സിപിഎമ്മിന് കടുത്ത ആഘാതം

നിലമ്പൂരില്‍ അന്‍വര്‍ സൃഷ്ടിച്ച ഉപതെ​രഞ്ഞെടുപ്പില്‍ ഒരുപക്ഷേ അന്‍വര്‍ തന്നെ യുഡിഎഫിന് പാരയാകുമെന്ന കണക്കുകൂട്ടലും സിപിഎമ്മിന്​ ഉണ്ടായിരുന്നു
Severe blow to CPM nilambur by election

സിപിഎമ്മിന് കടുത്ത ആഘാതം

Updated on

പ്രത്യേക ലേഖകൻ

കൊച്ചി: തുടർ ഭരണം അവസാന ലാപ്പിൽ എത്തുമ്പോൾ നിലമ്പൂർ സിപിഎമ്മിനും ഇടത് മുന്നണിക്കും ഏൽപ്പിച്ചത് ഗുരുതര ആഘാതം. വിവാദങ്ങൾ നിറഞ്ഞ രണ്ടാം ഭരണത്തിൽ വികസന മന്ത്രം ഉയർത്തിയുള്ള പ്രചാരണം ലക്ഷ്യം കാണാതെ പോയി. സാധാരണക്കാരെ അവഗണിച്ച് മുന്നോട്ട് പോകുന്ന ധാർഷ്ട്യത്തെ ജനം അംഗീകരിക്കില്ലെന്നാണ് ഷൗക്കത്തിന് ലഭിച്ച മികച്ച ഭൂരിപക്ഷം തെളിയിക്കുന്നത്. പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയങ്ങളെ ന്യായീകരിക്കാൻ സിപിഎം കണ്ടെത്തിയ കാര്യങ്ങളൊന്നും നിലമ്പൂരി​ലെ തോ​ൽ​വി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ മ​തി​യാ​വി​ല്ല. തദ്ദേശ തെരഞ്ഞെടുപ്പ് പടി വാതിക്കൽ എത്തിനിൽക്കെ വലിയ തിരുത്തലുകൾക്ക് പാർട്ടി തയാറാകേണ്ടി വരുമെന്ന്​ ഉറപ്പാണ്. ​തുടർഭരണത്തിലേക്കുള്ള വാതായനം നിലമ്പൂർ തുറക്കുന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം അതുകൊണ്ടുതന്നെയാണ് ഇടത് സ്വതന്ത്രനെന്ന പരീക്ഷണം ഒഴിവാക്കി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂരുകാരനുമായ എം.സ്വരാജിനെ സ്ഥാനാർഥിയായി രംഗത്തിറക്കിയത്. പ്രചാരണത്തിന്‍റെ മേൽനോട്ടം പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിതന്നെ ഏകോപിപ്പിച്ചതും തെരഞ്ഞെടുപ്പിന് സി​പി​എം ​നൽകിയ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു. സ്ഥാനാർഥി നിർണയം യുഡി​എഫിൽ തർക്കങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷ സിപിഎം പുലർത്തിയിരുന്നെങ്കിലും അത്​ അസ്ഥാനത്താവുകയായിരുന്നു. എന്നാൽ നിലമ്പൂരിൽ നേട്ടം കൊയ്യാനായാൽ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്താനാകുമെന്നും ഭരണം പിടിക്കാനാകുമെന്നും ലക്ഷ്യമിട്ട് പിഴവുകളില്ലാതെ പ്രവർത്തിക്കുന്നതിൽ യുഡിഎഫ് വിജയിക്കുകയായിരുന്നു.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഞെട്ടിക്കുന്ന വിജയങ്ങളായിരുന്നു ഇടത് മുന്നണി സ്വന്തമാക്കിയത്. അന്ന് പാലാ പോലും കൈപ്പിടിയിലൊതുക്കി. കോന്നിയും വട്ടിയൂർക്കാവും സ്വന്തമാക്കി. അരൂർ മാത്രമായിരുന്നു നഷ്ടമായത്. ഈ ആത്മവിശ്വാസത്തി​ന്‍റെ ഒപ്പം കൊ​വിഡ് കാലത്തെ കരുതൽ പ്രവർത്തനങ്ങളും പ്രചാരണ തന്ത്രങ്ങളും കൂടിയായപ്പോൾ അനായാസം രണ്ടാം ഭരണം കൈപ്പിടിയിലൊതുക്കാനായി. എന്നാൽ പരിചയ സമ്പന്നരെ കൂട്ടത്തോടെ ഒഴിവാക്കി പുതിയ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി തുടങ്ങിയ രണ്ടാം ഭരണം തുടക്കം മുതലേ പാളുന്നതാണ് കണ്ടത്.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി എന്ന ആക്ഷേപം, പൂരം കലങ്ങല്‍, ക്ഷേമ പെന്‍ഷന്‍ മുടങ്ങല്‍, കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്‍റെ ആത്മഹത്യയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന​ പി.പി ദിവ്യയുടെ അധികാരഗര്‍വും, നവകേരള യാത്ര തുടങ്ങി എണ്ണിയാലൊടുക്കാത്ത വിവാദങ്ങളാണ് ഉയർന്നത്. എന്നാൽ എല്ലാത്തരം വിമര്‍ശനങ്ങളും വീഴ്ചകളും വികസനം എന്ന ഒറ്റ മന്ത്രത്തിലൂടെ മറികടക്കാനാവുമെന്നായിരുന്നു സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും ഉറപ്പും ആത്മവിശ്വാസവും.

