ഇലക്റ്ററൽ ബോണ്ടിലെ ഗുരുതരമായ വൈകല്യങ്ങൾ

പണത്തിന്‍റെ സ്വാധീനം തെരഞ്ഞെടുപ്പുകളെ തന്നെ സ്വന്തം കൈകളില്‍ ഒതുക്കാന്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുന്നു.
Serious Defects in Electoral Bond
Serious Defects in Electoral Bond

##അഡ്വ. ജി. സുഗുണന്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമാണ് ഇന്ത്യ. ഇന്ത്യയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്‍റാണ് ഭരണം നിര്‍വഹിക്കുന്നത്. പരോക്ഷമായ തെരഞ്ഞെടുപ്പ് സമ്പ്രദായമാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ ഇന്ത്യയിലെ ഗവണ്‍മെന്‍റ് ഒരു പ്രാതിനിധ്യ സ്വഭാവമുള്ള ഗവണ്‍മെന്‍റാണ്. ജനകീയ പരമാധികാരത്തെ അടിസ്ഥാനമാക്കിയാണ് അതു നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശത്തിന് അതീവ പ്രാധാന്യമാണുള്ളത്. പണവും മസില്‍ ശക്തിയും തെരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനമാണു ചെലുത്തുന്നത്. പണത്തിന്‍റെ സ്വാധീനം തെരഞ്ഞെടുപ്പുകളെ തന്നെ സ്വന്തം കൈകളില്‍ ഒതുക്കാന്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുന്നു. തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാന്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പണംകൊടുത്ത് സമ്മതിദായകരെ വിലയ്ക്കെടുക്കാന്‍ ഇവിടെ ശ്രമിക്കുന്നുമുണ്ട്. സമ്മതിദായകര്‍ക്കിടയിലെ ദാരിദ്രവും നിരക്ഷരതയും എല്ലാം മുതലെടുത്തുകൊണ്ട് ധന ശക്തി പ്രയോഗിച്ച് ഇക്കൂട്ടര്‍ വോട്ടുകള്‍ നേടുന്നു.

സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായ ഒരു അധികാര കൈമാറ്റമാണു തെരഞ്ഞെടുപ്പിലൂടെ നടന്ന് കാണാന്‍ ഏവരും ആഗ്രഹിക്കുന്നതും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു സ്വതന്ത്ര സ്ഥാപനമാണ്. ഇന്ത്യ ഒട്ടാകെ അതിന് അധികാര പരിധിയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊട്ട് ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ് വരെ നടത്താനുള്ള ചുമതല തെരഞ്ഞെടുപ്പ് കമ്മിഷനാണ്. തെരഞ്ഞെടുപ്പിന്‍റെ സംവിധാനം, മേല്‍നോട്ടം, നിയന്ത്രണം എന്നീ മൂന്ന് ചുമതലകളാണ് മുഖ്യമായും ഈ കമ്മിഷന്‍ നിര്‍വഹിക്കുന്നത്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചെലവേറിയതാണ്. അതിനാലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഫണ്ടിനു വേണ്ടി വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നു. പണത്തിന്‍റെ സ്വാധീനം തെരഞ്ഞെടുപ്പിനെയും വലിയ നിലയില്‍ സ്വാധീനിക്കുന്നുമുണ്ട്. ഇതെല്ലാം തന്നെ വ്യാപകമായ തെരഞ്ഞെടുപ്പ് അഴിമതിക്ക് വഴിവക്കുകയും ചെയ്യുന്നു.

ധനശക്തിയുടെ സ്വാധീനം തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തന്നെ നിര്‍ദേശം. ധനശക്തിയെ തടയുന്നതിന് തെരഞ്ഞെടുപ്പ് ചെലവുകള്‍ സ്റ്റേറ്റ് തന്നെ നിര്‍വഹിക്കണമെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കണമെന്നും കള്ളപ്പണത്തിന്‍റെ സ്വധീനം ഇതിനെ അട്ടിമറിക്കാന്‍ പാടില്ല എന്നുമുള്ളത് രാജ്യത്തെ ജനകീയ അഭിലാഷമാണ്. ഇതിനു വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടാണ് 2017ല്‍ ഇലക്റ്ററല്‍ ബോണ്ട് നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തത്. 2018 മുതല്‍ ഈ നിയമം നടപ്പില്‍ വരുകയും ചെയ്തു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യുന്നവരുടെ വിവരം രഹസ്യമാക്കി വയ്ക്കുന്ന ഇലക്റ്ററല്‍ ബോണ്ട് സംവിധാനം നിലവിലുളള നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെയാണ് തുടങ്ങിവച്ചതും. 1000, 10000, 100000, 1000000, 10000000 എന്നിങ്ങനെ വിലയിട്ട ബോണ്ടുകളിലായി സംഭാവന നല്‍കുന്ന രീതിയില്‍ ആരാണ് സംഭാവന നല്‍കിയത് എന്ന് വെളിപ്പെടുത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ബാധ്യസ്ഥമല്ല. ബോണ്ടില്‍ സംഭാവന നല്‍കിയവരുടെ പേരും കാണുകയില്ല.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് അറിയാനുള്ള അവകാശം പൗരന്‍മാര്‍ക്ക് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരിക്കുകയാണ്. ഇലക്റ്ററല്‍ ബോണ്ട് ഹര്‍ജികളില്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശം. ഭരണഘടനയുടെ അനുച്ഛേദം 19(1) പ്രകാരം പൗരന്‍മാര്‍ക്ക് ഈ വിഷയത്തില്‍ അറിയാനുള്ള അവകാശം ഇല്ലെന്ന് ഹര്‍ജി പരിഗണിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്റ്ററല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്‍റെ വാദം നടക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായി, ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒരു പരിശോധനയ്ക്കും കീഴില്‍ വരാത്ത സുതാര്യമല്ലാത്ത ഫണ്ടിങ് സമ്പ്രദായമാണ് ഇലക്റ്ററല്‍ ബോണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം, കോണ്‍ഗ്രസ് എന്‍ജിഒകളായ കോമണ്‍ കോസ്, എഡിആര്‍ തുടങ്ങിയവരുടെ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്.

