Secrets and stories behind KFC and its founder

പേറ്റന്‍റ് എടുക്കാതെ ലോകം കീഴടക്കിയ കെഎഫ്‌സി

freepik.com

പേറ്റന്‍റ് എടുക്കാതെ ലോകം കീഴടക്കിയ KFC; പട്ടാളക്കാരനല്ലാത്ത കേണൽ

11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പെടുന്നതാണത്രെ കെഎഫ്‌സിയുടെ രഹസ്യ കൂട്ട്. ഇത് കൈകൊണ്ടെഴുതി, കെഎഫ്സിയുടെ ലൂയിസ് വില്ലെ ആസ്ഥാനത്തെ സേഫില്‍ പൂട്ടി വച്ചിരിക്കുകയാണെന്ന് പറയപ്പെടുന്നു

ആന്‍റണി ഷെലിൻ

കെഎഫ്‌സി എന്ന ബ്രാന്‍ഡിന് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ലോകമാകെ ആരാധകരുള്ള വിഭവമാണ് കെന്‍റക്കി ഫ്രൈഡ് ചിക്കൻ എന്ന കെഎഫ്‌സി. പക്ഷേ, ഇതുവരെ കെഎഫ്‌സി പേറ്റന്‍റ് എടുത്തിട്ടില്ല. കാരണം പേറ്റന്‍റിന് അപേക്ഷ സമര്‍പ്പിച്ചാല്‍ കെഎഫ്‌സിക്ക് ചേരുവകള്‍ വെളിപ്പെടുത്തേണ്ടതായി വരും. അതിലൂടെ രഹസ്യമായി സൂക്ഷിച്ചു വരുന്ന ചേരുവ പരസ്യമാകുകയും ചെയ്യും!

ഒരു ഉത്പന്നത്തിന്‍റെ ട്രേഡ് സീക്രട്ട് പൊതുജനമധ്യത്തിലെത്തിയാലുള്ള ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. കെഎഫ്‌സിയെ ജനകീയമാക്കിയത് അതിന്‍റെ ചേരുവ തന്നെയാണ്. 1940ല്‍ കേണല്‍ ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്‌സ് ആണ് കെന്‍റക്കി ഫ്രൈഡ് ചിക്കന്‍ എന്ന കെഎഫ്‌സിയുടെ കൂട്ട് വികസിപ്പിച്ചെടുത്തത്. 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പെടുന്നതാണത്രെ കെഎഫ്‌സിയുടെ രഹസ്യ കൂട്ട്. ഈ പാചകക്കുറിപ്പ് കൈകൊണ്ട് എഴുതിയതും കെഎഫ്സിയുടെ ലൂയിസ് വില്ലെ ആസ്ഥാനത്തെ ഒരു സേഫില്‍ പൂട്ടി വച്ചിരിക്കുന്നതുമാണെന്ന് പറയപ്പെടുന്നു. വളരെ കുറച്ച് ജീവനക്കാര്‍ക്കു മാത്രമാണ് കെഎഫ്‌സിയുടെ ചേരുവയുടെ പൂര്‍ണമായ ഫോര്‍മുല അറിയാവുന്നത്.

ഗ്രിഫിത്ത് ലബോറട്ടറീസ്, മക്കോര്‍മിക് & കമ്പനി എന്നീ രണ്ട് വ്യത്യസ്ത കമ്പനികളിലാണ് ചേരുവയുടെ നിര്‍മാണം പോലും കെഎഫ്‌സി നടത്തുന്നത്. ഇത്തരത്തില്‍ ഒരു ചേരുവ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിര്‍മിക്കാനുള്ള കാരണം അതിന്‍റെ രഹസ്യം ചോര്‍ന്നു പോകാതിരിക്കാനാണ്.