നിലമ്പൂരില്‍ അന്‍വര്‍ സൃഷ്ടിച്ച ഉപതെ​രഞ്ഞെടുപ്പില്‍ ഒരുപക്ഷേ അന്‍വര്‍ തന്നെ യുഡിഎഫിന് പാരയാകുമെന്ന കണക്കുകൂട്ടലും സിപിഎമ്മിന്​ ഉണ്ടായിരുന്നു. ഇതും വെറുതെയായി. മുൻ കാലങ്ങളിൽ ഭരണത്തിൽ പോരായ്മകളുണ്ടായാൽ തിരുത്തലുകളുമായി പാർട്ടി ഇടപെടുന്ന രീതിയാണുണ്ടായിരുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ പാർട്ടി വരിഞ്ഞ് മുറുക്കുകയായിരുന്നു. ആഭ്യന്തര വകുപ്പ് കൈയിൽ വെക്കണമെന്ന് വി.എസ് ആഗ്രഹിച്ചിട്ടും പാർട്ടി അനുവദിച്ചില്ല. എന്നാൽ പിണറായി മുഖ്യമന്ത്രിയായതോടെ ഈ കീഴ് വഴക്കങ്ങളെല്ലാം മാറിമറിയുകയായിരുന്നു. പാർട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി അദ്ദേഹം മാറി. കോടിയേരി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ചില ഇടപെടലുകൾക്ക് മുതിർന്നെങ്കിലും മക്കൾ കേസുകളിൽപെട്ടതോടെ പിണറായിക്ക് പൂർണമായും കീഴ്പ്പെട്ടു. അദ്ദേഹത്തിന്‍റെ മരണശേഷം ഇ.പി. ജയരാജനേയും മറ്റും മറി കടന്ന് എം.വി.ഗോവിന്ദനെ സെക്രട്ടറിയാക്കാനും പി.ബിയിലെത്തിക്കാനും ചരട് വലിച്ചത് പിണറായി ആയിരുന്നു. ഇതോടെ തുടക്കം മുതൽ പിണറായി ഭക്തനായാണ് ഗോവിന്ദൻ പെരുമാറിയിരുന്നതും. ഏറ്റവും ഒടുവിൽ ആർഎസ്എസ് പരാർശത്തിൽ താൻ പറയുന്നതാണ് പാർട്ടി നിലപാടെന്ന് പറയുന്ന പിണറായിയെയും കാണാനായി. പിണാറായി ഗോവിന്ദനെ ശാസിച്ചുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. മാറിയ സാഹചര്യത്തിൽ പാർട്ടിയും സെക്രട്ടറിയും കൂടുതൽ കുരുത്ത് കാട്ടുമോ എന്ന കാര്യമാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com