മനുഷ്യാവകാശവും സാത്തന്‍കുളം കസ്റ്റഡി കൊലക്കേസ് വിധിയും

"പൊലീസ് വകുപ്പില്‍ ഇത്തരം ക്രൂരകൃത്യങ്ങളോട് ഭയം വളര്‍ത്താന്‍ ജീവപര്യന്തം തടവ് മതിയാവില്ല"- കോടതി

Victims of Custodial Death:
P. Jayaraj (59) and son Benix (39)

കസ്റ്റഡി മരണത്തിന്‍റെ ഇരകൾ:

പി. ജയരാജ് (59) മകന്‍ ബെനിക്‌സ് (39)

file photo

Updated on

അഡ്വ. ജി. സുഗുണന്‍

രാജ്യത്ത് പൊലീസ് കസ്റ്റഡി കൊലപാതകങ്ങള്‍ പുത്തരിയൊന്നുമല്ല, അത് തുടരുകയും ചെയ്യുന്നു. വളരെ പ്രബുദ്ധരായ പൊലീസുകാരാണുള്ളതെന്ന് പറയുന്ന നമ്മുടെ സംസ്ഥാനത്തും ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നതിന്‍റെ ചിത്രം ആര്‍ക്കും മറച്ചുവയ്ക്കാന്‍ കഴിയില്ല. ആധുനിക ലോകത്ത് ലോക്കപ്പ് മര്‍ദനങ്ങളും കൊലപാതകങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതും വസ്തുതയാണ്.

സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ലോക്കപ്പ് കൊലപാതകങ്ങള്‍ക്കെതിരേ ഐതിഹാസികമായ പല വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും "വഞ്ചി തിരുനക്കര തന്നെ'. കസ്റ്റഡി കൊലകള്‍ക്കു നേതൃത്വം കൊടുക്കുന്ന പൊലീസുകാരെ പാഠം പഠിപ്പിക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.

9 police officers including Inspector Sridhar sentenced to death

വധശിക്ഷ വിധിക്കപ്പെട്ട

ഇന്‍സ്‌പെക്റ്റര്‍ ശ്രീധറുൾപ്പടെയുള്ള  9 പൊലീസ് ഉദ്യോഗസ്ഥര്‍

file photo

നിയമവും നീതിയും പൗരസുരക്ഷയും നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവരാണല്ലോ പൊലീസ് സേന. എന്നാല്‍ അക്കൂട്ടര്‍ തന്നെ പൗരന്മാരെ തല്ലിക്കൊന്ന്‌ നഗ്നമായ പൗരവാകാശ ലംഘനം നടത്തുന്നത് പൗരന്‍റെ ജീവിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയില്‍ ഏറ്റവും ശ്രദ്ധേയമായതാണ് 21ാം വകുപ്പ്. അതു സംബന്ധിച്ചാണ് ഏറ്റവും ദീര്‍ഘവും ഏറ്റവും വിശദവുമായ ചര്‍ച്ചകള്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്നത്.

"നിയമ സ്ഥാപിത നടപടി' മുഖേനയല്ലാതെ ഏതൊരാളുടേയും ജീവനോ, വ്യക്തിസ്വാതന്ത്ര്യമോ അപഹരിച്ചുകൂടാത്തതാണെന്ന് ഇത് അനുശാസിക്കുന്നു. 21ാം വകുപ്പ് അതില്‍ പ്രതിപാദിച്ചിട്ടുള്ള തോതില്‍ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്നു. ഈ അവകാശം ഒരു കേവല അവകാശമായി അത് അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, അവകാശത്തിന്‍റെ തന്നെ പരിധി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കേവലാവകാശം ആ വകുപ്പിലെ നിര്‍വചനമനുസരിച്ച് നിയമത്താല്‍ സ്ഥാപിതമായ നടപടിക്രമം മുഖേന അപഹരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആപത്തു കൂടി ഉള്‍ക്കൊള്ളുന്നു. ഈ പരിമിത അവകാശമാണ് എക്‌സിക്യൂട്ടീവിനും നിയമസഭയ്ക്കും എതിരായി 21ാം വകുപ്പു കൊണ്ട് സംരക്ഷിക്കപ്പെടുന്നത്.

തമിഴ്‌നാട്ടിൽ തൂത്തുക്കുടി ജില്ലയിലെ സാത്താന്‍കുളത്ത് അച്ഛനും മകനും കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഇന്‍സ്‌പെക്റ്റര്‍ ശ്രീധര്‍ ഉള്‍പ്പെടെ 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. സംസ്ഥാനത്തും രാജ്യത്തും ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തില്‍ മധുര ഫസ്റ്റ് അഡീഷണല്‍ ജില്ലാ കോടതിയാണ് എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്.