കേണല്‍ സാന്‍ഡേഴ്‌സ്

ഇന്ന് ലോകത്തിലെ പരിചത മുഖങ്ങളിലൊന്നാണ് കെഎഫ്‌സിയുടെ സ്ഥാപകനായ കേണല്‍ ഹാർലാൻഡ് ഡേവിഡ് സാന്‍ഡേഴ്‌സിന്‍റേത്. 140ഓളം രാജ്യങ്ങളിലായി പരന്നുകിടക്കുന്ന കെഎഫ്‌സി സ്റ്റോറിന്‍റെ മുന്നില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന സാന്‍ഡേഴ്‌സിന്‍റെ മുഖം നമ്മളില്‍ ഭൂരിഭാഗം പേരും കണ്ടുകാണും.

പട്ടാളത്തിൽ സേവമനുഷ്ഠിച്ചതു വഴി കിട്ടിയതല്ല അദ്ദേഹത്തിന്‍റെ കേണൽ പദവി എന്നതും കൗതുകകരമാണ്. യുഎസിലെ കെന്‍റക്കി സംസ്ഥാനത്തിന്‍റെ ഗവർണർ അദ്ദേഹത്തോടുള്ള ആദരസൂചകമായി നൽകിയ പദവിയാണ് കെന്‍റക്കി കേണൽ എന്നത്.

പക്ഷേ, ഈ പദവിക്കും പ്രശസ്തിക്കും പുഞ്ചിരിക്കും പിന്നില്‍ പരാജയത്തിന്‍റെയും ഒരിക്കലും തളരാത്ത മനസിന്‍റെയും കഠിനാധ്വാനത്തിന്‍റെയും കഥ കൂടിയുണ്ട്. അതെങ്ങനെയെന്നറിയാൻ തുടർന്നു വായിക്കാം....

ചെയ്യാത്ത ജോലികളില്ല

1890ല്‍ അമെരിക്കയിലെ ഇന്ത്യാന സംസ്ഥാനത്താണു സാന്‍ഡേഴ്‌സ് ജനിച്ചത്. ബാല്യത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട സാൻഡേഴ്സിന് 13ാം വയസ് മുതല്‍ ജോലിക്കു പോകേണ്ടി വന്നു. സാന്‍ഡേഴ്‌സിന്‍റെ ആദ്യകാല ബിസിനസുകളിലൊന്ന് എണ്ണ വിളക്കുകള്‍ വില്‍ക്കുന്നതായിരുന്നു. എന്നാല്‍, വൈദ്യുതി പ്രചാരത്തില്‍ വന്നതോടെ അത് പരാജയപ്പെട്ടു. പിന്നീട്, അദ്ദേഹം കെന്‍റക്കിയിലേക്ക് താമസം മാറി ഒരു ടയര്‍ കമ്പനിയില്‍ ജോലി ചെയ്തു. പക്ഷേ, ഫാക്റ്ററി അടച്ചുപൂട്ടിയപ്പോള്‍ ആ ജോലി നഷ്ടപ്പെട്ടു. 1927ല്‍ അദ്ദേഹം ഒരു സര്‍വീസ് സ്റ്റേഷന്‍ തുറന്നു. പക്ഷേ, ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അദ്ദേഹത്തിന് അതും നഷ്ടപ്പെട്ടു.

അപ്രതീക്ഷിത വിജയം

Secrets and stories behind KFC and its founder

കേണൽ സാൻഡേഴ്സിന്‍റെ ചെറുപ്പകാലത്തെ ചിത്രം.

1930ല്‍ 40 വയസുള്ളപ്പോള്‍ അദ്ദേഹം കെന്‍റക്കിയിലെ കോര്‍ബിനില്‍ ഒരു പുതിയ ഗ്യാസ് സ്റ്റേഷന്‍ തുറന്നു. അധിക വരുമാനം കണ്ടെത്താനായി ഗ്യാസ് സ്റ്റേഷനിലെത്തുന്ന കസ്റ്റമേഴ്‌സിനായി സാന്‍ഡേഴ്‌സ് വീട്ടില്‍ പാചകം ചെയ്ത ചിക്കന്‍ വില്‍ക്കാന്‍ തുടങ്ങി. അതാകട്ടെ യാത്രക്കാര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സാന്‍ഡേഴ്‌സിന്‍റെ സ്‌പെഷ്യല്‍ ഫ്രൈഡ് ചിക്കന്‍ ടേസ്റ്റ് ചെയ്യാന്‍ വിവിധ ദേശങ്ങളില്‍ നിന്നായി നിരവധി പേര്‍ എത്തി.

