഇന്ത്യയിലെ ജലാശയങ്ങളിൽ അടിഞ്ഞുകിടക്കുന്ന കുളവാഴയുടെ സമുദ്ര പതിപ്പാണ്. സമുദ്ര കള എന്ന നിലയിൽ കണക്കാക്കപ്പെടുന്ന ഈ സസ്യവർഗത്തിന്‍റെ മഹത്തായ സാമ്പത്തിക സാധ്യതകളെക്കുറിച്ച് വളരെക്കുറച്ചേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് വാസ്തവം.
സമുദ്രത്തിലെ അത്ഭുത സസ്യമെന്ന നിലയിൽ കടൽപ്പായൽ ആഗോള ശ്രദ്ധയാകർഷിക്കുകയാണ്. പ്രജനന കേന്ദ്രമായും ഭക്ഷണമായും ഒരേസമയം വർത്തിച്ചുകൊണ്ട് സമുദ്ര ജൈവവൈവിധ്യത്തെ കടൽപ്പായൽ പോഷിപ്പിക്കുന്നു. കാർബൺ ആഗിരണം ചെയ്യുകയും സമുദ്രത്തെ അമ്ലീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും സമുദ്രകളകളെ പ്രതിരോധിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്ന മത്സ്യബന്ധന വിപണിയിലെ അസ്ഥിരത പരിഗണിക്കുമ്പോൾ തീരദേശ സമൂഹങ്ങൾക്ക് ഇത് പുനരുത്പാദിപ്പിക്കാവുന്ന ഒരു വിഭവം കൂടിയാണ്.
ഒരു ടൺ കടൽപ്പായലിന് 120 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് (CO2), രണ്ട് കിലോഗ്രാം നൈട്രജൻ, (N), രണ്ടര കിലോഗ്രാം ഫോസ്ഫറസ് (P) എന്നിവ ആഗിരണം ചെയ്യാനാകും. കൂടാതെ, ഇവയ്ക്ക് വളരാൻ ശുധജലം ആവശ്യമില്ല. നീല സമ്പദ്‌വ്യവസ്ഥയ്ക്കും ഹരിത കാർഷിക രീതികൾക്കും ബഹുഗുണീകൃത ഗുണഫലങ്ങൾ ഉളവാക്കാൻ കടൽപ്പായലിനാകും. അതിന്‍റെ സഹജ ഗുണങ്ങൾ കാരണം ഭക്ഷണം, മരുന്നുകൾ, വളങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ജൈവ പദാർഥങ്ങൾ മുതലായവയിൽ പ്രകൃതിദത്ത ഘടകമായി കടൽപ്പായൽ കണക്കാക്കപ്പെടുന്നു. കടൽപ്പായലിന്‍റെ നിലവിലെ ആഗോള വിപണി 17 ബില്യൺ ഡോളറാണ്.
പുരാരേഖകൾ പ്രകാരം, കുറഞ്ഞത് 1500 വർഷങ്ങൾക്ക് മുമ്പ് ജപ്പാനിലാണ് കടൽപ്പായൽ ആദ്യമായി ഉപയോഗിച്ചത്. മധ്യകാലഘട്ടം വരെ, പ്രകൃതിദത്തമായ കടൽപ്പായൽ മാത്രമേ പ്രയോജനപ്പെടുത്തിയിരുന്നുള്ളൂ. ഒരു ഭക്ഷണ സ്രോതസ് എന്ന നിലയിൽ മാത്രം ഇത് പരിമിതപ്പെട്ടിരുന്നു.
ടോകുഗാവ കാലഘട്ടത്തിൽ (എഡി 1600-1800), രാജാവിന് നിത്യവും ശുധമായ മത്സ്യവിഭവം നൽകുന്നതിനായി മത്സ്യത്തൊഴിലാളികൾ കടലിൽ വേലി കെട്ടി ഒരു മത്സ്യ ഫാം ആരംഭിച്ചതോടെയാണ് കടൽപ്പായൽ കൃഷിയും ആരംഭിച്ചത്. കടൽപ്പായൽ ഈ വേലിയിൽ തഴച്ചു വളരുന്നതായി അവർ കണ്ടെത്തി.
