ഇച്ഛാശക്തിയുടെ നവകേരളം

രണ്ടാം പിണറായി സർക്കാർ ഇന്ന് അഞ്ചാം വർഷത്തിലേക്ക്
second Pinarayi government enters fifth year

ഇച്ഛാശക്തിയുടെ നവകേരളം

Updated on

ഇവിടെ ഒന്നും നടക്കില്ലെന്ന് പറഞ്ഞിരുന്നതിൽ നിന്നാണ് 2016ൽ എൽഡിഎഫ് അധികാരത്തിലെത്തുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നാണ് എൽഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തിയത്.യുഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ കാലം ഇന്ന് കേരളം ഏറെക്കുറെ മറന്നു പോയിരിക്കുന്നു. എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. എന്നാൽ, കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണകള്‍ ഇക്കാലയളവില്‍ അപ്രത്യക്ഷമായി. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി.

കേരളം വളര്‍ച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്. നാടിന്‍റെ സമസ്തമേഖലകളെയും പുരോഗതിയിലേക്കു കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. നവകേരളം പടുത്തുയര്‍ത്തുക എന്നതാണു നമ്മുടെ ലക്ഷ്യം. കേരളത്തിന്‍റെ ഭാവിതലമുറയെ കൂടി കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ നയങ്ങളും കർമപദ്ധതികളും ആവിഷ്കരിക്കുന്നത്. സമത്വവും സാഹോദര്യവും പുലരുന്ന ഒരു വികസിത സമൂഹമായിരിക്കും നവകേരളം.

2021 മേയ് മാസത്തില്‍ അധികാരത്തില്‍ വന്ന ഈ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറെ ചാരിതാര്‍ഥ്യത്തോടെയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 2016 ല്‍ അധികാരത്തില്‍ വന്ന ഗവണ്മെന്‍റിന്‍റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. അതിനാല്‍ ഒരര്‍ഥത്തില്‍ ഇത് ഒമ്പതാം വാര്‍ഷികമായി മാറുകയാണ്.

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്‍റെ വികസനവും ജനക്ഷേമവും പ്രതിസന്ധികള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു നിന്ന ഘട്ടത്തിലാണ് 2016ല്‍ എൽഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികള്‍ നിരവധിയായിരുന്നു. തൊഴില്‍ നിയമന മരവിപ്പ്, പൊതുമേഖലയുടെ തകര്‍ച്ച, അടച്ചുപൂട്ടുന്ന പൊതുവിദ്യാലയങ്ങള്‍, കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ മുരടിപ്പ്, വ്യവസായ നിക്ഷേപങ്ങള്‍ ഇല്ലാത്ത സ്ഥിതി, അതിഗുരുതരമായ സാമ്പത്തിക തകര്‍ച്ച, മൂലധനച്ചെലവിനു പോലും ഫണ്ടില്ലാത്ത തരത്തിലുള്ള വികസനമരവിപ്പ്, തുടങ്ങി അസംഖ്യം പ്രശ്നങ്ങളായിരുന്നു അന്ന് നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നത്.

തകര്‍ന്ന റോഡുകളും, അഴിമതി പാലങ്ങളും, വെറും തൂണുകള്‍ മാത്രമായിരുന്ന കൊച്ചി മെട്രൊയും, വേലി പോലും കെട്ടിതിരിക്കാത്ത മണ്‍പാതയിലേക്കു യുദ്ധവിമാനം കഷ്ടിച്ചിറക്കി ഉദ്ഘാടനം ചെയ്ത വിമാനത്താവളവും മണിക്കൂറുകളോളം നീളുന്ന ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഇവിടെ ഒന്നും നടക്കില്ലെന്ന് പറഞ്ഞു കേരളം വിട്ട ദേശീയ ഹൈവേ അഥോറിറ്റിയും പരാതികള്‍ തീരാത്ത സര്‍ക്കാര്‍ ആശുപത്രികളും ആയിരുന്നു അന്ന് എല്‍ഡി എഫ് സര്‍ക്കാരിനെ വരവേറ്റത്. യുഡിഎഫ് സര്‍ക്കാരിന്‍റെ ആ ഭരണ കാലം ഇന്ന് കേരളം ഏറെക്കുറെ മറന്നു പോയിരിക്കുന്നു. നിശ്ചലാവസ്ഥയില്‍ നിന്നാണ് എൽഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തിയത്.

എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. എന്നാൽ, കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണകള്‍ ഇക്കാലയളവില്‍ അപ്രത്യക്ഷമായി. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി.

ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഹൈവേ വികസനം ഏറ്റെടുത്തു. കേന്ദ്ര സര്‍ക്കാരാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകള്‍ നമുക്കു മേല്‍ അടിച്ചേല്‍പ്പിച്ചു. അതിനെ തുടര്‍ന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6000 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാര്‍ത്ഥ്യമാക്കാനും നമുക്കു സാധിച്ചു.

ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രൊ റെയ്‌ലും കണ്ണൂര്‍ വിമാനത്താവളവും യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി നാടിനു സമ്മാനിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. കേരളത്തിന്‍റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ ഇടമണ്‍-കൊച്ചി പവര്‍ഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്നും വീണ്ടെടുത്ത് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐടി കോറിഡോര്‍, പുതുവൈപ്പിന്‍ എല്‍ പി ജി ടെര്‍മിനല്‍, കോസ്റ്റല്‍ ഹൈവേ, വയനാട് തുരങ്കപാത, കെഫോണ്‍, കൊച്ചി വാട്ടര്‍ മെട്രൊ, പശ്ചിമ തീരകനാല്‍ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തുടങ്ങി കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന നിരവധി വന്‍പദ്ധതികള്‍ പുരോഗമിക്കുകയാണ്.

തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും നിർമാണം പുരോഗമിക്കുകയാണ്. ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡിപിആര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ എയര്‍സ്ട്രിപ്പിനും 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പശ്ചാത്തല വികസനമെന്നത് വരുംകാല വികസന മുന്നേറ്റത്തിനുള്ള നിക്ഷേപം കൂടിയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

സമൂഹത്തിലെ ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിത മുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഇതിനകം 5,79,568 വീടുകള്‍ അനുവദിക്കുകയും അതില്‍ 4,52,156 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു

ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാനായി പ്രതിവര്‍ഷം 11,000 കോടി രൂപയോളം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. യു ഡി എഫിന്‍റെ കാലത്ത് 2016 ല്‍ 34 ലക്ഷം പേര്‍ക്ക് 600 രൂപാ നിരക്കിലായിരുന്നു ക്ഷേമ പെന്‍ഷന്‍ ലഭിച്ചിരുന്നത്. എന്നാല്‍, നിലവില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 60 ലക്ഷം പേര്‍ക്ക് 1,600 രൂപാ വീതം നല്‍കിവരികയാണ്.

ഒമ്പതു വര്‍ഷത്തെ കണക്കെടുത്താല്‍ 4 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായിത്തീര്‍ന്നിരിക്കുന്നു. രാജ്യത്തെ മറ്റൊരു സംസ്ഥാന സര്‍ക്കാരിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസ രംഗത്താകട്ടെ, സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി മാത്രം 5,000 കോടിയോളം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപാ ചെലവില്‍ 141 സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 139 എണ്ണവും പൂര്‍ത്തിയായിട്ടുണ്ട്. 3 കോടി രൂപാ ചെലവില്‍ 386 സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 179 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്.

സ്കൂളുകളില്‍ ടിങ്കറിങ് ലാബ്, റോബോട്ടിക് ലാബുകള്‍ എന്നിവ സജ്ജീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഫലപ്രദമായ ഇടപെല്‍ ഫലം കണ്ടു. നാക് റാങ്കിങ്ങില്‍ എംജി, കേരള സര്‍വകലാശാലകള്‍ക്ക് എ ഡബിള്‍ പ്ലസ് കലിക്കറ്റ്, കുസാറ്റ്, കാലടി സര്‍വകലാശാലകള്‍ക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു.

ശാസ്ത്ര സാങ്കേതികവിദ്യയിലും മികച്ച പുരോഗതി കൈവരിക്കാന്‍ ഇക്കാലയളവില്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയില്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്‍റര്‍ തുടങ്ങിയവ ഈ സര്‍ക്കാരിനു കീഴില്‍ യാഥാര്‍ത്ഥ്യമായി.

പൊതുജനാരോഗ്യ സംവിധാനത്തെ ആധുനിക സംവിധാനങ്ങളോടെ രോഗീസൗഹൃദമാക്കി. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.

