
തൊടുത്തുവിടുന്ന അസ്ത്രവും നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകളും തിരിച്ചെടുക്കാൻ കഴിയില്ല എന്നത് വലിയ ഒരു സത്യമാണ്. "കൈയീന്നു പോയ കല്ലും വായീന്നു പോയ വാക്കും' എന്ന് നാട്ടുഭാഷയിൽ പറയും. വിശ്വപൗരനായ ഡോ. ശശി തരൂർ മറന്നുപോയ ഒരു കാര്യമാണിത്. അദ്ദേഹം വലിയൊരു എഴുത്തുകാരനും പ്രാസംഗികനുമൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ നാക്കു പിഴയ്ക്കും. കാത്തുനിൽക്കുന്ന മീഡിയ പട എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ഒരു കോടി എന്ന പാശുപതാസ്ത്രം പോലെ തിരിച്ചടിക്കും.
പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട്ട് കടപ്പുറത്തു മുസ്ലിം ലീഗ് അണിനിരത്തിയ മനുഷ്യ മഹാസാഗരത്തിൽ മുഖ്യപ്രാസംഗികനായി എത്തിയ ശശി തരൂരിനു പറ്റിയത് അതാണ്. ഹമാസിനെ പാലസ്തീൻ ഭീകരവാദികളെന്ന് കുറ്റപ്പെടുത്തിയപ്പോൾ തന്നെ തരൂരിന്റെ അമ്പൊടിഞ്ഞു. ആരാണ് മധ്യപൂർവദേശത്തെ ഭീകരവാദികൾ എന്ന ചോദ്യമുണ്ട്. സിപിഎം നേതാവ് എം.എ. ബേബി സൂചിപ്പിച്ചതുപോലെ, ഹമാസ് ഭീകരവാദിയെങ്കിൽ ഇസ്രേയൽ ഭീകര രാജ്യമാണ്.
ഇസ്രയേൽ ജൂത ജനതയുടെ സ്വപ്നഭൂമിയാണെങ്കിൽ, പലസ്തീൻ മുസ്ലിം ജനതയുടെ ഹൃദയഭൂമിയാണ്. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ കാലം മുതൽ ഇന്ത്യ കൃത്യമായി എടുത്തിട്ടുള്ള നിലപാട് ഇതാണ്. എല്ലാ വിധത്തിലും ശക്തരായ ഇസ്രയേൽ സാവധാനത്തിൽ പാലസ്തീൻ എന്ന പ്രദേശത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴുണ്ടായ പ്രതികരണമാണ് ഹമാസിന്റെ ആക്രമണത്തിലൂടെ നടന്നത്.
ലോകത്തെ ഏറ്റവും വലിയ രഹസ്യ സേനയുള്ള ഇസ്രയേൽ, തൊട്ടടുത്തു കിടക്കുന്ന ഗാസയിൽ ഹമാസ് എട്ടുകാലി വലകൾ പോലെ ഭൂമിക്കടിയിൽ രഹസ്യ തുരങ്കങ്ങളുടെ വലിയ ഒരു ശൃംഖല തന്നെ ഉണ്ടാക്കിയത് അറിഞ്ഞില്ല! അത് അമെരിക്കക്കെതിരേ വിയറ്റ്നാം ജനത നടത്തിയ വീരേതിഹാസ യുദ്ധത്തെയും ചെറുത്തു നിൽപ്പിനെയുമാണ് ഓർമിപ്പിക്കുന്നത്. ആയുധം കൊണ്ടും വിദ്വേഷം കൊണ്ടും ഒരു ജനസമൂഹത്തിന്റ സ്വതന്ത്ര ജീവിതവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് വിയറ്റ്നാമും ഇപ്പോൾ ഗാസയും തെളിയിക്കുന്നു.