സെന്‍റർ ഫോർ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (CSMCRI) നേതൃത്വത്തിൽ, പരീക്ഷണ ആവശ്യങ്ങൾക്കായി ഫിലിപ്പീൻസിൽ നിന്ന് കപ്പഫിക്കസ് അൽവാറെസിൽ കൊണ്ടുവന്ന 1980കൾക്ക് ശേഷമാണ് ഇന്ത്യയിൽ കടൽപ്പായൽ കൃഷി ആരംഭിച്ചത്. പരീക്ഷണ ശാലകളിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ കടൽപ്പായൽ കൃഷി കുതിക്കാൻ അധികനാൾ വേണ്ടിവന്നില്ല. CSMCRI യുടെ സഹായത്തോടെ, 2000ത്തിന്‍റെ തുടക്കത്തിൽ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ പെപ്‌സി കമ്പനി വാണിജ്യാടിസ്ഥാനത്തിൽ കടൽപ്പായൽ കൃഷി ആരംഭിച്ചു. ഭക്ഷ്യ വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് വേർതിരിച്ചെടുക്കുന്ന കാരജീനിനുകൾ. പാലുത്പന്നങ്ങൾ ഉൾപ്പെടെ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന കാരജീനനുകളുടെ പ്രധാന ഉറവിടമാണ് കപ്പഫൈക്കസ് അൽവാറെസിൽ. വ്യാവസായിക ഉത്പന്നങ്ങളായ ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ, പായ്ക്ക് ചെയ്ത ഭക്ഷണം, ടൂത്ത്പേസ്റ്റ്, മരുന്നുകൾ എന്നിവയിലും ഈ ജെല്ലി പോലുള്ളവ ഉപയോഗിക്കുന്നു.
ഇത് തമിഴ്നാട്ടിൽ, പ്രദേശവാസികൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് തൊഴിലിന്‍റെ ഒരു പുതിയ വാതായനം തുറന്നു നൽകി. 2008ൽ പെപ്‌സി കമ്പനി ബിസിനസ് അവസാനിപ്പിച്ചപ്പോൾ പെപ്‌സിയിൽ പ്രവർത്തിച്ചിരുന്ന അഭിരാം സേത്ത് അക്വാഗ്രി എന്ന കമ്പനി സ്ഥാപിച്ച് സംരംഭം ഏറ്റെടുത്തു. അതിനുശേഷം, കടൽപ്പായലിന്‍റെ വാണിജ്യപരമായ ഉപയോഗങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഒട്ടേറെ കമ്പനികളും സ്റ്റാർട്ടപ്പുകളും രംഗത്ത് വന്നു.
2020ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ) മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും മൂല്യ ശൃംഖലയും ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യൻ മത്സ്യമേഖലയിലെ നൂതന പ്രവർത്തനങ്ങളുടെ ആണിക്കല്ലായി മാറുകയും ചെയ്തു. കൃത്രിമ പാരുകൾ, കടൽപ്പായൽക്കൃഷി എന്നിവയിലൂടെ മത്സ്യത്തൊഴിലാളികളുടെ വരുമാനവും മത്സ്യസമ്പത്തും മെച്ചപ്പെടുത്തുന്നതിനും തീരദേശ വനിതകൾക്ക് ഉപജീവനമാർഗം പ്രദാനം ചെയ്യുന്നതിനും മാത്രമല്ല, സുസ്ഥിരവും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ലാഭകരവുമായ ഒരു മാതൃക സൃഷിക്കാനും പിഎംഎംഎസ്‌വൈ ലക്ഷ്യമിടുന്നു.