എന്തും അറിയുവാനുള്ള പൊതു അവകാശം പൗരന്‍മാര്‍ക്കില്ല. ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ഈ അവകാശം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയുവാനുള്ള പൗരന്‍റെ അവകാശം അംഗീകരിക്കുന്ന വിധി ന്യായങ്ങള്‍ ഈ വിഷയത്തില്‍ കൂട്ടിച്ചേര്‍ക്കാനാവില്ലെന്ന് അറ്റോണി ജനറല്‍ വാദിച്ചു. ഇലക്റ്ററല്‍ ബോണ്ട് പദ്ധതി ഏതെങ്കിലും വ്യക്തിയുടെ നിലവിലുള്ള അവകാശങ്ങളെ തടസപ്പെടുത്തുന്നില്ല. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും പറയാനാവില്ല. അതുകൊണ്ട് തന്നെ അക്കാരണം ചൂണ്ടിക്കാട്ടി നിയമം റദ്ദാക്കാന്‍ സാധിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മെച്ചപ്പെട്ടതും വ്യത്യസ്തമോ ആയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിന് വേണ്ടി കേന്ദ്ര നയങ്ങള്‍ പുനഃപരിശോധിക്കാനുള്ളതല്ല ജൂഡിഷ്യല്‍ റിവ്യൂ എന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.

ആരാണ് രാഷ്‌ട്രിയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതെന്ന് വെളിപ്പെടുത്താത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഇലക്റ്ററല്‍ ബോണ്ട് സഹായകരമാകും. കള്ളപ്പണക്കാര്‍ വ്യാപകമായി ഇത് ദുരുപയോഗം ചെയ്യുകയും ചെയ്യും. കളങ്കിതരുടെ പണം ഈ പദ്ധതിയുടെ മറവില്‍ കൈപ്പറ്റാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കുകയാണ് ചെയ്യുന്നത്. ഇലക്റ്ററല്‍ ബോണ്ട് കൊണ്ടുള്ള ബിജെപിയുടെ ഉദ്ദേശം വളരെ വ്യക്തമാണെന്നും ദുരൂഹമായ രീതിയില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഫണ്ട് തരപ്പെടുത്തുകയാണ് ഈ കൂട്ടരുടെ ലക്ഷ്യം എന്നും മുന്‍ ധന മന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നിലവില്‍ സംഭാവന നല്‍കുന്ന ഇലക്റ്ററല്‍ ബോണ്ട് സംവിധാനം ഒരു രീതിയിലും സുതാര്യമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ഭരണകക്ഷിക്ക് ആരൊക്കെ സംഭാവന നല്‍കുന്നു‌വെന്ന് പ്രതിപക്ഷത്തിന് അറിയില്ല എന്നും എന്നാല്‍ പ്രതിപക്ഷത്തിന് സംഭാവന നല്‍കുന്നവരെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളിലൂടെ ഭരണകക്ഷിക്ക് അറിയുവാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കൈക്കൂലിയെ നിയമവിധേയമാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രജൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് കുറ്റപ്പെടുത്തി. ഈ പദ്ധതി സുതാര്യമാകണമെന്നും തുല്യാവസരം എല്ലാവര്‍ക്കും ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട അഞ്ചംഗ ബെഞ്ച് ഭരണകകക്ഷിക്ക് മാത്രം കൂടുതല്‍ സംഭാവന കിട്ടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. കൈക്കൂലിയായി നല്‍കാന്‍ ഉദ്ദേശിക്കുന്ന പണം പാര്‍ട്ടികളിലെ വ്യക്തികള്‍ക്ക് പകരം പാര്‍ട്ടികള്‍ക്ക് നല്‍കുകയാണ് ഈ ബോണ്ടില്‍ കൂടി ചെയ്യുന്നത്. ഒരു കമ്പനി അമ്പത് കോടി കൈക്കൂലിയായി നല്‍കാന്‍ വിചാരിച്ചാല്‍ അത് ഒന്നാകെ പാര്‍ട്ടി ഫണ്ടില്‍ ഇടുകയല്ല വ്യക്തികള്‍ക്ക് നല്‍കുകയാണ് നേരത്തെ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ കൈക്കൂലി നേരെ പാര്‍ട്ടിയിലേക്ക് പോകും.

