കോൺഗ്രസിന്‍റെ കടയ്ക്കൽ തരൂരിന്‍റെ ലേഖനക്കത്തി

ബിജെപിയുമായും കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടുതൽ അടുക്കുന്നു എന്ന സൂചനകൾക്കിടെയാണ് ഇന്ദിര ഗാന്ധിയെയും അടിയന്തരാവസ്ഥയെയും വിമർശിക്കുന്ന പുതിയ ലേഖനം
Shashi Tharoor attacks Indira Gandhi, Emergency

സഞ്ജയ് ഗാന്ധിയും ഇന്ദിര ഗാന്ധിയും; ശശി തരൂർ

Updated on

സ്വന്തം ലേഖകൻ

നെഹ്രു കുടുംബത്തിനെതിരേ അതിശക്തമായ വിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ. ബിജെപിയുമായും കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടുതൽ അടുക്കുന്നു എന്ന സൂചനകൾക്കിടെയാണ് കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കി പുതിയ ലേഖനം പുറത്തു വന്നത്.

ഇപ്പോൾ ലണ്ടനിലുള്ള തരൂർ ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്റ്റ് സിൻഡിക്കേറ്റിന്‍റെ വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് ഇന്ദിര ഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും അടിയന്തരാവസ്ഥയെയും രൂക്ഷമായി വിമർശിച്ച് ലേഖനമെഴുതിയത്. ഈ മാസം 18നേ തിരിച്ചെത്തൂ.

അടിയന്തരാവസ്ഥയുടെ 50 വര്‍ഷം പിന്നിട്ട വേളയിലാണ് തരൂരിന്‍റെ ഈ ലേഖനം പുറത്തുവന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കാനും മറന്നില്ല. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും രാജ്യം കൂടുതല്‍ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ പറയുന്നു.

അടിയന്തരാവസ്ഥയെ 'ഇരുണ്ട കാലഘട്ടം' എന്ന് വിശേഷിപ്പിച്ചാണ് ലേഖനം. അടിയന്തരാവസ്ഥ ഇന്ത്യയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ക്രൂരതകളായി മാറി. രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി, രാഷ്‌ട്രീയ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. അടിയന്തരാവസ്ഥയെ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്‍റെ പാഠം നമ്മള്‍ ഉള്‍ക്കൊള്ളണം- തരൂര്‍ പറഞ്ഞു.

അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977 മാര്‍ച്ചില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഇന്ദിരയെയും കോൺഗ്രസ് പാര്‍ട്ടിയെയും വന്‍ ഭൂരിപക്ഷത്തില്‍ പുറത്താക്കി ജനം മറുപടി നൽകി. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തു കൊടും ക്രൂരതകളാണു നടപ്പാക്കിയത്. അച്ചടക്കത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ക്രൂരതകളായി മാറി. സഞ്ജയ് നയിച്ച നിര്‍ബന്ധിത വന്ധ്യംകരണ പരിപാടികള്‍ അതിന് ഉദാഹരണമാണ്.

ദരിദ്ര ഗ്രാമ പ്രദേശങ്ങളില്‍ ലക്ഷ്യങ്ങള്‍ നേടാൻ ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ഡല്‍ഹി പോലെയുള്ള നഗരങ്ങളില്‍ ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിനാളുകളെ പെരുവഴിയിലാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായില്ല. ഈ പ്രവൃത്തികളെ നിര്‍ഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവം കുറച്ച് പിന്നീട് ചിത്രീകരിച്ചു- തരൂർ വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മോദി സ്തുതിയുമായി തരൂര്‍ രംഗത്തുവന്നതും കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായി വിദേശങ്ങളിൽ പോയതും കോൺഗ്രസിൽ വലിയ കോലാഹലമുണ്ടാക്കിയിരിക്കെയാണ് പുതിയ വിവാദം. ഈ ലേഖനവുമായി ബന്ധപ്പെട്ട് അഭിപ്രായമുണ്ടെങ്കിലും അദ്ദേഹം പ്രവർത്തക സമതി അംഗമായതിനാൽ തുറന്നു പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചപ്പോൾ, തരൂർ ഏത് പാർട്ടിയിലാണെന്ന് സ്വയം തീരുമാനിക്കട്ടെ എന്നായിരുന്നു മുൻ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന്‍റെ പ്രതികരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com