കാര്‍ഷിക മേഖല മുന്‍പില്ലാതിരുന്ന വളര്‍ച്ച രേഖപ്പെടുത്തിയ ഭരണകാലമാണിത്. 2016-ല്‍ 2 ശതമാനമായിരുന്ന കാര്‍ഷിക വളര്‍ച്ചാ നിരക്ക് ഇന്ന് 4.64 ശതമാനമാണ്. 2016ല്‍ 1.7 ലക്ഷം ഹെക്റ്ററിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍ ഇന്നത് രണ്ടര ലക്ഷം ഹെക്റ്ററിലേക്ക് വർധിച്ചിരിക്കുന്നു. രാജ്യത്ത് ആദ്യമായി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായും നമ്മള്‍ മാറി.

അഭൂതപൂര്‍വമായ നേട്ടങ്ങളാണ് വ്യവസായ മേഖലയില്‍ കേരളം കൈവരിച്ചത്. 2016-ല്‍ കേരളത്തിന്‍റെ വ്യാവസായിക വളര്‍ച്ച 12 ശതമാനം ആയിരുന്നത് ഇന്ന് 17 ശതമാനമായി ഉയര്‍ന്നു. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് നാം നടത്തിയിരിക്കുന്നത്. കേരളത്തില്‍ 6,400 സ്റ്റാര്‍ട്ടപ്പുകളിലൂടെ 63,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യു ഡി എഫ് കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണുണ്ടായിരുന്നത്. 2016 ല്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപം 50 കോടി രൂപയായിരുന്നത്, ഇപ്പോള്‍ 6,000 കോടി രൂപയിലെത്തിനില്‍ക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സിനും മെഷീന്‍ ലേണിങ്ങിനും മേല്‍ക്കൈ വരുന്ന കാലമാണ് ഇനി. അതിനാല്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായ വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നാം നടത്തുന്നത്.

നമ്മുടെ സംരംഭക വര്‍ഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായാണ് ദേശീയ തലത്തില്‍ വിലയിരുത്തിയത്. പദ്ധതിയില്‍ ഇതുവരെ മൂന്നര ലക്ഷത്തിലേറെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. 22,500 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഏഴര ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാനും സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് നമ്മുടെ ഐ ടി കയറ്റുമതി 34,000 കോടി രൂപയില്‍ നിന്ന് 90.000 കോടി രൂപയായി ഉയര്‍ന്നു.

കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്കു വലിയ സംഭാവന നല്‍കുന്ന ടൂറിസം മേഖലയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടേകാല്‍ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിച്ചേര്‍ന്നു. ലഹരിപദാര്‍ത്ഥങ്ങളുടെ വിപണനവും സംഭരണവും ഉപയോഗവും തടയാന്‍ ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന കർമപദ്ധതി കേരള പൊലീസ് നടപ്പാക്കിവരികയാണ്. ലഹരിവസ്തുക്കളുടെ ഉത്പാദനം, വിതരണം, കടത്തിക്കൊണ്ടുപോകല്‍, സംഭരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തുന്ന പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. പി എസ് സിയിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം നിയമനങ്ങള്‍ നടത്തി. 40,000 ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു.

സര്‍ക്കാര്‍ ഓഫിസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇ-ഓഫിസും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വഴി ഫയല്‍ നീക്കവും അപേക്ഷ നടപടികളുമെല്ലാം ഓണ്‍ലൈന്‍ ആക്കിയത് വിപ്ലവകരമായ മാറ്റമാണ്.

ഈ നേട്ടങ്ങളെല്ലാം സാധ്യമാകുന്നുവെന്ന് പറയുമ്പോഴും നാം നേരിട്ട വെല്ലുവളികളും പ്രതിസന്ധികളും ചെറുതൊന്നുമല്ല. ഒരു ഭാഗത്ത് ഓഖിയും 2018 ലെ മഹാപ്രളയവും 2019 ലെ അതിരൂക്ഷ കാലവര്‍ഷക്കെടുതിയും കൊവിഡ് മഹാമാരിയും ഏറ്റവുമൊടുവില്‍ ചൂരല്‍മല ഉരുള്‍പൊട്ടലും വരെയുളള്ള പ്രകൃതി ദുരന്തങ്ങള്‍. മറ്റൊന്ന് കേന്ദ്രസര്‍ക്കാറിന്‍റെ സമീപനം സൃഷ്ടിച്ച വൈതരണികള്‍. കേന്ദ്ര പദ്ധതി വിഹിതങ്ങളിലും നികുതി വരുമാനത്തിലും വരുത്തിയ വെട്ടിക്കുറവുകള്‍ നമ്മുടെ വരുമാനത്തില്‍ കാര്യമായി ഇടിവുണ്ടാക്കി. ആ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ടു പോകാനാണ് നാം ശ്രമിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com