വിഴിഞ്ഞം, ഗോശ്രീ, മെട്രൊ, എയർപോർട്ട്... ആർക്കാണ് ക്രെഡിറ്റ്..?!

ശശി തരൂർ പറയുന്ന അവകാശവാദം അദ്ദേഹത്തിനും ഗൗതം അദാനിക്കും മാത്രമേ അറിയൂ
Shashi Tharoors opinion on the Vizhinjam dispute

വിഴിഞ്ഞം, ഗോശ്രീ, മെട്രൊ, എയർപോർട്ട്... ആർക്കാണ് ക്രെഡിറ്റ്..?!

Updated on

വിഴിഞ്ഞം മാതൃകയിലുള്ള വികസനത്തിന് രാഷ്‌ട്രീയം മറന്ന് ഇടത്, വലത് മുന്നണികൾ ഒന്നിക്കണമെന്ന് തിരുവനന്തപുരം എംപി ഡോ. ശശി തരൂർ ഇടയ്ക്കിടെ പറയാറുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിർദേശ പ്രകാരം വിമാനയാത്രയ്ക്കിടെ ഗൗതം അദാനിയുമായി താൻ നടത്തിയ ചർച്ചയാണ് വിഴിഞ്ഞം തുറമുഖത്തിന് നാന്ദി കുറിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

എന്നാൽ ഇതിന്‍റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സന്ദർഭത്തിൽ മുൻ കേന്ദ്ര- സംസ്ഥാന മന്ത്രിയും ഇപ്പോൾ കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ് പറഞ്ഞത് ഉമ്മൻ ചാണ്ടിയുമൊരുമിച്ച് തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രയിൽ വിഴിഞ്ഞത്തെക്കുറിച്ച് സംസാരിക്കുകയും തുറമുഖത്തിന്‍റെ നിർമ്മാണത്തിനുള്ള ടെൻഡർ വിളിച്ചപ്പോൾ അദാനി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നും അവരും ഇതിൽ നിന്ന് പിൻമാറിയാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു എന്നാണ്.

ആ സന്ദർഭത്തിൽ അന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായിരുന്ന കെ.വി. തോമസ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ ഗൗതം അദാനിയെയും അദ്ദേഹത്തിന്‍റെ സുഹൃത്ത് മഹേഷ് ബക്ചന്ദയെയും ഒരു പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ച് ഒത്തുചേരുകയും അതിൽ ഉമ്മൻ ചാണ്ടി, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസൺ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാനും മുൻ ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തുവെന്നും ആ സന്ദർഭത്തിൽ കെ.വി. തോമസിന്‍റെ കിടപ്പുമുറിയിൽ ഉമ്മൻ ചാണ്ടിയും ഗൗതം അദാനിയും 15 മിനിറ്റോളം തനിച്ച് സംസാരിച്ചുവെന്നും അതിനുശേഷമാണ് അദാനി പദ്ധതി ഏറ്റെടുക്കാമെന്ന് സമ്മതിച്ചതെന്നുമാണ്. അപ്പോൾ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കാണ് പോകുന്നത്.

കെ.വി. തോമസ് മറ്റൊരു കാര്യം കൂടി ആ സന്ദർഭത്തിൽ സൂചിപ്പിച്ചു. സമരങ്ങളുടെ തീജ്വാലയിൽ വിഴിഞ്ഞം കത്തിയമർന്നപ്പോൾ അതെല്ലാം ശാന്തമാക്കിക്കൊണ്ട് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണപാടവവും നിശ്ചയദാർഢ്യവും കൊണ്ടാണെന്നാണ്. അപ്പോൾ ക്രെഡിറ്റ് പിണറായി വിജയനല്ലേ?

മൻമോഹൻ സിങ് മന്ത്രിസഭയിൽ എ.കെ. ആന്‍റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ ഈ പദ്ധതിക്കുള്ള ഉപകരണങ്ങൾ ചൈനീസ് നിർമിതമാണെന്ന് പറഞ്ഞ് അംഗീകാരം കൊടുക്കാതിരിക്കുകയാണ് ചെയ്തത് എന്ന് ബിജെപിക്കാർ ആക്ഷേപിച്ചു. എന്നാൽ ചൈനയുടെ വൻകിട ക്രെയ്‌നുകൾ വാങ്ങാൻ അനുവദിച്ചു കൊണ്ട് ഈ പദ്ധതി യാഥാർഥ്യമാക്കിയത് നരേന്ദ്ര മോദി സർക്കാരല്ലേ എന്നാണ് ബിജെപിയുടെ ഇപ്പോഴുള്ള ചോദ്യം! അപ്പോൾ വിഴിഞ്ഞം പദ്ധതിയ്ക്ക് തലതൊട്ടപ്പന്മാർ ധാരാളം.

ശശി തരൂർ പറയുന്ന അവകാശവാദം അദ്ദേഹത്തിനും ഗൗതം അദാനിക്കും മാത്രമേ അറിയൂ. മറിച്ച് കെ.വി. തോമസിന്‍റെ വീട്ടിൽ കൂടിയ പ്രഭാത ഭക്ഷണ സൽക്കാരത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ അന്നത്തെ ഭരണസാരഥ്യം വഹിക്കുന്ന പലരും ഉണ്ടായിരുന്നു.