തൂത്തുക്കുടി ജില്ലയില്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ പി. ജയരാജ് (59) മകന്‍ ബെനിക്‌സും (39) ആണ് ക്രൂരമായി മര്‍ദനമേറ്റ് മരിച്ചത്. 2020 ജൂണിലായിരുന്നു സംഭവം. രണ്ടു പേരെ കൊലപ്പെടുത്തിയതിനാല്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട വധശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി ഇന്‍സ്‌പെക്റ്റര്‍ ശ്രീധര്‍ക്ക് വധശിക്ഷയ്ക്കു പുറമെ 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ശിക്ഷ ഒരു മുന്നറിയിപ്പായിരിക്കണമെന്ന് വിധി പ്രഖ്യാപിക്കവെ ജഡ്ജി മുത്തുകുമാര്‍ വ്യക്തമാക്കി.

കുറ്റത്തിന്‍റെ ഗൗരവം കണക്കിലാക്കുമ്പോള്‍ ജീവപര്യന്തം തടവു മാത്രം മതിയാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവം സമൂഹത്തെ ആഴത്തില്‍ ഞെട്ടിച്ചിരുന്നെന്നും വിധി സമൂഹ മനഃസാക്ഷിയെ പ്രതിഫലിപ്പിക്കുന്നതാവണമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. 2011ല്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും കസ്റ്റഡി മരണങ്ങള്‍ തുടരുന്നത് ദുഃഖകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ആരാണ് കൂടുതല്‍ മര്‍ദിച്ചതെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് പരമാവധി ശിക്ഷയാണ് അനുയോജ്യം. നിരായുധരായ ഒരച്ഛനേയും മകനേയും രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദിച്ച സംഭവം "അപൂര്‍വങ്ങളില്‍ അപൂര്‍വം' വിഭാഗത്തില്‍പ്പെടുന്നു. പ്രതികള്‍ വിദ്യാഭ്യാസമുള്ള പൊലീസ് ഉദ്യോഗസ്ഥരായതിനാല്‍ ഇത് സാധാരണ കുറ്റമല്ല. പ്രതികള്‍ കരുതിക്കൂട്ടിയാണ് നിഷ്ഠൂരമായ ഈ കൊലപാതകം നടത്തിയിരിക്കുന്നത്.

പ്രതികളുടെ "ശക്തമായ കുറ്റവാസന' ഈ കൊലപാതകത്തില്‍ വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. പൊലീസ് വകുപ്പില്‍ ഇത്തരം ക്രൂരകൃത്യങ്ങളോട് ഭയം വളര്‍ത്താന്‍ ജീവപര്യന്തം തടവ് മതിയാവില്ല- കോടതി വ്യക്തമാക്കി. പ്രതികളോട് യാതൊരു കരുണയും കാണിക്കരുതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

2020 ജൂണില്‍ ലോക്ക്ഡൗണ്‍ സമയത്തായിരുന്നു സാത്താന്‍കുളം കസ്റ്റഡി മരണങ്ങൾ ഉണ്ടായത്. മൊബൈല്‍ ഫോൺ കട ഉടമയായിരുന്ന ജയരാജും മകന്‍ ബെനിക്‌സും നിശ്ചിത സമയത്തിനപ്പുറം കട തുറന്ന് പ്രവര്‍ത്തിപ്പിച്ച് കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ജൂണ്‍ 19നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും, അവര്‍ക്കെതിരേ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും സ്ഥിരീകരിക്കപ്പെട്ടു.

സിബിഐ കുറ്റപത്രത്തില്‍ പറയുന്നതനുസരിച്ച് ഇരുവരും സ്റ്റേഷനകത്ത് ക്രൂര പീഡനങ്ങള്‍ക്കിരയായി. കൈകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. ഓരോ പത്തു മിനിറ്റ് ഇടവേളകളിലും മര്‍ദിക്കുകയും മരത്തടിയില്‍ കയറ്റി നിര്‍ത്തുകയും ചെയ്തതായി പറയപ്പെടുന്നു. പൊലീസ് സ്റ്റേഷനകത്തെ ചുവരുകളില്‍ നിന്ന് ഇരുവരുടേയും രക്ത സാംപിളുകള്‍ സിബിഐ ക്ക് ലഭിച്ചു.

തങ്ങളുടെ രക്തം തറയില്‍ നിന്നും തുടച്ചു നീക്കാന്‍ അവരെ നിര്‍ബന്ധിച്ചിരുന്നതായും സിബിഐ കുറ്റപത്രത്തിലുണ്ട്. ജൂണ്‍ 22ന് ജയരാജ് മരിച്ചു. തൊട്ടടുത്ത ദിവസം ബെനിക്‌സ് കോവില്‍പ്പട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തുടക്കത്തില്‍ സംശയകരമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ മരണങ്ങള്‍ വൈകാതെ വലിയ പൊതുജന രോഷത്തിനിടയാക്കി. ഈ പ്രതികള്‍ക്കുള്ള മനുഷ്യാവകാശം നഗ്നമായി ലംഘിക്കപ്പെട്ടെന്നും, നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ നിയമത്തിനെതിരേ പ്രവര്‍ത്തിച്ചെന്നും കോടതി കണ്ടെത്തി. മുമ്പ് ഒരു ക്രിമിനല്‍ കേസ് പോലുമില്ലാത്ത പൗരന്മാരെയാണ് ഈ മട്ടില്‍ കൈകാര്യം ചെയ്തത്.