തരൂരിന് പറ്റിയതു പോലെ തന്നെയാണ് സുരേഷ് ഗോപിയുടെ സ്പർശന വിവാദവും. ഒരാളെ അസ്വസ്ഥമാക്കി തൊട്ടാൽ അതു കളമശേരിയിലെ പൊട്ടിത്തെറി പോലെ സമൂഹം മുഴുവൻ പ്രകമ്പനമുണ്ടാക്കും എന്ന് നല്ലൊരു പാർലമെന്റേറിയനും നടനുമായ സുരേഷ് ഗോപിയും ഓർക്കേണ്ടതാണ്. ഒന്നു തൊട്ടു, അപ്പോൾ തട്ടി നീക്കി. പിന്നീട് എന്തിനാണ് വീണ്ടും തൊടുന്നത്. അതാണ് ഇപ്പോഴത്തെ ചോദ്യം. സ്വന്തം മകളാണെങ്കിൽ പോലും ഇഷ്ടമില്ലാതെ തൊട്ടാൽ മാതാപിതാക്കളോടും കയർക്കും. സുരേഷ് ഗോപിയുടെ ക്ഷമാപണം കൊണ്ടു മാത്രം കാര്യം തീരാത്തത് അതുകൊണ്ടാണ്.
പണ്ട് കൊല്ലത്ത് അന്നത്തെ ലോക്സഭാംഗം അറിയാതെ ഒരു നടിയുടെ ചന്തിക്ക് തൊട്ടത് പിന്നീട് അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതം തന്നെ ഇല്ലാതാക്കിയത് സുരേഷ് ഗോപി ഓർക്കുന്നത് നല്ലതാണ്. "ഞാൻ തൃശൂർ ഇങ്ങെടുക്കുകയാണ് ' എന്നു സുരേഷ് ഗോപിക്ക് പറയാം. എന്നാൽ പത്രപ്രവർത്തക തട്ടിമാറ്റിയാലും ഞാൻ വീണ്ടും തോളത്തു തട്ടും എന്ന നിലപാടെടുത്താൽ, ജനം തട്ടും എന്നു സുരേഷ് ഗോപി ഓർക്കണമായിരുന്നു.
"കടക്കൂ പുറത്ത് ' എന്ന് മാധ്യമപ്രവർത്തകരോട് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയനും, "നിങ്ങൾക്ക് തെണ്ടാൻ പോയിക്കൂടേ' എന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ മാധ്യമപ്രവർത്തകരോട് ചോദിച്ചതും വലിയ കോലാഹലമുണ്ടാക്കി. എങ്കിലും, ഹൈന്ദവ കാഴ്ചപ്പാടിൽ തെണ്ടുക എന്നത് മറ്റുള്ളവരുടെ ദാനം കൊണ്ട് ജീവിക്കുക എന്നതാണ് അർഥമാക്കുന്നത് എന്ന് ചില മാധ്യമങ്ങൾ തന്നെ കണ്ടെത്തിയപ്പോൾ ആരോപണത്തിന്റെ മൂർച്ച കുറഞ്ഞു.
ഇതൊക്കെയാണെങ്കിലും, സമയോചിതമായി ഉണരാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് കഴിയുമെന്ന് കളമശേരി സ്ഫോടനത്തെ തുടർന്ന് മാധ്യമങ്ങൾ എടുത്ത പക്വമായ നിലപാട് തെളിയിക്കുന്നു. അതുകൊണ്ടു തന്നെയാണ് പണ്ടു പുറത്തുപോകാൻ ആക്രോശിച്ച മുഖ്യമന്ത്രി തന്നെ പത്രക്കാരെ മുക്തകണ്ഠം അഭിനന്ദിച്ചത്. മാധ്യമങ്ങൾ എടുത്ത പക്വമായ തീരുമാനമാണ് മറ്റൊരു വികാര സ്ഫോടനം ഉണ്ടായേക്കാവുന്ന സാഹചര്യം ഒഴിവാക്കിയതെന്നാണ് ജോത്സ്യന്റെ അഭിപ്രായം.