ഇന്ത്യയ്ക്ക് 8,000 കിലോമീറ്ററിലധികം തീരപ്രദേശമുണ്ട്, പരമ്പരാഗതമായി തമിഴ്‌നാട്, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ഒഡീഷ, മഹാരാഷ്‌ട്ര എന്നിവ പ്രകൃതിദത്തമായി വളരുന്ന കടൽപ്പായലിനാൽ അനുഗ്രഹീതമാണ്. മുംബൈ, രത്‌നഗിരി, ഗോവ, കാർവാർ, വർക്കല, വിഴിഞ്ഞം, പുലിക്കാട്ട്, തമിഴ്‌നാട്ടിലെ രാമേശ്വരം, ഗുജറാത്ത്, ഒഡീഷയിലെ ചിലിക്ക എന്നിവിടങ്ങളും കടൽപ്പായലിനാൽ സമ്പന്നമാണ്.
പിഎംഎംഎസ്‌വൈ പ്രകാരം, കടൽപ്പായൽ കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 99 കോടിയുടെ കേന്ദ്ര വിഹിതത്തോടെ 193.80 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 46,095 റാഫ്റ്റുകൾ, 65,330 മോണോ ലൈനുകൾ, തമിഴ്‌നാട്ടിൽ 127.7 കോടി രൂപയുടെ കടൽപ്പായൽ പാർക്ക് എന്നിവയ്ക്കായി തീരദേശമുള്ള സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കുമായി അനുവദിച്ചു.
ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, വനിതാ സ്വയംസഹായ സംഘങ്ങൾ എന്നിവർക്ക് അനുഗുണമായ ഒരു ആവാസവ്യവസ്ഥ പ്രദാനം ചെയ്യാൻ കടൽപ്പായൽ പാർക്ക് ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി പർഷോത്തം രൂപാല തറക്കല്ലിടുകയും പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു.
കടലിലെ ഒരു അത്ഭുത സസ്യമെന്ന നിലയിൽ, കടൽപ്പായൽ 45 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാൻ പാകത്തിൽ അതിവേഗം വളരും. പ്രകൃതിദത്ത സംഭരണത്തിലൂടെയും അക്വാ കൾച്ചറിലൂടെയും പ്രതിവർഷം 11 ലക്ഷം ടൺ കടൽപ്പായൽ ഉത്പാദിപ്പിക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. വർധിച്ച അവബോധത്തോടെ, കടൽപ്പായലിന്‍റെ ആഭ്യന്തര ആവശ്യകത പതിന്മടങ്ങ് വർധിച്ചു. ആവശ്യകതയുടെ 70% ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ്. ഈ പ്രവണത അവസാനിപ്പിക്കുന്നതിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കയറ്റുമതിരാജ്യമായി മാറുന്നതിനും സുപ്രധാന നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഈ ലക്ഷ്യത്തിൽ ഇനിപ്പറയുന്ന നടപടികൾ കൈക്കൊള്ളാൻ നമുക്ക് സാധിക്കും;
സംസ്ഥാനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ (CMFRI, CSMCRI, NIOT), സ്വകാര്യ സംരംഭങ്ങൾ/ സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിൽ ശക്തമായ സഹകരണം സാധ്യമാക്കുക.
വിശദമായ മാപ്പിങ്ങിലൂടെ, മത്സ്യബന്ധന മേഖലകൾ, വിനോദസഞ്ചാര മേഖലകൾ, വാണിജ്യ പാതകൾ എന്നിവ ഒഴിവാക്കി കടൽപ്പായൽ കൃഷിക്ക് സാധ്യതയുള്ള മേഖലകളും /പ്രദേശങ്ങളും തീരദേശ സംസ്ഥാനങ്ങൾക്ക് ഏറ്റെടുക്കാം.
സംസ്ഥാനങ്ങളുടെ സമഗ്ര വളർച്ചയും മികച്ച നിയന്ത്രണവും ലക്ഷ്യമിട്ടുള്ള വാട്ടർ ലീസിങ് നയം രൂപീകരിക്കുകയെന്നത് പ്രധാനമാണ്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ സംയോജനത്തിലൂടെയും നൈപുണ്യം വർധിപ്പിക്കുന്നതിലൂടെയും വനിതാ സ്വയംസഹായ സംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാം.