ഇലക്റ്ററല്‍ ബോണ്ട് വിഷയത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുവരെ ലഭിച്ച സംഭാവനയുടെ വിശദവിവരം സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീകോടതി ആവശ്യപ്പെട്ടു. കമ്പനികള്‍ കോടിക്കണക്കിന് രൂപ ഭരിക്കുന്ന പാര്‍ട്ടിക്ക് സംഭാവന നല്‍കുന്ന വിഷയം ജനങ്ങളില്‍ സംശയം വർധിപ്പിച്ചിട്ടുണ്ട്. കമ്പനികള്‍ പ്രതിഫലം പ്രതീക്ഷിച്ചാകും വന്‍തുകകള്‍ സംഭാവനകള്‍ നല്‍കുന്നത്. ജനാധിപത്യ പ്രക്രിയയില്‍ കാര്യങ്ങള്‍ സുതാര്യമായും, അഴിമതി രഹിതമായും നടക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

ഇലക്റ്ററല്‍ ബോണ്ടുകള്‍ വഴി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് 2021-22 വരെ ലഭിച്ച 9188 കോടി രൂപയില്‍ 57% ഉം കിട്ടിയത് ബിജെപിക്കാണ്. കോണ്‍ഗ്രസിന് ലഭിച്ചത് 10% മാത്രം. ബിജെപിക്ക് 5272 കോടി രൂപയും, കോണ്‍ഗ്രസിന 952 കോടി രൂപയുമാണ് ലഭിച്ചതെന്ന് അസോസിയേഷന്‍ ഒഫ് ഡെമോഗ്രാറ്റിക് റീഫോംസ് പുറത്ത് വിട്ട കണക്കില്‍ പറയുന്നു. സിപിഐ (എം) ഒഴികെയുള്ള മറ്റ് ദേശീയ പാര്‍ട്ടികള്‍ക്കും 24 പ്രാദേശിക പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 2964 കോടി രൂപയാണ്. രാഷ്‌ട്രീയ അഴിമതിയെ നിയമപരമാക്കുന്ന ഇലക്റ്ററല്‍ ബോണ്ടുകള്‍ സ്വീകരിക്കുകയില്ലെന്ന് സിപിഐ(എം) നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇലക്റ്ററല്‍ ബോണ്ട് സമ്പ്രദായം ദേശീയ രാഷ്‌ട്രീയ രംഗത്തെ കൂടുതല്‍ ദുര്‍ഗന്ധമയമാക്കി മാറ്റിയിരിക്കുകയാണ്. ഭരണകക്ഷിക്ക് മാത്രം ഗുണംചെയ്യുന്ന ഒരു ഏര്‍പ്പാടായി ഇത് മാറുകയും ചെയ്തിട്ടുണ്ട് . രാഷ്‌ട്രിയ പാര്‍ട്ടികളെ ഒരേപോലെ കാണാന്‍ കഴിയുന്ന സമ്പ്രദായമാണ് ആവശ്യമെന്നും അതുകൊണ്ട് തന്നെ ഒട്ടും സുതാര്യമല്ലാത്ത നിലവിലുള്ള ഇലക്റ്ററല്‍ സമ്പ്രദായത്തെ അംഗീകരിക്കുന്നത് എങ്ങനെയെന്നും പരമോന്നത കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇലക്റ്ററല്‍ ബോണ്ട് പദ്ധതി സുപ്രീകോടതി റദ്ദാക്കിയാലും രാഷ്‌ട്രീയത്തിലെ കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാരിന് മികച്ച പദ്ധതി കൊണ്ടുവരുന്നതിന് യാതൊരു തടസവുമില്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിക്കുകയുണ്ടായി.

ഭരണകക്ഷിക്കു മാത്രം ഗുണപ്പെടുന്നതും, രാഷ്‌ട്രീയ രംഗത്തെ അഴിമതി വ്യാപകമാക്കുന്നതിനും, കള്ളപ്പണക്കാര്‍ക്ക് പണം വെളുപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതുമായ ഇലക്റ്ററല്‍ ബോണ്ട് സംവിധാനം പിന്‍വലിച്ചേ മതിയാകൂ. ഇത് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. എന്തായാലും രാഷ്‌ട്രീയ രംഗത്തെ ഇന്നത്തെ മലീനസമായ അന്തരീക്ഷം മാറികാണാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ ജനകോടികളാകെ ഇലക്റ്ററല്‍ ബോണ്ടിനെതിരായുള്ള പരമോന്നത കോടതിയുടെ ഐതിഹാസികമായ ഒരു വിധിയാണ് പ്രതീക്ഷിക്കുന്നത്.

(ലേഖകന്‍റെ ഫോണ്‍. 9847132428)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com