സെപ്റ്റംബര്‍ 5 അധ്യാപകദിനം

ഡോ.എസ്.രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്
September 5 is Teacher's Day
സെപ്റ്റംബര്‍ 5 അധ്യാപകദിനം
Updated on

അ​ധ്യാ​പ​ന​ത്തി​ലെ വ​ഴി​ത്തി​രി​വു​ക​ള്‍

അധ്യാപകനും ഇന്ത്യയുടെ രാഷ്‌ട്രപതിയും തത്വചിന്തകനുമായ ഡോ.എസ്.രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കിപത്രം അധ്യാപനകാലത്ത് അവരില്‍ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്. അതു ലഭിക്കുന്നത് അവര്‍ പകര്‍ന്നു നല്‍കുന്നതിന്‍റെ ആഴവും അളവും അടിസ്ഥാനമാക്കിയാണ്. ഒരു അധ്യാപകന്‍ പ്രധാനമായും കുട്ടികളെ പ്രചോദിപ്പിക്കുകയും മനുഷ്യനാവാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യണം. വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികനിരീക്ഷകനുമായ ഡോ.എം.എന്‍.കാരശ്ശേരി പറയുന്നു-""എന്‍റെ കണക്കില്‍ ഇന്ന് അധ്യാപകര്‍ക്കു രണ്ടു പണിയേ ഉള്ളൂ. കുട്ടികളെ പഠിക്കാന്‍ സഹായിക്കുക എന്നാണ് ആദ്യത്തേത്. രണ്ടാമത്തേത്, കുട്ടികളുടെ സ്വഭാവം രൂപവത്കരിക്കുക''.

ഇപ്പറഞ്ഞ രണ്ടു പണികള്‍ക്കും വിജ്ഞാനത്തെക്കാൾ ആവശ്യമുള്ളതു സ്നേഹമാണ്. ഗുരുനാഥന്മാരുടെ സ്നേഹമാണ് വിദ്യാർഥികളുടെ പഠനത്തെ പ്രചോദിപ്പിക്കുന്നതും വ്യക്തിത്വത്തെ ശുദ്ധീകരിക്കുന്നതും. സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകനുവേണ്ട പ്രഥമഗുണം. അധ്യാപകസമീപനങ്ങള്‍ കുട്ടികളുടെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ സമ്മാനിക്കാറുണ്ട്.

ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ.എം.കുഞ്ഞാമന്‍ തന്‍റെ ആത്മകഥയായ“എതിര്” എന്ന ഗ്രന്ഥത്തില്‍ തന്‍റെ ജീവിതത്തില്‍ വഴിത്തിരിവായ ഒരു സംഭവത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഭയവും ബഹുമാനവും ഉണ്ടായിരുന്ന നാട്ടിലെ പ്രമാണികൂടിയായ മൂന്നാം ക്ലാസ്സിലെ ഒരധ്യാപകന്‍ കുഞ്ഞാമനെ പേര് വിളിക്കില്ല. പാണന്‍ എന്നേ വിളിക്കൂ. ഒരിക്കല്‍ സഹികെട്ട് കുഞ്ഞാമന്‍ പറഞ്ഞു; “സര്‍, എന്നെ ജാതിപ്പേര് വിളിക്കരുത്. കുഞ്ഞാമന്‍ എന്നു വിളിക്കണം''.“എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍”എന്നു ചോദിച്ചു ചെകിട്ടത്ത് ആഞ്ഞടിച്ചു. എവിടെടാ പുസ്തകമെന്നു ചോദിച്ചതിന് ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ "കഞ്ഞികുടിക്കാനാണു വന്നത്, പഠിക്കാനല്ല' എന്നായി പരിഹാസം. അതോടെ കുഞ്ഞാമന്‍ സ്കൂളില്‍ നിന്നുള്ള കഞ്ഞികുടി നിർത്തുകയും പഠിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

കുഞ്ഞാമന്‍റെ പില്‍ക്കാല ജീവിതത്തെ മുഴുവന്‍ മാറ്റിമറിച്ച ദൃഢനിശ്ചയമായിരുന്നു അത്. കുഞ്ഞാമന്‍റെ അസാമാന്യമായ വളര്‍ച്ചയ്ക്ക് പിന്നില്‍ ആ ദൃഢനിശ്ചയം വലിയ പങ്കുവഹിച്ചു. ആ അധ്യാപകന്‍റെ പരിഹാസവും മര്‍ദനവും ജീവിതത്തിലെ വഴിത്തിരിവായി. എന്നാൽ ഇതു ഗുണകരമായ അധ്യാപക സമീപനമായി കാണേണ്ടതില്ല. ഇന്ന് അത്തരം അധ്യാപകർ ഉണ്ടാകാനിടയില്ല.