വിത്തിന്‍റെ ലഭ്യത വലിയ പ്രശ്നമായി അവശേഷിക്കുന്നു. അതിനാൽ ഗവേഷണ വികസന സ്ഥാപനങ്ങൾ സ്വന്തം സ്രോതസിൽ നിന്നും പിഎംഎംഎസ്‌വൈ യിൽ നിന്നും ധനസഹായം കണ്ടെത്തി ഉയർന്ന വിളവ് നൽകുന്ന വിത്തുകളുടെ ഉത്പാദനവും വികസനവും ഏറ്റെടുക്കണം.
സ്വന്തം വിഭവ സമാഹരണത്തിലൂടെയും, കേന്ദ്ര പദ്ധതികൾക്ക് കീഴിലും (പിഎംഎംഎസ്‌വൈ, FIDF) സ്വകാര്യ മേഖലയും സംരംഭകരും വൻ തോതിലുള്ള ഉത്പാദനം ഏറ്റെടുക്കണം.
സ്വകാര്യ മേഖലയിൽ, അത്യുത്പാദനശേഷിയുള്ള നടീൽ വസ്തുക്കളുടെ ഇറക്കുമതി അനുവദിക്കുന്നതിന് സർക്കാർ നയപരമായ നടപടികൾ കൈക്കൊള്ളണം. കടൽപ്പായൽ കയറ്റുമതിയിലും ഇറക്കുമതിയിലും നിലവിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.
ഉയർന്ന വിളവ് നൽകുന്ന വിവിധയിനം കടൽപ്പായൽ നടീൽ വസ്തുക്കൾ വളർത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങൾ സ്വകാര്യ പങ്കാളികളുമായി സഹകരിക്കണം. ഏതെങ്കിലും പ്രത്യേക ഇനങ്ങളെ ആശ്രയിക്കുന്നത് മറികടക്കാൻ ഇതിലൂടെ സാധിക്കും. അതുപോലെ, നൂതനമായ വിളവെടുപ്പനന്തര സാങ്കേതികവിദ്യകളും കാർഷിക സാങ്കേതിക വിദ്യകളും സ്വീകരിക്കണം.
സംയോജിത പരിസ്ഥിതി സൗഹൃദ ആവാസവ്യവസ്ഥയുടെ സ്ഥാപനാർഥം, തമിഴ്‌നാട്ടിലെ കടൽപ്പായൽ പാർക്കിന് സമാനമായി എല്ലാ തീരദേശ സംസ്ഥാനങ്ങളിലും പിഎംഎംഎസ്‌വൈയുടെ കീഴിൽ കൂടുതൽ പാർക്കുകൾക്ക് അനുമതി നൽകാം. തീരപ്രദേശത്ത് ഉടനീളം വലിയ തോതിൽ കടൽപ്പായൽ വിത്ത് ബാങ്കുകൾ സൃഷ്ടിക്കാം.
കാർഷിക രീതികളെ പരിവർത്തനം ചെയ്യാനുള്ള സാധ്യത തിരിച്ചറിഞ്ഞ പ്രധാനമന്ത്രി മോദി, മരുന്നിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കടൽപ്പായൽ കൃഷി ചെയ്യാൻ സ്വയം സഹായ സംഘങ്ങളിലെ വനിതകളോടും കർഷകരോടും ആഹ്വാനം ചെയ്തു.
തത്ത്വചിന്തകനായ ഗോഥെ പറഞ്ഞു: ""നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും, സ്വപ്നം കാണാൻ കഴിയുന്നതും ഉടൻ ആരംഭിക്കുക. ധീരതയിൽ പ്രതിഭയും ശക്തിയും മാന്ത്രികതയും അടങ്ങിയിരിക്കുന്നു''.
കടൽപ്പായൽ ഉത്പാദനത്തിൽ ഇന്ത്യയെ ലോകനേതൃത്വത്തിലെത്തിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ ഇപ്പോൾ ഒരു സ്വപ്നമായിരിക്കാം, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിനു കീഴിലും, ധീരമായ നടപടികളിലൂടെയും, നൂതന സംരംഭങ്ങളിലൂടെയും ഈ മേഖലയിൽ അത്ഭുതകരമായ പരിവർത്തനം സാധ്യമാകുന്ന കാലം വിദൂരമല്ല.