കേരളത്തിന് അഭിമാനമായ കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് നെടുമ്പാശേരിയിൽ യാഥാർഥ്യമാക്കിയത് കെ. കരുണാകരനാണെന്ന് എല്ലാവർക്കുമറിയാം. ആ പദ്ധതി ഉദ്ഘാടനം ചെയ്തത് ഇ.കെ. നായനാരും. കേരളത്തിന്‍റെ അഭിമാനമായ ഈ എയർപോർട്ട് യാഥാർഥ്യമാക്കിയ അന്നത്തെ എറണാകുളം എംപി കെ.വി. തോമസ്, എംഡി വി.ജെ. കുര്യൻ, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ എം.എ. യൂസഫലി, സിന്തൈറ്റ് ചെയർമാൻ സി.വി. ജേക്കബ് എന്നിവരുടെ പങ്ക് നിസാരവത്കരിക്കാൻ കഴിയില്ല.

വൈപ്പിൻ - എറണാകുളം ഗോശ്രീ പാലങ്ങൾക്കു രൂപം നൽകിയത് കെ. കരുണാകരനാണ്. എന്നാൽ ആ പദ്ധതി യാഥാർഥ്യമാക്കാൻ ഇ.കെ. നായനാരും എ.കെ. ആന്‍റണിയും വഹിച്ച പങ്ക് മറക്കാനാവുമോ?

ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്‍റിൽ കൊണ്ടുവന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പിന്തുണയോടു കൂടി പാസാക്കിയത് അന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രിയായിരുന്ന പ്രൊഫ. കെ.വി. തോമസാണ്. കോൺഗ്രസിന്‍റെ പ്രകടന പത്രികയിലുണ്ടായിരുന്ന ആ വാഗ്ദാനം സോണിയ ഗാന്ധിയുടെ നിശ്ചയദാർഢ്യം ഒന്നു കൊണ്ടു മാത്രമാണ് നടപ്പായത്.

കൊച്ചിയിലെ മെട്രൊ റെയ്‌ലിനെ കുറിച്ചുള്ള ചർച്ച തുടങ്ങിവച്ചത് എ.കെ. ആന്‍റണി മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ബി. ഗണേഷ് കുമാറാണ്. അദ്ദേഹം യൂറോപ്പിൽ യാത്ര ചെയ്തപ്പോൾ കണ്ട മെട്രൊ സിസ്റ്റം എന്തുകൊണ്ട് കൊച്ചിയിൽ വന്നുകൂടാ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ആന്‍റണിയെ ആ പദ്ധതിയുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചത്. അപ്രകാരം മെട്രൊ മാൻ ഇ. ശ്രീധരൻ എറണാകുളം ടൗൺ ഹാളിൽ അന്നത്തെ സംസ്ഥാന മന്ത്രി കെ.വി. തോമസിന്‍റെ സാന്നിധ്യത്തിൽ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് മനസിലാക്കുന്നതിന് ഒരു സംവാദം നടത്തി തുടക്കം കുറിച്ചത് മറക്കാൻ കഴിയുമോ? ആദ്യഘട്ടം എറണാകുളത്തു നിന്ന് പാലാരിവട്ടം വരെ കൊണ്ടുവന്നത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി ആര്യാടൻ മുഹമ്മദും കൂടിയാണ്. അവിടുന്ന് തൃപ്പൂണിത്തുറ വരെ പൂർത്തീകരിച്ചതും തൃക്കാക്കര വരെയുമുള്ള രണ്ടാംഘട്ടം തുടങ്ങിയതും പിണറായി വിജയൻ സർക്കാരാണ്. ഇന്ത്യയിൽ ആദ്യമായി ജല- റോഡ്- റെയ്‌ൽ ത്രീൻ ഇൻ വൺ മെട്രൊ സിസ്റ്റം കൊച്ചിയിൽ യാഥാർഥ്യമാക്കിയത് പിണറായി വിജയനാണ്.

കേരളത്തിൽ ദേശീയ പാത 30 മീറ്റർ വീതിയിൽ മതിയെന്ന് ഐക്യകണ്ഠേന പ്രമേയം പാസാക്കിയ അന്നത്തെ നിയമസഭാ അംഗങ്ങൾ ഇപ്പോൾ ലജ്ജിക്കുന്നുണ്ടാവും. പിണറായി വിജയൻ കാസർഗോഡ് മുതൽ പാറശാല വരെ 70 മീറ്റർ വീതിയുള്ള ദേശീയ പാത പല സ്ഥലങ്ങളിലും ദീർഘമേറിയ ആകാശ പാതകളോടു കൂടി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു.

തിരുവനന്തപുരം- കാസർഗോഡ് ജലപാത തുടങ്ങിവച്ചത് വി.എസ്. അച്ച്യുതാനന്ദൻ ആയിരുന്നെങ്കിലും മുന്നോട്ടുകൊണ്ടുപോയത് പിണറായി വിജയൻ സർക്കാരാണ്. ഇങ്ങനെ വികസന കാര്യങ്ങളിൽ ഒരാളെ മാത്രം പുകഴ്ത്താൻ പറ്റുമോ?

വിഴിഞ്ഞം അന്താരാഷ്‌ട്ര കണ്ടെയ്നർ ടെർമിനൽ തുറമുഖത്തിന്‍റെ തലതൊട്ടപ്പൻ സ്ഥാനം ശശി തരൂർ സ്വയം അവകാശപ്പെടുമ്പോൾ വിശ്വാസം വരുന്നില്ല..! അന്നും ഇന്നും അദാനി ഗ്രൂപ്പിനെ നഖശിഖാന്തം എതിർക്കുന്ന സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഈ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് ഉമ്മൻ ചാണ്ടി വാദിച്ചപ്പോൾ വലിയ ചോദ്യങ്ങളൊന്നും ഉയർത്താതെ ഉമ്മൻ ചാണ്ടിയുടെ മുന്നിൽ തലകുനിച്ചു നിന്നോ എന്നാണ് ജോത്സ്യന്‍റെ സംശയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com