ഇതേത്തുടര്‍ന്ന് ഗ്യാസ് സ്റ്റേഷന്‍ വികസിപ്പിച്ച് ഒരു മോട്ടല്‍ റസ്റ്ററന്‍റ് തുറന്നു. അവിടെ സാന്‍ഡേഴ്‌സ് വിളമ്പിയ ചിക്കന്‍ വിഭവത്തില്‍ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തിരുന്നു. ഈയൊരു ചേരുവയാണ് ഇന്നും രഹസ്യമായി തുടരുന്നത്. കെഎഫ്‌സി ഇന്നും ഇതേ മിശ്രിതം ഉപയോഗിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നതും. കെഎഫ്‌സി എന്ന ശതകോടി ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡിന്‍റെ പിറവി അവിടെ നിന്നാണ് തുടങ്ങുന്നത്.

1935ല്‍ കെന്‍റക്കി ഗവര്‍ണര്‍ സാന്‍ഡേഴ്‌സിന് കെന്‍റക്കിയിലെ കേണല്‍ എന്ന അനൗദ്യോഗിക പദവി നല്‍കി. 1952ല്‍ കേണല്‍ സാന്‍ഡേഴ്‌സ് സോള്‍ട്ട് ലേക്ക് സിറ്റിയില്‍ കെഎഫ്‌സിയുടെ ആദ്യ ഫ്രാഞ്ചൈസി റസ്റ്ററന്‍റ് തുറന്നു. ഈ റസ്റ്ററന്‍റ് ഇന്നും അവിടെ പ്രവര്‍ത്തിക്കുന്നു.

ഫ്രാഞ്ചൈസി വില്‍പ്പന

Secrets and stories behind KFC and its founder

കേണൽ ഹാർലാൻഡ് ഡേവിഡ് സാൻഡേഴ്സ്

കെഎഫ്‌സി ഫ്രാഞ്ചൈസി വില്‍പ്പനയാണ് സാന്‍ഡേഴ്‌സിന്‍റെ ബിസിനസിനെ വളര്‍ത്താന്‍ സഹായിച്ച ഒരു പ്രധാന ഘടകം. സ്വന്തം കാറില്‍ ഏതാനും പ്രഷര്‍ കുക്കറുമെടുത്താണ് യുഎസിലുടനീളം സാന്‍ഡേഴ്‌സ് ഫ്രാഞ്ചൈസി വില്‍പ്പനയ്ക്ക് ഇറങ്ങിത്തിരിച്ചത്. കൂടെ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമടങ്ങിയ ചേരുവയും കരുതി. വഴിയില്‍ കണ്ട എല്ലാ റസ്റ്ററന്‍റുകളും സാന്‍ഡേഴ്‌സ് സന്ദര്‍ശിച്ചു. അവിടെ സാമ്പിളുകള്‍ നല്‍കി. ഇതിന്‍റെ രുചിയില്‍ ആകൃഷ്ടരായ റസ്റ്ററന്‍റ് ഉടമകളുമായി സാന്‍ഡേഴ്‌സ് ഫ്രാഞ്ചൈസി ഉറപ്പിച്ചു. വില്‍ക്കുന്ന ഓരോ ഫ്രൈഡ് ചിക്കന്‍റെ പീസിനും 0.04 ഡോളറായിരുന്നു കമ്മിഷന്‍.