റൗഡികളായ കുട്ടികളെ ആട്ടിന്‍കുട്ടികളാക്കി മാറ്റിയ കഥ പ്രൊഫ. എം.കെ.സാനു പങ്കുവയ്ക്കുന്നുണ്ട്. ആലപ്പുഴ സനാതനധര്‍മ്മ ഹൈസ്കൂളിലാണ് സാനുമാസ്റ്റര്‍ അധ്യാപകനായി സർവീസ് തുടങ്ങുന്നത്. അവിടെ അഞ്ചാംക്ലാസ്സില്‍ മൂന്നു വിദ്യാർഥികള്‍ പിച്ചാത്തിയുമായി ഹെഡ്മാസ്റ്റർ വി.എസ്.താണുഅയ്യരെ കുത്താന്‍ ചെന്നിട്ടുള്ളവരാണ്. അവരെ ശരിയാക്കാനുള്ള ദൗത്യം ഹെഡ്മാസ്റ്റർ ഏൽപ്പിച്ചപ്പോൾ അതു വിജയകരമായി സാനു മാസ്റ്റര്‍ നിര്‍വഹിച്ചു.

അവരെ നന്നാക്കിയതെങ്ങനെ എന്ന ഹെഡ്മാസ്റ്ററുടെചോദ്യത്തിന് മറുപടി ഇങ്ങനെ: “ഞാന്‍ ഒന്നു ചെയ്തു സര്‍, അവരുടെ മനുഷ്യത്വം അംഗീകരിച്ചു, അത്രമാത്രം. എല്ലാവരും റൗഡികളെന്ന് പറഞ്ഞ കുട്ടികൾ ഇപ്പോള്‍ ആട്ടിന്‍കുട്ടികളെപ്പോലെയാണ്''. സ്നേഹംകൊണ്ട് കുട്ടികളെ സ്വാധീനിച്ച് മനഃപരിവര്‍ത്തനം സാധ്യമാക്കുകയാണ് സാനുമാസ്റ്റർ ചെയ്തത്. ക്ഷമ, സഹിഷ്ണുത, സഹാനുഭൂതി, മനസിലാക്കല്‍, കരുതല്‍, കരുണ, പ്രോത്സാഹനം, അംഗീകാരം, വാത്സല്യംഎന്നിവയാണ് അധ്യാപകര്‍ ആയുധങ്ങളാകേണ്ടത്. ലഭിക്കുന്ന സ്നേഹമാണ് മനുഷ്യരെ ഉത്തമനാക്കുന്നത്.

ഗുരുശിഷ്യ ബന്ധത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായ മാതൃക ഹെലന്‍ കെല്ലറിന്‍റെയും അവരുടെ അധ്യാപിക ആന്‍ സള്ളിവന്‍റെയുമാണ്. ലോകപ്രശസ്തഎഴുത്തുകാരിയായ ഹെലന്‍ കെല്ലർ അന്ധയും ബധിരയുമായിരുന്നു. 1880 ജൂണ്‍ 27 ന് അമെരിക്കയിലെ അലബാമയില്‍ ജനിച്ച ഹെലന്‍ റാഡ്ക്ലിഫ് കോളെജിൽ നിന്നു ബിരുദമെടുത്ത ലോകത്തിലെ ആദ്യത്തെ അന്ധയും ബധിരയുമായ വനിതയാണ്.

ഹെലന്‍ തന്‍റെ ജീവിതത്തില്‍ വഴിത്തിരിവ് സമ്മാനിച്ച അധ്യാപികയായ ആനി മാന്‍സ് ഫീല്‍ഡ് സള്ളിവനെക്കുറിച്ച് പറയുന്നു; “തുടക്കത്തില്‍ ഞാന്‍ സാധ്യതകളുടെ ഒരു കൊച്ചു മാംസപിണ്ഡം മാത്രമായിരുന്നു. അവയെ കുരുക്കുകളഴിച്ച് വികസിപ്പിച്ചെടുത്തത് എന്‍റെ ടീച്ചറാണ്. അവര്‍ വന്നതോടെ എന്‍റെ ജീവിതത്തിന് അർഥം കണ്ടുതുടങ്ങി.

എന്‍റെ ജീവിതം മധുരതരവും ഉപകാരപ്രദവുമായിത്തീര്‍ക്കുവാന്‍ ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും ഉദാഹരണങ്ങളിലൂടെയും അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു''. തന്‍റെ മുന്നിലിരിക്കുന്ന കൊച്ചു മാംസപിണ്ഡങ്ങളെ മഹാന്മാരാക്കുവാനുള്ള ദൗത്യവാഹകരായി അധ്യാപകര്‍ മാറണം.

മൂന്നു പതിറ്റാണ്ടിലേറെ അധ്യാപകനായിരുന്ന സുകുമാര്‍അഴീക്കോട് പറഞ്ഞു;“ അധ്യാപനം സ്നേഹത്തിന്‍റെ പ്രകാശനമാകണം''. ആക്ഷേപിച്ചും പരിഹസിച്ചും മര്‍ദിച്ചുമല്ല വഴിത്തിരിവുകള്‍ സമ്മാനിക്കേണ്ടത്. മറിച്ച്, കുട്ടികളെ സ്നേഹിച്ചും പ്രചോദിപ്പിച്ചുമാണെന്ന തിരിച്ചറിവ് അധ്യാപകദിനത്തില്‍ നമുക്കുണ്ടാകട്ടെ.

(8075789768)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com