മതേതരത്വം മഹത്തരമാക്കാന്‍ ഭീകരവാദം പിഴുതെറിയണം

മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്ന ഉന്നത നീതിപീഠത്തിന്‍റെ വിധിന്യായ പ്രഖ്യാപനം നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തഃസത്ത ഉയര്‍ത്തിക്കാട്ടുന്നു
secularism great terrorism must be eradicated
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Updated on

അഡ്വ. വി.സി. സെബാസ്റ്റ്യന്‍

നമ്മുടെ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം മഹത്തരമാണ്. രാജ്യത്ത് നിരന്തരം ഭീഷണിയും വെല്ലുവിളികളുമുയര്‍ത്തുന്ന ഭീകരവാദ അജൻഡകളെ പിഴുതെറിയാന്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണ- രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കാകണം.

മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്ന ഉന്നത നീതിപീഠത്തിന്‍റെ വിധിന്യായ പ്രഖ്യാപനം നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തഃസത്ത ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും മാനിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ സംവിധാനം പ്രദാനം ചെയ്യുന്ന മൗലിക അവകാശത്തെ ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്തെ പൗരന്മാരുടെ ജീവന്‍റെയും ജീവിതത്തിന്‍റെയും സംരക്ഷണം ഉറപ്പാക്കുവാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്.

ഏതു മതത്തില്‍ വിശ്വസിക്കാനും, വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അനുവാദവും അവസരവും നല്‍കുന്ന ഭരണഘടനാ അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. അതേസമയം മതേതരത്വം നിലനില്‍ക്കുന്ന രാജ്യത്തു നടമാടുന്ന ഭീകരവാദ അജൻഡകളെ ഉന്മൂലം ചെയ്യേണ്ടത് അടിയന്തരമായ ആവശ്യമാണ്.

രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും കടന്നുകയറിയും സംഘടിത അക്രമങ്ങളിലൂടെയും നിയമ വ്യവസ്ഥിതികളെ വെല്ലുവിളിച്ചും ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്ന മസ്തിഷ്‌ക പ്രക്ഷാളനവും തീവ്രവാദ അജൻഡകളും ആശങ്കപ്പെടുത്തുന്നു. ആഗോള ഭീകരവാദം ഇന്ത്യയിലും കേരളത്തിലും പടരുന്നുവെന്ന രാജ്യാന്തര ഏജന്‍സികളുടെയും കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കണ്ടെത്തലുകള്‍ വളരെ ഗൗരവമേറിയതാണ്. മതഭീകരവാദ അജൻഡകള്‍ ഭാരത മണ്ണില്‍ വളരാന്‍ ഒരിക്കലും അനുവദിക്കരുത്.

(കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com