ഫ്രാഞ്ചൈസി വില്‍ക്കാന്‍ ശ്രമിച്ച ആദ്യ നാളുകളില്‍ സാന്‍ഡേഴ്‌സിനു നേരിടേണ്ടി വന്നത് ചില്ലറ ബുദ്ധിമുട്ടുകളായിരുന്നില്ല. 1009 പേർ അദ്ദേഹത്തിന്‍റെ വിഭവം നിരസിച്ചു. ഒടുവില്‍, റസ്റ്ററന്‍റ് നടത്തുന്ന ഒരു പീറ്റ് ഹാര്‍മനാണ് സാന്‍ഡേഴ്‌സിനെ ഫ്രാഞ്ചൈസി തുടങ്ങാന്‍ സഹായിച്ചത്.

വിരമിക്കല്‍

Secrets and stories behind KFC and its founder

കേണൽ സാൻഡേഴ്സും ഭാര്യ ക്ലോഡിയയും.

1964ല്‍ സാന്‍ഡേഴ്‌സ് വിരമിച്ചു. കെഎഫ്‌സിയെ ജോണ്‍ വൈ. ബ്രൗണ്‍, ജാക്ക് സി. മസെ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് ഗ്രൂപ്പിന് രണ്ട് ദശലക്ഷം ഡോളറിന് വില്‍ക്കുകയും ചെയ്തു. എന്നാല്‍, അത് സാന്‍ഡേഴ്‌സിന്‍റെ കരിയറിന്‍റെ അവസാനമായിരുന്നില്ല. കമ്പനിയുടെ പ്രതിനിധിയായി അദ്ദേഹം തുടര്‍ന്നു. 73 വയസുള്ളപ്പോള്‍ കെഎഫ്‌സിയുടെ ബ്രാന്‍ഡ് അംബാസഡറായി. ഇന്ന് കെഎഫ്സിക്ക് 150ഓളം രാജ്യങ്ങളിലായി ഏകദേശം 30,000 റസ്റ്ററന്‍റുകളുണ്ട്.

കമ്പനി വിറ്റതില്‍ കേണല്‍ സാന്‍ഡേഴ്‌സ് പിന്നീട് ഖേദിച്ചിരുന്നെന്ന് പറയപ്പെടുന്നുണ്ട്. ഷെല്‍ബിവില്ലിലെ കെഎഫ്‌സിയുടെ ആസ്ഥാനം സാന്‍ഡേഴ്‌സ് തിരിച്ചുവാങ്ങി. രണ്ടാമത്തെ ഭാര്യ ക്ലോഡിയ സാന്‍ഡേഴ്‌സിന്‍റെ പേരില്‍ ഡിന്നര്‍ ഹൗസ് തുറക്കുകയും ചെയ്തു. 1980ല്‍ 90ാം വയസിലാണ് സാന്‍ഡേഴ്‌സ് അന്തരിച്ചത്. അപ്പോള്‍ കെഎഫ്‌സിക്ക് 48 രാജ്യങ്ങളിലായി ആറായിരത്തോളം ഔട്ട്‌ലെറ്റുകളുണ്ടായിരുന്നു.

പെപ്സികോ ഏറ്റെടുക്കുന്നു

Secrets and stories behind KFC and its founder

1971ല്‍ ജോണ്‍ വൈ. ബ്രൗണ്‍ കെഎഫ്സിയെ ഫുഡ് പാക്കെജിങ് പാനീയ കമ്പനിയായ ഹ്യൂബ്ലീന് 285 മില്യണ്‍ ഡോളറിന് വിറ്റു. പുകയില ഭീമനായ ആര്‍.ജെ. റെയ്‌നോള്‍ഡ്‌സ് 1982ല്‍ ഹ്യൂബ്ലീന്‍ സ്വന്തമാക്കി. 1986ല്‍ 850 മില്യണ്‍ യുഎസ് ഡോളറിന് കെഎഫ്‌സിയെ പെപ്‌സികോയ്ക്ക് വിറ്റു. പെപ്സികോയുടെ കീഴില്‍ വന്നതിനുശേഷം, നിരവധി പുതിയ ഉത്പന്നങ്ങള്‍ പുറത്തിറങ്ങി. കെഎഫ്സി എന്ന പേര് 1991ലാണ് കമ്പനി ഔദ്യോഗികമായി സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com