കേരളത്തിലും കസ്റ്റഡി മരണങ്ങള്‍ പലപ്പോഴും നടന്നിട്ടുള്ളത് വിസ്മരിക്കാന്‍ കഴിയില്ല. 2005 സെപ്റ്റംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ എഎസ്‌ഐ കെ. ജിതകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എസ്.പി. ശ്രീകുമാര്‍ എന്നിവർക്ക് 2018ല്‍ സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2025ല്‍ ഹൈക്കോടതി ഇവരെ വിട്ടയച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട രാമന്‍കുട്ടിയെ ലോക്കപ്പിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയതിന് തൃശൂര്‍ മലക്കപ്പാറ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ബാലകൃഷ്ണന് തൃശൂര്‍ ജില്ലാ കോടതി 1984 ജൂലൈയില്‍ വധശിക്ഷ വിധിച്ചെങ്കിലും മേല്‍ക്കോടതി ശിക്ഷ ഇളവു ചെയ്തു.

രാജ്യത്തൊട്ടാകെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ സംഭവമാണ് തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണം. ആരോപിക്കപ്പെട്ട നിസാരമായ ഒരു കുറ്റത്തിന്‍റെ പേരില്‍ കസ്റ്റഡിയിലായ അച്ഛനെയും മകനെയും തല്ലിക്കൊന്ന പൊലീസുകാരെ യൂണിഫോമിട്ട കൊടും ക്രിമിനലുകളായി തന്നെയാണ് അന്ന് നാട്ടുകാര്‍ വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് തമിഴ്‌നാട് സര്‍ക്കാരിനും ശക്തമായ നടപടികളുമായി മുന്നോട്ടു പോകേണ്ടി വന്നത്.

ഭര്‍ത്താവിന്‍റെയും, മകന്‍റെയും കസ്റ്റഡി മരണം സംബന്ധിച്ച കേസില്‍ നീതിക്കായി ജയരാജിന്‍റെ ഭാര്യ ശെല്‍വറാണി നടത്തിയ നിരന്തര പോരാട്ടത്തിന്‍റെ ഫലം കൂടിയാണ് 6 വര്‍ഷം കഴിഞ്ഞുള്ള മാതൃകാപരമായ ഈ വിധി. രാജ്യത്തെ എല്ലാ പൊലീസുകാര്‍ക്കും ഈ വിധി ഒരു പാഠവുമാണ്.കസ്റ്റഡി മരണങ്ങള്‍ പെരുകുന്നത് ജീവിക്കാനുള്ള അവകാശത്തിനും, പൗരസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള ഭരണകൂടത്തിന്‍റെ പ്രകടമായ അവജ്ഞയാണെന്ന് സുപ്രീം കോടതി 2017ല്‍ അഭിപ്രായപ്പെട്ടിരുന്നു.

ലോക്കപ്പ് കൊലപാതകങ്ങള്‍ക്കും ലോക്കപ്പ് മര്‍ദനങ്ങള്‍ക്കുമെതിരേ സുപ്രീം കോടതി പൊലീസിന് പലവട്ടമാണ് താക്കീതും മുന്നറിയിപ്പും നല്‍കിയിട്ടുള്ളത്. എന്നിട്ടും മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് വീമ്പിളക്കുന്ന കേരളത്തിലടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരം ക്രൂരതകള്‍ ഇപ്പോഴും നടക്കുകയാണ്. വൃക്കരോഗിയായ പട്ടികവര്‍ഗ യുവാവിനെ ഇടുക്കി അടിമാലിയില്‍ പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന പരാതി കഴിഞ്ഞ ദിവസവും കേരളത്തിലുണ്ടായി.

പൗരാവകാശമെന്ന പദത്തിന്‍റെ പവിത്രതയും ശക്തിയും മനസിലാകാത്ത ഒരാള്‍ പോലും പൊലീസ് സേനയില്‍ ഇല്ലെന്ന് ഇനിയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്. വകുപ്പുതല അന്വേഷണങ്ങള്‍ക്കും പതിവ് നടപടികള്‍ക്കും അപ്പുറത്ത് ഇത്തരം ക്രൂരതകള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള വഴിയാണ് സര്‍ക്കാരും പൊലീസും തേടേണ്ടത്.

സാത്താന്‍കുളം ലോക്കപ്പ് കൊലപാതകങ്ങളിലെ മധുര കോടതി വിധി ഭരണാധികാരികള്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കാനുള്ള ഊര്‍ജം പകരണം. ജനാധിപത്യവും പൗരവകാശ സംരക്ഷണവുമെല്ലാം വാക്കില്‍ മാത്രം പോരാ, പ്രവൃത്തിയിലും ഉണ്ടായേ മതിയാവൂ. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കല്‍ സര്‍ക്കാരിന്‍റെ പ്രാഥമിക കര്‍ത്തവ്യമാണ്. അതു നിര്‍വഹിക്കാതെ ഒളിച്ചോടുന്നവരെ സമൂഹം ഒരിക്കലും അംഗീകരിക്കില്ല.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com